Friday, August 02, 2019

രാമായണ കഥാ* 
         *മാധുര്യം* 
*പതിനേഴാം ദിവസം*

        🙏 *ഹരി ശ്രീ ഗണപതയേ നമഃ* 🙏

*നാരായണ നമോ നാരായണ നമോ* 
*നാരായണ നമോ നാരായണ നമഃ*


  *രാമസുഗ്രീവസഖ്യം* 

        അനന്തരം ലക്ഷ്മണനോടു കൂടി സാവധാനത്തിൽ സഞ്ചരിച്ച് പമ്പാസരസ്സിൻറെ തടത്തിലെത്തിയ ശ്രീരാമൻ,  കാൽ യോജന വിസ്തീർണമുള്ളതും, അഗാധവും ശുഭ്രജലപൂർണ്ണമായതും പുഷ്പങ്ങൾ ലതകൾ ഫലങ്ങൾ എന്നിവകൾ നിറഞ്ഞതും സജ്ജനങ്ങളുടെ മനസ്സുപോലെ സ്വച്ഛമായ ജലത്തോടുകൂടിയതുമായ സരോവരം കണ്ടു,  അതിലിറങ്ങി ആമചനം നടത്തി ക്ഷീണം തീർക്കാൻ പറ്റിയ ആ  ജലം സ്വൽപ്പം കുടിച്ച് ലക്ഷ്മണനോട് കൂടി അതിൻറെ തീരത്തുള്ള ശീതളമായ വഴിയിൽ കൂടി യാത്ര തുടർന്നു.  

        ഋഷ്യമൂകപർവ്വതത്തിൻറെ സമീപത്തുത്തു കൂടി യാത്ര ചെയ്യുന്ന ചാപബാണങ്ങൾ ധരിച്ചവരും ജടാവല്ക്കലങ്ങളുളളവരുമായ രാമലക്ഷമണന്മാരെ കണ്ടു സുഗ്രീവൻ ഭയന്ന്  ഗിരിശിഖിരത്തിൽ കയറി ഹനുമാനോട് പറഞ്ഞു.' സഖേ , വീരശ്രഷ്ഠന്മാരായ രണ്ടു പേർ വരുന്നവർ ആരാന്നും അവിടന്ന് ഒരു ബ്രഹ്മചാരിയുടെ രൂപം ധരിച്ച്പോയി സംഭാഷണത്തിലൂടെ അവരുടെ ഇംഗിതമെന്താണെന്നും അറിയുക.  ബാലി എന്നെ
( സുഗ്രീവൻ ) വധിക്കാനയി അയച്ച ശത്രുക്കൾ ആണെങ്കിൽ വിരലുകൊണ്ട് അടയാളം തരിക. അങ്ങനെയാകാട്ടെ എന്നു പറഞ്ഞു ഹനുമാൻ ഒരു വടുവേഷം ധരിച്ച്  ശ്രീരാമ സമീപത്തുചെന്ന് വിനയത്തോടെ അദ്ദേഹത്തെ നമിച്ച ശേഷം ഇങ്ങനെ പറഞ്ഞു. 
     പുരുഷശ്രഷ്ഠന്മാരും യുവാക്കളും വീരന്മാരും, ത്രൈലോക്യകർത്താക്കളാണെന്ന് തോന്നുമാറ് തേജസ്സോടു കൂടിയവരുമായ ഭവാന്മാർ ആരാണ്. ഭൂഭാരഹരണത്തിനും ഭക്തപരിപാലനത്തിനും വേണ്ടി ക്ഷത്രിയന്മാരായി അവതരിച്ച നരനാരായണന്മാരാണോ.
   
       വടുവിൻറെ സംഭാഷണം കേട്ട് ലക്ഷ്മണനോട് രാമൻ ഇപ്രകാരം പറഞ്ഞു.  ഈ വടുവിനെ ശ്രദ്ധിക്കുക.  ഇവൻ വ്യാകരണം പൂർണമായും പഠിച്ചവനാണ്. ഇവൻറെ വാക്കുകളിൽ അപശബ്ദമൊന്നു പോലുമില്ല. 

    ശേഷം രാമൻ, ഹേ,  ദ്വിജോത്തമ! ദാശരഥിയായ രാമനാണ് ഞാൻ. ഇവൻ എൻറെ അനുജനായ ലക്ഷ്മണനും. പിതാവിൻറ വാക്കനുസരിച്ച് ഭാര്യയോടോപ്പം വനവാസത്തിലായിരിക്കേ എൻറെ  ഭാര്യയായ സീതയെ എതോ ഒരു രാക്ഷസൻ അപഹരിച്ചു.  അവളെ അന്വേഷിച്ചുളള യാത്രയിൽ ഇവിടെ എന്തിയതാണ് ഞങ്ങൾ. ഭവാൻ ആരാണെന്ന് പറഞ്ഞാലും എന്ന് ആരാഞ്ഞു. 

      ബാലിയാൽ നിഷ്കാസിതനായ അനുജൻ സുഗ്രീവൻ എന്ന രാജാവ്  നാല് മന്ത്രിമാരുമായി പർവ്വത ശിഖിരത്തിൽ വസിക്കുന്നു . സുഗ്രീവൻറെ മന്ത്രിയും അഞ്ജനയുടെ ഗർഭത്തിൽ പിറന്നവനും വായുപുത്രനുമായ ഹനുമാനാണ് ഞാൻ. സുഗ്രീവനുമായി സംഖ്യം ചെയ്താൽ അങ്ങയുടെ ഭാര്യാപഹാരിയെ വധിക്കാൻ സാഹായിയാകുന്നതാണ്.

    അനന്തരം ഹനുമാൻ സ്വന്തം രൂപം ധരിച്ച് രാമലക്ഷമണന്മാരെ തോളിലേറ്റി പർവ്വതശിഖരത്തിന്മേൽ എത്തിച്ചു. അവിടെ ഒരു വൃക്ഷച്ഛായയിൽ രാമലക്ഷമണന്മാർ നിന്നു. ശേഷം ഹനുമാൻ സുഗ്രീവനരികിൽ ചെന്ന്  കൂപ്പുകൈയ്യോടെ പറഞ്ഞു  ഭയംവെടിയൂ, ദാശരഥിയായ രാമനും ലക്ഷ്മണനുമാണ് വന്നിരിക്കുന്നത്. അങ്ങ് ശ്രീരാമനുമായി , അഗ്നിസാക്ഷിയായി സഖ്യം ചെയ്യുക.  അനന്തരം സുഗ്രീവൻ രാമനടുത്ത് വന്നിരുന്നു. ലക്ഷ്മണൻ ആദ്യം മുതൽ വനവാസഗമനം, സീതാപഹരണം എന്നിങ്ങനെയുളള സർവ്വവൃത്താന്തങ്ങളും വിശദമായി പറഞ്ഞു.  അതു കേട്ട് സുഗ്രീവൻ പറഞ്ഞു.  സീതാന്വേഷണത്തിനും ശത്രുനിഗ്രഹത്തിനും വേണ്ടുന്ന സഹായം ചെയ്യാം. ഒരിക്കൽ പർവ്വതോപരിയിരിക്കുമ്പോൾ ആകാശമാർഗ്ഗത്തിലൂടെ രാമാ രാമാ എന്ന് വിളിച്ചു കരയുന്ന ഒരു സുന്ദരിയായ സ്ത്രീയെ ഒരു രാക്ഷസൻ കൊണ്ടു പോകുന്നതു കണ്ടു. പർവ്വതോപരി ഞങ്ങളെ കണ്ട് ആ സ്ത്രീ തൻറെ ആഭരണങ്ങൾ ഉത്തരീയത്തിൽ കെട്ടി താഴോട്ടു ഇട്ടു.  അതു കാണിച്ചു തരാം.  ഭവാൻ നോക്കിയാലും അത് സീതാദേവിയുടെ ആഭരണങ്ങൾ ആണോ എന്ന്. സുഗ്രീവൻ നല്കിയ ആഭരണങ്ങൾ കണ്ടു രാമാൻ, നിങ്ങളും എന്നെ പോലെ സീതയെ പിരിഞ്ഞുവോ എന്നൊക്കെ പറഞ്ഞു വിലപിച്ചു.  സുഗ്രീവൻറ സഹായത്തോടെ രാവണനിഗ്രഹം നടത്തി സീതയെ വീണ്ടെടുക്കാമെന്ന് പറഞ്ഞു ലക്ഷ്മണൻ രാമനെ സമാധാനിപ്പിച്ചു. അനന്തരം ഹനുമാൻ അഗ്നി ജ്വലിപ്പിച്ചു സുഗ്രീവനും രാമനുമായി സഖ്യം ചെയ്യിച്ചു. രാവണനിഗ്രഹം നടത്തി സീതയെ വീണ്ടെടുക്കാൻ സഹായിക്കാമെന്ന് സുഗ്രീവനും ബാലിയെ വധിച്ചു രാജ്യം വീണ്ടെടുക്കാൻ സഹായിക്കാമെന്ന് രാമനും പരസ്പരം ഹസ്തം പിടിച്ചു വാക്കു നല്കി . പരസ്പരം ആലിംഗനം ചെയ്തു സുഹൃത്തുക്കളായി.

    അനന്തരം സുഗ്രീവൻ തൻറെ കഥ പറഞ്ഞു തുടങ്ങി. ഒരിക്കൽ മയപുത്രനായ മായാവിയെന്ന രാക്ഷസൻ കിഷ്കിന്ധയിൽ വന്ന് ബാലിയെ യുദ്ധത്തിനു വിളിച്ചു.  ക്രോധിതനായ ബാലി പുറത്തു വന്നു രാക്ഷസനെ പ്രഹരിച്ചു.  ഭയപ്പെട്ട് ഓടിയ രാക്ഷസൻ ഒരു ഗുഹയിൽ കയറി ഒളിച്ചു.  ബാലി ഗുഹയിലേക്ക് കയറാൻ നേരം ഇപ്രകാരം പറഞ്ഞു.  ഗുഹാമുഖത്ത് കാവൽ നില്ക്കുക.  ഗുഹയ്ക്ക് പുറത്തേക്ക്  ക്ഷീരം ഒഴുകി വന്നാൽ  രാക്ഷസൻ മരിച്ചെന്നും രക്തം വന്നാൽ ഗുഹാമുഖം അടച്ചു പോയി രാജ്യം ഭരിക്കണമെന്നും പറഞ്ഞു.  ഗുഹാമുഖത്ത് കാവൽ നിന്ന ഞാൻ  ( സുഗ്രീവൻ ) രക്തം വരുന്നതു കണ്ടു വലിയ പാറയാലെ ഗുഖാമുഖമടച്ച് വ്യസനത്തോടെ കിഷ്കിന്ധയിൽ വന്നു. മന്ത്രി മുഖ്യർ തൻറെ രാജ്യാഭിഷേകവും നടത്തി. അപ്പോൾ തിരിച്ചു വന്ന ബാലി അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു രാജ്യം തട്ടിയെടുത്തു എന്ന് പറഞ്ഞു താണ്ഡിച്ചു. നഗരത്തിൽ നിന്നും പുറത്തു വന്നു ഈ 
ഋഷ്യമൂകത്തിൽ വസിക്കുന്നു.  ദുഷ്ടനായ ബാലി എൻറെ  
( സുഗ്രീവൻ ) ഭാര്യയെ കൂടി സ്വന്തമാക്കി. രാജ്യവും പത്നിയും നഷ്ടപ്പെട്ട് ദുഃഖിതനായി ഇവിടെ കഴിയുന്നു. ഇതു കേട്ട് രാമൻ പ്രതിജ്ഞ ചെയ്തു ദുഷ്ടനായ ബാലിയെ വധിച്ചു രാജ്യവും പത്നിയെയും നിനക്ക് വീണ്ടെടുത്ത് തരുന്നതാണ് എന്ന്. 

   അനന്തരം സുഗ്രീവൻ ഇപ്രകാരം പറഞ്ഞു. പ്രഭോ,  ബാലി അതീവ ബലവാനാണ്. ഒരിക്കൽ ദുന്ദുഭി എന്ന രാക്ഷസൻ ഒരു പോത്തിൻറെ രൂപത്തിൽ വന്നു ബാലിയെ യുദ്ധത്തിന് ക്ഷണിച്ചു.  ക്രോധിതനായ ബാലി അവനെ ഒരു കാലുകൾ കൊണ്ട് ചവിട്ടി പിടിച്ച്  തല  പിരിച്ചു മുറിച്ചെടുത്ത് എറിഞ്ഞു.  അത് വന്നു വീഴ്ന്നു, രക്തപങ്കിലമായി മാതംഗാശ്രമം അശുദ്ധമായതിനാൽ മഹർഷി ബാലിയെ ശപിച്ചു.  ആശ്രമമിരിക്കുന്നിടേത്തേയ്ക്ക് വന്നാൽ തല പൊട്ടി മരിക്കുമെന്ന മഹർഷി ശാപത്താൽ ബാലി ഋഷ്യമൂകാചലത്തിൽ വരില്ല. ഈ പർവ്വത തുല്യമായ ദുന്ദുഭിയുടെ ശിരസ്സ് എടുത്തെറിയാൻ ശക്തിയുളളവർക്കേ ബാലിയെ വധിക്കാൻ കഴിയൂ. ഇത് കേട്ട് രാമൻ തൻറെ കാലിലെ പെരുവിരൽ കൊണ്ട് ദുന്ദുഭിയുടെ ശിരസ്സ് പത്ത് യോജന അകലേയ്ക്ക്  എടുത്തെറിഞ്ഞു. സന്തോഷത്തോടെ സുഗ്രീവൻ പറഞ്ഞു.  പ്രഭോ അങ്ങ് ഈ ദൃഢമായ  താലവൃഷങ്ങൾ കാണുന്നില്ലേ.ഇവ ഏഴും ബാലി പിടിച്ച് കുലുക്കുമ്പോൾ ഇലകളെല്ലാം പൊഴിയുന്നു. ഇവയെ മുറിക്കാൻ കഴിയുന്നവർക്ക് ബാലിയെ വധിക്കാൻ കഴിയും.  ശ്രീരാമൻ വില്ലെടുത്ത് ഒരു അമ്പ് എയ്തു.  അത് താലവൃഷങ്ങൾ ഏഴും ഖണ്ഡിച്ച് തിരിച്ചു ആവനാഴിയിൽ വന്നു പതിച്ചു.

   ഇതു കണ്ടു സന്തോഷവാനായ സുഗ്രീവൻ ഇപ്രകാരം പറഞ്ഞു. 
" ഹേ,ദേവാ അവിടുന്ന്  ജഗത്തുക്കളുടെയെല്ലാം ഈശ്വരനായ പരമാത്മാവാണ്.എൻറെ പൂർവ്വജന്മപുണ്യത്താൽ അങ്ങയെ കാണായിവന്നു. സംസാരദുഃഖത്തിൽ നിന്നും മോചനം കിട്ടാൻ മഹാത്മാക്കൾ അങ്ങയെ ഭജിക്കുന്നു. കാമിതമോഹങ്ങൾ വെടിഞ്ഞ് മോഷദായകനായ അങ്ങയെ പ്രാപിക്കുകയാണ്  വേണ്ടത്. മണ്ണിന് വേണ്ടി ഭൂമി കുഴിച്ചപ്പോൾ നിധി കിട്ടിയ ആനന്ദാനുഭൂതിയാണ് ഇന്ന്. യാതൊരുവൻറെ മനസ്സ് അങ്ങയിൽ ഒരു ക്ഷണാർദ്ധനേരമെങ്കിലും  അചഞ്ചലമായി സ്ഥിതിചെയ്യുന്നുവോ , അവൻറെ അനർത്ഥമൂലമായ അജ്ഞാനം തൽക്ഷണം നശിക്കുന്നു.  അതിനാൽ എൻറെ മനസ്സ് സദാ അങ്ങയിൽ ലയിച്ചു നില്ക്കട്ടെ..യാതൊരുവൻ രാമ രാമ എന്നു ഗാനം ചെയ്യുന്നവർക്ക് സർവ്വപാപങ്ങളും അകലും   ഈ സംസാരം അവിടുത്തെ മായയാണ്. അവിടത്തെ അംശമായ എന്നെ ഭവൽപാദഭക്തിയരുളി സംസാരദുഃഖത്തിൽ നിന്നും രക്ഷിക്കണേ..ഏതു വരെ
അജ്ഞാനഭൂതമായ ഈ നാനാത്വഭാവം സ്ഥിതി ചെയ്യുന്നുവോ,അതുവരെ ദ്വന്ദ്വഭാവം ഉണ്ടാക്കുന്നു. അവിദ്യയെ യാതൊരുവൻ ഉപാസിക്കുന്നുവോ , അവൻ കൂരിരുട്ടിൽ മുഴുകുന്നു. എൻറെ ചിത്തപ്രവൃത്തി അങ്ങയുടെ പാദപത്മങ്ങളിലും എൻറെ വാക്കുകൾ അങ്ങയുടെ നാ മസങ്കീർത്തനങ്ങളും, കഥകൾ എന്നിവയിലും എൻറെ കൈകൾ അങ്ങയുടെ ഭക്തന്മാരെ സേവിക്കുന്നതിലും എൻറെ സർവ്വദേഹാംഗങ്ങൾ സദാ അങ്ങയുടെ അംഗങ്ങളുമായുളള സംഗങ്ങളിലും ആയിരിക്കേണമേ. എൻറെ കണ്ണുകൾ എപ്പോഴും അങ്ങയുടെ  വിഗ്രഹത്തിലും ഭക്തന്മാരിലും ഗുരുക്കന്മാരിലും പതിയേണമേ! കർണ്ണങ്ങൾ നിരന്തരം അങ്ങയുടെ ലീലാവതാരങ്ങൾ ശ്രവിക്കേണമേ. പാദങ്ങൾ അങ്ങയുടെ ക്ഷേത്രത്തിലേക്ക് ഗമിക്കേണമേ. ഹേ, ഗരുഡദ്ധ്വജാ! എൻറെ അംഗങ്ങൾ അങ്ങയുടെ പാദരേണുക്കളാൽ പുതങ്ങളായ തീർത്ഥങ്ങളിൽ ആറാടേണമേ! എൻറെ ശിരസ്സ് നിരന്തരം ശിവബ്രഹ്മാദികളാൽ നമിക്കപ്പെടുന്ന അങ്ങയുടെ പാദങ്ങളിൽ നമിക്കേണമേ.

( തുടരും )..Jayasree
C&P

No comments: