Monday, July 08, 2019

*ശ്രീമദ് ഭാഗവതം 205* 

അങ്ങനെ ഋഷികൾക്ക് രക്ഷ ചെയ്യാനായിട്ട് ഭഗവാൻ പഞ്ചവടിയിൽ താമസിക്കാണ്.  അവിടെ ഗോദാവരി തീരത്ത് വെച്ച്  രാവണസഹോദരി ശൂർപ്പണഖയെ കണ്ടുമുട്ടി. അതാണ് രാമായണകഥയുടെ മുഖ്യമായ രണ്ടാമത്തെ ഘട്ടം. ആദ്യഘട്ടം മന്ഥര വരുന്നത്. ഈ രണ്ടു ഘട്ടത്തിലും വാത്മീകി യദൃശ്ചാ എന്ന് ഒരു പദം പ്രയോഗിച്ചു. യദൃശ്ചയാ മന്ഥര മേലേ കയറി. അവിടെ കഥ ഒരു turning point ആണ്. യദൃശ്ചയാ ശൂർപ്പണഖ അവിടെ വന്നു. ആ രാക്ഷസി അവിടെ യദൃശ്ചയാ വന്നു.

അവളിങ്ങനെ ചുറ്റി നടക്കാണ്. അശുദ്ധബുദ്ധി എന്നാണ് ശുകബ്രഹ്മ മഹർഷി ശൂർപ്പണഖയെ പറയുന്നത്. വാസനാമയദൃഷ്ടി. രാമൻ എവിടെ ണ്ടോ അവിടെ കാമം ഇല്ല്യ. ഇവൾക്ക് രാമനെ കണ്ട് കാമം ണ്ടായീ ത്രേ. അലഞ്ഞു നടക്കാണ്. സിലോണിൽ നിന്നും ഇങ്ങട് പറഞ്ഞു വിട്ടു. ഇവിടെ വന്ന് ഈ കാട്ടിൽ ഇങ്ങനേ അലഞ്ഞു നടക്കാണ്. രാവിലെ എഴുന്നേറ്റാൽ അലങ്കാരം ഒക്കെ ചെയ്ത്, വലിയ നഖം ണ്ട്. അതുകൊണ്ടാണ് അവൾക്ക് ശൂർപ്പണഖ എന്ന് പേര്. 

ആ നഖത്തിലൊക്കെ പെയിന്റടിച്ച്  കാട്ടിലിങ്ങനെ അലഞ്ഞു നടക്കുമ്പഴാണ് ഒരു പുതിയ കുടീരം കണ്ടത്. ഭഗവാൻ ധനുസ്സിന് ഞാണ് കെട്ടി ക്കൊണ്ടിരിക്കണു. ഇവൾ അടുത്ത് ചെന്നു. രൂപം ഒന്നും മാറിയില്യ.  ഇവൾക്ക് രൂപം മാറണമെങ്കിൽ തന്റെ രൂപത്തിന് സൗന്ദര്യം പോരാ എന്ന് തോന്നണമല്ലോ. 
ആരാണ് അങ്ങ്? 
തന്റെ കഥയൊക്കെ ഭഗവാൻ ഋജുബുദ്ധിയായിട്ട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു. 
ഞാനാണ് അങ്ങേയ്ക്ക് അനുരൂപയായ ഭാര്യ.  രാവണന്റെ സഹോദരി ആണ് ഞാൻ. ഈ കാട്ടിൽ അങ്ങയ്ക്ക് അപകടം ആണ്. എന്നെ വിവാഹം കഴിച്ചാൽ അങ്ങേയ്ക്ക് സ്വസ്ഥനായിട്ടിരിക്കാം.

ഭഗവാൻ കാർമേഘവർണ്ണനായിട്ടിരിക്കുന്നു.
കറുത്തിരുണ്ട ആകാശത്തിൽ  ഇടിമിന്നൽ പോലെ സീതാദേവി സ്വർണ്ണവർണ്ണത്തിൽ അടുത്ത് വന്നിരുന്നു. സീതയെ കണ്ടയുടനെ, 

ആരാ ഇവൾ?  
ഇവളാണ് എന്റെ ധർമ്മപത്നി. 
അയ്യേ!! ഇവളോ? ഒട്ടിയ വയറോടെ. എനിക്ക് നോക്കൂ. 

രണ്ടു പേർക്കും contrast ആണ്. ഭഗവാൻ എങ്ങനെ ണ്ട്. സുമുഖം എന്ന് പറഞ്ഞാൽ പോരാ ഭവഭൂതി പറയുന്നത്.  വർണ്ണിക്കാൻ വേറെ ആരെയും കിട്ടിയില്ല്യാത്രെ.
ഗന്ധർവ്വരാജപ്രതിമം 
ലോകേ വിഖ്യാത പൗരുഷം
ദീർഘബാഹും മഹാസത്വം
മത്തമാതംഗഗാമിനം. 
ചന്ദ്രകാന്താനനം രാമം 
അപൂർവ്വപ്രിയദർശനം 
രൂപൗദാര്യഗുണൈ: പുംസാം
ദൃഷ്ടി ചിത്താപഹാരിണം. 

രാമൻ നടന്നു വരുമ്പോ,
ദീർഘബാഹും,
കൈയ്യ് അങ്ങനെ നീട്ടിയിട്ടാൽ കാൽമുട്ട് വരെ ണ്ട്. നടന്നു വരുമ്പോ ആ സൗന്ദര്യത്തിന് എന്തെങ്കിലും ഒരു ഉപമ വേണമല്ലോ. 
ഗന്ധർവ്വരാജപ്രതിമം. 
സൗന്ദര്യത്തിന് എപ്പോഴും ഉപമ ഗന്ധർവ്വന്മാരാണ്. അതില് മുഖ്യം  ചിത്രരഥൻ 
ഗന്ധർവ്വാണാം ചിത്രരഥ: എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞു. 
ഗന്ധർവ്വരാജപ്രതിമം ലോകേ വിഖ്യാത പൗരുഷം. പൗരുഷത്തിന് വേറെ ആരേയും ഉദാഹരണം പറയാൻ വയ്യ എന്നാണ്.
ദീർഘബാഹും മഹാസത്വം 
മത്തമാതംഗഗാമിനം. 
ആന നടക്കുന്നത് കാണാനേ ഒരു ഭംഗിയാ. അതും മദം ഉള്ള ആനയാവുമ്പോ അതിന് പ്രത്യേക ഒരു ഗാംഭീര്യം ആണ്. 
ചന്ദ്രകാന്താനനം രാമം. സൂര്യവംശത്തിലാണെങ്കിലും പൂർണ്ണചന്ദ്രനെ കാണുമ്പോ ഏർപ്പെടുന്ന ഒരു കുളിർമ്മ പോലെ ആ മുഖം കാണുമ്പോ ഒരു കുളിർമ്മ. 

രൂപ ഔദാര്യ ഗുണൈ: 
രൂപം മാത്രല്ല. ഔദാര്യഗുണം. 
ആ രൂപം കാണുമ്പോൾ ഹൃദയം ഉരുകുന്നു. ചന്ദ്രനെ കാണുമ്പോൾ ചന്ദ്രകാന്തക്കല്ല് ഉരുകുന്നത് പോലെ രാമനെ മുമ്പില് കാണുമ്പോൾ ഹൃദയം ഉരുകുന്നു. അതുകൊണ്ട് കണ്ണ് കാണാത്തവർ പോലും രണ്ടു വശത്തും നിക്കണ്ട് എന്നാണ് വാത്മീകി പറയുന്നത്. എന്താണെന്ന് വെച്ചാൽ രാമൻ ഞങ്ങളെ നോക്കുമല്ലോ. ആ ദൃഷ്ടി ഇങ്ങട് വീഴട്ടെ.
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 

No comments: