മനോനിയന്ത്രണം
----------------------
(ശ്രീമദ് ഭാഗവതം ഉദ്ധവഗീതയിൽ നിന്ന്)
മനുഷ്യ ശരീരം സംസാര സമുദ്രത്തെ കടക്കുവാനുള്ള സുരക്ഷിതമായ തോണിയാണ്. ഗുരുനാഥനാകുന്ന തോണിക്കാരൻ തന്റെ ഉപദേശങ്ങളെ- ക്കൊണ്ട് ഈ തോണിയെ നേർവഴിക്ക് നയിക്കാനുണ്ട്. ഈശ്വരാനുകൂല്യമാകുന്ന കാറ്റ് ലക്ഷ്യപ്രാപ്തിക്ക് സഹായമായി വീശിക്കൊണ്ടിരിക്കുന്നു. ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും മനുഷ്യ ശരീരത്തെ, സംസാരസമുദ്രത്തെ കടന്ന് മുക്തനായിത്തീരാൻ ഉപയോഗിക്കുന്നില്ലെങ്കിൽ, ഉദ്ധവാ ! അവനെയല്ലേ ശരിക്കും ആത്മഹത്യക്കാരൻ എന്ന് പറയേണ്ടത് !കേൾക്കൽ, സ്പർശിക്കൽ, കാണൽ, സ്വാദറിയൽ, വാസനിക്കൽ ഇവയിൽ താല്പര്യമില്ലാതാവുന്നതു തന്നെ വൈരാഗ്യം. വൈരാഗ്യം ദൃഢമായി തീർന്നാൽ കാത്, ത്വക്ക്, കണ്ണ്, നാവ്, മൂക്ക് എന്നീ ഇന്ദ്രിയങ്ങൾ അടങ്ങും. പിന്നീട് മനസ്സിനെ ആത്മാവിൽ
നിശ്ചലമാക്കി ഉറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കണം. മനസ്സിലെ കർമ്മവാസനകളുടെ പ്രബലതകൊണ്ട് മനസ്സ് ഇളകിക്കൊണ്ടിരിക്കും. വാസനകളാണ് മനസ്സിൽ ഓർമ്മകൾ ആയിത്തീരുന്നത്. ഓർമകളുടെ
സൂഷ്മരൂപങ്ങളാണ് വാസനകൾ. വാസനകൾകോണ്ട് ചലിയ്ക്കുന്ന മനസ്സിനെ മടികൂടാതെ വീണ്ടും വീണ്ടും ആത്മാവിൽ ഉറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കണം. എല്ലാം അറിയുന്നവനും, എങ്ങും വ്യാപിച്ചവനുമായ ആത്മാവാണ്
താനെന്നും ആത്മാവായ തന്നിലാണ് സമുദ്രത്തിൽ തിരമാലയെന്നപോലെ, മനസ്സ് വികസിച്ചു നിൽക്കുന്നതെന്നും ബോധിച്ചുകൊണ്ടുവേണം, മനസ്സിനെ ആത്മാവിൽ ലയിപ്പിക്കാനായി അഭ്യസിക്കുവാൻ. വൈരാഗ്യത്താൽ ഇന്ദ്രിയങ്ങളെയും പ്രാണായാമത്താൽ പ്രാണങ്ങളേയും അടക്കി, മനസ്സിനെ ആത്മാവിൽ ലയിപ്പിക്കണം.
കുതിരസവാരിക്കാരൻ കുതിരയെ തൻറെ ഇഷ്ടത്തിനനുസരിച്ച് നിയന്ത്രിക്കുന്നതുപോലെ വേണം, മനസ്സിനെ സ്വാധീനിക്കാൻ. മനസ്സിനെ ആത്മാവിൽ അടക്കുന്നതുതന്നെയാണ് ഏറ്റവും ഉത്കൃഷ്ടമായ യോഗം. ആത്മാവായ തന്നിൽ ഉണ്ടായി നിലനിന്ന് ലയിക്കുന്നവയാണ് പ്രപഞ്ചവസ്തുക്കൾ എല്ലാം തന്നേയും എന്നിങ്ങനെ സാംഖ്യശാസ്ത്രപ്രകാരമുള്ള തത്വവിചാരം ചെയ്യുകയാണെങ്കിൽ, ക്രമേണ കർമ്മവാസനകൾ നശിച്ച്, മനസ് ആത്മാവിൽ വിലയിച്ച് ഒന്നായിത്തീരും.
No comments:
Post a Comment