ദക്ഷിണാമൂർത്തി സ്തോത്രം-67
സ്വപ്നേ ജാഗ്രതി വാ യേഷ പുരുഷോ മായാ പരിഭ്രാമിതഃ
ഈ ദ്വൈത ഭ്രമം, അനേക വസ്തുക്കളുണ്ട് എന്ന ഭ്രമത്തിന് മൂല കാരണം , ഞാനൊരു പ്രത്യേക വ്യക്തിയാണെന്നുള്ള ഭ്രമമാണ്. സുഷുപ്തിയിൽ എനിക്ക് പ്രത്യേക വ്യക്തിത്വമുണ്ടോ? ഇല്ല. ഉറങ്ങി എഴുന്നേറ്റതും ഞാനൊരു പ്രത്യേക വ്യക്തിയാണെന്നുള്ള ഭ്രമം പൊന്തി വരുന്നു. ഈ " ഞാൻ " ആണ് ഇതിനെല്ലാം മൂലം. വ്യക്തിത്വ ബോധം ജീവ ബോധം. ജീവം കല്പയതേ പൂർവ്വം തദോ ഭാവാൻ പൃദത് വിധാൻ.
ആദ്യം സ്വയം ജീവനായി കരുതുന്നു. പിന്നീട് അനേക ജീവൻമാരെ കരുതുന്നു. ഈ ഞാനാണ് അനേകത്തിനെ അനുഭവിക്കുന്നത്. അതാണ് ഒന്നുകിൽ ഞാനെന്ന ഭാവം തോന്നാത്ത നിർവ്വികല്പ സ്ഥിതി വേണം. അല്ലെങ്കിൽ തോന്നുന്നതൊക്കെ ആത്മാവാണ് അഥവാ താനാണെന്ന് തോന്നണം എന്ന് തുഞ്ചത്തെഴുത്തച്ചൻ പ്രാർത്ഥിച്ചത്. ധ്യാന വേളയിൽ താനെന്ന് ഉദിക്കാത്ത സ്ഥിതി. ഉണർന്നിരിക്കുന്ന വേളയിൽ സകലതും താനാണെന്ന സ്ഥിതി.
ആനന്ദചിന്മയ ഹരേ ഗോപികാ രമണ ഞാനെന്നഭാവമതു തോന്നായ്ക വേണമിഹ തോന്നുന്നതാകിൽ അഖിലം താനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമ:
കാണുന്നതൊക്കെയും, അഖിലവും താനെന്ന വഴി. ദ്വൈത ബ്രഹ്മം ഇല്ലാത്ത സ്ഥിതി. വ്യവഹാരത്തിന് വേണ്ടി ഭേദങ്ങളെ കുറിച്ച് പറഞ്ഞാലും ഉള്ളിൽ ഈ ഭേദങ്ങളൊന്നും തന്നെയില്ല. എല്ലാ പദാർത്ഥങ്ങളിലും ഒരേ ചൈതന്യത്തെ കാണുന്നു. ഇത് ബൗദ്ധികമായി മനസ്സിലാക്കേണ്ട ഒരു തത്ത്വമല്ല. ഭാവത്തിൽ അതുണ്ടാകണം. ആ ഭാവത്തിൽ സകല പ്രാണികളിലും പരമാത്മ ദർശനം, ഭഗവത് ദർശനം ഉണ്ടാകണം. സ്വപ്നത്തിലും, ജാഗ്രത്തിലും ഒക്കെ ഭഗവത് ദർശനം ഇഴികി ചേരണം. എന്നാലേ ഈ ദ്വൈത ഭ്രമം നീങ്ങി കിട്ടുള്ളു. അല്ലെങ്കിൽ സ്വപ്നത്തിലും, ജാഗ്രത്തിലും മായ കൊണ്ട് പരിഭ്രമിച്ച മനുഷ്യൻ അതിലൊക്കെ ദ്വൈതത്തെ അഥവാ അനേകത്തെ കാണുന്നു.
ജാഗ്രത്തിൽ കാണുന്നതൊക്കെ സ്വപ്നത്തിലുമുണ്ട്. എന്റെ കുടുംബം, എന്റെ വീട്, എന്റെ അച്ഛൻ, എന്റെ മകൾ ബാക്കിയുള്ളവരൊക്കെ വേറെ. എന്റെ ശരീരം, എന്റെ സുഖം, എന്റെ സ്വാർത്ഥത ഇങ്ങനെ മായാ പരിഭ്രാമിതഃ
ഈ ഭ്രമം നീങ്ങാനായി ദക്ഷിണാമൂർത്തി അനുഗ്രഹിക്കട്ടെ. എന്താണ് ദക്ഷിണാമൂർത്തിയുടെ അനുഗ്രഹം ? സൂര്യനെ മറച്ചിരിക്കുന്ന മേഘത്തെ കാറ്റ് നീക്കി തരുന്ന പോലെ ഭഗവാന്റെ കൃപയാകുന്ന കാറ്റ് നമ്മുടെ സ്വ സ്വരൂപത്തെ മറച്ചിരിക്കുന്ന അജ്ഞാനത്തിനെ എപ്പോൾ നീക്കി തരുന്നുവോ അപ്പോൾ നമ്മുടെ അകത്തും എല്ലാ പ്രാണികളുടെ ഉള്ളിലും ആ സ്വ സ്വരൂപം പ്രകാശിക്കും. അങ്ങനെ പ്രകാശിച്ച് സർവ്വതും ഭഗവത് സ്വരൂപമാണ്, സർവ്വ ഭൂതേശു യ പശ്യേത് ഭഗവത് ഭാവമാത്മനഃ എന്ന അനുഭൂതി വരണം. അവിടെ ദക്ഷിണാമൂർത്തിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ സഹജ നിർവ്വികല്പ സമാധി സ്ഥിതി ഉണ്ടാകും. സഹജ നിർവ്വികല്പ സമാധി എന്ന് വച്ചാൽ ഉണർന്നിരിക്കുമ്പോഴും, വ്യവഹരിക്കുമ്പോഴും, എല്ലാം ചെയ്യുമ്പോഴും സദാ ബ്രഹ്മത്തിൽ തന്നെയിരിക്കുന്നു.
താൻ ആത്മാവാണെന്നുള്ള സ്ഥിതി വിട്ട് പോകുന്നതേയില്ല. ആ സ്മൃതി പ്രത്യഭിജ്ഞയാണ്. Not memory. വെറും ഓർമ്മയാണെങ്കിൽ നഷ്ടപ്പെട്ടു പോകും. അത് എപ്പോഴുമുള്ള അനുഭൂതിയാണ്. സഹജ നിർവ്വികല്പ സ്ഥിതി. അവിടെ പ്രത്യേകിച്ച് ഒരു ധ്യാനമോ, സാധനയോ ഒന്നും ആവശ്യമില്ല. ഒരു അനുഷ്ഠാനവും, കർമ്മവും ഇല്ലെങ്കിലും ആ യോഗി സദാ അനുഷ്ഠാനത്തിലാണ്, സദാ തപസ്സിലാണ്.
അഹമപേതകം നിജവിഭാനകം । മഹദിദം തപോ രമണവാഗിയം. ഉപദേശ സാരത്തിലെ അവസാനത്തെ ശ്ലോകമാണിത്. തപസ്സെന്താണ് എന്ന് പറയുന്നു ഇവിടെ. അഹമപേതകം നിജവിഭാനകം എന്നാൽ അഹങ്കാരം ഉദിക്കാൻ അനുവദിക്കാതെ അടങ്ങിയിരിക്കുന്നത് തന്നെ തപസ്സാണ് എന്നർത്ഥം.
Nochurji 

Malini dipu
No comments:
Post a Comment