ശ്രീമഹാഭാഗവതകഥകൾ: വത്സാസുരവധം
****************************** ***************
നാളുകൾ ഏതാനും കഴിഞ്ഞു അത്രയ്ക്ക് നാളീകനേത്രനും വളർന്നു. ഒരു ദിവസം കൃഷ്ണൻ ബലരാമനും കൂട്ടുകാരുമൊന്നിച്ച് വൃന്ദാവനത്തിൽ പശുക്കിടാങ്ങളെ മേച്ചുകൊണ്ട് നിൽക്കുമ്പോൾ കംസനാൽ നിയുക്തനായ ഒരു അസുരൻ പശുക്കുട്ടിയുടെ ആകൃതിധരിച്ച് ഗോവത്സങ്ങളുടെ ഇടയിഇടയിൽ കയറിനിന്നു മേയാൻതുടങ്ങി. സൂത്രത്തിൽ അടുത്തടുത്തുവന്ന് വസുദേവപുത്രനെ വധിക്കണമെന്നായിരുന്നു ആ ദാനവൻറെ ഉദ്ദേശം. താൻ ആരാണെന്ന് അറിയാതിരിക്കുവാൻ വേണ്ടിയാണ് പശുക്കുട്ടികളുടെ കൂട്ടത്തിൽ മറ്റൊരു പശുക്കുട്ടിയുടെ രൂപത്തിൽ അവൻ മേയാൻ തുടങ്ങിയത്.
യമുനാതരംഗിണിയുടെ നീലത്തോയത്തിൽ തട്ടിയും ഗോവർദ്ധനഗിരിയുടെ കൊടുമുടിയെ തഴുകിയും സാവധാനമണയുന്ന കുളിർത്തെന്നലേറ്റ് ആനന്ദംപൂണ്ടു ഓടക്കുഴലൂതി നിൽക്കുന്ന കോടക്കാർവർണ്ണൻ ആ ദാനവനെ തിരിച്ചറിഞ്ഞു. അടുത്തുനിന്നിരുന്ന അഗ്രജനെ ആ വിവരം രഹസ്യമായി ധരിപ്പിച്ചതിനുശേഷം, ആർക്കും സംശയം തോന്നാത്തവിധം മുരളിയെടുത്ത് എളിയിൽ തിരുകി മുകിൽ വർണ്ണൻ കളിമട്ടിൽ പശുക്കിടാങ്ങളുടെയിടയിൽ അവയെ തൊട്ടുരുമ്മിത്തലോടിക്കൊണ്ട് മെല്ലെമെല്ലെ നടന്നു ദൈത്യനായ ഗോവത്സത്തിൻറെ പുറകിൽ ചെന്ന് വാലും നാലുകാലുകളും വാരി ഒന്നിച്ചുകൂട്ടിപ്പിടിച്ച് തൂക്കിയെടുത്തുപൊക്കി വട്ടം ചുഴറ്റി അടുത്തുനിന്നിരുന്ന ഒരുവലിയ വടവൃക്ഷത്തിൻറെ മൂട്ടിലേയ്ക്ക് ആഞ്ഞെറിഞ്ഞു.
ആ മരത്തിൽ ചെന്നിടിച്ച് തലതകർന്ന് ശരീരം നുറുങ്ങി ആ അസുരൻ ചത്തുമലച്ച് ഒരു കരിമലപോലെ തെറിച്ച് അകലത്തിൽ ചെന്നുവീണു. ചങ്ങാതിമാർ അതുകണ്ട് അത്ഭുതംപൂണ്ടു സന്തോഷത്തോടെ കൃഷ്ണനെയെടുത്തു പൊക്കി ആർപ്പുവിളിച്ചുകൊണ്ട് തുള്ളി.
വൈകുന്നേരം ഗോപവാടത്തിലെത്തി വതസാസുരവധത്തെകുറിച്ചുള്ള വാർത്ത ബാലന്മാർ തങ്ങളുടെ മാതാപിതാക്കളെ ധരിപ്പിച്ചു. നന്ദോപനന്ദാദി ഗോപന്മാരും യശോദ രോഹിണി രാധ തുടങ്ങിയ ഗോപവധൂജനങ്ങളും ആ കഥയറിഞ്ഞ് ഭയാത്ഭുതവിവശരായി. അറിഞ്ഞവർ അറിഞ്ഞവർ വന്നു സന്തോഷത്തോടെ ചെന്താമരക്കണ്ണനെയെടുത്ത് ചുംബിച്ചാശ്ലേഷിച്ചു. എന്നിട്ടും തങ്ങളുടെ ഓമനക്കുട്ടനായ ഉണ്ണിക്കൃഷ്ണൻ ഒരു അതിമാനുഷനാണെന്നുള്ള ബോധം അവർക്കാർക്കും ഉണ്ടായില്ല.
!!!!!!!!!!!!!!!!!!!!!!!!!!!!!! !!!!!!!!!!!!!!!!!!!!!!!!!!!!!! !!!!!!!!!!!!!!!!!!!!!!!
വത്സാസുരൻ കൊല്ലപ്പെട്ട വൃത്താന്തം ഭോജരാജൻ യഥാവസരം ചാരന്മാർ മുഖേനയറിഞ്ഞു. അതോടുകൂടി ആ ദുഷ്ടൻറെ മരണഭീതി ശതഗുണമായി വർദ്ധിച്ചു. ദേവകീസുതനാണ് തൻറെ ഘാതകനെന്ന് അശരീരി ഉണ്ടായെങ്കിലും അമ്പാടിയിൽ ജനിച്ചു വൃന്ദാവനത്തിൽ വളരുന്ന ഗോപകുമാരനാണ് തൻറെ ശത്രുവെന്ന് കംസൻ അപ്പോഴും വിചാരിച്ചു. മായാവികളും ബലശാലികളുമായ ദാനവപ്രവരന്മാർ തനിക്ക് അനുചരന്മാരായി ഉള്ളതുകൊണ്ടും പ്രയോജനമില്ലെന്നുവന്നു. പൂതന, ശകടൻ,തൃണാവർത്തൻ,വത്സൻ എന്നീ നാല് അതികായ ബലിഷ്ഠർ, ആ അത്ഭുതബാലൻറെ കയ്യാൽ അന്തകപുരം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു. ഇനിയും അവൻ ജീവിക്കുവാൻ പാടില്ല.
ഈവിധം ചിന്തിച്ച് കംസൻ പൂതനയുടെ കനിഷ്ഠസഹോദരനും നൂറ് ആനയുടെ ബലമുള്ളവനുമായി ബകനെന്ന ദാനവേന്ദ്രനെ വിളിച്ചു കൃഷ്ണനിധനാർത്ഥം നിയോഗിച്ചയച്ചു.
pallarimangalam facebook
ReplyForward
|
No comments:
Post a Comment