Tuesday, August 06, 2019

ശാന്തിയും സന്തോഷവും ഐശ്വര്യവും കളിയാടുന്ന ഒരു സമൂഹത്തെയും, പ്രജകളെ ഒരുപോലെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരിയെയും മനുഷ്യര്‍ എന്നും സ്വപ്‌നം കണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന മഹാബലിയുടെ ഭരണകാലവും, സകലര്‍ക്കും ഒരുപോലെ നീതി ലഭിച്ചിരുന്ന രാമരാജ്യവും നമ്മള്‍ എന്നും ഓര്‍മ്മിക്കുന്നത്. ഏറ്റവും ഉത്തമമായ ഭരണത്തിന്റെ പര്യായമായിത്തീര്‍ന്നു രാമരാജ്യമെന്നത്.
ത്യാഗവും മഹാമനസ്‌കതയും രാമന്റെ ജീവിതത്തില്‍ ഉടനീളം നമുക്കു കാണാന്‍ കഴിയും. ഭരതനു നല്‍കിയ വാക്കു പാലിക്കാന്‍ മാത്രമാണ് രാമന്‍ രാജ്യഭാരം സ്വീകരിച്ചത്. രാജധര്‍മ്മം നിറവേറ്റുന്നതിനുവേണ്ടി തന്റെ ഇഷ്ടാനിഷ്ടങ്ങളെ രാമന്‍ ത്യജിച്ചു. പ്രാണപ്രിയയായ സീതയെപോലും ഉപേക്ഷിച്ചു. ഒടുവില്‍ ലക്ഷ്മണനെയും വെടിഞ്ഞു. രാജാവ് ധര്‍മനിഷ്ഠനായതുകാരണം ജനങ്ങളും ധര്‍മ്മനിഷ്ഠരായിത്തീര്‍ന്നു. ഐശ്വര്യപൂര്‍ണ്ണമായിരുന്നു ആ ഭരണം.
ഒരിക്കല്‍ ഭോജരാജാവിന്റെ സദസില്‍ കവിയരങ്ങ് നടക്കുകയായിരുന്നു. ഭോജരാജാവ് രാമനു തുല്യനാണെന്നും അദ്ദേഹത്തിന്റെ രാജ്യം രാമരാജ്യത്തിനു തുല്യമാണെന്നും ഒരു കവി ചൊല്ലിക്കേള്‍പ്പിച്ചു. കവിത കേട്ട് എല്ലാവരും കൈയ്യടിച്ചു. എന്നാല്‍ ആ സമയം ഒരു കാക്ക പറന്നുവന്ന് കവിയുടെ തലയില്‍തന്നെ കാഷ്ടിച്ചു. കവി വിഷണ്ണനായി. കാക്കയെ വലയിട്ടു പിടിക്കാനായി രാജാവ് കല്പിച്ചു. അപ്പോള്‍ കാക്ക സംസാരിക്കാന്‍ തുടങ്ങി, ''മഹാരാജന്‍, എന്നെ പിടിക്കേണ്ട ആവശ്യമില്ല. ഈ കവി കള്ളം പറഞ്ഞതിനാലാണ് ഞാന്‍ അയാളുടെ തലയില്‍ കാഷ്ടിച്ചത്. അങ്ങ് രാമനു തുല്യനല്ല. അങ്ങയുടെ രാജ്യം രാമരാജ്യത്തിനു തുല്യവുമല്ല. അതു ഞാന്‍ തെളിയിച്ചുതരാം.  അങ്ങ് മന്ത്രിമാരെയും ഈ കവിയെയും കൂട്ടി എന്നെ അനുഗമിക്കണം.'' അങ്ങനെ രാജാവും മന്ത്രിമാരും കവിയും കാക്കയെ അനുഗമിച്ചു. കാക്ക പറന്നുപറന്ന് ഒരു ഗുഹയുടെ മുന്നിലെത്തി. കാക്ക ഉള്ളിലേയ്ക്കു കടന്നു. ഗുഹയില്‍ കുറച്ചു മണ്ണു കൂനകൂട്ടിയിരിക്കുന്നു. മണ്ണുമാറ്റാന്‍ കാക്ക ആവശ്യപ്പെട്ടു. മണ്ണു മാറ്റിയപ്പോള്‍ കണ്ടത് തിളങ്ങുന്ന ആയിരക്കണക്കിനു രത്‌നങ്ങളാണ്. വീണ്ടും കാക്ക പറഞ്ഞു, ''ഇവ രാമന്റെ കാലത്തെ രത്‌നങ്ങളാണ്. അക്കാലത്ത് ഒരു ധനികന് സന്താനങ്ങളില്ലായിരുന്നു. സന്താനമുണ്ടാകുകയാണെങ്കില്‍ രാജാവിന് ഒരു കുടം നിറയെ രത്‌നങ്ങള്‍ സമര്‍പ്പിക്കാമെന്നു ധനികന്‍ നേര്‍ന്നു. ഈശ്വരാനുഗ്രഹത്താല്‍ ധനികന് ഒരു കുഞ്ഞു ജനിച്ചു. ധനികന്‍ രത്‌നങ്ങളുമായി രാമന്റെ അടുത്തെത്തി. എന്നാല്‍ ആ രത്‌നങ്ങള്‍ സ്വീകരിക്കാന്‍ രാമന്‍ കൂട്ടാക്കിയില്ല. നാട്ടിലെ ദരിദ്രര്‍ക്ക് അതു വിതരണം ചെയ്യാന്‍ രാമന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ രാമരാജ്യത്ത് ദരിദ്രരായി ആരുമുണ്ടായിരുന്നില്ല. രത്‌നങ്ങള്‍ ആഗ്രഹമുള്ള ആര്‍ക്കെങ്കിലും അതു നല്‍കുവാന്‍ രാമന്‍ പറഞ്ഞു. എന്നാല്‍ അദ്ധ്വാനിക്കാതെ കിട്ടിയ ധനം സ്വീകരിക്കാന്‍ ജനങ്ങളാരും തന്നെ തയ്യാറായില്ല. അങ്ങനെ ആരും സ്വീകരിക്കാതെ കിടന്ന രത്‌നങ്ങളാണിവ.'' കാക്ക തുടര്‍ന്നു പറഞ്ഞു. ''രാജാവേ അങ്ങയുടെ മന്ത്രിമാരും കവിയും കൈകള്‍ ചുരുട്ടിപിടിച്ചിരിക്കുകയാണല്ലോ ആ കൈകള്‍ നിവര്‍ത്താന്‍ കല്പിക്കൂ.'' അവരുടെ കൈകള്‍ നിവര്‍ത്തിയപ്പോള്‍, ആ കൈകളില്‍ എല്ലാം രത്‌നങ്ങള്‍. അത്രയും സമയം കൊണ്ട് അവര്‍ അത് രഹസ്യമായി കൈക്കലാക്കിയതായിരുന്നു. കാക്ക പറഞ്ഞു. ''മഹാരാജാവേ, ഇപ്പോള്‍ മനസ്സിലായില്ലേ അങ്ങയുടെ രാജ്യം രാമരാജ്യത്തിനു തുല്യമല്ലെന്ന്.''  
ഈ കഥ അതിശയോക്തി കലര്‍ന്നതാണെങ്കിലും ഉത്തമമായ ഭരണത്തെക്കുറിച്ചുള്ള മനോഹരമായ ഒരു സങ്കല്പം അതിലുണ്ട്. ഏറ്റവും ഉത്തമമായ ഭരണം എങ്ങനെയായിരിക്കണം എന്ന് ലോകത്തെ പഠിപ്പിക്കാന്‍ വേണ്ടി കൂടിയായിരുന്നു രാമന്‍ രാജ്യഭാരം ഏറ്റത്. ഒരു ഭരണാധികാരിയ്ക്ക് സ്വന്തക്കാരും ബന്ധുക്കളുമില്ല. പ്രജകള്‍ മാത്രമേ ഉള്ളൂ. അവരുടെ ക്ഷേമം മാത്രമായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു ഉത്തമ ഭരണാധികാരിയ്ക്ക് ഭരണം ഒരു തപസ്സാണ്, ഈശ്വരപൂജയാണ്, ലോകത്തിനുവേണ്ടിയുള്ള ആത്മസമര്‍പ്പണമാണ്. രാമന് ഭരണം അങ്ങനെയായിരുന്നു. 
ജീവിതപരീക്ഷണങ്ങളില്‍ പെട്ട് ദുസ്സഹമായ വേദന അനുഭവിക്കുമ്പോഴും, എങ്ങനെ സത്യധര്‍മ്മാദികളെ കൈവെടിയരുതെന്ന് രാമന്‍ നമുക്ക് കാട്ടിത്തരുന്നു. ഈശ്വരാവതാരമാണെങ്കിലും മനുഷ്യപ്രകൃതിയെ അംഗീകരിച്ചുകൊണ്ടാണ് രാമന്‍ ജീവിതം നയിച്ചത്. അങ്ങനെ സാധാരണക്കാര്‍ക്കുപോലും രാമന്റെ ജീവിതം മാതൃകയായി, സത്യത്തിന്റെ പാതയില്‍ മുന്നേറാന്‍ അതവര്‍ക്കു പ്രചോദനമേകി.

മാതാ അമൃതാനന്ദമയി

No comments: