Saturday, August 10, 2019

അഹങ്കാരം
                                  
ഞാൻ, എന്റെ,  എന്റേത്, എനിക്ക് ഇങ്ങനെയുളള ചിന്തകൾ അല്പമൊന്ന് ഒതുങ്ങി ഒടുങ്ങണം. എല്ലാം തട്ടിത്തകരാൻ നിമിഷങ്ങൾ മതി

കുരുക്ഷേത്രയുദ്ധം നടക്കുമെന്ന് തന്നെ ഏതാണ്ട് ഉറപ്പായി. അനുരഞ്ജന ശ്രമങ്ങൾ ഓരോന്നും പരാജയപ്പെടുകയാണ്.  പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് യുദ്ധം ഒഴിവാക്കാൻ ശ്രീകൃഷ്ണൻ പരമാവധി ശ്രമിച്ചു പക്ഷെ, യാതൊന്നും ഫലം കണ്ടില്ല. എന്നിട്ടും,  ഒരിക്കൽ കൂടി പരിശ്രമിക്കാമെന്ന് കരുതി ശ്രീകൃഷ്ണൻ ഹസ്തിനപുരിയിലേക്ക് പുറപ്പെട്ടു. 

ദുര്യോധനനെ ഒന്നുകൂടി കണ്ട് ഒരവസാന ശ്രമമെന്ന നിലയിൽ സംസാരിക്കുകമാത്രമായിരുന്നു ശ്രീകൃഷ്ണന്റെ യാത്രയുടെ ഉദ്ദേശം

തലസ്ഥാന നഗരിയായ ഹസ്തിനപുരിയിൽ, വഴി നീളെ കൊട്ടാരങ്ങളാണ്‌. 
വീരശൂരപരാക്രമികളുടെ കൊട്ടാരങ്ങൾ കടന്നു വേണം രാജധാനിയിൽ ദുര്യോധന സവിധത്തിൽ എത്താൻ.

ശ്രീകൃഷ്ണന്റെ തേരൊച്ച കേട്ട് എല്ലാവരും ആകാംക്ഷയോടെ പടിപ്പുര വാതിൽക്കൽ  ശ്രീകൃഷ്ണനെ എതിരേൽക്കാൻ കാത്തു നിൽക്കുകയാണ്. 

ഇതെല്ലാം കണ്ട് ശ്രീകൃഷ്ണന്റെ തേര് വളരെ മന്ദഗതിയിലായി. 
ഓരോരുത്തരുടെ അടുത്തും തേര് നിൽക്കുന്നു, അഭിവാദ്യം സ്വീകരിക്കുന്നു.
എല്ലാവർക്കും ഒരേ ഒരാവശ്യം തങ്ങളുടെ കൊട്ടാരത്തിൽ ശ്രീകൃഷ്ണൻ ഒന്ന് കയറിയിട്ടു പോകണം. ആതിഥ്യം സ്വീകരിക്കണം എന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. ഓരോരുത്തരുടെയും വാക്കുകൾ ശ്രീകൃഷ്ണൻ സശ്രദ്ധം സന്തോഷ ത്തോടെ കേട്ടു.

*ഭീഷ്മപിതാമഹൻ* പറഞ്ഞു. 
_എന്റെ വീട്ടിൽ ഒന്നു കയറിയിട്ടു പോകൂ, കൃഷ്ണാ_.  

*ദ്രോണർ* പറഞ്ഞു 
 _എന്റെ വീടാണിത്, കൃഷ്ണാ ഒന്ന് കേറിയിരിക്കൂ_.

*അശ്വത്ഥാമാവ്‌* പറഞ്ഞു,
_ഇതാണ് എന്റെ വീട്, കൃഷ്ണാ അങ്ങ് ഇത് കണ്ടിട്ടില്ലല്ലോ, വരൂ ഒന്ന് കണ്ടിട്ടു പോകൂ_.

ശ്രീകൃഷ്ണൻ എല്ലാവരുടെയും വാക്കുകൾ ക്ഷമയോടെ കേട്ടു. ചിരിച്ചു കൊണ്ട് സന്തോഷത്തോടെ തന്നെ എല്ലാവരെയും ആശിർവദിച്ചു 
എന്നാൽ എവിടെയും കയറിയതുമില്ല.

ദുര്യോധനന്റെ കൊട്ടാരത്തിലേക്ക് തന്നെ തേര് ചലിച്ചു.

അപ്പോഴതാ പടിപ്പുരയിൽ നിന്നിറങ്ങി വന്ന് രാജവീഥിമധ്യത്തിൽ കൈകൾ കൂപ്പി എളിമയോടെ ഒരാൾ നിൽക്കുന്നു. *വിദുരർ* ആയിരുന്നു രാജവീഥിയിൽ തൊഴുകൈയ്യോടെ നിന്നത്. 
തേര് നിന്നു 

*വിദുരർ* പറഞ്ഞു :

_കണ്ണാ ഇതാണ് ശരിക്കും നിന്റെ വീട്, ഒന്ന് കയറി ഇരിക്കില്ലേ_. 

ശ്രീകൃഷ്ണന് തേരിൽ നിന്നിറങ്ങാതിരിക്കാനായില്ല. വിദുരരുടെ വാക്കുകളും ഭാവവും അത്തരത്തിലായിരുന്നു.

ശ്രീ കൃഷ്ണൻ വിദുരരുടെ ക്ഷണം സ്വീകരിച്ചു വീട്ടിൽ കയറി കുശലാന്വേഷണം നടത്തി സൽക്കാരം സ്വീകരിച്ചു. സ്നേഹത്തോടെ നൽകിയ പാലും പഴവും ഭക്ഷിച്ച ശേഷം ദുര്യോധനന്റെ കൊട്ടാരത്തിലേക്ക് പോയി

വിദുരരുടെ ഒഴിച്ച് മറ്റുള്ളവരുടെ ആരുടെയും ക്ഷണം ശ്രീകൃഷ്ണൻ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു?

അതിന് ഒരു കാരണം തീർച്ചയായും ഉണ്ടാകുമല്ലോ?

എന്തായിരുന്നു അത്? 

വിദുരർ ഒഴിച്ച് എല്ലാവർക്കും *അഹം* എന്നൊരു ഭാവം ഉപചാര വാക്കുകളിൽ പോലും ഉണ്ടായിരുന്നു.

*എന്റെ വീട് ഞാൻ, താൻ* എന്നെല്ലാമുള്ള അഹംഭാവത്തിൽ ശ്രീ കൃഷ്ണനെ ക്ഷണിച്ചപ്പോൾ,  ഭക്തശിരോമണിയായ വിദുരർ മാത്രം 
*കണ്ണാ ഇതാണ് നിന്റെ വീട്* "എന്നാണ് ഓർമ്മ പ്പെടുത്തിയത്. 
വിദുരരിലുള്ള ആ അഹംഭാവമില്ലാത്ത നിഷ്ക്കളങ്ക ഭാവമാണ് ശ്രീകൃഷ്ണനെ വിദുരരുടെ ആതിഥ്യം സ്വീകരിക്കാൻ നിർബ്ബന്ധിതനാക്കിയത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഭക്തി പുറമെ പ്രകടിപ്പിക്കാനുള്ള വെറും പ്രദർശനമാക്കരുത് അത് അകം നിറയുന്ന നിഷ്ക്കളങ്ക ഭാവമായിത്തീരണം.
മനുഷ്യർ പലവിധ ആരാധനക്ക് അലഞ്ഞ് നടക്കുന്നു,

മറ്റൊരു ആശ്രയത്തെ ആരാധിച്ചാൽ, ഭഗവാൻ വിട്ടു നിലക്കും.

സത്യം  ഒന്നു മാത്രം,
പണ്ഡിതന്മാർ പലതായിട്ട് പറഞ്ഞിരിക്കുന്നു എന്നു മാത്രം.

*ഏകം സത് വിപ്രാ ബഹുധാ വദന്തി*
*_സത്യത്തെ മാത്രം, മാത്രം ആശ്രയിക്കണം_*
*സത്യം  പരം ധീമഹി*.

No comments: