ഞാൻ എന്ന അത്ഭുതം
ഞാൻ വളരെ നിസ്സാരം, അതൊരു കൊച്ചു ശരീരത്തിലിരുന്നുകൊണ്ട് കർമ്മങ്ങൾ ചെയ്യുകയും പഠിക്കുകയും ഭക്ഷണം കഴിക്കുകയും കളിക്കുകയും ചിരിക്കുകയും കരയുകയും സുഖദുഃഖങ്ങൾക്ക് വശംവദമായിരിക്കുകയും ജനനവും മരണവും ബന്ധവും ബന്ധനവുമേർപ്പെട്ട് തൽക്കാലത്തേക്കു മാത്രമായി ഇവിടെയിരിക്കുന്നു.
ഏതോ നിയതിവശാൽ ഈ ഞാൻ യഥാർത്ഥത്തിൽ ആരാണ് എന്നന്വേഷണം ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. അന്വേഷണവശാൽ ഈ ഞാൻ മറ്റെല്ലാ ശ്രദ്ധയും വിട്ട് ഞാനിലേക്കു ചുരുങ്ങിച്ചുരുങ്ങി വരും. ഞാനങ്ങനെ ചുരുങ്ങിച്ചുരുങ്ങി ഒരു പൊട്ടിനേക്കാളും ചെറുതായി, ഒടുവിൽ മനോബുദ്ധികളേക്കാളും സൂക്ഷ്മമായിത്തീർന്നു. അതു മാത്രമോ; ചുരുങ്ങിച്ചുരുങ്ങിപ്പോയ ഞാൻ ആ ചുരുക്കത്തിന്റെ ഏറ്റവും തീവ്രമായിടത്തിലെത്തിനിൽക്കുമ് പോൾ അനന്താകാശം കണക്കെ വ്യാപൃതമായി നിൽക്കുകയും ചെയ്യുന്നു. എന്നിട്ടും, ഏറ്റവും സൂക്ഷ്മമായി ചുരുങ്ങിപ്പോയ അതേ ഞാൻതന്നെ ഇതാ സകലമാന പ്രപഞ്ചത്തെയും എന്നിൽതന്നെ വഹിക്കുകയും ചെയ്യുന്നു. ഒരേ സമയം ഞാൻ എല്ലാറ്റിലുമിരിക്കുകയും, ഞാനിൽ എല്ലാമുൾക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
അതെ; ഞാൻ അത്ഭുതങ്ങളുടെ കലവറയായ ഒരു മഹാത്ഭുതം തന്നെ!
****
വീട്ടുപറമ്പിൽ ഏതോ ഒരു മൂലയിൽ ആകെ അഴുക്കുപിടിച്ചു കിടന്നിരുന്ന ഒരു പാത്രം ആക്രിക്കച്ചവടക്കാരനു പെറുക്കിക്കൊടുത്തു. എന്നാൽ ആക്രിക്കച്ചവടക്കാരൻ നന്മയുള്ളവനായിരുന്നു; പാത്രത്തിൽ സംശയം തോന്നിയ അയാൾ പാത്രം ആദ്യം ഒന്നു കഴുകി വൃത്തിയാക്കി, പിന്നെ അതൊന്നുരച്ചുനോക്കി. പാത്രം തിളങ്ങിത്തിളങ്ങി വന്നു, അതൊരു സ്വർണ്ണപ്പാത്രമായിരുന്നു. അങ്ങനെ വെറുതെ ഒരു വിലയുമില്ലാതെ കിടന്നിരുന്ന ആ പാത്രം തനി തങ്കമെന്നറിഞ്ഞപ്പോഴുള്ള ആനന്ദം, ആശ്വാസം, അത്ഭുതം... ഇതൊക്കെ എത്രയാവുമെന്നൂഹിക്കാമല്ലോ!
ഏതോ ഒരു കുഞ്ഞു ശരീരത്തിലിരിക്കുന്ന ഈ നിസ്സാരമായ ജീവനെ അതിന്റെ യഥാർത്ഥ മൂല്ല്യമുരച്ചു കാണിച്ച് അനന്താകാരമായി ബോധിപ്പിച്ചുതന്ന മഹാഗുരുവെ എത്രകണ്ട് പ്രണമിച്ചാലാണ് മതിവരുക.
ഗുരുപാദങ്ങളിൽ കണ്ണീർപ്രണാമം!
Sudha Bharath
No comments:
Post a Comment