Tuesday, August 06, 2019

അംഗദന്റെ ദുഃഖനിവൃത്തി

Monday 5 August 2019 1:27 am IST
സീതാന്വേഷണത്തിനുവേണ്ടി വാനരശ്രേഷ്ഠന്മാര്‍ പല ദിക്കുകളിലേയ്ക്കും പോയി അന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു ദിവസം വൃക്ഷങ്ങളുടെ കൂട്ടത്തിനിടയില്‍ കഴിയുന്ന വാനരന്മാര്‍ ദിവസങ്ങള്‍ എത്ര കടന്നുപോയി എന്നത് ഓര്‍മ്മിക്കുന്നു. ഒരു ദിവസം സീതാന്വേഷണത്തിന്റെ ഭാഗമായി മരനിരകളില്‍ കഴിഞ്ഞുകൂടുന്നതിനിടയ്ക്ക് പാതാളത്തില്‍ ചുറ്റി നടന്നാണ് ഇത്രയും ദിവസങ്ങള്‍ കടന്നുപോയതെന്ന് അവര്‍ വിലയിരുത്തുന്നു. ഇക്കാര്യം സംസാരിച്ചുകൊണ്ടിരിക്കെ, താരാസുതനായ അംഗദന്‍ പറയുന്നു : ~ഒരു മാസത്തിനുള്ളില്‍ സീതാന്വേഷണ കാര്യം നിര്‍വ്വഹിച്ച് തിരിച്ചെത്തേണ്ടതാണ് എന്നാണ് സുഗ്രീവാജ്ഞ. സീതയെ കണ്ടെത്താതെ വെറുതെ രാജധാനിയിലേയ്ക്കു പോയാല്‍ നമ്മളെ കൊല്ലുകയും ചെയ്യും. പിന്നെ, ശത്രുസുതനായ എന്നെ നിശ്ചയമായും വധിക്കുമെന്നത് പറയേണ്ടതില്ലല്ലോ? സഹോദരപത്‌നിയെ പ്രാപിച്ചു കഴിയുന്ന പാപിയാണ്, ദുരാത്മാവാണവന്‍. എന്തും ചെയ്യാന്‍ മടിക്കില്ല. അതുകൊണ്ട് കിഷ്‌കിന്ധയിലേയ്ക്ക് തിരിച്ചുപോകാനില്ലെന്നാണ് അംഗദന്റെ തീരുമാനം. 
ദുഃഖത്തില്‍ ആ കൂട്ടത്തിലുള്ള വാനരരെല്ലാം സമന്മാരാണ്. അതിനാല്‍ വന്ന ഗുഹയിലേക്കുതന്നെ തിരിച്ചുപോകാമെന്നും അവിടെ സുഖമായി കഴിയാമെന്നും നിശ്ചയിക്കുന്നു. സര്‍വ്വസൗഭാഗ്യസമന്വിതമായ ദേവലോകത്തിനു സമാനമാണ് അവിടം. അവിടെ ആരെയും ഭയപ്പെടേണ്ടതില്ല. അതിനാല്‍ നമുക്ക് അവിടേയ്ക്കു പോകാമെന്ന് അംഗദനോട് വാനരന്മാര്‍ പറയുന്നു. 
വാനരന്മാരുടെ ദുഃഖകരമായ ഈ വാക്കുകള്‍ കേട്ട ഹനുമാന്‍ അംഗദനെ സമാശ്വസിപ്പിക്കുന്നു. നിനക്ക് എന്തൊരു ദുര്‍വിചാരമാണ് സംഭവിച്ചത്. ശ്രീരാമന് ഏറ്റവും പ്രിയമുള്ളവനാണ് താനെന്ന് എനിക്കു മനസ്സിലായിട്ടുണ്ട്. രാമന്റെ സ്‌നേഹത്തിന് ഒരിളക്കവുമുണ്ടാവില്ല. സുഗ്രീവനും നിന്നെ ഒന്നും ചെയ്യില്ല. അതിനാല്‍ നീ വൃഥാ വ്യാകുലപ്പെടേണ്ടതില്ല എന്നു പറഞ്ഞ അംഗദന്റെ ആശങ്കയും ദുഃഖവും നീക്കുന്നു.  ഞാനും നിന്റെ ഹിതകാരിയാണ്. അതിനാല്‍ ഗുഹയില്‍ താമസിക്കാനുള്ള തീരുമാനങ്ങളില്‍നിന്നും പിന്തിരിയണം. കുബുദ്ധികള്‍ പറയുന്ന വാക്കുകള്‍ നീ വിശ്വസിക്കരുത്. അപ്പോള്‍ ഹനുമാന്‍ അംഗദനോടു പറയുന്നതാണ്, 
ആപത്തു വന്നടുത്തിടുന്ന കാലത്ത്
ശോഭിക്കയില്ലെടോ സജ്ജനഭാഷണം
ദുര്‍ജ്ജനത്തെക്കുറിച്ചുള്ള വിശ്വാസവും
സജ്ജനത്തോടു വിപരീത ഭാവവുംഎന്ന്. 
ആപത്തു വന്നടുക്കുമ്പോള്‍ സജ്ജനങ്ങളുടെ വാക്കുകള്‍ ശോഭിക്കുകയില്ല. ദുര്‍ജ്ജനങ്ങളോടായിരിക്കും കൂടുതല്‍ പ്രതിപത്തി. സജ്ജനങ്ങളോടു വിപരീതഭാവവും പ്രകടിപ്പിക്കും. ദേവന്മാര്‍, ബ്രാഹ്മണര്‍ എന്നിവരോടും ധര്‍മ്മത്തോടും വിദ്വേഷമായിരിക്കും. പൂര്‍വ്വ ബന്ധുക്കളില്‍ വൈരവും ഉണ്ടാവും. ഇവ വര്‍ദ്ധിച്ചു വന്നാല്‍ വംശനാശം തന്നെ സംഭവിക്കും. നിനക്ക് അതു വന്നുകൂടും എന്നു പറഞ്ഞ് ഹനുമാന്‍ ഗുഹ്യവും രഹസ്യവുമായ രാമന്റെ വൃത്താന്തം പറഞ്ഞുകൊടുക്കുന്നു. 
രാമന്‍ കേവലം മനുഷ്യനല്ല, സാക്ഷാല്‍ നാരായണനാണ്. രാക്ഷസകുലത്തെ നശിപ്പിക്കുവാന്‍ സൂര്യവംശത്തില്‍ വന്നു പിറന്ന രാമനെ പരിചരിക്കുവാന്‍ ഭൃത്യരായി ജനിച്ചവരാണ് വാനരന്മാര്‍ എന്നുമറിയുക.

No comments: