Tuesday, August 13, 2019

ശ്രീരാമദാസഹനുമാൻ 27*
💥💥💥💥💥💥💥💥💥💥

ലങ്കാനഗരത്തെ അവലോകനം ചെയ്ത കപീന്ദ്രൻ മനസ്സിൽ ചിലതൊക്കെ നിശ്ചയിച്ചുറപ്പിച്ചു. *"ഈ ലങ്കാരാജ്യത്ത് ഇനിയെന്താണ് ഞാൻ ചെയ്യേണ്ടത്? സുന്ദരമായ അശോകവനിക ഇന്നില്ല. ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ദുഷ്ടരായ ഈ രാക്ഷസർക്ക് സന്തോഷപ്രദമാകരുത്. അതിനാൽ ഇവിടെ കാണുന്ന ഉത്തമമന്ദിരങ്ങൾ, ആയുധപ്പുരകൾ എന്നിവ സംഹരിക്കണം. ഇതു കൂടി കഴിഞ്ഞാൽ സീതാന്വേഷണം പൂർത്തിയായതായി കണക്കാക്കാം."*

ശ്രീരാമചന്ദ്രനെ മനസാ നമസ്കരിച്ച് ഹനുമാൻ ഇടിമിന്നൽപോലെ പുച്ഛത്തിൽ ആളുന്ന അഗ്നിയോടുകൂടി ലങ്കാനഗരിയിലെ മണിമന്ദിരങ്ങളുടെ മുകളിൽക്കൂടി സഞ്ചാരം ആരംഭിച്ചു. ഒരു ഗൃഹത്തിൽ ചെന്നിരുന്ന് വാലിലുള്ള അഗ്നിയെ അവിടെ പടർത്തിയ ശേഷം മറ്റൊന്നിലേക്ക് കടക്കും. പൂന്തോട്ടങ്ങളും വിശേഷ നിർമ്മിതികളുമൊക്കെ ദഹിച്ചുതുടങ്ങി.

*_'തത് രുദ്രേണ ത്രിപുരം യഥാ'_ -- ഭഗവാൻ ശ്രീ രുദ്രൻ എങ്ങിനെയാണോ ത്രിപുരങ്ങളെ ദഹിപ്പിച്ചത് അതുപോലെ* മാരുതി ലങ്കാനഗരി മുഴുവൻ അൽപ്പസമയം കൊണ്ട് ഭസ്മമാക്കി. ഇങ്ങനെ സകല ഐശ്വര്യങ്ങളോടും കൂടിയ ലങ്കാപുരി അതിവേഗത്തിൽ ചാരമായി മാറുന്നത് നോക്കിനിന്ന രാക്ഷസന്മാർ ഭയത്തോടെ പരസ്പരം പറഞ്ഞു: *"ത്രിലോകാധിപനും വജ്രായുധമേന്തിയവനുമായ മഹേന്ദ്രനാണോ ഇവൻ? അതോ സർവ്വലോകങ്ങളെയും നശിപ്പിക്കുന്ന അന്തകനോ? കാലാഗ്നിയോ, ആദിത്യനോ? അല്ലെങ്കിൽ മഹാപ്രതാപിയായ കുബേരനോ? ഇവരാരെങ്കിലും വാനരന്റെ രൂപമെടുത്ത് വന്നതായിരിക്കുമോ?*

അങ്ങിനെയിരിക്കേ, മാരുതി ആ പരിസരം ഒന്ന് വീക്ഷിച്ചു. എല്ലാ ഭാഗത്തും അഗ്നിജ്വലിക്കുന്നത് കൊണ്ട് അത്യധികമായ പ്രകാശമുണ്ട്. ആ പ്രകാശത്തിൽ പേടിച്ചോടുന്ന രാക്ഷസന്മാരും വളർത്തുമൃഗങ്ങളും. ഇതൊക്കെ കണ്ടപ്പോൾ ഹനുമാന് തന്നെക്കുറിച്ച് ഒരു നിന്ദാഭാവമുണ്ടായി. *"ലങ്കാപുരിയെ ഞാൻ എന്റെ ഇഷ്ടം പോലെ ദഹിപ്പിച്ചു. ഒട്ടും ആലോചിക്കാതെ ചെയ്ത ഒരു പ്രവൃത്തിയായിപ്പോയോ ഇത്? കോപത്തെ ചിന്താശക്തി കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നവരാണ് ധന്യന്മാർ. എനിക്കതിന് കഴിഞ്ഞില്ല, കഷ്ടംതന്നെ. രാക്ഷസന്മാരോടുള്ള കോപാവേശത്താൽ അജ്ഞത ബാധിച്ച ഞാൻ യഥാർത്ഥ വാനരസ്വഭാവം തന്നെയാണല്ലോ കാണിച്ചത്. ഈ അഗ്നിയിൽ സീതാദേവിക്ക് വല്ലതും സംഭവിച്ചിരിക്കുമോ?"* പെട്ടെന്ന് ആഞ്ജനേയൻ അശുഭ ചിന്തകളെ വെടിഞ്ഞ് സ്വതസ്സിദ്ധമായ സാത്വികചിന്തകൾ വീണ്ടെടുത്തു. *"ദുഷ്ടന്മാരായ രാക്ഷസർക്കെതിരേ ഞാൻ ചെയ്തതിൽ യാതൊരു തെറ്റുമില്ല. എപ്പോഴായാലും ഇത് സംഭവിക്കേണ്ടത് തന്നെയാണ്. ദേവി എങ്ങിനെ നശിക്കും? ദേവിയെ ആർക്ക് നശിപ്പിക്കാൻ കഴിയും?* 

സീതാദേവിയുടെ മാഹാത്മ്യം ഓർമ്മ വന്ന ഹനുമാൻ പെട്ടെന്ന് ശിംശപാവൃക്ഷച്ചുവട്ടിൽ ചെന്ന് ജാനകീദേവിയെ സാഷ്ടാംഗം നമസ്കരിച്ചു.  *" ദേവീ, ലങ്കാനഗരിയിലെ എന്റെ ദൗത്യം പൂർണ്ണമായിരിക്കുന്നു. യാതൊരു വിഷമവും കൂടാതെ നിന്തിരുവടിയെ ഒരിക്കൽ കൂടി കാണാൻ സാധിച്ച ഞാൻ ഭാഗ്യവാൻ തന്നെ."*

മടങ്ങിപ്പോകാൻ തയ്യാറായ കപീന്ദ്രനെ പുത്ര വാത്സല്യത്തോടെ വീണ്ടും വീണ്ടും നോക്കിക്കൊണ്ട് സീതാദേവി പറഞ്ഞു: *"നീ ഏററവും സമർത്ഥനാണ്. ശത്രുവംശത്തെ തനിയെ നശിപ്പിക്കാൻ നിനക്ക് കഴിവുണ്ട്. ഒന്ന് തീർച്ച. ഇതുകൊണ്ട് നിനക്ക് അനശ്വരയശസ്സ് വർദ്ധിക്കുകയാണ് ഫലം. നീ ലക്ഷ്യത്തിലെത്തും. സംശയമില്ല."* സീതാദേവിയെ വീണ്ടും നമസ്കരിച്ച് ആഞ്ജനേയൻ വിടവാങ്ങി.

ശത്രുസംഹാരപടുവായ ഹനുമാൻ അരിഷ്ടമെന്ന് പേരായ പർവ്വതത്തിൽ നിന്ന് കുതിച്ച് വടക്കോട്ട് ചാടാമെന്ന് തീരുമാനിച്ചു പർവ്വതശൃംഗത്തിൽ കയറി ലക്ഷ്മണസഹിതനായ ശ്രീരാമസ്വാമിയെയും സീതാദേവിയെയും അചഞ്ചലമായി മനസ്സിൽ പ്രതിഷ്ഠിച്ചു ഊക്കോടെ പർവ്വതത്തിൽ നിന്ന് കുതിച്ച് ആകാശത്തിൽ കൂടി വടക്കോട്ട് അവാച്യവേഗത്തിൽ ഗമിച്ചു.

തുടരും........

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190812

No comments: