Thursday, August 15, 2019

ഇപ്പോൾ വനഗവേഷണ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞൻ വീഡിയോയിൽ പറഞ്ഞതു കേട്ടു് ഞെട്ടിപ്പോയി. കേരളത്തിന്റെ വടക്കൻ മേഖലകളിൽ  ഉരുൾപൊട്ടലുണ്ടായ പതിനൊന്നു സ്ഥലങ്ങളുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ 83 ക്വാറികൾ ഉണ്ടത്രേ. ഭീകരമായ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ പ്രദേശത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ളത് 27 ക്വാറികളാണത്രേ. ഇതാണു കാര്യമെങ്കിൽ, ഇത്രനാളും ഉരുൾപൊട്ടലുണ്ടാകാതിരുന്നത്, ഇപ്രദേശത്തുകാരോട് ഭൂമിദേവിയ്ക്കുണ്ടായിരുന്ന കാരുണ്യം ഒന്നുകൊണ്ടു മാത്രമാകണം. പക്ഷേ, മാറി മാറി വരുന്ന ഭരണാധികാരികൾ മാറു തുരന്നു തുരന്നു വെറും എല്ലിൻകൂടു മാത്രമാക്കിയ ഭൂമിയ്ക്കെത്ര നാളിങ്ങനെ പിടിച്ചു നിൽക്കാൻ കഴിയും? 

ഇന്നത്തെ പത്രത്തിലൊരു വാർത്ത കണ്ടു; "സംസ്ഥാനത്ത് പാറഖനനം പൂർണ്ണമായി നിരോധിച്ചിരിയ്ക്കുന്നു". ഈ വാർത്ത വായിച്ചപ്പോൾ  നളചരിതം കഥകളിയിലെ ഒരു പദമാണ് ഓർമ്മയിൽ വന്നത്.

"പാഥസാം നിചയം വാർന്നൊഴിഞ്ഞളവു, സേതുബന്ധനം ഉദ്യോഗമെന്തെടോ?"

(വെള്ളമെല്ലാം ഒഴുകിപ്പോയ ശേഷം അണകെട്ടിയിട്ടെന്തു പ്രയോജനം?)

ഇവിടെ തീർത്തും പ്രയോജനം ഇല്ലെന്നു പറയാൻ കഴിയില്ല; ഒരു പ്രയോജനമുണ്ട്; ജനത്തിന്റെ കണ്ണിൽ പൊടിയിട്ട് കുറെ നാൾ കൂടി അവരെ അന്ധരായി പിടിച്ചു നിർത്താം.

No comments: