Friday, November 22, 2019

[23/11, 11:58] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-12

ആനന്ദചിന്മയ!ഹരേ! ഗോപികാരമണ!

    പ്രപഞ്ചത്തിന്റെ പരമ കാരണമായ പരമാത്മാവിനെ സാക്ഷാത്കരിച്ച് ഇവിടെ പലതില്ല എന്ന് ബോധിക്കുകയാണ് ജീവിതലക്ഷ്യം. ഇതു നേടാൻ എന്താണ് മാർഗം? മനസ്സ് ഉള്ളിലൊതുക്കി ഏകാഗ്രപ്പെട്ടാലേ ആത്മസാക്ഷാത്ക്കാരം സാധ്യമാവൂ. ഇതിന് ആദ്യമായി ബ്രഹ്മനിഷ്ഠനായ ഗുരുവിൽ നിന്നും വസ്തുസ്വരൂപം ഗ്രഹിക്കണം. തുടർന്ന് ഒരിഷ്ടദേവനെ തിരഞ്ഞെടുക്കണം. എന്നിട്ട് ആ ദേവനെ പരമസത്യത്തിന്റെ പ്രതീകമായി കൽപ്പിച്ച് ഉള്ളിൽ സദാ ധ്യാനിച്ചുറപ്പിക്കണം. രണ്ടുതരത്തിലാണ് ഇഷ്ടദേവതാധ്യാനം തുടരേണ്ടത്. ആദ്യമായി ദിവസം ഒന്നോ രണ്ടോ പ്രാവശ്യം ഏകാന്തസ്ഥലത്തു ചെന്നിരുന്നു ലോകസങ്കൽപ്പങ്ങളെല്ലാം പുറന്തള്ളിയിട്ട് ഇഷ്ടദേവനിൽത്തന്നെ മനസ്സിനെ ഉറപ്പിച്ചുനിർത്താൻ യത്നിക്കണം. ഈ ധ്യാനം കൃത്യമായി തുടരണം. അതോടൊപ്പം ലോകകാര്യങ്ങളിലേർപ്പെടുന്ന മറ്റു സമയങ്ങളിലെല്ലാം തരംകിട്ടുമ്പോഴൊക്കെ ഇഷ്ടദേവതാരൂപം സ്മരിക്കാൻ യത്നിക്കണം. ഈ രണ്ടു ധ്യാനക്രമങ്ങളും പരസ്പരപോഷകങ്ങളാണ്. ലോകവ്യവഹാരവേളയിൽ ഭഗവതസ്മരണ നിരന്തരമായി വരുന്തോറും ഏകാന്തധ്യാനത്തിൽ മനസ്സിന്റെ ഏകാഗ്രത കൂടിവരും. തുടർന്ന് ഏകാന്തധ്യാനവേളയിൽ ഇഷ്ടദേവതാരൂപം ഉള്ളിൽ
ചൈതന്യമുറ്റു പ്രകാശിക്കുന്നതായി അനുഭവപ്പെട്ടു തുടങ്ങും. അതോടൊപ്പം ലോകകാര്യങ്ങളിലേർപ്പെടുമ്പോൾ ഈശ്വരസ്മരണ നിരന്തരമായിത്തീരുകയും ഭഗവാൻ സദാ തന്റെകൂടെയുണ്ടെന്നു തോന്നുകയുംചെയ്യും, ചിത്തം മലിനതകൾ മാറി ശുദ്ധീകരിക്കപ്പെടും. അതോടെ
ഉള്ളിലും പുറത്തും ഇടതിങ്ങി നിറഞ്ഞുനിൽക്കുന്ന ബോധാനന്ദസ്വരൂപമായ ആത്മസത്യം തെളിയാനും തുടങ്ങും. വസ്തുസ്വരൂപ്രഗ്രഹണം, ഇഷ്ടദേവതാസ്വീകാരം, നിരന്തര ധ്യാനം, ചിത്തശുദ്ധി, വസ്തുവിന്റെ പ്രത്യക്ഷാനുഭവം ഇതാണു ക്രമം. 'ആനന്ദചിന്മയ' എന്ന പദം കൊണ്ടു വസ്തുസ്വരൂപഗ്രഹണത്തെയാണ് സൂചിപ്പിച്ചിരിക്കുന്നത്. 'ഗോപികാരമണ' എന്ന സംബോധന കൊണ്ട് ഇഷ്ട്ദേവതാസ്വീകാരത്തെ സൂചിപ്പിക്കുന്നു. കാമമാലിന്യത്തോടുകൂടി, തന്നെ ഭജിക്കാനെത്തിയ ഗോപികമാരെപ്പോലും
ശുദ്ധാത്മാക്കളാക്കി സായൂജ്യത്തിനർഹരാക്കിത്തീർത്ത ഭഗവാൻ, ഭക്തരിൽ സദാ കരുണാനിധിയായി വർത്തിക്കുന്നവനാണെന്നു സൂചന. വസ്തുബോധവും ഇഷ്ടദേവതാധ്യാനവും ഉറയ്ക്കുന്നതോടെ കളങ്കങ്ങളെല്ലാമകന്ന് ചിത്തം ശുദ്ധീകരിക്കപ്പെടുമെന്നാണ് 'ഹരേ' എന്ന സംബോധനകൊണ്ട് സൂചിതമാകുന്നത്. സച്ചിദാനന്ദമായ സത്യവസ്തു ആദ്യമേ തെളിഞ്ഞുകിട്ടുക ആർക്കും എളുപ്പമല്ല. ഏതെങ്കിലും ഒരു രൂപത്തെയോ നാമത്തെയോ ആശ്രയിക്കാതെ മനസ്സിന് ഏകാഗ്രപ്പെടാനും സാധ്യമല്ല. ഏകാഗ്രപ്പെടുന്ന ചിത്തം ശുദ്ധിനേടി സത്യാനുഭവസമർഥമായിത്തീരുന്നു. വാസിഷ്ഠത്തിൽ വസിഷ്ഠൻ രാമനെ ഇങ്ങനെ ഉപദേശിക്കുന്നു:

   സാകാരം ഭജ താവത് ത്വം
   യാവത് സത്ത്വം പ്രസീദതി
   നിരാകാരേ പരേ തത്ത്വേ
   തതഃ സ്ഥിതിരനുത്തമാ.

   അല്ലയോ രാമാ! ആദ്യം ഏതെങ്കിലും ഇഷ്ടദേവതയുടെ സാകാരരൂപം ധ്യാനിച്ചുറപ്പിക്കൂ. ചിത്തം ശുദ്ധമായി പ്രസന്നമാകുന്നതുവരെ ഇതു തുടരണം. തുടർന്നു നിരാകാരമായ പരമതത്ത്വത്തിൽ ഉറപ്പുറ്റ സ്ഥിതിവന്നു ചേരും. ഈ ഉപാസനാക്രമമാണ് ആദ്യത്തെ മൂന്ന് സംബോധനകളിൽ ആചാര്യൻ ഉള്ളടക്കം ചെയ്തിരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[23/11, 11:58] +91 94955 57148: വിവേകചൂഡാമണി-92

 കഥം തരേയം ഭവസിന്ധുമേതം
 കാ വാ ഗതിർമേ 
 കതമോऽസ്ത്യുപായഃ
 ജാനേ ന കിഞ്ചിത് കൃപയാऽവ
 മാം പ്രഭോ
 സംസാരദുഃഖക്ഷതിമാതനുഷ്വ
                                                (40)

    ഈ സംസാരസമുദ്രത്തെ കടക്കുന്നതെങ്ങിനെ? എന്റെ ഗതിയെന്താണ്? എന്തുപായമാണ് ഞാൻ കൈക്കൊള്ളേണ്ടത് ? ഇതൊന്നും എനിക്കറിയില്ല. പ്രഭോ, എന്നെ രക്ഷിക്കാൻ കനിവുണ്ടാകണേ. സംസാരദുഃഖനിവൃത്തിക്കുള്ള പോംവഴി എന്തെന്ന് വിശദമായി ഉപദേശിച്ചാലും.

   സദ്ഗുരു സന്നിധിയിൽ കുറച്ചു കാലം സേവനം ചെയ്തുകൊണ്ട് വസിക്കുകമൂലം ഗുരുവുമായി ഏകീഭാവം നേടിക്കഴിഞ്ഞ ശിഷ്യൻ, അദ്ദേഹത്തെ സമീപിച്ച് ചോദിക്കേണ്ട സംശയങ്ങളുടെ മാതൃകയാണിത്. സ്വതന്ത്രചിന്തയുടേയും വിവേകവിചാരത്തിന്റേയും ഫലമായി, ശിഷ്യൻ, സ്വമേധയാ എത്തിച്ചേർന്ന യുക്തിയുക്തമായ നിഗമനങ്ങളുടെ പ്രകടനമാണ് ഈ ചോദ്യങ്ങൾ എന്നു
വ്യക്തമാണ്. ജീവിതയാഥാർത്ഥ്യങ്ങളുടെ നേരെ ബുദ്ധിപരമായ നിലപാട് കൈക്കൊണ്ട്, നാനാതരത്തിലുള്ള അനുഭവങ്ങളേയും അയാൾ ശരിയായി വിലയിരുത്തിയിട്ടുണ്ട്. നേരിടേണ്ടിവന്ന
ദുസ്സഹദുരന്തങ്ങൾമൂലം അയാൾ നിരാശനായിട്ടില്ല. സത്യത്തിന്റെ നേരെ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറുമില്ല. ജീവിതാനുഭവങ്ങളെ
ശരിയാംവണ്ണം അപഗ്രഥിച്ചു നോക്കിയതിന്റെ ഫലമായി, തുച്ഛവിഷയങ്ങളിലൂടെ അല്പമായ സുഖമേ ലഭിക്കൂ എന്നയാൾക്ക് ബോദ്ധ്യം വന്നിരിക്കുന്നു. ഉള്ളിലോട്ടു തിരിഞ്ഞ് തന്റെ യഥാർത്ഥ ആവശ്യം എന്തെന്ന് അയാൾ അറിഞ്ഞു കഴിഞ്ഞു. പരിപൂർണ്ണതയിൽ മാത്രമേ
സംതൃപ്തി പൂർണ്ണമാവൂ എന്നും, അനന്തമായ ആനന്ദാനുഭൂതിയുടെ രഹസ്യം അതാണെന്നും അയാൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സർവ്വ പരിമിതികൾക്കുമപ്പുറം കടന്ന് അപരിമേയമായ അനന്തതയെ എങ്ങനെ അനുഭവിക്കാറാകും എന്നാണയാൾക്ക് ഗുരുവിൽ നിന്നും അറിയേണ്ടത്. അതുകൊണ്ടയാൾ ചോദിക്കുകയാണ്:-"സംസാര
സാഗരത്തെ എങ്ങനെയാണ് ഞാൻ കടക്കുക?'

    എങ്ങിനെയെങ്കിലും ആത്മവികാസം സാധിച്ച്, പരിപൂർണ്ണതനേടി പരമാത്മതത്ത്വം സ്വാനുഭവപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ എന്തായിരിക്കും തന്റെ ഗതി എന്നയാൾ ഉത്കണ്ഠാകുലനാണ്. അതിനാൽ അന്തിമലക്ഷ്യം എന്തെന്ന് അറിയാത്തതുകൊണ്ട് ചോദിക്കുന്നതല്ല ഇത്. ആഗ്രഹങ്ങൾക്കടിമപ്പെട്ട്, നശ്വരവിഷയങ്ങളിൽത്തന്നെ കെട്ടിമറിഞ്ഞ്, ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താനുള്ള
നിരന്തരശ്രമത്തിൽ മുഴുകി, അസ്വസ്ഥനായിത്തന്നെ ജീവിക്കയാണെങ്കിൽ അതിന്റെ ഭവിഷ്യത്തെന്തായിരിക്കുമെന്ന് സാധകൻ ഭാവനയിൽ കാണാൻ ശ്രമിക്കുന്നു.

   അനുവർത്തിച്ചുപോരുന്ന തന്റെ ജീവിതരീതിയെ വിശകലനം ചെയത് അതിന്റെ സ്വഭാവം ഇന്നതാണെന്ന്  അയാൾ മനസ്സിലാക്കിയിട്ടുണ്ട്. പ്രാപിക്കേണ്ട ലക്ഷ്യമെന്തെന്നയാൾക്കറിയാം.എങ്ങനെയാണ് വ്യാമോഹങ്ങൾക്കറുതിവരുത്തി ആ പരമപദം കൈവരിക്കുക; എന്തുപായമാണ് തനിക്കു പറ്റിയത് എന്നയാൾക്കു തീർച്ചയില്ല. ആദ്ധ്യാത്മിക ശാസ്ത്രഗ്രന്ഥങ്ങൾ കുറെ അയാൾ വായിച്ചിട്ടുണ്ട്; അവയിൽ, ആത്മശ്രേയസ്സിന്നുതകുന്ന ഒട്ടേറെ ഉപായങ്ങൾ നിഷ്കർഷിച്ചുട്ടുള്ളതായും കാണുന്നുണ്ട്. തനിക്കേറ്റവും പറ്റിയ മാർഗ്ഗം ഏതാണെന്നാണ് അയാൾക്ക് ഗുരുവിൽനിന്നറിയേണ്ടത്.
എല്ലാ മാർഗ്ഗങ്ങളും സ്വയം പരീക്ഷിച്ചു നോക്കി, പല തെറ്റുകളുംപറ്റി, അവസാനം, ശരിയായതേതെന്ന് ഓരോരുത്തർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞേയ്ക്കും. എങ്കിലും, ആത്മവികാസത്തിന് പറ്റിയ
മാർഗ്ഗനിർദ്ദേശം നല്കാൻ സമർത്ഥനായ ഗുരുവിന്റെ ഉപദേശം ഇക്കാര്യത്തിൽ ലഭിക്കാനിടവരിക എന്നത് വലിയൊരനുഗ്രഹമാണ്.
അതുകൊണ്ടാണ് ജിജ്ഞാസു ചോദിക്കുന്നത്- "എന്താണ് എനിക്കു പറ്റിയ ഉപായം?'

   "എനിക്കൊന്നും അറിഞ്ഞുകൂടാ" എന്ന പ്രസ്താവന, ശിഷ്യന്റെ അജ്ഞതയെയല്ല, പ്രത്യുത, അയാൾക്ക് ഗുരുവിനോടുള്ള വിനയഭക്ത്യാദരങ്ങളെയാണ് കാണിക്കുന്നത്.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: