വൈദിക സാഹിത്യത്തിന്റെ അനശ്വര ചിഹ്നം
Saturday 30 November 2019 2:30 am IST
ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരന്മാമനുസ്മരന്‍
യഃ പ്രയാതിത്യജന്‍ ദേഹം
സ യാതി പരമാം ഗതിം
(അധ്യായം 8, അക്ഷര ബ്രഹ്മയോഗം, ശ്ലോകം 12)
അന്വയം:
ബ്രഹ്മ ഓം ഇതി ഏകാക്ഷരം വ്യാഹരന്‍
മാം അനുസ്മരന്‍, ച ദേഹം
ത്യജന്‍ പ്രയാതി സഃ പരാം ഗതിം യാതി
അന്വയാര്‍ഥം: ബ്രഹ്മരൂപമായ ഓംകാരമെന്ന ഒറ്റയക്ഷരത്തെ ഉച്ചരിക്കുന്നവനായി എന്നെ (പരമാത്മാവിനെ) സ്മരിക്കുന്നവനുമായിട്ട് ശരീരത്തെ ഉപേക്ഷിച്ചു പോകുന്നുവോ അവന്‍ പരമമായ ഗതിയെ
(മോക്ഷത്തെ) പ്രാപിക്കുന്നു.
പരിഭാഷ:
തൈത്തരീയോപനിഷത്തിലാണ് ' ഓം' പ്രത്യക്ഷപ്പെടുന്നത്. തൈത്തരീയം എട്ടാം അനുവാകമിങ്ങനെ: 'ഓമിതി ബ്രഹ്മഃ ഓമിതീദം സര്‍വം ഓമിത്യേതദനുകൃതിര്‍ഹ സ്മവാ അച്യോ ശ്രാവയേത്യ ശ്രാവയന്തി '. ഓം എന്നത് പരബ്രഹ്മപരമാത്മാവിന്റെ നാമമായതു കൊണ്ട് സാക്ഷാല്‍ ബ്രഹ്മം തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍ ഭഗവാന്റെ നാമവും ഭഗവദ്‌സ്വരൂപം തന്നെയാകുന്നു. ഈ കാണപ്പെടുന്ന എല്ലാ ലോകങ്ങളും 'ഓം' എന്ന ആ ബ്രഹ്മത്തിന്റെ സ്ഥൂലരൂപമാണ്. 'ഗിരാം ഏകം അക്ഷരം സമം ഓം' എന്ന്‌നമുക്ക് ഭംഗിയായി പറയാം. ഭാസുരഭൂമിയായ ഭാരതം ലോകത്തിനു നല്‍കിയിരിക്കുന്ന മുഗ്ധസൗന്ദര്യമുള്ള പരിപാവനമന്ത്രമാണ് 'ഓം' . ഉച്ചരിക്കപ്പെടുമ്പോള്‍ മാത്രം സത്ത ഗ്രഹിക്കാന്‍ കഴിയുന്ന ഏകാക്ഷരപദമായ 'ഓം'വൈദിക സാഹിത്യത്തിന്റെ അനശ്വര ചിഹ്നമാണ്.
ഓങ്കാരം ഉദ്ഗീഥമെന്നും അറിയപ്പെടുന്നു. ഛാന്ദോഗ്യോപനിഷത്തിന്റെ ഒന്നാം ഖണ്ഡം തുടങ്ങുന്നതിങ്ങനെ: ' ഓമിത്യേതക്ഷരമുദ്ഗീഥമുപാസിതം /ഓമിതി ഹൃദ്ഗായതി, തസ്യോപവ്യാഖ്യാനം '. ഉദ്ഗീഥമെന്നു പറയുന്ന 'ഓം' എന്നു പറയുന്ന അക്ഷരത്തെ ഉപാസിക്കണം. 'ഓം, ഓം' എന്ന് ഉദ്ഗീഥം ചെയ്യണം. അകാരഉകാരമകാരങ്ങളുടെ സമവായ സ്വരൂപമാണ് 'ഓം'.
ഉദ്ഗീഥമെന്ന് വ്യവഹരിക്കുന്ന ഓം ധ്യാനിക്കുമ്പോള്‍ അകാരം ഉകാരത്തിലും ഉകാരം മകാരത്തിലും മകാരം ഉച്ചരിച്ചു പ്രകടമാക്കാനാവാത്ത ശാന്തിയിലും മഗ്നമാവുകയാണ്. ഓങ്കാരം ഒരുവനെ വിദേഹ കൈവല്യം വരെ എത്തിക്കും.
മിക്കഭാഷകളിലും ആദ്യക്ഷരം 'അ ' കാരമാണ്. ശുദ്ധമായി ഉച്ചരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്വരാക്ഷരമാണിത്. ഓരോ വാക്കിന്റെയും ഓരോ അക്ഷരത്തിന്റെയും സത്തയായി നിറഞ്ഞു കവിഞ്ഞൊഴുകുന്നത് അകാരമാണ്. 'അക്ഷരാണാം അകാരോസ്മി' എന്ന് ഭഗവാന്‍ ഭഗവദ്ഗീതയില്‍. ' അകര മുതല എഴുത്തെല്ലാം ആതി / പകവന്‍ മുതറ്റേ ഉലകു' എന്ന് തിരുക്കുറള്‍. ഓങ്കാരത്തിലെ ആദ്യാക്ഷരമായ അകാരത്തില്‍ ഋഗ്വേദം, ഗാര്‍ഹപത്യാഗ്നി, പൃഥിവി എന്നിവ ഉള്‍ക്കൊണ്ടിരിക്കുന്നു.
യജുര്‍വേദം,. ആകാശം, ദക്ഷിണാഗ്നി, ദേവശ്രേഷ്ഠനായ വിഷ്ണുവിന്റെ സ്വരൂപം എന്നിവ ഓങ്കാരത്തിലെ 'ഉ' കാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. സാമവേദം, സ്വര്‍ഗം, ആഹവനീയാഗ്നി, പരമേശ്വരന്‍ ഇവയുടെ സ്വരൂപം 'മ' കാരത്തിലടങ്ങുന്നു.
ഓങ്കാരത്തിന്റെ ശബ്ദഘടകങ്ങള്‍ സ്ഥൂലപ്രപഞ്ചത്തേയും സൂക്ഷ്മപ്രപഞ്ചത്തേയും കാരണപ്രപഞ്ചത്തേയും സാക്ഷാത്ക്കരിക്കുന്നുവെന്ന് പറയുമ്പോള്‍ ഭാരതീയ ചിന്തയുടെ ഔന്നത്യവും ധന്യതയുമാണ് വിളംബരം ചെയ്യപ്പെടുന്നത്. ജീവനെ പരമാത്മ ചൈതന്യത്തോടു ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് യോഗധാരണ. പരമാത്മാവിനെ സ്മരിച്ചു കൊണ്ട് ബ്രഹ്മവാചി യായ ഓങ്കാരം ഉച്ചരിക്കുക. യാതൊരുവനും ബ്രഹ്മസായൂജ്യം നേടാനാകും.
No comments:
Post a Comment