Friday, August 16, 2019

രാമായണ കഥ അവസാന ഭാഗം - അദ്ധ്യായം 30 - ശ്രീരാമപട്ടാഭിഷേകം*


*ഇന്ന് പട്ടാഭിഷേകമാണ്*..
*ശ്രീരാമപട്ടാഭിഷേകം*!!
*കണ്ടില്ലേ ഭഗവാനെ ആനയിക്കുന്നത്*..
*സുമന്ത്രരൊരുക്കിയ രഥത്തിന്‍റെ സാരഥി ഭരതകുമാരനാണ്*, *ചാരുവെഞ്ചാമരം വീശാന്‍ വിഭീഷണന്‍*, *ശ്വേതാതപത്രമേന്തി ശത്രുഘനന്‍*...
*ശ്രീരാമദേവനുമായി ആ തേര്‌ മുന്നോട്ട് നീങ്ങി*...
*ലക്ഷ്മണകുമാരനും*, *സുഗ്രീവനും, സീതാദേവിയും, വാനരന്‍മാരും*, *അയോദ്ധ്യാവാസികളും അതിനെ പിന്തുടര്‍ന്നു*..

*ആഘോഷമാണ്*..
*എല്ലായിടവും ആഘോഷം*..
*തോരണങ്ങളും, പൂമാലകളും നിറഞ്ഞ രാജവീഥികള്‍*..
*പെരുമ്പറയുടെയും , ചെണ്ട മേളങ്ങളുടെയും ശബ്ദം*..
*പട്ടാഭിക്ഷേക മുഹൂര്‍ത്തം സമാഗതമായിരിക്കുന്നു*..
*ഈരേഴു പതിനാല്‌ ലോകങ്ങളും സാക്ഷിയാകവേ, വസിഷ്ഠമഹാമുനി*, *ശ്രീരാമദേവനെ രാജാവായി അഭിഷേകം ചെയ്തു*..
*ശ്രീരാമപട്ടാഭിഷേകം*!!

*മഹേശ്വരന്‍ മാരുതിയുടെ കയ്യില്‍ കൊടുത്തുവിട്ട ഹാരം ശ്രീരാമദേവന്‍ അണിയുന്നു.എല്ലാവരില്‍ നിന്നും ഭഗവാനു ആശംസകള്‍*..
*ആശംസ അര്‍പ്പിച്ചത് ആരെല്ലാമാണെന്ന് അറിയേണ്ടേ?*
*സൂര്യചന്ദ്ര രുദ്ര വസു പ്രമുഖന്‍മാര്‍*..
*ആദിതേയോത്തമന്‍മാര്‍*..
*പിതൃക്കള്‍, യക്ഷന്‍മാര്‍, ഗന്ധര്‍വ്വന്‍മാര്‍*..
*ആ നിര അങ്ങനെ നീളുകയായി*.

*ഭഗവാന്‍ അയോദ്ധ്യാവാസികള്‍ക്ക് ആഭരണങ്ങളും വസ്ത്രങ്ങളും ദാനമായി നല്‍കി.ഒരു ഹാരം സീതാദേവിക്ക് സമ്മാനമായി നല്‍കുകയും, അത് ഇഷ്ടമുള്ള വ്യക്തിക്ക് കൊടുക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു.സീതാദേവി അത് ഹനുമാന്‍ സ്വാമിക്ക് സമ്മാനിക്കുന്നു.രാമനാമം ഉച്ചരിക്കുന്നിടത്തോളം കാലം മുക്തനായി ജീവിക്കാന്‍ ആ ഭക്തനെ ഭഗവാന്‍ അനുഗ്രഹിക്കുന്നു.അതിനു ശേഷം ഗുഹനേയും, സുഗ്രീവനെയും, വിഭീഷണനെയും സന്തോഷപൂര്‍വ്വം യാത്രയാക്കുന്നു*.

*ശ്രീരാമദേവന്‍ ഭരണം ആരംഭിച്ചു*..
*ലോകത്തിനെല്ലാം എത്ര ഐശ്വര്യമാണെന്ന് അറിയുമോ*?
*വൈധവ്യദുഃഖമില്ല*..
*വ്യാധിഭയമില്ല*..
*ബാലമരണമില്ല*..
*ഭൂമിയാണെങ്കില്‍ സസ്യപരിപ്പൂര്‍ണ്ണമായി വിളങ്ങി*..
*അതേ, എങ്ങും ശാന്തിയും സമാധാനവും മാത്രം*!!

*ശ്രീരാമചരിതമടങ്ങിയ രാമായണം ഇങ്ങനെ സമാപിക്കുന്നു.ഇത് ഭക്തിപൂര്‍വ്വം പാരായണം ചെയ്താലുള്ള ഗുണങ്ങള്‍ അറിയാമോ*?
*മൈത്രീകരം*..
*ധനധാന്യവൃദ്ധിപ്രദം*..
*ശത്രുവിനാശനം*..
*ദീര്‍ഘായുസ്സ്*..
*ധനം, സത്പുത്രന്‍, വിദ്യ*..
*അങ്ങനെ സകലാഭിഷ്ടസാധകം*!!

*(അദ്ധ്യാത്മരാമായണ പ്രകാരം യുദ്ധകാണ്ഡം ഇവിടെ സമാപിക്കുന്നു)*

 *നേരത്തെ സൂചിപ്പിച്ചിരുന്നു*, *രാമായണം ഇനിയുമുണ്ട്*..
*ഉത്തരരാമായണം*!!
*അതില്‍ ശ്രീരാമദേവന്‍ എന്നതിലുപരി, രാജാവായ രാമനെയാണ്‌ വരച്ച് കാണിക്കുന്നത്*..
*രാജനീതിക്കായി നില കൊള്ളുന്ന ഉത്തമനായ രാജാവിനെ*..
*രാജനീതിക്ക് വേണ്ടി വ്യക്തിബന്ധങ്ങള്‍ ഉപേക്ഷിക്കുന്ന ശ്രീരാമനെ*..
*അത്  വിവരിക്കുന്നില്ല*!!
*അതിലെ ദുഃഖം നമുക്ക് വേണ്ടാ, പകരം ഒരിക്കല്‍ കൂടി ശ്രീരാമദേവന്‍ ജനനം വിശദീകരിച്ച് കൊണ്ട് നമുക്ക് നിര്‍ത്താം*..

"ഉച്ചത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയില്‍ കൌസല്യാത്മജനായാന്‍.."

*അതേ*..
*ശ്രീരാമദേവന്‍ വീണ്ടും ജനിച്ചിരിക്കുന്നു*..
*പ്രതിബന്ധങ്ങളാകുന്ന സമുദ്രത്തിനു മേലെ ബന്ധനം* തീര്‍ക്കാന്‍..
*അനാവശ്യകാമത്തിന്‍റെ മൂര്‍ത്തി രൂപമായ ശൂര്‍പ്പണഖയെ എതിര്‍ക്കാന്‍*..
*മനസ്സിലെ തിന്മയുടെ ആള്‍രൂപമായ രാവണനെ* *ഇല്ലാതാക്കാന്‍*..
*നമ്മുടെ ഒരോരുത്തരുടെയും മനസില്‍*..
*നന്മയുടെ പ്രതിരൂപമായ ശ്രീരാമദേവന്‍ ജനിച്ചിരിക്കുന്നു*..
*എല്ലാവര്‍ക്കും ശ്രീരാമദേവന്‍റെ അനുഗ്രഹമുണ്ടാകണേ എന്ന പ്രാര്‍ത്ഥനയോടെ*..
*നമുക്ക് ഭഗവാനെ സ്തുതിക്കാം*...

"രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം
യോഗിമാരുമായി ചെന്ന് യാഗരക്ഷ ചെയ്തു പിന്നെ
വില്ലൊടിച്ച് സീതയെ വരിച്ച രാമ പാഹിമാം
താതന്‍ തന്‍റെ ആജ്ഞയേകി രാജ്യവും കിരീടവും
ത്യാഗം ചെയ്തു കാട് പൂക്ക രാമ രാമ പാഹിമാം
ഭിക്ഷുമായ് വന്നണഞ്ഞ ദുഷ്ടനായ രാവണന്‍
ലക്ഷ്മിയേയും കൊണ്ട് പോയി രാമ രാമ പാഹിമാം
വാനരപടയുമായി കടല്‍ കടന്ന് ചെന്നുടന്‍
രാവണനെ നിഗ്രഹിച്ച് രാമ രാമ പാഹിമാം
പുഷ്പകം കരേറി സിതാ ലക്ഷ്മണ സമേതനായി
തുഷ്ടി പൂണ്ട് അയോദ്ധ്യ പൂക്ക രാമ രാമ പാഹിമാം
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം"

*ശുഭം*.

കടപ്പാട് :അരുണ്‍ കായംകുളം 

*കാരിക്കോട്ടമ്മ*

No comments: