Monday, August 05, 2019

അണുപരിമാണനായ ജീവന്‍

Sunday 4 August 2019 3:28 am IST
ഉത്കാന്തിഗത്യധികരണം തുടരുന്നു.
സൂത്രം  നാണുരതച്ഛ്രുതേ രിതിചേന്നേതരാധികാരാത്
(ന അണു; അതത് ശ്രുതേ:
ഇതി ചേത് ന, ഇതരാധികാരാത് )
ജീവന്‍ അണു പരിമാണനല്ല. അങ്ങനെയല്ലെന്നുള്ള ശ്രുതിയുണ്ടെന്നാണെങ്കില്‍ അത് ശരിയല്ല. ആ ശ്രുതി പരമാത്മാവിനെക്കുറിച്ച് പറയുമ്പോഴുള്ളതാണ്.
മഹാനെന്നും സ്‌കൂ വ്യാപകമെന്നും പറഞ്ഞത് പരമാത്മാവിനെ ഉദ്ദേശിച്ച് തന്നെയാണ്.
ജീവന്‍ അണുപരിമാണനാണ് എന്ന് പറഞ്ഞതിന് പൂര്‍വപക്ഷം ഒരു ആക്ഷേപം ഉന്നയിക്കുന്നു. ശ്രുതിയില്‍ തന്നെ അണുപോലെയല്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ബൃഹദാരണ്യകത്തില്‍ 'സ വാ ഏഷ മഹാനജ ആത്മായോ/യം വിജ്ഞാനമയ: പ്രാണേഷു '  ഇന്ദ്രിയങ്ങളില്‍ വ്യാപരിക്കുന്ന വിജ്ഞാന 
മയനായ ആത്മാവ് മഹത് പരിമാണമുള്ളവനും ജനിക്കാത്തവനുമാണ്.
 തൈത്തരീയോപനിഷത്തില്‍ 'ആകാശവത് സര്‍വഗതശ്ച നിത്യ: ' സത്യം ജ്ഞാനമനന്തം ബ്രഹ്മ '  ബ്രഹ്മം ആകാശം പോലെ സര്‍വഗതനും നിത്യനുമാണ് സത്യവും ജ്ഞാനവും അനന്തവുമാണ്. ഇത്തരം ശ്രുതികള്‍ ജിവന്റെ അണു പരിമാണത്തെ നിഷേധിക്കുന്നു എന്നാണ് പൂര്‍വപക്ഷവാദം.
ഇത് ശരിയല്ല. എന്തെന്നാല്‍ അതെല്ലാം പരമാത്മാവിനെപ്പറ്റി പറയുന്ന പ്രകരണത്തിലുള്ളതാണ്. ഇന്ദ്രിയങ്ങളില്‍ ജ്ഞാന രൂപത്തില്‍ വിളങ്ങുന്ന ഈ ആത്മാവ് ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തെ വിശേഷ രൂപത്തില്‍ ബോധിക്കുകയാണ് ചെയ്യുന്നത് . ജീവന്‍ അണു രൂപമാണ് എന്നതിനെ അത് ബാധിക്കുകയില്ല. അത് ഇവിടെ കണക്കിലെടുക്കേണ്ടതില്ല.
സൂത്രം  സ്വ ശബ്ദോന്മാനാഭ്യാം ച
ജീവന്‍ അണുപരിമാണനാണെന്നുള്ള വാക്യം കൊണ്ടും പരിമാണത്തെ കാണിക്കുന്ന ശ്രുതിവാക്യം കൊണ്ടും ജീവന്‍ അണുപരിമാണമാണ്.
അനുമാനവും ശ്രുതി വാക്യം കൊണ്ടും ജീവന്റെ അണുത്വത്തെ അറിയാം.
മുണ്ഡകോപനിഷത്തില്‍ 
'ഏഷോ/ണു രാത്മാ ചേതസാ വേദിതവ്യോ യസ്മിന്‍ പ്രാണ: പഞ്ച ധാ സംവിവേശ' യാതൊരുവനില്‍ പ്രാണന്‍ അഞ്ച് തരത്തില്‍ പ്രവേശിച്ചിരിക്കുന്നുവോ അണുപ്രായനായ ആ ജീവന്‍ മനസ്സുകൊണ്ടറിയേണ്ടവനാണ്.
ഇവിടെ ജീവന്‍ അണു പ്രായനാണെന്ന് പറഞ്ഞിരിക്കുന്നു. അതു പോലെ ജീവന്റെ പരിമാണത്തെ കാണിക്കുന്ന ശ്രുതിയുമുണ്ട്. ശ്വേതാശ്വതരോപനിഷത്തില്‍ 'വാലാഗ്രശത ഭാഗസ്യ ശതധാ കല്പിതസ്യ ച ഭാഗോ ജീവ: സവിജ്ഞേയ:' തലനാരിഴയെ നൂറു നേരിയ തോതിലാക്കിയാല്‍ ഒന്നിന്റെ വലുപ്പമെത്രയാണോ അത്രയാണ് ജീവന്റെ വലുപ്പം. ഇങ്ങനെ ജീവന്‍ അണുപരിമാണനാണെന്ന് ശ്രുതി പറയുന്നുണ്ട്.
സൂത്രം  അവിരോധശ്ചന്ദനവത്
ചന്ദനത്തെപ്പോലെ വിരോധമില്ല.
ഒരിടത്തിരിക്കുന്ന ചന്ദനം
ചുറ്റിലും സുഗന്ധം പരത്തും പോലെയാണ്
അണുരൂപനായ ജീവന്റെ കാര്യവും.
ജീവന്‍ അണുപരിമാണമല്ല എന്ന് വാദിക്കുന്ന പൂര്‍വപക്ഷത്തിന്റെ മറ്റൊരു വാദം അണുപോലെയുള്ള ജീവന് ദേഹത്തില്‍ സര്‍വത്ര വ്യാപിച്ചിരിക്കാന്‍ സാധിക്കുകയില്ല എന്നതാണ്.അപ്പോള്‍ ശരീരത്തിലെ ചൂടും തണുപ്പും സുഖവും ദു:ഖവുമൊക്കെ എങ്ങനെ അറിയാന്‍ കഴിയുന്നു എന്നാണ് പൂര്‍വപക്ഷത്തിന്റെ ചോദ്യം.
എന്നാല്‍ അതിന് വിരോധമില്ല എന്ന് സമാധാനം പറയുന്നു. ഹരിചന്ദനം ശരീരത്തില്‍ ഒരു സ്ഥലത്ത് പുരട്ടിയാല്‍ ശരീരത്തിലെ ചൂട് കുറയും. തൊലിയിലെല്ലായിടത്തും അതിന് സ്വാധീനിക്കാന്‍ കഴിയും. ജീവന് ഇതുപോലെ ശരീരം മുഴുവനും ബന്ധമുണ്ട്. ചന്ദനം പോലെ എങ്ങും പരക്കും. അതിനാല്‍ അണു പരിമാണം വിരോധമല്ല. പരിമിതിയുമില്ല.

No comments: