Sunday, July 07, 2019

ശ്രീമദ് ഭാഗവതം 204* 

പത്മപദ്ഭ്യാം പ്രിയായാ:
പാണിസ്പർശ അക്ഷമാഭ്യാം 
സീതാദേവി കാല് പിടിച്ചു കൊടുക്കുമ്പോൾ പോലും ശ്രീരാമചന്ദ്രന്റെ കാല് ചുവന്ന് പോകും. പുഷ്പം പോലെയാണത്രേ ആ പാദങ്ങൾ. ആ ദണ്ഡകാരണ്യത്തിൽ കല്ലും മുള്ളും ഒക്കെ ചവിട്ടി നടന്നു ഭഗവാൻ. സീതാലക്ഷ്മണ സമേതനായിട്ട് ഭഗവാൻ  നടന്നു. 

ഭഗവാൻ പറയാണ് സീതേ, ഈ വനവാസം എത്ര അമൃതം പോലെ ഇരിക്കണു. സീതയ്ക്ക് വനത്തിലെ ഓരോ ഭാഗവും ഭഗവാൻ അങ്ങനെ വർണ്ണിച്ചു കൊടുക്കും. സ്വർണ്ണപുഷ്പങ്ങൾ വീണ് സ്വർണ്ണനിറത്തിൽ ഒഴുകുന്ന മന്ദാകിനി. നദിക്കരയിൽ ഇരുന്ന് വേദവേദാന്തങ്ങളൊക്കെ സീതയ്ക്ക് ഭഗവാൻ പറഞ്ഞു കൊടുത്തു. കഥകളൊക്കെ പറഞ്ഞു. കൊടുത്ത് കാട്ടിലൂടെ സ്വതന്ത്രമായി വിഹരിച്ചു. നാട്ടിലാണെങ്കിലോ, രാവിലെ തുടങ്ങിയാൽ കപ്ലയിന്റ് ആളുകള് വന്നുതുടങ്ങും. രാജാവിന് എവിടെയെങ്കിലും സ്വസ്ഥത ണ്ടോ. ചിത്രകൂടത്തിലും മന്ദാകിനി തീരത്തും ഒക്കെയായി ഭഗവാൻ സുഖമായി വസിച്ചു. 

ചിത്രകൂടത്തിൽ വെച്ച് ഭരതനുമായിട്ടുള്ള സംവാദം ണ്ടായി. ഭരതന് തത്വോപദേശം ചെയ്ത് അനുഗ്രഹിച്ചു. ഭരതൻ പാദുകപട്ടാഭിഷേകം ചെയ്തു രാമദാസനായി രാജ്യഭരണം ചെയ്തു.

ചിത്രകൂടത്തിൽ നിന്നും യാത്ര ചെയ്ത് പഞ്ചവടീതീരത്തിലേയ്ക്ക് വന്നു. ഗോദാവരി നദീതിരം. രാമായണത്തിൽ കാട്, ഋഷികളുടെ ആശ്രമം ഇതൊക്കെ വാത്മീകി വർണ്ണിച്ചത് നമ്മൾ കാണണം. ആ ഋഷികളുടെ ആശ്രമങ്ങളിലൊക്കെ താമസിച്ച്  പതുക്കെ പതുക്കെ ദക്ഷിണ ദിക്കിലേയ്ക്ക് വരികാണ്. അഗസ്ത്യനെ കാണണം. അഗസ്ത്യദേശത്ത് രാക്ഷസന്മാരുടെ ഉപദ്രവം ഇല്ല്യ. കാട്ടിൽ വന്നപ്പോൾ ഋഷികൾ ഭഗവാനോട് പ്രാർത്ഥിച്ചു രാക്ഷസ നിഗ്രഹം ചെയ്ത് ഞങ്ങളെ ഒക്കെ രക്ഷിക്കണം. ഭഗവാൻ വാക്ക് കൊടുത്തു. അതിനാണല്ലോ ഞാൻ ധനുസ്സ് ധരിച്ച് നടക്കണത്. നിങ്ങളെ രക്ഷിക്കാനായിട്ട്. 

കുറച്ച് കഴിഞ്ഞപ്പോ സീത രണ്ടു വാക്ക് പറഞ്ഞു ഭഗവാനോട്. അങ്ങ് ഈ കാട്ടില് എന്തിനാ ധനുസ്സ് ഏന്തി നടക്കുന്നത്? ഒരാൾക്ക് മൂന്നു വിധത്തിലുള്ള അപചാരം വരും.
 1. വാക്ക് പറഞ്ഞ് പാലിക്കാതിരിക്കുക.
 2. പരസ്ത്രീകളോട് ആസക്തി ആവുക. 
 3. വിനാ വൈരം ച രൗദ്രത. നമ്മളോട് ശണ്ഠകൂടാത്തവരോട് വൈരം. 

ആദ്യത്തെ രണ്ട് ദോഷവും അങ്ങേയ്ക്ക് വരില്ല്യ എന്ന് നല്ല വണ്ണം എനിക്കറിയാം. ഈ മൂന്നാമത്തെ ദോഷം വന്നു പോകുമോ എന്ന് എനിക്കൊരു ഭയം. രാക്ഷസന്മാർ നമുക്ക് ഉപദ്രവം ഒന്നും ചെയ്തിട്ടില്ലല്ലോ. പിന്നെ നമ്മൾ എന്തിന് അവരോട് ശണ്ഠ കൂടണം? ഈ വനവാസം എവിടെ? തപസ്സ് എവിടെ? ക്ഷത്രിയധർമ്മം എവിടെ? ഈ ആയുധം ഒക്കെ ഉപേക്ഷിച്ച് നമുക്ക് ഈ ഋഷികളെ പോലെ തന്നെ ഈ കാട്ടിൽ തപസ്സ് ചെയ്ത് സ്വസ്ഥരായി സമാധിപ്രിയരായി കഴിയാം. 

ഏതെങ്കിലും പത്നിമാർ ഇങ്ങനെ ഭർത്താക്കന്മാരോട് പറയോ? അത് മാത്രല്ല സീത ഭഗവാനോട് പറയാണ്. നമുക്ക് ഇനി തിരിച്ച് അയോദ്ധ്യയിലേയ്ക്കേ പോവണ്ട. എല്ലാവരും സൗഖ്യമായിരിക്കട്ടെ. കൈകേയി അമ്മ സന്തോഷിക്കട്ടെ. നമുക്ക് ഇവിടെ കാട്ടിൽ കഴിയാം. ദേശധർമ്മസ്തുപൂജ്യതാം. തപസ്സ് ചെയ്തു കൊണ്ട് നമുക്ക് കാട്ടിൽ തന്നെ താമസിക്കാം. നാട്ടിലേയ്ക്ക് പോവണ്ട എന്നാണ് സീതയുടെ വചനം. അതാണ് സീതായാ:ചരിതം. രാമായണം സീതയുടെ കഥയാണ്. 

അപ്പോ ഭഗവാൻ ഒന്ന് മന്ദഹസിച്ചു. സീതേ. ഇപ്പൊ ഈ വഴിയിലൂടെ ആരെങ്കിലും കടന്നു വന്നു ഇത് കേട്ടിട്ടുണ്ടെങ്കിൽ അവര് ചോദിച്ചേക്കും ഇത് ജനകന്റെ പുത്രി അല്ലേ എന്ന്. വേറെ ആർക്ക് ഇങ്ങനെ പറയാൻ കഴിയും? നീ ഏത് കുലത്തിൽ ജനിച്ചവളാണെന്ന് ആരും പറയാതെ തന്നെ പ്രകടമാക്കിക്കൊണ്ട് വാക്കുകൾ ഉച്ചരിക്കുന്നു ഹേ, ജനകനന്ദിനി. വേറെ ആർക്കും ഇങ്ങനെ പറയാൻ കഴിയില്ല്യ. പക്ഷേ സീതേ, തപസ്സ് നമുക്ക് ശോഭനമാണെങ്കിലും നമ്മളുടെ ധർമ്മത്തിനെ വിട്ടു കൂടാ. ഈ ഋഷികളെ രക്ഷിക്കേണ്ടത് എന്റെ ചുമതലയാണ്. അതിനാണ് ഞാൻ വന്നിരിക്കണത്.
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments: