മക്കളേ,
ലോകശാന്തിയ്ക്കായി എത്രയോ മഹാന്മാര്‍ പ്രയത്‌നിച്ചിട്ടുണ്ട്. ഇന്നും പ്രയത്‌നിക്കുന്നു. എന്നിട്ടും ലോകത്തിനു വലിയ വ്യത്യാസമൊന്നും ഉണ്ടായതായി കാണുന്നില്ല. യുദ്ധവും സംഘര്‍ഷവും ദുരിതവും പട്ടിണിയും ഇന്നും തുടരുന്നു. ഇതിനു ശാശ്വതപരിഹാരം എന്തെങ്കിലുമുണ്ടാവുമോ എന്ന് പലരും ചോദിക്കാറുണ്ട്.
ലോകത്ത് കാണുന്ന യുദ്ധവും സംഘര്‍ഷവും എല്ലാം മനുഷ്യമനസ്സിലെ സംഘര്‍ഷത്തിന്റെ പ്രകടഭാവങ്ങളാണ്. സത്യത്തില്‍, നമ്മുടെ മനസ്സ് അനുസരണയുള്ള ഒരു സേവകനാകേണ്ടതാണ്. എന്നാല്‍ ആ മനസ്സ്, ഇന്ന് യജമാനനായിരുന്ന് നമ്മളെ നിയന്ത്രിക്കുകയാണ്. ഈ സ്ഥിതി തുടരുന്നിടത്തോളം യുദ്ധവും സംഘര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാക്കാലത്തും യുദ്ധവും മറ്റും ഉണ്ടായിരുന്നു. ഇന്ന്, ആയുധങ്ങളും യുദ്ധത്തിനുപയോഗിക്കുന്ന സാങ്കേതികവിദ്യയും ഒന്നുകൂടി പുരോഗമിച്ചിട്ടുണ്ടെന്നുമാത്രം.
ഇന്ന,് വിമാനത്താവളങ്ങളിലും മറ്റു സുരക്ഷിതമേഖലകളിലും മാരകമായ സ്‌ഫോടകവസ്തുക്കള്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ബാഹ്യലോകത്തുള്ള എല്ലാ സ്‌ഫോടകവസ്തുക്കളേക്കാളും എത്രയോ മടങ്ങ് മാരകമായ മറ്റൊരു വസ്തുവുണ്ട്. അതിനെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു യന്ത്രവും ഇതുവരെ ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിട്ടില്ല. അത് മനുഷ്യമനസ്സിലെ വെറുപ്പും, വിദ്വേഷവുമാണ്. ഈ ദുഷിച്ച വികാരങ്ങളെ ഇല്ലാതാക്കാത്തിടത്തോളം ലോകത്ത് യുദ്ധവും സംഘര്‍ഷവും തുടര്‍ന്നുകൊണ്ടേയിരിക്കും.
പോലീസും പട്ടാളവും നിയമങ്ങളും ഒക്കെയുണ്ടായിട്ടും സമൂഹത്തില്‍ അഴിമതിയും അക്രമവും നടമാടുന്നു എന്നു വച്ച് പോലീസും പട്ടാളവും ആവശ്യമില്ല എന്നാരും പറയില്ല. അത്തരം സംവിധാനങ്ങള്‍ ഉള്ളതുകൊണ്ടാണ് നല്ലൊരു പരിധിവരെ സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുന്നത്.
മഹാത്മാക്കാള്‍ സ്വന്തം ജീവിതം തന്നെ ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും ഉത്തമ മാതൃകയാക്കി ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. അത്തരം മഹാപുരുഷന്മാരുടെ സാന്നിദ്ധ്യവും സത്കര്‍മ്മങ്ങളുമാണ് ലോകത്ത് ഇത്രയെങ്കിലും താളലയം നിലനിര്‍ത്തുന്നത്. പക്ഷെ, അവര്‍ തെളിക്കുന്ന വഴിയിലൂടെ നടക്കാന്‍ കുറച്ചുപേരേ തയ്യാറാകുന്നുള്ളു.
ഒരു വാനമ്പാടി മരക്കൊമ്പിലിരുന്ന് മധുരമായി പാടുകയായിരുന്നു. ഒരു വേടന്‍ അതിനെ പിടിച്ചു. അയാള്‍ അതിനെ കൊല്ലാനൊരുങ്ങി. വാനമ്പാടി ദൈന്യതയോടെ വേടന്റെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ടു പറഞ്ഞു, 'ദയവായി എന്നെ കൊല്ലരുതേ, എന്നെ വിടൂ.' വാനമ്പാടിയുടെ ദയനീയമായ അപേക്ഷ കേട്ട് വേടന്റെ മനസ്സലിഞ്ഞു. അത്യന്തം സന്തോഷത്തോടെ പാറിപ്പറന്ന് ഉല്ലാസത്തോടെ ജീവിക്കുന്ന വാനമ്പാടിയും ഹീനവും ക്രൂരവുമായ ജീവിതം നയിക്കുന്ന താനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വേടന്‍ ഒരു നിമിഷം ബോധവാനായി. അവന്‍ വാനമ്പാടിയോടു പറഞ്ഞു, 'ഞാന്‍ നിന്നെ വെറുതെ വിടാം. എന്നാല്‍ ഒരു നിബന്ധനയുണ്ട്. നിന്റെ സന്തോഷത്തിന്റെ രഹസ്യമെന്താണെന്നു നീ എന്നോടു പറയണം.' വാനമ്പാടി പറഞ്ഞു, 'എനിക്കു നിന്നെ ഭയമാണ്. ആദ്യം നീ എന്നെ മോചിപ്പിക്കൂ. അതുകഴിഞ്ഞ് എന്റെ സന്തോഷത്തിന്റെ രഹസ്യം ഞാന്‍ നിന്നോടു പറയാം.' വേടന്‍ പക്ഷിയെ മോചിപ്പിച്ചു. വേടന്റെ കൈകളില്‍നിന്ന് പറന്നകലുമ്പോള്‍ വാനമ്പാടി വിളിച്ചു പറഞ്ഞു, 'നിന്റെ ദുഃഖത്തിനും ദുരിതത്തിനും കാരണം നിന്നിലെ തിന്മയാണ്. നിന്റെ ഹൃദയത്തില്‍ ക്രൂരതയുടെ ഇരുള്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ ആരെയും ദുഃഖിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാറില്ല. ഞങ്ങളുടെ ഹൃദയത്തിലെ നന്മയാണ് ഞങ്ങളുടെ സന്തോഷത്തിനു കാരണം.' വാനമ്പാടിയുടെ വാക്കുകള്‍ വേടന്റെ കണ്ണു തുറപ്പിച്ചു. അവന്‍ തിന്മയുടെ മാര്‍ഗ്ഗം ത്യജിച്ച്, പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു.
നമ്മള്‍ ഓരോരുത്തര്‍ക്കും രാമനാകാം, രാവണനുമാകാം. രണ്ടിനുമുള്ള ശക്തി നമ്മളിലുണ്ട്. പക്ഷെ ആരാകണമെന്ന് നമുക്കുതന്നെ തീരുമാനിക്കാം. അധമ തലങ്ങളിലേയ്ക്കു വ്യാപരിക്കുക എന്നത് മനസ്സിന്റെ സ്വഭാവമാണ്. അതിനു പ്രേരണയേകുന്ന ശക്തിയാണ് കാമം. ആ ശക്തിയെ നിയന്ത്രിച്ച് ശരിയായ വഴിയിലൂടെ തിരിച്ചുവിട്ടാല്‍ അത് ദിവ്യപ്രേമത്തിന്റെ പവിത്രമായ പരിവര്‍ത്തനശക്തിയാകും.
നല്ല ചിന്തകള്‍ വളര്‍ത്താനും അതിലൂടെ മറ്റുള്ളവരെ സ്വാധീനിക്കുവാനും നമുക്കു ശ്രമിക്കാം. മറ്റുള്ളവരെ സ്‌നേഹിക്കാന്‍ ബുദ്ധിമുട്ടു തോന്നുകയാണെങ്കില്‍ വീട്ടുമുറ്റത്തുള്ള ചെടികളെയും മരങ്ങളെയും സ്‌നേഹിക്കാം. ക്രമേണ ആ സ്‌നേഹം വളര്‍ന്നു വിശാലമാകും. എല്ലാവരെയും ഉള്‍ക്കൊള്ളുവാനും ക്ഷമിക്കുവാനും സ്‌നേഹിക്കുവാനും നമുക്കു സാധിക്കും. നമ്മള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ തീര്‍ച്ചയായും ഒരു മാറ്റം കൊണ്ടുവരാന്‍ നമുക്കു കഴിയും.
ഇന്നു നമ്മള്‍ ലോകത്തു കാണുന്ന യുദ്ധവും, സംഘര്‍ഷവും, ഹിംസയും വെറും കാഴ്ച്ചക്കാരായി കണ്ടുനില്‍ക്കുന്നത് ശരിയല്ല. മറ്റുള്ളവരുടെ ദുഃഖവും ദുരിതവും കാണുമ്പോള്‍ നമ്മുടെ ഹൃദയമലിയണം. ഉള്ളിലെ കാരുണ്യം നമ്മുടെ പ്രവൃത്തികളില്‍ പ്രതിഫലിക്കണം. ലോകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒറ്റവാക്കില്‍ ഒരുത്തരമുണ്ടെങ്കില്‍ അത് കാരുണ്യമാണ്. രണ്ട് വാക്കില്‍ പറയുകയാണെങ്കില്‍ കാരുണ്യവും സ്‌നേഹവും. മൂന്നു വാക്കില്‍ പറയുകയാണെങ്കില്‍ കാരുണ്യം, സ്‌നേഹം, ക്ഷമ എന്നിവയാണ്. വ്യക്തിമനസ്സുകളില്‍ ഈ ഗുണങ്ങള്‍ വളര്‍ന്നാല്‍ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒരറുതിയുണ്ടാകും.
മാതാഅമൃതാനന്ദമയി
No comments:
Post a Comment