Saturday, August 17, 2019



കര്‍ക്കിടകത്തില്‍ രാമായണം  പോലെത്തന്നെ  ചിങ്ങത്തില്‍ കൃഷ്ണഗാഥയും.  കേരളത്തില്‍ പല സ്ഥലങ്ങളിലും  ഒരു മാസം കൊണ്ട് കൃഷ്ണഗാഥ പാരായണം ചെയ്തവസാനിപ്പിക്കുന്ന  പതിവുണ്ട്*

*കോലത്തിരിരാജാവായ  ഉദയവര്‍മ്മന്‍റെ  നിര്‍ദ്ദേശപ്രകാരം  അദ്ദേഹത്തിന്‍റെ  ഭാര്യയ്ക്ക്   ഭഗവദ്കഥ  പാരായണം ചെയ്യുവാനത്രേ  കൃഷ്ണഗാഥ രചിക്കപ്പെട്ടത്.  സ്ത്രീ ജനങ്ങളുടെ  നിരന്തരപാരായണത്തിനായി.  ഭാഗവതം  ദശമസ്കന്ദത്തില്‍ നിന്നുള്ള  ഭാഗങ്ങളാണ്  ലളിത സുന്ദരമായ ഭാഷയില്‍  ചെറുശ്ശേരി  കൃഷ്ണഗാഥയായി  എഴുതിയിരിക്കുന്നത്.  കോലത്തിരിഭൂപന്‍റെ  ചതുരംഗത്തോല്വിയെ  ഭയന്ന്  രാജ്ഞി  കുട്ടിയെ  താരാട്ടിയ ഈണം   കൃഷ്ണഗാഥക്ക്  സംഗീതഗുണമുണ്ടാക്കി   എന്നാണ് ചരിത്രം.   കോലത്തിരി ചതുരംഗകളിയില്‍  തോല്ക്കുമെന്നു കണ്ട രാജ്ഞി  കുട്ടിക്ക്  ഉറക്കുപാട്ടെന്നപോലെ   ''ഉന്തുന്തുന്തുന്തു ന്തു ന്തു ന്തു ന്തു ന്തു ന്തു ന്തു  ന്തു ന്തു  ആളെ ഉന്ത്.''   ഈ വരികള്‍കേട്ട  കോലത്തിരി   ചതുരംഗത്തിലെ  ആള്‍രൂപം നീക്കി കളിയില്‍ ജയിച്ചത്രെ  . ആ  രീതി കൃഷ്ണഗാഥയില്‍ ഉപയോഗിച്ചെന്നാണ്  ചരിത്രം.*

*ഇതിലെ ഒാരോ ഭാഗവും വര്‍ണ്ണനാതീതമാണ്.  ഗോകുലത്തില്‍നിന്നുള്ള പ്രവാസവും  മഥുരാപുത്തിലുള്ള  നിവാസവും  കൊണ്ട്  തനിക്കുണ്ടായ വിയോഗവേദനയെ  കുമാരനായ കൃഷ്ണന്‍  നന്ദഗോപരെ  ധരിപ്പിക്കുന്നതു നോക്കുക*

''അമ്മയ്ക്കു നല്‍കുവാന്‍ ചെമ്മുള്ള  ചേലകള്‍  
നന്ദന്തന്‍കൈയിലെ നല്കിച്ചൊന്നാന്‍ഃ 
'നല്‍ച്ചേല നാലുമെന്നമ്മതന്‍ കൈയിലെ  
ഇച്ഛയില്‍ നല്‍കേണമിന്നുതന്നെ  
എന്നമ്മതന്നോടു ചൊല്ലണം പിന്നെ നി  
എന്നെ മറക്കൊല്ലയെന്നിങ്ങനെ.
പാല്‍വെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളില്‍  
പാരമെനിക്കെന്നു  ചൊല്‍ക  പിന്നെ
വണ്ണയും പാലുമിങ്ങാരാനും  പോരുന്നോ -
രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണം. 
വാഴപ്പഴങ്ങളും  വര്‍ണ്ണം തി്രണ്ടവ -
കേഴുവാനല്ലായ്കിലെന്നു ചൊല്‍വു, 
ചിറ്റാടയുണ്ടു ഞാന്‍ പെട്ടകം തന്നുള്ളില്‍ 
മറ്റാരും കാണാതെ  വച്ചുപോന്നു. 
ഉൗനപ്പെട്ടില്ലല്ലീയെന്നതെ ചിന്തിച്ചു 
ദീനമാകുന്നുതെന്മാനസത്തില്‍ 
മഞ്ഞള്‍ പിഴിഞ്ഞുള്ള കൂറകളൊന്നുമെ 
മങ്ങാതെ മാനിച്ചുകൊള്ളേണം നീ. 
വെറ്റില തിന്നു ചൊരുക്കിന നേരത്തു
തെറ്റെന്നു പൂട്ടുവാന്‍ ചെന്നേനല്ലോ. 
കൂലിയായന്നതിന്നമ്മതാന്‍ നല്‍കിന
ചേലയും മാലുറ്റുപോകല്ലാതെ  
പിള്ളേരെ നുള്ളിനാനെനനങ്ങു ചൊല്ലീട്ടു 
പീലികൊണ്ടെന്നെയടിച്ചാളമ്മ. 
കേണുകൊണ്ടന്നു  വഴക്കായിപ്പോയി  ഞാന്‍
ഉൗണിന്നു വാരാതെ നിന്നനേരം  തെണ്ടമായെന്നതിന്നന്നു  നീ നല്‍കീന
കണ്ടിക്കഞ്ചോല മറക്കൊല്ലാതെ
പൊങ്ങിനോരോശപുലംബിനിന്നീടുന്ന 
കിങ്ങിണിയെങ്ങാനും  വീഴൊല്ലാതെ
പാവകളൊന്നുമേ  പാഴായിപ്പോകാതെ 
പാലിച്ചുകൊള്ളേണം പാരാതെ  നീ
ചേണുറ്റുനിന്നുള്ളരോണവില്ലൊന്നുമേ 
ഞാണറ്റുപോകല്ലാ ഞാന്‍ വരുംബോള്‍ ''

*ഈ ഭാഗത്തിന്‍റെ  തന്മയത്വവും ഹൃദയംഗമത്വവും   മനസ്സില്‍ തട്ടുന്നതുതന്നെ. ലോകൈകനാഥനായ കൃഷ്ണന്‍  മാതാപിതാക്കളുടേയും മററുള്ളവരുടേയും  ഹൃദയത്തില്‍ ഒരു ശിശുവായിരുന്നു എന്നുള്ള സത്യം മാതൃകാപരമായി വര്‍ണ്ണിച്ചിരിക്കുന്നു കവി. അങ്ങനെ കൃഷണഗാഥ സാധാരണക്കാര്‍ക്ക് വായിച്ചറിയുവാന്‍  പറ്റുന്ന കൃതിയായി  കാണാം .   കൃഷ്ണഗാഥ ചിങ്ങം കഴിയുംബോഴേക്കും വായിച്ചു തീര്‍ക്കാന്‍ ശ്രമിക്കുക*

* ഹരേ കൃഷ്ണ *
C&P

No comments: