Thursday, August 15, 2019

സ്വധര്‍മരക്ഷയുടെ രാഖീബന്ധനം

Thursday 15 August 2019 5:00 am IST
ഇന്ന് രക്ഷാബന്ധന്‍
പൗരാണികതയില്‍ തുടങ്ങി, ചരിത്രവഴികളിലൂടെ കടന്ന്, വര്‍ത്തമാനത്തിലെത്തി നില്‍ക്കുന്നു രക്ഷാബന്ധന്‍ എന്ന മഹത്തായ ആശയത്തിന്റെ പ്രയോഗം. ഇത്തരം അനേകം ആശയങ്ങളും സങ്കല്പങ്ങളും ആദര്‍ശങ്ങളുമാണ് ചരിത്രത്തിനും ഐതിഹ്യങ്ങള്‍ക്കും കേട്ടുകേള്‍വികള്‍ക്കു പോലും മുന്നേ ആരംഭിച്ച ഭാരതീയ ജീവിതനൗകയെ മുന്നോട്ടു കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ആര്‍ക്കെങ്കിലും ഈ പെട്ടകത്തെ തകര്‍ക്കണമെങ്കില്‍ ഇത്തരം ആശയങ്ങളെയും സങ്കല്പങ്ങളെയും വിലയിടിച്ചു കാണിച്ചാല്‍ മതി. അതിനുള്ള ശ്രമങ്ങള്‍ കുറച്ചു കാലമായി നടന്നു വരുന്നുണ്ട്. കുറച്ചു നാള്‍ മുമ്പ് കേരളത്തിലെ പുരോഗമനക്കാരെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ യുവജന വിഭാഗം കളിയാക്കി, കയ്യില്‍ ചരടു കെട്ടിയാലേ സാഹോദരിയെ തിരിച്ചറിയാന്‍ കഴിയുകയുള്ളോ ? പക്ഷെ ഇത്തരം സങ്കല്പങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഇപ്പോള്‍ കച്ചയഴിച്ച്, അത് കീറിക്കെട്ടി അവരും രക്ഷാബന്ധന്‍ നടത്തിത്തുടങ്ങി. കാരണം ഭാരതത്തില്‍ വിശ്വാസങ്ങള്‍ കഴിഞ്ഞേ രാഷ്ട്രീയവും ജീവിതവും ഉള്ളൂ. 
കര്‍ത്തവ്യബോധത്തില്‍ തുടങ്ങി, സാഹോദര്യത്തിന്റെ പ്രതീകമായി, ദേശീയ ഐക്യത്തിന്റെ മന്ത്രമായി മാറിയ ചരിത്രമാണ് രക്ഷാബന്ധനുള്ളത്. സ്വധര്‍മ്മവും സ്വകര്‍മ്മവും മറന്ന് സ്വാര്‍ത്ഥതയുടെയും അരാജകത്വത്തിന്റെയും സംസ്‌കാര ശൂന്യതയുടെയും പിന്നാലെ പാഞ്ഞ് ജീവിതം അര്‍ത്ഥശൂന്യവും നരകതുല്യവുമാക്കാന്‍ വെമ്പുന്നു ഇന്നത്തെ യുവ തലമുറയിലെ ഒരു പറ്റം യുവാക്കള്‍.
അപൂര്‍വ്വമായി കിട്ടിയ ഈ ജീവിതം അര്‍ത്ഥശൂന്യമാക്കി കളയണോ? എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടാകുന്നുണ്ടോ ? വെറും തെരുവിലലയുന്ന ചാവാലി നായ്ക്കളെപ്പോലെ കുരച്ചും കടിച്ചും പാഴാക്കേണ്ടതോ ജീവിതം? 'മറ്റുള്ളവര്‍ക്കു വേണ്ടി ജീവിച്ചവര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. അല്ലാത്തവരൊക്കെ ജീവിച്ചിരിക്കുകയല്ല മരിച്ചിരിക്കുകയാണ്'. ഈ നരേന്ദ്ര ഗര്‍ജ്ജനം കാതില്‍ മുഴങ്ങുന്നുണ്ടോ? അതോ കാട്ടുനരികളുടെ ഓരിയിടലും ആസുരികതയുടെ അട്ടഹാസവുമാണോ കാതുകളില്‍ പ്രതിധ്വനിക്കുന്നത്?
ജീവിതത്തെ ഭൂമിക്കു ലംബമായി നിര്‍ത്തി, ഓരോ നാളും അല്പാല്പമായി ഉയര്‍ത്തി, തന്റെ പാര്‍ശ്വങ്ങളിലുള്ള ജനതാ ജീവിതത്തെ കണ്ട്, അവര്‍ക്കു വേണ്ടി അല്പ മാത്രമെങ്കിലും പ്രവര്‍ത്തിച്ച്, മറ്റുള്ളവരുടെ ഹൃദയത്തില്‍ ജീവിക്കുക. രക്ഷാബന്ധന്റെ പുരാണ പ്രസിദ്ധമായ ദേവേന്ദ്രന്റെയും ശചീദേവിയുടെയും കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് അതാണ്. സ്വധര്‍മ്മം മറന്നു പോകാതിരിക്കാനുള്ള മന്ത്രച്ചരട്, അതാണ് രാഖീ ബന്ധനം.
കാലം പോകെ, കടമ ചടങ്ങായി ലോപിച്ചു. അപ്പോള്‍ ചരിത്രം തന്നെ നമ്മെ പ്രത്യേക സന്ധിയില്‍ നിര്‍ത്തി. മാനമായി ജീവിക്കണോ അപമാനിതനായി പലായനം ചെയ്യണോ ? വിദേശ മുസ്ലീം ആക്രമണങ്ങള്‍ വെറും യുദ്ധവും പിടിച്ചടക്കലും മാത്രമല്ലാതായി മാറി. കൊള്ളയും കൂട്ടക്കൊലയും എല്ലാ യുദ്ധത്തിലും ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ആക്രമണത്തിന്റെ പിന്നില്‍ ആയുധവും മതവും ഉണ്ടായി. കീഴടക്കപ്പെട്ടവന്‍ വിജയിച്ചവന്റെ മതം സ്വീകരിക്കേണ്ടി വന്നു. അല്ലാത്തവര്‍ അതിനീചമായി മരണത്തെ പുല്‍കണം. 
അമ്മമാരും സഹോദരിമാരും വേട്ടയാടപ്പെട്ടു; ബലാല്‍സംഗം ചെയ്യപ്പെട്ടു; വെപ്പാട്ടികളാക്കപ്പെട്ടു. അതിന് വിധേയരാകാതെ രക്ഷപെട്ടവര്‍ മാനം കാക്കാന്‍ ജൗഹര്‍ (സതി) അനുഷ്ഠിക്കുകയും ആഴി കൂട്ടി ആത്മാഹുതി നടത്തുകയും ചെയ്തു. അക്കാലം നിരന്തര യുദ്ധത്തിന്റേതായിരുന്നു. രജപുത്ര വീരന്മാര്‍ അത്യുജ്ജ്വല പോരാട്ടം കാഴ്ചവെച്ച കാലം. മഹാറാണമാര്‍ രാജ്യരക്ഷക്കും മാനരക്ഷക്കും ഏറ്റുമുട്ടുകയും മരണംവരെ കര്‍ത്തവ്യനിരതരാവുകയും ചെയ്തു. അതില്‍ ഏറ്റവും രൂക്ഷകാലം മുഗളന്മാരുടെതായിരുന്നു. അക്കാലത്ത് നേര്‍ക്കു നേരെയുള്ള യുദ്ധം മുഖ്യം. പടയില്‍ നിന്നു പിന്തിരിയാതെ, വേണ്ടിവന്നാല്‍ ആത്മാഹുതി ചെയ്തും സഹോദരങ്ങളെ രക്ഷിക്കാന്‍ രാഖീ ബന്ധനം പ്രേരണ നല്‍കി. ചരിത്രകാലത്ത് രക്ഷാബന്ധന്‍ സാഹോദര്യത്തിന്റെ അടയാളമായി പരിഷ്‌കരിക്കപ്പെട്ടു.
കാലം മുന്നേറവെ വിദേശ ആക്രമണത്തിന്റെ മുന വര്‍ദ്ധിച്ചു. ആയുധവും മതവും സംസ്‌കാരവും ലക്ഷ്യങ്ങളായി. യൂറോപ്യന്റെ അസഹിഷ്ണുതയും ആര്‍ത്തിയും പുതിയ യുദ്ധമുഖങ്ങള്‍ തുറന്നു. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍, കുത്തിക്കവരാന്‍, ശേഷം നശിപ്പിക്കാന്‍ കുടില ബുദ്ധികള്‍ പണിയെടുത്തു. ഒന്നായിരുന്നതിനെ പലതാക്കുക. നല്ലതായതിനെ നികൃഷ്ടം എന്നു പഠിപ്പിക്കുക. ശരിയായതിനെ വികലമാക്കുക. ആത്യന്തികമായി സത്യത്തെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുക. ഈ വിഷവിത്തുകളെല്ലാം പാകമായി വളരാന്‍ വിതച്ചത് പക്ഷെ പുറത്തല്ല, മനുഷ്യമനസ്സിലായിരുന്നു. അത് കുറെപ്പേരില്‍ വളര്‍ന്നു. വികലത വിഭജനമായി പരിണമിച്ചു. വിഷം വിളഞ്ഞോ എന്നറിയാന്‍ 1905 ല്‍ ബംഗാള്‍ വിഭജിച്ചു.

No comments: