Tuesday, August 06, 2019

കര്‍ത്തവ്യ നിര്‍വഹണത്തിന് ഹനുമാന്റെ ഓര്‍മിപ്പിക്കല്‍

Friday 2 August 2019 11:58 pm IST
കിഷ്‌കിന്ധയില്‍ വാഴുന്ന കാലത്ത് സുഗ്രീവനെ പോയി കണ്ട് പറയുകയാണ്, 'അല്ലയോ കപിശ്രേഷ്ഠാ, നിനക്കു ഹിതകരങ്ങളായ വാക്കുകളാണ് ഞാന്‍ പറയാന്‍ പോകുന്നത്. സത്യവ്രതനായ രാമന്‍ നിനക്കു നല്‍കിയ വാഗ്ദാനം പാലിച്ചിരിക്കുന്നു. എന്നാല്‍ നീ രാമനു കൊടുത്ത വാക്ക് പാലിച്ചില്ലെന്നും അതിനു വേണ്ടത്ര ജാഗ്രത കൊടുത്തിട്ടില്ലെന്നും എനിക്കു തോന്നുന്നു' എന്ന്.
'പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍
ചത്തതിനൊക്കുമേ ജിവിച്ചിരിക്കിലും.' എന്ന് ഹനുമാന്‍ സുഗ്രീവനോട് പറയുന്ന ഒരു ഭാഗമുണ്ട് കിഷ്‌കിന്ധാകാണ്ഡത്തില്‍. 
കിഷ്‌കിന്ധയില്‍ വാഴുന്ന കാലത്ത് സുഗ്രീവനെ പോയി കണ്ട് പറയുകയാണ്, 'അല്ലയോ കപിശ്രേഷ്ഠാ, നിനക്കു ഹിതകരങ്ങളായ വാക്കുകളാണ് ഞാന്‍ പറയാന്‍ പോകുന്നത്. സത്യവ്രതനായ രാമന്‍ നിനക്കു നല്‍കിയ വാഗ്ദാനം പാലിച്ചിരിക്കുന്നു. എന്നാല്‍ നീ രാമനു കൊടുത്ത വാക്ക് പാലിച്ചില്ലെന്നും അതിനു വേണ്ടത്ര ജാഗ്രത കൊടുത്തിട്ടില്ലെന്നും എനിക്കു തോന്നുന്നു' എന്ന്. 
മഹാബലവാനായ ബാലി വധിക്കപ്പെട്ടതിനു ശേഷം നീ രാജാവായി താരയുമായി എത്ര നാളിങ്ങനെയിരിക്കും. ഇന്നോ നാളെയോ മറ്റന്നാളോ എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാം. അത് ആര്‍ക്കുമറിയില്ല. അതിനു മുമ്പായി നീ രാമനോടുള്ള വാക്കു പാലിക്കുവാന്‍ തിടുക്കം കൂട്ടേണ്ടതാണ്. ബാലിയെ വധിച്ചത് ഹനുമാന്‍ സുഗ്രീവന്റെ ഓര്‍മ്മയില്‍ വീണ്ടും കൊണ്ടുവരുത്തുന്നു. സുഗ്രീവന്‍ താരാസമേതനനായി സുഖമായി കഴിയുമ്പോള്‍ സ്വന്തം കര്‍ത്തവ്യം മറക്കുകയാണെന്നാണ് ഹനുമാന്റെ സന്ദേഹം. ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്, 'പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍ ചത്തതിനൊക്കുമേ ജിവിച്ചിരിക്കിലും' എന്ന് പറയുന്നത്. 
പര്‍വത മുകളില്‍ രാമന്‍ ലക്ഷ്മണനോടൊത്ത് ദുഃഖിച്ചു കഴിയുമ്പോള്‍ ശ്രീരാമന്‍ മൂലം കൈവന്ന ഈ സൗഭാഗ്യം സിദ്ധിച്ച നീ ഭാര്യാസമേതനായി ആനന്ദിച്ചു കഴിയുകയാണെന്ന് ഹനുമാന്‍ മനസ്സിലാക്കുന്നു. വാക്കു പാലിച്ചില്ലെങ്കില്‍ അങ്ങയെയും രാമന്‍ വധിച്ചുകളയുമെന്ന് ഓര്‍മ്മിപ്പിക്കുന്നു. 
ഹനുമാന്റെ വാക്കു കേട്ടു ഭയപ്പെട്ട സുഗ്രീവന്‍, 
'സത്യമത്രേ നീ പറഞ്ഞതു നിര്‍ണയം
ഇത്തരം ചൊല്ലുമമാത്യരുണ്ടെങ്കിലോ
പൃഥ്വീശനാപത്തുമെത്തുകയില്ലല്ലോ' എന്ന് പറയുന്നു. അനന്തരം വേഗത്തില്‍ത്തന്നെ ദൗത്യനിര്‍വ്വഹണത്തിന് ഏഴു ദ്വീപുകളിലുമുള്ള എല്ലാ വാനരന്മാരെയും പക്ഷത്തിനുള്ളില്‍ (ഏഴു ദിവസത്തിനുള്ളില്‍) വരുത്തണമെന്നും, പതിനഞ്ചു ദിവസത്തിനുള്ളില്‍ വരാത്തവരെ വധിക്കുമെന്നും ആജ്ഞാപിച്ചു. 
സുഖലോലുപതയില്‍ മുഴുകി പ്രത്യുപകാരം മറക്കുകയും കര്‍ത്തവ്യബോധം മറയ്ക്കപ്പെടുകയും ചെയ്ത സുഗ്രീവനെ ആയത് ഓര്‍മ്മിപ്പിക്കുകയാണ് ഹനുമാന്‍ ചെയ്യുന്നത്. അല്ലെങ്കില്‍ സുഗ്രീവന്‍ പ്രത്യുപകാരം ചെയ്യാത്തതിലുള്ള വിപരീതാനുഭവങ്ങള്‍ സഹിക്കേണ്ടി വരും. ഒരേ സമയം രാമഭക്തിയും സുഗ്രീവ സ്‌നേഹവുമുള്ളവനാണ് ഹനുമാന്‍. അതുകൊണ്ടാണ് ഹിതകാരിയായ ഈ കാര്യം ഓര്‍മ്മിപ്പിച്ച് സുഗ്രീവനെ സന്നദ്ധനാക്കുന്നത്. 
ബാഹ്യസാഹചര്യങ്ങളാല്‍ ബുദ്ധി മറയ്ക്കപ്പെട്ട് കര്‍ത്തവ്യ നിര്‍വഹണം മറന്നുപോകുന്നവര്‍ക്ക് ഹനുമാനെപോലുള്ള മഹാത്മാക്കളുടെ വചനങ്ങള്‍ നല്ലതിലേക്കു നയിക്കും.

No comments: