നമോ നമ: ശ്രീഗുരുപാദുകാഭ്യാം
*
ഒരു കുഞ്ഞു ഞാനിൽ നിന്ന് അനന്തമായ ഞാനിലേക്കുള്ള തനിച്ചുള്ള യാത്രയാണ് ഈ ജീവിതം. ജീവിതമാകുന്ന തോണി തുഴയാനാണ് നമ്മളുടെ ഈ ശരീരം. സകലബന്ധനങ്ങളിൽ നിന്നുമുള്ള മോചനത്തിലേയ്ക്ക്, പരിപൂർണ്ണമായ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണ് അത്.
യാത്രാലക്ഷ്യത്തെ ക്കുറിച്ച് നമുക്ക് അറിവുണ്ടെങ്കിലും നമ്മളുടെ ബോധം പലപ്പോഴും ആ ലക്ഷ്യത്തിലേക്ക് ഉണരാറില്ല. ഒന്നിന് പുറകെ ഒന്നായി വരുന്ന ആഗ്രഹങ്ങളും അത് നേടുമ്പോൾ ലഭിക്കുന്ന മങ്ങിയ ആനന്ദത്തിന്റെ മായാജാലത്തിലും നമ്മൾ പലപ്പോഴായി മയങ്ങി പ്പോകുന്നു. ലക്ഷ്യം മറക്കുന്നു.
പുറമേയ്ക്ക് കിട്ടുന്ന ഈ ഹ്രസ്വമായ ആനന്ദത്തിന് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ അറിഞ്ഞോ അറിയാതെയോ നമ്മൾ കൂടെയുള്ളവർക്ക് പലപ്പോഴും വേദനയും ദു:ഖവും സൃഷ്ടിക്കുന്നു.
നമ്മളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും മുദ്രണം ചെയ്യപ്പെടുന്ന ദിവ്യമായ പ്രഭാവലയം ഓരോ ജീവന് ചുറ്റും ഉണ്ട്. നമ്മൾ എന്ത് ചിന്തിച്ചുവോ, എന്ത് പറഞ്ഞുവോ, എന്ത് പ്രവർത്തിച്ചുവോ എന്നതിനനുസരിച്ച് അതിന്റെ ഫലങ്ങൾ ഒരു പെൻഡുലം കണക്കെ നന്മതിന്മകളായി, സുഖദുഖങ്ങളായി ജീവിതത്തിൽ മാറി മാറി അനുഭവിക്കേണ്ടി വരുന്നു.
നാം എന്ത് ചെയ്തു എന്നതല്ല, എന്ത് ചിന്തയോടുകൂടി, എന്ത് ഭാവത്തോടുകൂടി ചെയ്തു എന്നതാണ് പ്രധാനം. അതിനാൽ ഓരോ നിമിഷവും ചിന്തകളിൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
മന:കൃതം കൃതം രാമ
ന ശരീര കൃതം കൃതം.
മനസ്സ് കൊണ്ട് ചെയ്യുന്നതാണ് യഥാർത്ഥത്തിൽ ചെയ്തത്. മനസ്സിന്റെ പിന്തുണ ഇല്ലാതെ ശരീരം കൊണ്ട് മാത്രം ചെയ്താൽ അത് കർമ്മം ആവില്ല. അതിനൊട്ട് കർമ്മഫലവും ഇല്ല.
ഈ കർമ്മനിയമത്തിന്റെ കുരുക്ക് മുറുകാതിരിക്കാനുള്ള ഏകമാർഗ്ഗം നമ്മൾ എന്ത് ചെയ്താലും അത് ഭഗവദ് അർപ്പണമാക്കി ചെയ്യുക എന്നുള്ളതാണ്. എല്ലാ പ്രവൃത്തികളും ഭഗവാന്റെ ആരാധന ആക്കി മാറ്റുക എന്നതാണ്. ആരാധനയ്ക്കുള്ള പൂജാസാമഗ്രികളാക്കി നമ്മളുടെ കരണങ്ങളെ(ശരീരമനോബുദ്ധികളെ) ഉപയോഗിക്കുക എന്നതാണ്. ഭഗവദ് ആരാധനയ്ക്കുള്ള കരണങ്ങൾ ഏറ്റവും ശുദ്ധമാക്കി വെയ്ക്കുക എന്നതുമാണ്. അതിലൂടെ നമ്മളുടെ സ്വരൂപശ്രദ്ധാശക്തി ഉണരുകയാണ്.
ഗുരുചരണാരവിന്ദങ്ങളിൽ പ്രണാമം!
ॐ श्री गुरुभ्यो नमः
हरि: ॐ 
Lakshmi prasad
No comments:
Post a Comment