പ്രപഞ്ചം അറിവിന്‍റെ സ്വരൂപമാണ്. ഭാഷയില്‍ വാക്കും അര്‍ത്ഥവും ചേര്‍ന്ന് അവ ലിപിരൂപത്തില്‍ കാണപ്പെടുന്നതുപോലെയാണ് പ്രപഞ്ചസ്വരൂപം. ഓരോരുത്തരും അവരവരുടെ കാഴ്ച ചെന്നെത്തുന്നിടത്തോളം അതിനെ വായിക്കുന്നു. എല്ലാ കാഴ്ചയും എല്ലാ അനുഭവവും അങ്ങനെ ഓരോ ഭാഷയാകുകയാണ്. ഒരാള്‍ക്ക് കാണാന്‍ കഴിഞ്ഞതെന്താണോ അതാണ് അയാളുടെ അറിവ്, അതാണ് അയാളുടെ ശാസ്ത്രവും ഭാഷയും! അങ്ങനെ വ്യത്യസ്ത ശാസ്ത്രങ്ങള്‍! ഒരാള്‍ കാഴ്ചകളുടെ പുറകേ പോകുമ്പോള്‍ മറ്റൊരാള്‍ കാണുന്നവനെ അന്വേഷിക്കുന്നു. ഉപയോഗത്തിന്‍റെ കാര്യത്തില്‍ ഓരോ ശാസ്ത്രത്തിനും അതിന്‍റെതായ പ്രസക്തിയുണ്ട്. എന്നുവച്ചാല്‍ ഒന്ന് മറ്റൊന്നിനു പകരമാകില്ല. പരസ്പരം എതിര്‍ക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതില്ല.
ഉദാഹരണത്തിന് നിത്യജീവിതത്തില്‍ ജ്യോതിഷം എന്ന പ്രപഞ്ചഭാഷയുടെ കാഴ്ചയുടെ പ്രസക്തി നോക്കാം. ഭാര്യാഭര്‍ത്താക്കന്മാര്‍ മിക്കവാറും വഴക്കാണ്! അവരുടെ ജാതകം നോക്കിയപ്പോള്‍ അവര്‍ ഒരേ കൂറുകാരാണ്. അതനുസരിച്ച് അവരോട് ഇന്നയിന്ന നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളിലല്ലേ നിങ്ങള്‍ തമ്മില്‍ കൂടുതല്‍ വഴക്ക് ഉണ്ടാകാറുള്ളത് എന്നു ചോദിക്കാന്‍ ഒരു ജ്യോതിഷിക്ക് കഴിയും. ഓരോ വ്യക്തിക്കും മാസത്തില്‍ പതിന്നാലു ദിവസം ഇടവിട്ട് ബുദ്ധിമുട്ട് വരാറുണ്ട്. അത് ശാരീരികമോ മാനസികമോ ആകാം. നക്ഷത്രം മാറുന്നത് അനുസരിച്ച് ഓരോ വ്യക്തിക്കും അത് സംഭവിക്കുക ഏതെല്ലാം ദിവസമാണെന്ന് പറയുവാന്‍ കഴിയും. ഇത് ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന അനുഭവസത്യം ആകുമ്പോഴാണ് ഒരാള്‍ അത് വായിച്ചെടുക്കുന്നത്. ഈ അറിവുകൊണ്ട് ആ ദമ്പതികളുടെ ജീവിതത്തില്‍ പരിവര്‍ത്തനം ഉണ്ടാകാം. അവരുടെ ജന്മക്കൂറ് ഒന്നായതിനാല്‍ അവരുടെ മനസ്സ് അസ്വസ്ഥമാകുന്ന ദിവസങ്ങളും ഒന്നാകുന്നു! പരസ്പരം വഴക്കുകൂടുന്നു. രണ്ടു ദിവസം കഴിഞ്ഞ് സ്ഥിതി ശാന്തമാകുന്നു. സത്യം അറിയുമ്പോഴാണ് പലപ്പോഴും നിലവിലുള്ള പ്രശ്നങ്ങളും കാരണങ്ങളും മറ്റൊരു വായനയില്‍ പരിഹരിക്കപ്പെടുന്നത്. അറിവുകൊണ്ടല്ലാതെ മനുഷ്യന്‍റെ പ്രശ്നങ്ങള്‍ അന്തിമമായി പരിഹരിക്കപ്പെടില്ല. പലയാളുകളും കേസും വഴക്കും അടിയും പരാതിയും നിരാശയും വിരഹവുമായി കഴിയുന്നു. അതെല്ലാം ജീവിതത്തില്‍ അവരവരുടെ വായനയുടെ തലം അനുസരിച്ചാണ്.
കാഴ്ച സൂക്ഷ്മമാകുന്നതിനനുസരിച്ച് പരിഹാരങ്ങള്‍ അറിവിന്‍റെ തലത്തില്‍ എന്നെന്നേയ്ക്കുമായി സംഭവിക്കുന്നു. കാഴ്ച സ്ഥൂലമാകുന്നതിനനുസരിച്ച് പരിഹാരങ്ങള്‍ക്ക് വേണ്ടി നിരന്തരം അന്വേഷിക്കുകയും ചെയ്യുന്നു!
ഓം..krishnakumar kp
ഓം..krishnakumar kp
No comments:
Post a Comment