Sunday, November 24, 2019

ജ്ഞാനിയുടെ പ്രാരബ്ധങ്ങള്‍

Saturday 23 November 2019 2:12 am IST
വിദ്യാജ്ഞാനസാധനാധികരണം
ഇതില്‍ ഒരു സൂത്രമാണ് ഉള്ളത്.സൂത്രം -യദേവ വിദ്യയേതി ഹി
യാതൊരു കര്‍മ്മം വിദ്യകൊണ്ട് വീര്യവത്തരമാണ് എന്ന് പറഞ്ഞിട്ടുണ്ട്. കര്‍മ്മം ജ്ഞാനത്തോട് കൂടി എന്നിങ്ങനെ ശ്രുതിയില്‍ പറയുന്നതിനാല്‍ ജ്ഞാനം കര്‍മ്മത്തിന്റെ അംഗവാന്‍ സധ്യതയുണ്ട് എന്ന വാദത്തെ ഈ സൂത്രത്തില്‍ എതിര്‍ക്കുന്നു.വിദ്യ കര്‍മ്മാംഗമാണോ അല്ലയോ എന്നതിനെപ്പറ്റി വീണ്ടും വിചാരം ചെയ്യുകയാണ് ഇവിടെ. ബൃഹദാരണ്യകത്തില്‍ 'തമേതം വേദാനുവചനേന ബ്രാഹ്മണാ വിവിദിഷന്തി യജ്ഞേന ദാനേന' എന്ന് യജ്ഞം ജ്ഞാനാംഗമാണെന്ന് പറയുന്നു. ഛാന്ദോഗ്യത്തില്‍ ' യദേവ വിദ്യയാ കരോതി ശ്രദ്ധയോപനിഷദാ തദേവ വീര്യവത്തരം ഭവതി'  വിദ്യയോടു കൂടി ചെയ്യുന്ന കര്‍മ്മം വീര്യവത്താകുന്നു എന്നും വിദ്യാകര്‍മ്മ സമുച്ചയത്തെ പറയുന്നു. അതിനാല്‍ വിദ്യയോട് കൂടി ചെയ്യുന്ന കര്‍മ്മം കൂടുതല്‍ വീര്യവത്താകുമെന്ന് പറയുന്നതില്‍ വിദ്യകര്‍മ്മാംഗമാണെന്ന് നിര്‍ദ്ദേശിക്കുന്നു.
വീര്യവത്തരം എന്ന് പറയുന്നതിനാല്‍ വിദ്യയില്ലാതെയും കര്‍മ്മമുണ്ടെന്ന് വരുന്നു. എന്നാല്‍ ഇത് ശരിയല്ല, വിദ്യ എന്നതിന് ഉപാസന എന്നാണ് ഇവിടെ അര്‍ത്ഥമെടുക്കേണ്ടത്. ഛാന്ദോഗ്യത്തില്‍ കര്‍മ്മത്തിന്റെ അംഗമായ ഉദ്ഗീഥത്തിന്റെ ഉപാസനാ ക്രമത്തിലാണ് ഇത് പറയുന്നത്. അതിനാല്‍ വിദ്യ എന്നതിന് ഉപാസന എന്നല്ലാതെ ആത്മജ്ഞാനം എന്ന അര്‍ത്ഥത്തെ പറയാനാവില്ല.തന്മൂലം ആ മന്ത്രത്തിന് ഉപാസനയോടാണ് ബന്ധം. ആത്മവിദ്യയുമായി ബന്ധമില്ല.
ഇക്കാരണത്താല്‍ ഉപാസനാ പ്രകരണത്തില്‍ പറഞ്ഞ വിദ്യാ ശബ്ദത്തിന് പരമാത്മ ജ്ഞാനം എന്ന് അര്‍ത്ഥമില്ല. ജ്ഞാനികള്‍ക്ക് കര്‍മ്മത്തോടോ ഉപാസനയോടോ സംബന്ധമൊന്നുമില്ല. ഉപാസന വിഷയത്തിലെ വിദ്യയ്ക്ക് കര്‍മ്മവുമായി സംബന്ധമുണ്ടാകാം. എന്നാല്‍ പരമാത്മജ്ഞാനത്തിന് കര്‍മ്മത്തിനോട് യാതൊരു ബന്ധവുമില്ല. ജ്ഞാന കര്‍മ്മങ്ങള്‍ സമുച്ചയിക്കാനാവില്ല. ബ്രഹ്മവിദ്യക്ക് കര്‍മ്മവുമായി യാതൊരു സംബന്ധവുമില്ല.ഇതരക്ഷപണാധികരണം
ഇതിലും ഒരു സൂത്രം മാത്രംസൂത്രം - ഭോഗേന ത്വിതരേ
ക്ഷപയിത്വാ സംപദ്യതേ പ്രാരബ്ധ രൂപങ്ങളായ 
പുണ്യപാപകര്‍മ്മങ്ങളെ അനുഭവത്താല്‍ ക്ഷയിപ്പിച്ച് പരമപദത്തെ പ്രാപിക്കുന്നു. ജ്ഞാനിയുടെ പ്രാരബ്ധം എപ്പോഴാണ് അവസാനിക്കുന്നതെന്ന ജിജ്ഞാസയ്ക്കുള്ള മറുപടിയാണിത്. ജ്ഞാനിയുടെ സഞ്ചിത കര്‍മ്മങ്ങള്‍ നശിച്ചുപോകും. കര്‍മ്മങ്ങളോട് ബന്ധമില്ലാത്തതിനാല്‍ ആഗാമി കര്‍മ്മങ്ങള്‍ ഉണ്ടാവുകയുമില്ല. പ്രാരബ്ധ കര്‍മ്മങ്ങള്‍ക്ക് എങ്ങനെയാണ് ക്ഷയമുണ്ടാകുന്നത് എന്നതിനുള്ള സമാധാനമാണ് ഈ സൂത്രം. പ്രാരബ്ധ കര്‍മ്മങ്ങള്‍ ഫലം അനുഭവിക്കാന്‍ തുടങ്ങിയതിനാല്‍ അവ അനുഭവിച്ച് തന്നെ തീരണം. ജ്ഞാനിയുടെ ശരീരം നിലനില്‍ക്കുന്നത് തന്നെ ആ പുണ്യ പാപകര്‍മ്മങ്ങളുടെ ഫലമായാണ്. കര്‍മ്മഫലങ്ങളെ ശരീരം കൊണ്ട് അനുഭവിക്കുന്ന സമയത്തും അയാള്‍ നിഷ്‌കാമനും നിസ്സംഗനുമായിരിക്കും. അതിനാല്‍ കര്‍മ്മങ്ങള്‍ അയാളെ ബാധിക്കുന്നില്ല. കര്‍മ്മങ്ങള്‍ ക്ഷയിച്ചാല്‍ പിന്നെ ശരീരമെടുക്കേണ്ടി വരില്ല. ജ്ഞാനിയുടെ മരണത്തോടെ പ്രാരബ്ധ കര്‍മ്മങ്ങള്‍ ഒടുങ്ങുന്നു. ജ്ഞാനി ശരീരം വെടിയുന്നതോടെ ബ്രഹ്മവുമായി ചേര്‍ന്ന് മുക്തനാവുന്നു.ഇതോടെ നാലാം അദ്ധ്യായം ഒന്നാം പാദം തീര്‍ന്നു.

No comments: