ശ്രീമദ് ഭാഗവതം 240*
വനഭോജനത്തിന് ഭഗവാൻ ഗോപബാലന്മാരുമായിട്ട് കാട്ടിലേക്ക് ചെന്നു. കുട്ടികളുമായിട്ടുള്ള കൃഷ്ണന്റെ ലീലയെ ശുകബ്രഹ്മ മഹർഷി പറയുന്നത് ഇവരൊക്കെ ബ്രഹ്മ സുഖം അനുഭവിച്ചു എന്നാണ്.
ഇത്ഥം സതാം ബ്രഹ്മസുഖാനുഭൂത്യാ
ദാസ്യം ഗതാനാം പരദൈവതേന
മായാശ്രിതാനാം നരദാരകേണ
സാകം വിജഹ്രു: കൃതപുണ്യപുഞ്ജാ:
കുട്ടികളങ്ങനെ ഓടിക്കളിച്ചും കൃഷ്ണന്റെ അംഗസ്പർശം ചെയ്തും കണ്ണനെ പിടിക്കാൻ കുട്ടികൾ ഓടും. കണ്ണനെ കെട്ടിപ്പിടിച്ചുരുളും.
രസമായി ഈ കളി വർണ്ണിച്ചു കൊടുത്തു പരീക്ഷിത്ത് രസിച്ചിരിക്കുമ്പോൾ ശ്രീശുകമഹർഷി പറഞ്ഞു. ഇതൊരു സാധാരണ കളിയല്ലാട്ടോ.
ബ്രഹ്മസുഖാനുഭൂത്യാ
ജ്ഞാനികളുടെ ശരീരത്തിലെ ഓരോ കോശത്തിലും ചിത്ശക്തി നിറഞ്ഞിരിക്കുന്നു. ഭഗവാൻ സ്വേച്ഛയാ സ്വീകരിച്ച പ്രത്യേക ശരീരം!
തത്വം അറിഞ്ഞുകഴിഞ്ഞ ജ്ഞാനികളുടെ ശരീരം തന്നെ ചിന്മയം ആണ്. ഓരോ കോശത്തിനേയും അന്വേഷിച്ച് ചെന്നാൽ അവിടെ ബോധം മാത്രമേ ഉള്ളൂ. ഭഗവാനേ ഉള്ളൂ. ഇത് അനൂഭവപ്പെടുന്തോറും ശുദ്ധമായിക്കൊണ്ടുമിരിക്കും.
ഇവിടെ ഭഗവാന്റെ അംഗസ്പർശം ഏല്ക്കുമ്പോൾ ഗോപന്മാർക്കൊക്കെ സമാധി സുഖാനുഭവം ആണ്.
ആ സമയം അവിടെ ഒരു അസുരൻ വന്നു. അഘാസുരൻ. അഘം എന്നാൽ പാപം.
പാപം മൂർത്തി പൂണ്ട ഒരു അസുരൻ.
കുട്ടികളൊക്കെ ഒളിച്ചു കളിച്ച് രസിക്കാണ്. കണ്ണൻ കുട്ടികളുടെ കണ്ണ് മൂടി. കുട്ടികളൊക്കെ പലയിടത്തായി ഒളിക്കാൻ ശ്രമിച്ചു. അപ്പോ കണ്ടു ദാ വലിയ ഒരു ഗുഹ.
കുട്ടികൾ പറഞ്ഞു, ഡാ, ദാ, പുതിയ ഒരു ഗുഹ.
മറ്റൊരു ഗോപൻ പറഞ്ഞു.
ഗുഹയല്ല അത്, പാമ്പ്.
അല്ലാ, പാമ്പ് പോലെയുള്ള ഗുഹ.
അങ്ങനെ കുട്ടികൾ തർക്കിച്ച് അവസാനം ഗുഹയാണെന്ന് കരുതി അകത്തു കയറി.
അപ്പോ അഘാസുരൻ വായടച്ചില്യ. ന്താ? കൃഷ്ണൻ വരട്ടെ എന്ന് കാത്തു നിന്നു. കണ്ണൻ കുട്ടികളേയും പശുക്കളേയും ഒക്കെ അന്വേഷിച്ച് അവിടേക്ക് വന്നു. അഘാസുരന്റെ വായില് പോയണ്ടന്ന് കണ്ടു. അവിടേക്ക് ചെന്നു. ചെന്നതും ഇവൻ വായടച്ചു. ഇവന്റെ ശരീരത്തിനെ കീറിക്കൊണ്ട് ഭഗവാൻ പുറത്ത് വരികയും ഈ അഘാസുരനിൽ നിന്നും ഒരു പ്രകാശം പുറപ്പെട്ട് കൃഷ്ണനിൽ ലയിക്കുകയും ചെയ്തു. അഘത്തിന്, പാപത്തിന് മോക്ഷം!
സാധാരണ പാപികൾക്ക് മോക്ഷം കേട്ടണ്ട്. ഇവിടെ പാപത്തിന് മോക്ഷം. അതെങ്ങനെയാ സാധിച്ചു എന്ന് വെച്ചാൽ അവനെ കൃഷ്ണൻ വിഴുങ്ങിയല്ലോ. ഒന്നുകിൽ ഭഗവാൻ നമ്മളെ വിഴുങ്ങണം. അല്ലെങ്കിൽ ഭഗവാനെ നമ്മൾ വിഴുങ്ങണം. ഭക്തന്മാർക്കൊക്കെ അങ്ങന്യാ. ഭഗവാനെ കാണുമ്പോ വിഴുങ്ങണമെന്ന് തോന്നും
നേത്രൈ: ശ്രോത്രൈശ്ച പീത്വാ. എടുത്തു വിഴുങ്ങണെന്ന് തോന്നാണ്. ഭക്തന്മാര് അടുത്ത് ചെന്നാലോ, അവൻ എടുത്ത് വിഴുങ്ങിക്കളയും.
അഘന് കൃഷ്ണനെ വിഴുങ്ങണം. ചിലർക്ക് ഭഗവാന്റെ സ്വത്ത് വിഴുങ്ങണം. ദേവനെ വിഴുങ്ങിക്കോളൂ. ദേവസ്വം വിഴുങ്ങാൻ പാടുണ്ടോ?
വിഴുങ്ങാണെങ്കിൽ ഭഗവാനെ വിഴുങ്ങാ. അഘൻ അങ്ങനെ ഭഗവാനെ എടുത്ത് വിഴുങ്ങിയപ്പോ പരിപൂർണ്ണമായി .ശുദ്ധമായി.
ശ്രീനൊച്ചൂർജി
Lakshmi prasad
*തുടരും. ..*
No comments:
Post a Comment