Thursday, August 15, 2019

പുതുചേതന പകര്‍ന്ന് ആവണി അവിട്ടം

Wednesday 14 August 2019 9:20 pm IST
നാതനധര്‍മത്തിന്റെ അടിസ്ഥാനം വേദമാണ്. ഋഷിപ്രോക്തമായ വേദം -അറിവ് - ഗുരുശിഷ്യ പരമ്പരകളിലൂടെയാണ് പ്രചരിക്കുന്നതും പ്രചലിക്കുന്നതും.    
ധര്‍മ്മം നിലനിന്നതും പ്രചരിച്ചതും ആചരണങ്ങളിലൂടെയാണ് - ആചാരപ്രഭവോ ധര്‍മ്മഃ. ഓരോ വ്യക്തിക്കും സമൂഹത്തിനും പ്രദേശത്തിനും അനുയോജ്യമായ ബഹുവിധ ആചരണങ്ങള്‍ ഇവിടെ നിലനിന്നിട്ടുണ്ട്. കാലദേശാദി ഭേദങ്ങള്‍ക്കനുസരിച്ച് ആചരണങ്ങള്‍ പലതാണ്. അത്തരമൊരാചരണമാണ് ആവണി അവിട്ടം. ശ്രാവണ മാസത്തിലെ പൗര്‍ണമിക്കാണ് ഇത് ആചരിക്കാറുള്ളത്. തമിഴ്‌നാട്ടിലെ ബ്രാഹ്മണരുടെ ഇടയില്‍ ആരംഭിച്ച ഈ ആചരണം കേരളത്തിലും ആചരിക്കപ്പെടുന്നു. ഈ ആചരണത്തിന്റെ ഭാഗമായി വൈദികമായ പല ചടങ്ങുകളും നിലനില്‍ക്കുന്നുണ്ട്. 
ഈ സുദിനത്തിലാണ് ഉപാകര്‍മ്മം (ഉപനയനകര്‍മ്മം) നടക്കുന്നതും പഴകിയ യജ്ഞോപവീതം (പൂണൂല്‍) മാറ്റി പുതിയത് മന്ത്രസഹിതം ധരിക്കുന്നതും. പഴയത് നദിയിലോ കടലിലോ തടാകത്തിലോ കളയുകയാണ് പതിവ്. വേദപഠനാരംഭമായി ഈ സുദിനം കണക്കാക്കുന്നു. ബ്രഹ്മചര്യദീക്ഷിതനായ പുണ്യാത്മാവ് ധര്‍മ്മത്തിന്റെ അടിസ്ഥാനമായ വേദങ്ങള്‍ - വേദമന്ത്രങ്ങള്‍ - പഠിക്കുവാനാരംഭിക്കുന്നു. ഇത് ഒരു പുതുപിറവിയുടെ പ്രതീതിയാണ് - ബ്രഹ്മചര്യത്തിലേക്കുള്ള പ്രവേശികയാണ്. നിഷ്ഠയോടെയുള്ള പുതിയൊരു ജീവിതം കൈവന്ന വ്യക്തി വേദങ്ങളിലൂടെ സഞ്ചരിക്കുന്നു-ബ്രഹ്മചാരിയായി മാറുന്നു. 
ബ്രഹ്മചര്യത്തിലേക്കുള്ള പ്രവേശികയായ ഉപനയനകര്‍മ്മം കഴിഞ്ഞാല്‍ പിറ്റേ ദിവസം ആയിരത്തെട്ടു തവണ ഗായത്രീമന്ത്രം ഉരുവിട്ട് സര്‍വ്വപാപങ്ങളും കഴുകിക്കളയുന്നു. ആ മന്ത്രമുഖരിതമായ ശുദ്ധമായ മനസ്സോടെ വേദപഠനത്തിന് ആരംഭമാകുന്നു. ഇതിലൂടെ പഞ്ചമഹായജ്ഞങ്ങളിലൊന്നായ ബ്രഹ്മയജ്ഞമാണ് നിര്‍വ്വഹിക്കപ്പെടുന്നത്. ഈ പ്രപഞ്ചത്തില്‍ സഹവസിക്കുന്ന ഏതൊരു വ്യക്തിയും പഞ്ചമഹായജ്ഞങ്ങള്‍ ചെയ്ത് ആര്‍ഷപരമ്പരയോടും ദേവതകളോടും മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലങ്ങളോടും കടപ്പെട്ടിരിക്കുന്നു. കടമ നിര്‍വ്വഹിക്കുകയും കടം വീട്ടുകയും ഈ പഞ്ചമഹായജ്ഞങ്ങളിലൂടെ സാദ്ധ്യമാവുന്നു. ഈ പഞ്ചമഹായജ്ഞങ്ങളില്‍ പ്രധാനമായ ബ്രഹ്മയജ്ഞമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. തനിക്ക് സ്വായത്തമായ അറിവ് മറ്റുള്ളവരിലേയ്ക്കു പകരുന്നതിലൂടെ ആര്‍ഷപരമ്പരയോടുള്ള കടവും വീട്ടപ്പെടുന്നു. ഏതൊരാചരണവും അറിഞ്ഞാചരിക്കണം. ഇവിടെ ആചാര്യന്റെ നിര്‍ദ്ദേശമനുസരിച്ച് ശാസ്ത്രീയമായി മന്ത്രസഹിതമാണ് ഈ ആചരണം നടക്കുന്നത്. അതിനാല്‍ ഈ ആചരണം ശാസ്ത്രീയമാണ്. 
ഇത്തരം ആചരണങ്ങളിലൂടെ വേദപ്രചരണാര്‍ത്ഥം വ്യക്തികള്‍ വളര്‍ന്നുവരുന്നു. അവരിലൂടെ ശാസ്ത്രവും ധര്‍മ്മവും നിലനില്‍ക്കുകയും പ്രചരിക്കുകയും ചെയ്യുന്നു. ഇത് അനുസ്യൂതം നടന്നുകൊണ്ടേയിരിക്കുന്നു. ഇത്തരം ആചരണം സമൂഹത്തില്‍ നിലനില്‍ക്കുന്നതോടെ സമൂഹത്തിന് സുസ്ഥിതിയും ശാന്തിയും ഉണ്ടാവുന്നു.

No comments: