ശ്രീമദ് ഭാഗവതം 239*
കുബേരപുത്രന്മാർ ശാപമോക്ഷം കിട്ടി അനുഗ്രഹം വാങ്ങിപ്പോയി . കൃഷ്ണൻ പിന്നെയും ഉരലിൽ തന്നെ. കുറച്ച് നേരം കഴിഞ്ഞ് നന്ദഗോപർ വന്ന് അഴിച്ചു വിട്ടു. ഇങ്ങനെ പലവിധത്തിലുള്ള അനിഷ്ടങ്ങൾ വന്നതു കൊണ്ട് ഗോകുലത്തിൽ നിന്നും വൃന്ദാവനത്തിലേക്ക് പോകാനായിട്ട് അവർ തീരുമാനിച്ചു.
ഗോപന്മാർ എല്ലാവരും കൂടെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു. അവർക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറാൻ വല്യ വിഷമല്യ. ഓലയും മുളയും ചേർത്തു വച്ച വീടുകളാണേ. കുട്ടികളൊക്കെ കക്ഷത്തിൽ ഓരോ ചൂരൽവടി വെച്ചു. ഭക്ഷണപദാർത്ഥങ്ങളൊക്കെ കൈയ്യില് പിടിച്ച് പല വിഷയങ്ങൾ പറഞ്ഞു രസിച്ച് വണ്ടികളിൽ അതാത് വസ്തുക്കളൊക്കെ കയറ്റി വൃന്ദാവനത്തിലേക്ക് യാത്രയായി. സുന്ദരമായ വൃന്ദാവനത്തില് ചെന്ന് ഇവരെല്ലാം കുടീരങ്ങൾ നിർമ്മിച്ച് താമസമായി.
ഒരിക്കൽ വൃന്ദാവനത്തിൽ ഇരിക്കുമ്പോ കുട്ടികളൊക്കെ കൂടി നമുക്ക് ഇന്ന് കാട്ടിൽ പോയിട്ട് ഭക്ഷണം കഴിക്കാം എന്നങ്ങു തീരുമാനിച്ചു.
ക്വചിദ്വനാശായ മനോ ദധദ് വ്രജാത്
പ്രാത: സമുത്ഥായ വയസ്യവത്സപാൻ
പ്രബോധയൻ ശൃംഗരവേണ ചാരുണാ
വിനിർഗ്ഗതോ വത്സപുര: സരോ ഹരി:
രാവിലെ എണീറ്റ് കൊമ്പും കുഴലും ഒക്കെ വിളിച്ചു. കൃഷ്ണാവതാരത്തിൽ ഭഗവാൻ തന്നെ ആണ് ആദ്യം ഈ പിക്നിക് ഒക്കെ തുടങ്ങി വെച്ചത്.
ഗോപക്കുട്ടികളോടൊക്കെ കണ്ണൻ പറഞ്ഞു. നിങ്ങടെ വീട്ടീന്ന് തൈരുസാദം കൊണ്ട് വരൂ നിന്റെ വീട്ടിൽ നിന്ന് അവൽ കൊണ്ട് വരൂ. നിന്റെ വീട്ടിൽ നിന്ന് നെയ്യപ്പം കൊണ്ട് വരൂ. നീ പാൽ കൊണ്ട് വരൂ. കണ്ണൻ എല്ലാം ഇങ്ങനെ ഓരോ ഗോപന്മാരോടും പറഞ്ഞ് ഏർപ്പാടാക്കി. ഗോപക്കുട്ടികൾക്ക് അമ്മമാർ ഓരോരോ പാക്കറ്റ് കൊടുത്തു വിട്ടു.
സഹസ്രോപരിസംഖ്യയാന്വിതാൻ
നിറയെ പശുക്കിടാക്കളുമായി കാട്ടില് കന്നുക്കുട്ടികളെ മേയിക്കാനായി പുറപ്പെടാണ്. അപ്പോ യശോദ വന്നു പറഞ്ഞു അത്രേ കൃഷ്ണാ കാട്ടിലെങ്ങും പോകണ്ടാ കുഞ്ഞേ. ധാരാളം പ്രശ്നങ്ങൾ ണ്ടാവും.
"മാടുമേയ്ക്കാൻ കണ്ണാ നീ പോകവേണ്ട പൊന്നേ
കാച്ചിയ പാല് തരാം കട്ടത്തയിര് തരാം
കൈയ്യില് വെണ്ണ തരാം പുത്തനവിലും തരാം
കൈയ്യില് വെണ്ണ വേണ്ട കാച്ചിയ പാല് വേണ്ട
ഉല്ലാസമായ് മാടുമേച്ചു ഉടനടിയിൽ തിരികെ വരാം.
പോകവേണ്ടും തായേ നീ തടയ് സൊല്ലാതെ നീയേ"
ശ്രീനൊച്ചൂർജി
Lakshmi prasad
*തുടരും. ..*
No comments:
Post a Comment