Wednesday, August 14, 2019

ശ്രീമഹാഭാഗവതകഥകൾ: ഇന്ന് ॥ ബകവധം ॥ ത്തെപ്പറ്റി പറയാം.
************************************************
    " എൻറെ സഹോദരി പൂതനയെക്കൊന്ന ആ കള്ളക്കൃഷ്ണനെയും അവൻറെ ജ്യേഷ്ഠനേയും സഖികളേയും  പശുക്കളെയും കൊന്നുതിന്നാതെ  , എൻറെ വൈരാഗ്യം തീരുകയില്ല " എന്നുളള പ്രതികാരചിന്തയോടെ ബകാസുരൻ ഭീമാകാരനായ ഒരു മലംപുള്ളിൻറെ രൂപത്തിൽ അതിരൂക്ഷങ്ങളായ കൊക്കുകളുംനീട്ടി വൃന്ദാവനത്തിൽ ഗോപന്മാർ പശുക്കളെ മേയ്ക്കുന്ന സ്ഥലത്തിനടുത്ത് കാളിന്ദിയുടെ തീരത്ത്-- ഒരു വഴിച്ചാലിൽ വന്ന് സ്ഥാനമുറപ്പിച്ചു. പശുക്കളെയുംകൊണ്ട് വെള്ളംകുടിപ്പിക്കാൻ നദിയിലേയ്ക്കു വരുമ്പോൾ എല്ലാവരേയും കൊത്തിവിഴുങ്ങണമെന്നായിരുന്നു ആ ദുഷ്ടാസുരൻറെ ഉദ്ദേശം.

        ഗ്രീഷ്മകാലത്തിലെ ഒരു മദ്ധ്യാഹ്നസമയം! മരക്കൊമ്പുകളിൽ ഉറികെട്ടിത്തൂക്കിയിട്ടിരുന്ന ചോറും കറികളുമെടുത്ത് ഭക്ഷിച്ചതിനുശേഷം കൃഷ്ണനും കൂട്ടുകാരുംകൂടി കൈകാലുകൾ കഴുകുവാനും വെള്ളം കുടിക്കുവാനും വേണ്ടി കാളിന്ദീമന്ദാകിനിയിലേയ്ക്ക് മന്ദംമന്ദം വന്നു. ഭീകരാകൃതിയിലുള്ള ഒരു ജന്തു വഴിമുട്ടിക്കിടക്കുന്നതു കണ്ടു ഭയാക്രാന്തരായി ഗോപാലബാലന്മാർ കൃഷ്ണനെ നോക്കിപ്പറഞ്ഞു:--

       ' കൃഷ്ണാ, അങ്ങോട്ടു നോക്ക്.  ഒരു ജന്തു അവിടെ വഴിതടുത്തു കിടക്കുന്നതുകണ്ടോ? എത്ര ഭയങ്കരം! ഒരു വെളുത്ത പർവ്വതമാണത്. അല്ലാ! അതിനു വലിയ രണ്ടു ചിറകുകൾ കാഢുന്നുണ്ടല്ലോ.  പർവ്വതങ്ങളുടെ ചിറകുകൾ പണ്ട് ഇന്ദ്രൻ മുറിച്ചു കളഞ്ഞസ്ഥിതിക്ക് അതു പർവ്വതമല്ല, തീർച്ച.  നമ്മെ എല്ലാവരേയും കൊത്തിവിഴുങ്ങാൻ വേണ്ടി കിടക്കുന്ന ഒരു അസുരപ്പക്ഷിയാണത്. അതാ  ---- നീണ്ടുകൂർത്ത കൊക്കുകൾ കാണുന്നില്ലേ? ഈ വഴിയെ വന്നത് അബദ്ധമായിപ്പോയി, വെള്ളം കുടിച്ചില്ലെങ്കിലും വേണ്ടില്ല. നമുക്ക് തിരിച്ചുപോകാം. വരൂ കൃഷ്ണാ! രാമാ വരൂ. അയ്യോ! അതാ അവൻ ഇളകുന്നതു കണ്ടോ, എന്തൊരു സത്വം '.

     ഈവിധം ഗോപകുമാരന്മാർ ഭയസംഭ്രമത്തോടെ ആവലാതിപ്പെടുന്നതുകേട്ട്, ഒരു തൂമന്ദഹാസത്തോടെ നന്ദാത്മജൻ അവരെ സമാധാനപ്പെടുത്തി.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ്
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
       ' നിങ്ങൾ പേടിക്കേണ്ട. ജ്യേഷ്ഠൻറെ കൂടെ ഇവിടെ നിൽക്ക്.  ഞാനൊന്ന് അവൻറെ അടുക്കലേയ്ക്കു ചെല്ലട്ടെ. എന്താ മട്ടെന്നറിയാമല്ലോ. '

       അരവിന്ദലോചനൻ നേരെ അസുരാധമൻറെ അന്തികത്തിലേയ്ക്ക് സാവധാനം ചെന്നു. കൃഷ്ണനെ ഒറ്റയ്ക്ക് കണ്ടതോടുകൂടി തൻറെ ഇംഗിതം സാധിച്ചു എന്നുളള സന്തോഷത്തോടെ, ആ അസുരൻ തൻറെ പർവ്വതശരീരം ആകെ ഒന്നു കുടഞ്ഞ് എഴുന്നേറ്റ്, ചിറകുകൾ അടിച്ച് കൊടുംങ്കാറ്റുണ്ടാക്കിക്കൊണ്ട് നീണ്ടുവളഞ്ഞ കൊക്കുകളും വിസ്താരമാക്കി വിടർത്തി മുമ്പോട്ട് ഉഗ്രഭാവത്തിൽ ചാടിയടുത്ത് മുരളീധരനെ കൊത്തിവിഴുങ്ങി.  അവൻ കൊത്തിവിഴുങ്ങുകയല്ല ചെയ്തത്  --- കൃഷ്ണൻ അവൻറെ വായിലേക്ക് ചാടിക്കയറുകയാണ് ചെയ്തത്. തൻറെ ഇര വായിൽ കിട്ടിയതോടുകൂടി ബകൻ വക്രതുണ്ഡങ്ങൾ ബലമായി കൂട്ടിയടച്ചു.

      തങ്ങളുടെ ജീവൻറെ ജീവനായ കണ്ണനെ  --- ആത്മാവായ കണ്ണനെ  --  പക്ഷി വിഴുങ്ങിയതുകണ്ട് സഹിക്കവയ്യാത്ത സങ്കടത്തോടെ ഗോപബാലന്മാർ ഉച്ചത്തിൽ നിലവിളിച്ചു. പശുക്കിടാങ്ങളും പുല്ലുതിന്നാതെ അന്തിച്ചു നോക്കിനിന്നു.

     ' നിങ്ങൾ കരയാതെ നിൽക്ക്, കൃഷ്ണന് ആപത്തൊന്നും വരികയില്ല' എന്ന് രാമൻ കൂട്ടുകാരെ സമാധാനിപ്പിച്ചിട്ടും അവരുടെ രോദനം അവസാനിച്ചില്ല. കണ്ണുനീരിൽ മുഴുകിയ മരപ്പാവകൾപോലെ അവർ വിഷണ്ണരായി സ്തംഭിച്ചു നിന്നു.                      (തുടരും)
************************************************
ചോദ്യം: -
     നിങ്ങളുടെ മനോമുകുരത്തിൽ കൃഷ്ണൻ ഇപ്പോൾ എവിടെ നിൽക്കുന്നതായാണ്
കാണുന്നത്?
************************************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം
************************************************
Attachments area

No comments: