Tuesday, August 13, 2019



ശ്രീമദ് ഭാഗവതം 241* 

സകൃദ്യദംഗപ്രതിമാന്തരാഹിതാ 
മനോമയീ ഭാഗവതീം ദദൗ ഗതീം 

ഒരു പ്രതിമയിൽ മനോമയനായ ഭഗവാനെ ആരാധിച്ച് പരമഭാഗവതഗതിയെ പ്രാപിക്കുമ്പോൾ 'അസൽ വസ്തു' തന്നെ ഉള്ളിൽ പോയാൽ എങ്ങനെ ണ്ടാവും?

സ ഏവ നിത്യാത്മസുഖാനുഭൂത്യപഭി-
വ്യുദസ്തമായോ അന്തർഗ്ഗതോഽഹി കിം പുന:

ഈ അഘാസുരമോക്ഷത്തിനെ ഗോപന്മാരൊക്കെ ഒരു വർഷം കഴിഞ്ഞിട്ട് അവരവരുടെ വീട്ടിൽ ചെന്ന് പറഞ്ഞു അത്രേ. ശുകബ്രഹ്മ മഹർഷി ഇങ്ങനെ ഒരു വിചിത്രമായ കാര്യം പറഞ്ഞു. 

അപ്പോ പരീക്ഷിത്ത് ചോദിക്കാണ്. 
ഭഗവാനേ ഈ ഒരു വർഷത്തിനിടയിൽ എന്തായി? ഒരു പാമ്പിനെ കൊന്നു എന്ന് പറയാനിപ്പോ ഒരു വർഷമോ? ഈ ഒരു വർഷത്തിനിടയിൽ എന്തു സംഭവിച്ചു?

ഇത്ഥം സ്മ പൃഷ്ട: സ തു ബാദരായണി:
തത്സ്മാരിതാനന്ത ഹൃതാഖിലേന്ദ്രിയ:

പരീക്ഷിത്ത് ചാതകം മഴമേഘത്തിനെ നോക്കിയിരിക്കണ പോലെ മഹർഷിയെ നോക്കി  ഇരിക്കാണ്. 
ശ്രീശുകാചാര്യർ അങ്ങടോ ഇങ്ങടോ എന്ന് പറഞ്ഞു നില്ക്കാണ്. അല്പം ഭഗവദ്സ്മൃതി ണ്ടായാൽ അദ്ദേഹത്തിന് ബാഹ്യപ്രജ്ഞ പോകും. വളരെ വിഷമിച്ചാണ് ഉയർന്ന തലത്തിൽ നിന്ന് ചോട്ടിലേക്ക് ഇറങ്ങി വന്ന് അദ്ദേഹം ഭഗവദ് കഥ പറഞ്ഞു കൊണ്ടിരിക്കുന്നത്. 

രാമകൃഷ്ണദേവൻ പറയും, ഒരിക്കൽ ഗംഗയിൽ കുളിക്കാൻ ചെന്നപ്പോൾ വെള്ളം നിറച്ച  കുടത്തിൽ ഒരു കൊച്ചു കുട്ടി ഒരു മത്സ്യത്തിനെ പിടിച്ചു വെച്ചണ്ട്.  രാമകൃഷ്ണദേവൻ ആ ഗംഗാതീരത്ത് ഇരുന്ന് ഇത് കണ്ടു കൊണ്ടിരിക്കാണ്. 

ഈ കുടത്തിനുള്ളിലെ കൊച്ചു മത്സ്യം കുടത്തിൽ നിന്ന്  പുറത്തേക്ക് ചാടുന്നു. കുടത്തിനകത്തേക്ക് പോകുന്നു. പുറത്തേക്ക് ചാടുന്നു .അകത്തേക്ക് പോകുന്നു. പിന്നീട് ഈ മത്സ്യം ഈ കുടത്തിനുള്ളിൽ നിന്ന് ഒറ്റ ചാട്ടം ചാടി ഗംഗയിലേക്ക് വീണു. 
ഇനി അതിനെ തിരിച്ചു കിട്ട്വോ? 
അത് കണ്ടയുടനെ രാമകൃഷ്ണദേവൻ സമാധിസ്ഥിതിയിൽ ആയി അത്രേ. 

ഇതുപോലെ ജീവൻ അനന്തത്തിനെ അല്പാല്പം സ്പർശിക്കും. ശരിക്കങ്ങനെ ആ അനന്തത്തിലേക്ക് വീണാലോ പിന്നെ തിരിച്ചു വരില്ല്യ. മഹാത്മാക്കൾ ആ സ്ഥിതിയിലാണ്. അങ്ങടും ആവാം ഇങ്ങടും ആവാം എന്നുള്ള മട്ടിലാണ് അവരുടെ  ഭാവം. 

ശ്രീശുകമഹർഷിയോട് ഈ ഒരു വർഷത്തിനിടയിൽ എന്തായി എന്ന് ചോദിച്ചതും ഭഗവാന്റെ മഹാവൈഭവത്തിനെ സ്മരിച്ചു കൊണ്ട് 
 
തസ്മാരിത അനന്തഹൃദാ അഖിലേന്ദ്രിയ:
ഇന്ദ്രിയങ്ങളൊക്കെ ഉള്ളിലേക്ക് വലിച്ച് സമാധി സ്ഥിതിയിലിരുന്നു! 
പരീക്ഷിത്ത് വളരെ നേരം കാത്തുകൊണ്ടിരുന്നു. ശുകാചാര്യർ നിർവികല്പമായി സമാധിസ്ഥിതിയിലിരുന്നു!

കൃച്ഛ്രാത് പുനർല്ലബ്ധബഹിർദൃശി: ശനൈ:
വളരെ പ്രയാസപ്പെട്ട് മഹർഷി  ബാഹ്യദൃഷ്ടിയിലേക്ക് വന്നു. 

കുറേനേരത്തിന് ശേഷം വളരെ വിഷമിച്ച്,

 പ്രത്യാഹ തം ഭാഗവതോത്തമോത്തമ 
ആ സ്വരൂപസ്ഥിതിയിൽ നിന്നും ചോട്ടിലേക്ക് ഇറങ്ങി വന്നു പറഞ്ഞു തുടങ്ങി. 

ബ്രഹ്മാവിന് കൃഷ്ണനെ കാണണമെന്ന് ആഗ്രഹം. ഭഗവാന്റെ ദിവ്യലീല കാണാനുള്ള കൊതിയിൽ ബ്രഹ്മാവ് ഒന്ന് കളിക്കാൻ വിചാരിച്ചു. 

ബ്രഹ്മാവ് ആകാശത്ത് നിന്ന് നോക്കി. വിഷ്ണു ഭഗവാൻ ഭൂമിയിൽ അവതരിച്ചണ്ട്. എന്താ ചെയ്യുന്നതെന്ന് നോക്കാം. കൃഷ്ണനിവിടെ എന്താ ചെയ്യുന്നത്? 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 

No comments: