പരശുരാമന്റെ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഗുഹ*
പരശുരാമന്‍...കേരളീയര്‍ക്ക് ആമുഖവും വിവരണങ്ങളും ഒന്നും വേണ്ട പരശുരാമനെ അറിയാന്‍. മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ച മുനി. എന്നാല്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്ത പരശുരാമനെക്കുറിച്ച് നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.
ഹൈന്ദവ വിശ്വാസങ്ങള്‍ അനുസരിച്ച് ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നാണ് പരശുരാമന്‍.
തനിക്ക് വരമായി ലഭിച്ച പാശം അഥവാ മഴു എപ്പോഴും കയ്യില്‍ കരുതുന്നതുകൊണ്ടാണ് അദ്ദേഹത്തിന് പരശുരാമന്‍ എന്ന പേരു ലഭിച്ചതെന്നാണ് വിശ്വാസം.
ആയുധങ്ങളെക്കുറിച്ചും അവയുടെ ഉപയോഗ ക്രമങ്ങളെക്കുറിച്ചും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന ആളാണ് അദ്ദേഹം.
പരശുരാമന്‍ തന്റെ ആയുധം ഉപയോഗിച്ച് പാറവെട്ടി നിര്‍മ്മിച്ച ഒരു ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ശിവനില്‍ നിന്നും വരം ലഭിക്കാനായി പരശുരാമന്‍ സൃഷ്ടിച്ച അത്ഭുത ഗുഹയുടെ വിശേഷങ്ങളിലേക്ക്...
*പരശുരാമ മഹാദേവ ഗുഹാ ക്ഷേത്രം*
രാജസ്ഥാനിലെ ആരവല്ലി മലനിരകള്‍ക്കു താഴെ സ്ഥിതി ചെയ്യുന്ന പരശുരാമ മഹാദേവ ഗുഹാ ക്ഷേത്രം ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ച ഒരു തീര്‍ഥാടന കേന്ദ്രമാണ്. രാജസ്ഥാനില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലും ഇവിടെ എത്തുന്നത്. വലിയൊരു പാറയില്‍ നിന്നും പരശുരാമന്‍ ഒറ്റയ്ക്ക് തന്റെ ആയുധം ഉപയോഗിച്ച് കൊത്തിയെടുത്തതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവ ഭഗവാനെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് പരശുരാമന്‍ ഈ ഗുഹാ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം.
500 പടികള്‍ക്കു മുകളിലായാണ് കല്ലില്‍ കൊത്തിയിരിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3600 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒറ്റക്കല്ലിലാണ് സാമാന്യം വലുപ്പമുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുഹയുടെ മുകള്‍ ഭാഗത്തിന് ഒരു പശുവിന്റെ തലയുടെ ആകൃതി കാണുവാന്‍ സാധിക്കും. ഗുഹയുടെ ഉള്ളില്‍ ബോലാനാഥിനെ ശിവലിംഗരൂപത്തിലാണ് ആരാധിക്കുന്നത്. ഇവിടെ ശിവലിംഗത്തിന് മുകളില്‍ പ്രകൃതി തന്നെ ജലാഭിഷേകം നടത്തുന്നത് കാണാം.
ശിവനില്‍ നിന്നും ദിവ്യായുധം ലഭിക്കുവാനാണ് പരശുരാമന്‍ ഇവിടെ ഈ ഗുഹയില്‍ തപസ്സനുഷ്ഠിച്ചത് എന്നാണ് വിശ്വാസം. ഇവിടെ ഗുഹയുടെ ചുവരുകളില്‍ ഭീമാകാരനായ ഒരു രാക്ഷസന്റെ ചിത്രം വരച്ചിരിക്കുന്നത് കാണാം. തനിക്കു ലഭിച്ച ദിവ്യായുധം ഉപയോഗിച്ച് പരശുരാമന്‍ ഈ രാക്ഷസനെ കൊലപ്പെടുത്തി എന്നും വിശ്വസിക്കുന്നു.
എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള ഈ മലയുടെ മുകളില്‍ എത്ര കഷ്ടപ്പാടുകള്‍ സഹിച്ചും ഭക്തര്‍ എത്താറുണ്ട്. ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ എന്താഗ്രഹവും നിറവേറും എന്നാണ് വിശ്വാസിക്കപ്പെടുന്നത്
മഹാശിവരാത്രിയിലും പരശുരാമ ജയന്തി ദിനത്തിലുമാണ് ഇവിടെ കൂടുതൽ വിശ്വാസികൾ എത്തുന്നത്.
പരശുരാമനുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങളാണ് ഇവിടെയുള്ളത്. ഇവിടുത്തെ ശിവലിംഗത്തില്‍ ഒരു ദ്വാരം ഉണ്ടെന്നും എത്ര വെള്ളം ഒഴിച്ചാലും അതു നിറയില്ലത്രെ. മാത്രമല്ല, പാലഭിഷേകം നടത്തുമ്പോള്‍ ആ ദ്വാരത്തിനുള്ളിലേക്ക് പാല്‍ കടക്കാറില്ല എന്നുമാണ് മറ്റൊരു വിശ്വാസം.
ശ്രാവണ മാസത്തില്‍ ഇവിടെ നടക്കുന്ന ക്ഷേത്ര ചടങ്ങുകള്‍ക്ക് ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്താറുണ്ട്.
രാജസ്ഥാനിലെ ഉദയ്പൂരിനു സമീപം സ്ഥിതി ചെയ്യുന്ന കുംഭാല്‍ഗഡ് കോട്ടയില്‍ നിന്നും 9 കിലോ മീറ്റര്‍ അകലെ സാദരി-പരശുരാം ഗുഹാ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ട്രെയിന്‍ യാത്രയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ റാണി റെയില്‍വേ സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ള സ്‌റ്റേഷന്‍.
No comments:
Post a Comment