Tuesday, August 06, 2019

മറ്റുള്ളവർക്കുണ്ടാകുന്ന ദുരിതങ്ങൾ ഒഴിവാക്കിക്കൊണ്ട് ജീവിക്കുവാൻ തുടങ്ങുമ്പോഴാണ് ഒരാൾ വിദ്യനേടിയെന്നുവരുന്നത്. ഗുരുക്കന്മാർ ഒരു കഥ പറയാറുണ്ട്. ഗുരുകുലത്തിൽ നിന്നും വിദ്യയഭ്യസിച്ച് മടങ്ങുന്ന ശിഷ്യരോട് ഗുരു പറയും- "ഇനി അവസാനത്തെ ഒരു വിദ്യകൂടി പഠിപ്പിക്കാനുണ്ട്, എന്നാലതിന് സമയമായില്ല, പോയിട്ടുവരൂ." അവർ പോകുന്ന വഴിയിൽ സന്ധ്യാനേരത്ത് ഒരു തടസ്സം നേരിട്ടു. വഴിയരുകിൽ നിറയെ ആരോ മുള്ള് വിതറിയിരിക്കുന്നു. സന്ധ്യയായതിനാൽ അവർക്ക് എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി. എന്നാൽ ഒരു കുട്ടി പറയും-"അത് പറ്റില്ല, ഇപ്പോഴാണെങ്കിൽ ചെറിയൊരു പ്രകാശമെങ്കിലുമുണ്ട്. ഇനി പുറകേ വരുന്നവർക്ക് രാത്രിയിൽ ഈ മുള്ളുകൾ കാണാൻ കഴിയില്ലല്ലോ! അതിനാൽ നമുക്ക് എല്ലാവർക്കുംകൂടി ഇതെടുത്ത് കളഞ്ഞിട്ടു പോകാം."  ഇതുകേട്ടിട്ടും മറ്റു കുട്ടികളെല്ലാം പോകാൻ തുനിയുമ്പോൾ അവരെ പിന്തുടർന്നു വരുകയായിരുന്ന ഗുരുനാഥൻ പറയും- "കണ്ടോ ഇവനാണ് പഠിച്ച കുട്ടി. അവസാനത്തെ വിദ്യ അഭ്യസിക്കാനുള്ള മനഃശുദ്ധി ഇവനുണ്ട്. അതിനാൽ മറ്റുള്ളവർക്കെല്ലാം പോകാം."

നമ്മളെല്ലാം വിദ്യാസമ്പന്നരാണ്. എന്നാൽ മദ്യവും സിഗരറ്റും ഉപയോഗിച്ച് നാം നമ്മെ മാത്രമല്ല ചുറ്റുമുള്ള സമൂഹത്തെയും ദ്രോഹിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ നാം നേടിയ വിദ്യ ആർക്കാണ് ഉപയോഗപ്പെടുന്നത്? അവനവനുമില്ല സമൂഹത്തിനുമില്ല ഉപയോഗം എന്ന സ്ഥിതിയാകില്ലേ!!! സ്വന്തക്കാർ ചെയ്യുന്ന അഴിമതിയും അക്രമവും അറിഞ്ഞിട്ടും അവയെ ന്യായീകരിക്കുന്ന കൂട്ടുപ്രതികളായിത്തീരുകയാണ് നാം എങ്കിൽ നാം പഠിച്ചവിദ്യയെന്താണ്? നാം അടുത്ത തലമുറയ്ക്ക് പഠിപ്പിക്കുന്ന വിദ്യയെന്താണ്! നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും ഏതെങ്കിലും മതത്തിൻറെയോ ഏതെങ്കിലും പാർട്ടിയുടെയോ അടിമകളെ സൃഷ്ടിക്കുവാനാണെങ്കിൽ അവിടെ അവസാനിച്ചു നമ്മുടെ വളർച്ച! ഒരാളുടെ വികാസം അയാളുടെ ശരീരത്തിലല്ല, ആന്തരിക ഗുണങ്ങളിലാണ്, അത് പരിശുദ്ധിയിലേയ്ക്കാണ് വളരേണ്ടത്. കാപട്യത്തിലേയ്ക്കും അക്രമത്തിലേയ്ക്കുമല്ല! 

നമ്മുടെ ഉള്ളിൽ സത്യം ഉണ്ടെങ്കിലേ സത്യത്തെ പുറത്ത് സ്ഥാപിക്കാനൊക്കുകയുള്ളൂ. കാപട്യത്തിനും അക്രമത്തിനും അഴിമതിക്കും കൂട്ടുനിൽക്കുകയാണെങ്കിൽ നാം കൂട്ടുപ്രതികളായിത്തീരുകയാണ്.  മുന്നിൽ അനീതിയെന്നു ബോദ്ധ്യപ്പെടുന്ന കാര്യങ്ങൾക്കെതിരെ ഒന്നു ശബ്ദിക്കാൻ പോലും കൂട്ടുപ്രതികളുടെ നാവുയരില്ല, പിന്നെയല്ലേ അതിനെതിരെ കരമുയർത്തി എന്തെങ്കിലും ചെയ്യുക എന്നത്! പലപ്പോഴും നിയമവും അധികാരവും മിണ്ടാതെ കൈകെട്ടിനിന്നുപോകുന്നത് അവ കൂട്ടുപ്രതികളുടെ അധികാരപരിധിയിൽപ്പെട്ടുപോകുമ്പോഴായിരിക്കാം! സ്വയം ഉപദ്രവമാകാതെയും മറ്റുള്ളവർക്ക് ഉപദ്രവമാകാതെയും ജീവിക്കുവാൻ ആകുമ്പോഴാണ് ഒരാൾ സംസ്ക്കാരസമ്പന്നനും വിദ്യാസമ്പന്നനും ആകുന്നത് എന്നാണ് ലോകചിന്തകന്മാരെല്ലാം പറയുന്നത്. ആവിഷ്ക്കാരസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവുമെല്ലാം സമൂഹത്തിന് ഉപദ്രവകരമാകാത്തിടത്തോളം മാത്രമേ ഭരണഘടനയും അനുവദിക്കുന്നൂള്ളൂ. പരിപാലിക്കേണ്ട് അവനവനിലെ സത്യത്തെയാണ്, സമൂഹത്തിന് അതിൻറെ ഗുണഫലം ലഭിക്കുന്നു. ആ കഥയിൽ കാണുന്ന പഠിച്ച കുട്ടിയെ പോലെ.  
ഓം
Krishnakumar 

No comments: