Tuesday, November 26, 2019

ഹിന്ദുധർമ്മരഹസ്യം
------------------------------------------
സമൃദ്ധി വേദങ്ങളിലൂടെ :-
(തുടർച്ച)
ശ്രീയും ലക്ഷ്മിയും ഐശ്വര്യത്തിന്റെ പ്രതീകങ്ങളാണ് .ഇതിനർത്ഥം സമ്പത്സമൃദ്ധമായിരിക്കണം നമ്മുടെ ജീവിതമെന്നാണ്. ജീവിതത്തിൽ എല്ലാ വിധ സുഖസൗകര്യങ്ങളും നമുക്കാവശ്യമുണ്ട് .ഒന്നിൽ നിന്നും നമ്മൾ മാറിനിൽക്കാൻ ആഗ്രഹിക്കുന്നില്ല. മഹാഭാരതത്തിൽ ഹസ്തിനാപുരി നിർമ്മിച്ചപ്പോൾ ഉണ്ടായിരുന്ന സമൃദ്ധിയെ കുറിച്ച് നമുക്ക് വായിക്കാൻ കഴിയും .ലോഹ നിർമ്മിതമായ വലിയ ചക്രങ്ങളും സുശോഭിതങ്ങളായ രമ്യഹർമ്യങ്ങളും ഹസ്തിനാപുരിയെ പ്രകാശിപ്പിച്ചിരുന്നുവത്രെ.
അതിനാൽ അക്കാലത്തെ ഏറ്റവും വലിയ രമ്യഹർമ്യങ്ങൾ അവിടെയുണ്ടായിരുന്നുവെന്ന് സാരം.അത്രയും വലിയ കെട്ടിടങ്ങൾ ഉണ്ടാക്കിയവർക്ക് ഈ ദരിദ്ര നാരായണ സങ്കൽപം ഉണ്ടായിരിക്കാൻ ഇടയില്ലല്ലോ .മാത്രമല്ല നമ്മുടെ ദേവതകളെ നോക്കുക .ആ ദേവതകളെല്ലാം എത്രമാത്രം അമൂല്യങ്ങളായ കിരീട കുണ്ഡലങ്ങളാണ് ധരിച്ചിരിക്കുന്നത്? വില കൂടിയ രത്നങ്ങൾ അവർക്ക് ശോഭനൽകുന്നു. സ്വർണ്ണാഭരണങ്ങൾ അവർക്ക് പ്രകാശം നൽകുന്നു. എന്നാൽ ആ ദേവതകള ഉപാസിക്കുന്ന നമുക്ക് എങ്ങിനെയാണ് ദാരിദ്ര്യം വന്നത്?
ഉപാസിക്കുന്നവന് ഉപാസദേവന്റെ ഗുണം ലഭിക്കുമെന്നാണ് പറയാറ് .സമ്പത്സമൃദ്ധമായി അമൂല്യമായ അടയാഭരണങ്ങൾ അണിയുന്ന ദേവതകളാണ് നമുക്കുള്ളത് .എന്നാൽ അവരെ ഉപാസിക്കുന്ന നമ്മൾ ദാരിദ്രൃം മെച്ചമുള്ളതാണെന്ന് പറയുമോ? ഇത് വലിയ ഒരു വീഴ്ചയാണെന്ന് നമ്മൾ തിരിച്ചറിയണം .വേദത്തിൽ സ്വർണ്ണത്തിന് ഏറെ മഹത്വം കൽപ്പിച്ചിട്ടുണ്ട് .നോക്കുക
"സ്വർണ്ണം അത് ധരിക്കുന്നവനെ പവിത്രീകരിക്കുന്നു.(അഥർവം 19.26.9) സ്വർണ്ണം ധരിക്കുന്നവൻ വൃദ്ധനായിത്തീർന്നശേഷമേ മരിക്കൂ" (അഥർവം19.26.1) സ്വർണ്ണം ധരിക്കുന്ന ഉത്തമനായ മനുഷ്യൻ ദീർഘായുഷ്മാനായി തീരുന്നു.( യജുർവേദം 34.5) ശതപഥബ്രാഹ്മണം എന്നൊരു പുസ്തകമുണ്ട്. അതിൽ പറയുന്നത് "ആയു: ഹിരണ്യം " (4.3.3.2.4.) സ്വർണ്ണംആയുസ്സാണെന്ന് .അതായത്
സ്വർണ്ണം അമൃതായിട്ടാണ് സങ്കൽപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് മനസ്സിലാക്കുക .അതുകൊണ്ടായിരിക്കാം പണ്ടുള്ളവർ കാതിലോ വിരലിലോ സ്വർണ്ണം അണിയുന്നത്.
ഇപ്പോൾ ഇന്ത്യയിൽ സ്ത്രികൾ ധാരാളമായി സ്വർണ്ണം ഉപയോഗിക്കുന്നു. സ്ത്രീ വിവാഹിതയാകുമ്പോൾ ധാരാളം സ്വർണ്ണം ആഭരണങ്ങളായി നൽകുന്നു. കാരണം സ്വർണ്ണവും ധനവുമൊക്കെ നമുക്ക് ധാരാളമായി വേണമെന്ന് അന്നത്തെ ആചാര്യന്മാർക്ക് അറിയാമായിരുന്നു.അവർ ഇപ്പോഴത്തെ പോലെ ഒന്നും വേണ്ടാത്ത മിഥ്യാവാദികളായ നവീന വേദാന്തികളായിരുന്നില്ല. പ്രായോഗിക ജീവിതത്തിന്റെ വക്താക്കളായിരുന്നു.അവർ ഈ ലോകത്തെ നിഷേധിച്ചില്ല.പ്രാചീന ഋഷിമാർ നിഷേധികളായിരുന്നില്ല.അവർ ജീവിതത്തെ ശുഭോതർക്കമായി നോക്കികണ്ടവരായിരുന്നു.അവർ ശുഭാപ്തി വിശ്വാസം കൈമുതലാക്കിയവരായിരുന്നു. ശൂന്യതയിൽ നിന്നു പോലും നവലോകത്ത കെട്ടിപ്പിക്കാൻ പ്രാപ്തിയുള്ളവരുമായിരുന്നു
(തുടരും)
പി.എം.എൻ.നമ്പൂതിരി.

No comments: