Monday, July 08, 2019

ദക്ഷിണാമൂർത്തി സ്തോത്രം-53

രാഹുഗ്രസ്ത ദിവാകരേംദു സദൃശോ മായാ സമാച്ഛാദനാത്
സന്മാത്രഃ കരണോപ സംഹരണതോ യോ உഭൂത്സുഷുപ്തഃ പുമാന് |
പ്രാഗസ്വാപ്സമിതി പ്രഭോദസമയേ യഃ പ്രത്യഭിജ്ഞായതേ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 6 ||

സൂര്യ ഗ്രഹണ സമയത്ത് സൂര്യനും ചന്ദ്ര ഗ്രഹണ സമയത്ത് ചന്ദ്രനും ആച്ഛാദനം ചെയ്യപ്പെടുന്നു, രാഹു ആച്ഛാദനം ചെയ്യപ്പെടുന്നു. ശങ്കരാചാര്യ സ്വാമിക്ക് അന്ധവിശ്വാസം ഉണ്ടായിരുന്നോ? രാഹു എന്ന ഗ്രഹം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ, ശങ്കരാചാര്യനോ ജ്യോതിശാസ്ത്രത്തിലുള്ളവർക്കോ ആർക്കും അങ്ങനെയൊരു അന്ധവിശ്വാസം ഒന്നും ഉണ്ടായിരുന്നില്ല. വേണമെന്ന് വച്ചിട്ട് തന്നെയാണ് ഇവിടെ രാഹുവിന്റെ ഉദാഹരണം നല്കിയിരിക്കുന്നത്. എന്തെന്നാൽ രാഹു ഇല്ലാത്തത് കൊണ്ട് തന്നെയാണ് രാഹുവിനെ ഉദാഹരണമായി എടുത്തിരിക്കുന്നത്. ഇല്ലാത്ത ഒന്ന് മറയ്ക്കുന്നു.  രാഹുഗ്രസ്ത ദിവാകരേംന്ദു സദൃശോ. സൂര്യനേയും, ചന്ദ്രനേയും രാഹുവിന്റെ നിഴൽ ഗ്രസിക്കുന്ന പോലെ. സൂര്യൻ ബുദ്ധിയെ പ്രതിനിധാനം ചെയ്യുന്നു, ചന്ദ്രൻ മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു. സൂര്യനെ ആശ്രയിച്ച് ബുദ്ധിയും ആരോഗ്യവും ഒക്കെ തെളിയും. ചന്ദ്രനെ ആശ്രയിച്ച് ഭ്രാന്തൊക്കെ കൂടുകയും കുറയുകയും ചെയ്യും. ചന്ദ്രനിൽ നിന്നാണ് മനസ്സ് വന്നത് എന്ന് വേദത്തിൽ പറയുന്നു. Lunar എന്ന വാക്കിൽ നിന്നാണല്ലോ lunatic എന്ന വാക്കുണ്ടായത്. പരമ പുരുഷന്റെ മനസ്സിൽ നിന്നാണ് ചന്ദ്രനുണ്ടായത് എന്ന് പുരുഷ സൂക്തം. 

ഇവിടെ രാഹു സൂര്യചന്ദ്രൻമാരെ ഗ്രസിക്കുന്ന പോലെ  ഗ്രഹണത്തിൽ മറയ്ക്കപ്പെടുന്ന പോലെ. നമ്മളിൽ ഒരു മറവുണ്ടാകുന്നു. ഒരു ആവരണം, തിരശ്ശീല. മായാ സമാച്ഛാദനാത്. ആച്ഛാദനം എന്നാൽ മറയ്ക്കുക. സുഷുപ്തി അവസ്ഥയിൽ നാം ദിവസവും അനുഭവിക്കുന്നുണ്ട്. സുഖമുണ്ട് പക്ഷേ എന്താണെന്നറിയില്ല. 

സന്മാത്ര കരണോപസംഹരണതോ യോപോ സുഷുപ്ത പുമാൻ 

സുഖമായുറങ്ങുമ്പോൾ സന്മാത്ര, അഹമസ്മി ഒരു അസ്ഥിത്വമുണ്ട്. എഴുന്നേറ്റതിന് ശേഷം നാം സുഖമായിട്ടുറങ്ങി എന്ന അനുഭവത്തിനെ ദിവസവും അല്പാല്പമായി ബോധത്തിലേയ്ക്ക് കൊണ്ട് വന്ന് നോക്കുക. ഇതൊരു സാധനയാണ്. ദിവസവും എഴുന്നേറ്റതിന് ശേഷം അല്പസമയം ഇരിക്കുക എന്നിട്ട് ആലോചിക്കുക കുറച്ച് സമയം മുൻമ്പ് ഞാൻ എവിടെയായിരുന്നു, എങ്ങിനെയായിരുന്നു. 

പ്രാത സ്മരാമി ഹൃദി സംസ്ഫുരത് ആത്മ തത്ത്വം സച്ഛിത് സുഖം പരമഹംസ ഗതിം തുരീയം യത് സ്വപ്ന ജാഗ്ര സുഷുപ്തി അവയ്തി നിത്യം തത് ബ്രഹ്മ നിഷ്കലം  അഹം നജ ഭൂത സംഘ: 

ഇത് ഓർമ്മ വയ്ക്കുക. സുഷുപ്തിയിൽ ശരീരമില്ല, ഞാനെന്ന വ്യക്തി ബോധമില്ല,  സുഖമായിരുന്നു, ഒന്നുമറിഞ്ഞില്ല. അവിടെ ബുദ്ധിയും, മനസ്സും പ്രവർത്തിച്ചില്ല. അവിടെ എന്ത് ഉണ്ടായിരുന്നു സന്മാത്ര, അസ്ഥിത്വം ഉണ്ടായിരുന്നു. കരണോപസംഹരണതോ. ഉപസംഹാരം എന്നാൽ devolution. പുറമേയ്ക്ക് പോയി devolution. അകമേയ്ക്കു പോയി അടങ്ങി. 
കരണോപസംഹരണത യഹ അഭൂത് സുഷുപ്തഹ പുമാൻ.

സുഖമായുറങ്ങുന്നവനായി കാണപ്പെടുന്നു. എഴുന്നേൽക്കുമ്പോൾ പറയുന്നു പ്രാത് അസ്വാപ്സം. ഞാൻ ഉറങ്ങി എന്ന് പറയുന്നു. ഞാൻ ഉറങ്ങി എന്ന് എപ്പോഴറിയുന്നു. പ്രത്യഭിജ്ഞായതേ. പ്രത്യഭിജ്ഞയെന്നാൽ instantaneous recognition. ഉറങ്ങിയ ഞാൻ തന്നെയാണ് ഇപ്പോൾ ഉണർന്നിരിക്കുന്നത്.  ആ ക്ഷണത്തിൽ തന്നെ അറിയപ്പെട്ടു. ഇയാൾ തന്നെ അയാൾ എന്നറിയുന്നത് പ്രത്യഭിജ്ഞ. ക്ഷണം നേരം പോലും വേണ്ട കഴുത്തിൽ കിടക്കുന്ന മാല അറിയപ്പെടുന്ന പോലെ. ബുദ്ധിയുടെയും, മനസ്സിന്റെയും ഇടപെടലില്ലാതെ അറിയപ്പെടുന്നതാണ് പ്രത്യഭിജ്ഞ. ഉറങ്ങി എഴുന്നേറ്റയുടൻ അറിഞ്ഞു ഞാനിവിടെ ഉണ്ട്. 

പ്രത്യഭിജ്ഞ ദർശനം എന്നൊന്നുണ്ട്. കശ്മീരി ശൈവിസത്തിൽ വളരെ മുഖ്യമായ ഒന്നാണത്. ഈ സമ്പ്രദായത്തെ ആശ്രയിച്ചാണ് ജ്ഞാനേശ്വർ മറാത്തി ഭാഷയിൽ അമൃതാനുഭവം എഴുതിയത്. അവിടെ ഈ പതുക്കെ പതുക്കെയുള്ള ശ്രവണം, മനനം, നിധിധ്യാസനം ഒന്നുമില്ല. ഗുരു ഉപദേശിച്ചാൽ കഴിഞ്ഞു. മനനവും, ധ്യാനവും ഒക്കെയായി കുറേ കാലം കഴിഞ്ഞു പോകുന്നു. ശരിക്കും പക്വമായ ഒരാൾക്ക് ഗുരു ഉപദേശിച്ചാൽ അപ്പോൾ തെളിയും. എന്നാണ് ജ്ഞാനേശ്വരരുടെ അഭിപ്രായം. കഴുത്തിൽ കിടക്കുന്ന മാല പതുക്കെ പതുക്കെയാണോ കണ്ടു പിടിക്കുന്നത്. കാണിച്ച് കൊടുത്തു കണ്ടു, കഴിഞ്ഞു. അതാണ് പ്രത്യഭിജ്ഞ. അതു പോലെ സുഷുപ്തിയിൽ നിന്ന് എഴുന്നേറ്റാൽ പതുക്കെയാണോ ഞാൻ ആരാണെന്ന് മനസ്സിലാവുക. എഴുന്നേറ്റ ഉടനെ അറിയുന്നു. ഈ ഞാനാണുറങ്ങിയത് , ഉറങ്ങിയ ഞാൻ തന്നെയാണ് എഴുന്നേറ്റിരിക്കുന്നതും, സ്വപ്നം കാണുന്നതും എല്ലാം.

Nochurji 

No comments: