Saturday, November 23, 2019

വൈഷ്ണവസമ്പ്രദായങ്ങളുടെ ഉല്‍പത്തി

Thursday 21 November 2019 3:31 am IST
റായ്ചൗധരി (ഏര്‍ലി ഹിസ്റ്ററി ഓഫ് ദി വൈഷ്ണവ സെക്റ്റ്) ഈ വാസുദേവസങ്കല്‍പ്പവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ ഇടയില്‍ അഞ്ചുതരം വിശദീകരണങ്ങള്‍ നിലവിലുള്ളതായി ചൂണ്ടിക്കാണിക്കുന്നു- (1) ഭാഗവതമതത്തിന്റെ ഉപജ്ഞാതാവായ വാസുദേവന്‍ വസുദേവപുത്രനും ക്ഷത്രിയനുമായ കൃഷ്ണന്‍ ആയിരുന്നില്ല. (2) വാസുദേവന്‍ ക്ഷത്രിയനാണെങ്കിലും കൃഷ്ണന്‍ ആയിരുന്നില്ല. (3) വാസുദേവകൃഷ്ണന്‍ ഒരു സൗരദേവത ആയിരുന്നു. (4) വാസുദേവകൃഷ്ണന്‍ ഒരു വനവാസിഗോത്രദേവത ആയിരുന്നു. (5) വാസുദേവകൃഷ്ണന്‍ ഒരു കാര്‍ഷികദേവത ആയിരുന്നു. ഈ അഞ്ചു നിഗമനങ്ങളും വസ്തുനിഷ്ഠമല്ല എന്നാണ് ചൗധരി പറയുന്നത്. വാസുദേവന്‍ യഥാര്‍ത്ഥത്തില്‍ മഥുരയിലെ വൃഷ്ണി എന്ന യാദവഗോത്രീയനായിരുന്നു എന്നും യമുനാ തീരത്തു രൂപം പൂണ്ട ഈ വൈഷ്ണവപ്രസ്ഥാനം ചില വൈദികധാരകളുടെയും അവൈദികങ്ങളായ സങ്കര്‍ഷണസമ്പ്രദായം മുതലായ പ്രാദേശികസമ്പ്രദായങ്ങളുടെയും സങ്കലനമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. കാലക്രമേണ വൈദികത്തിലെ വിഷ്ണു, നാരായണ കല്‍പ്പനകള്‍ യാദവഗോത്രത്തിന്റേ (വൃഷ്ണി-സാത്വത വിഭാഗം) തായ ഭാഗവതധര്‍മ്മത്തിലെ കേന്ദ്രബിന്ദുവായ വാസുദേവ-കൃഷ്ണകല്‍പ്പനയുമായി ഇഴുകിച്ചേരുകയായിരുന്നത്രേ.
ചൗധരിയുടെ അഭിപ്രായമനുസരിച്ച് ഈ കൂടിച്ചേരലിനു വഴി ഒരുക്കിയത് താഴെ പറയുന്നവ ആണ്. വ്യൂഹസിദ്ധാന്തം സങ്കര്‍ഷണാരാധനയേയും വാസുദേവാരാധനയേയും മറ്റും ചേര്‍ത്ത് ഭാഗവതസമ്പ്രദായം രൂപം കൊള്ളാന്‍ സഹായിച്ചു. അവതാരസിദ്ധാന്തം ഭാഗവതസമ്പ്രദായത്തേയും വിഷ്ണു- നാരായണ സമ്പ്രദായത്തേയും (വൈദികം) ഒരുമിപ്പിച്ച് വൈഷ്ണവസമ്പ്രദായമാക്കി. പുരുഷ-പ്രകൃതി സിദ്ധാന്തം ശ്രീ അഥവാ ലക്ഷ്മീസമ്പ്രദായത്തെ വൈഷ്ണവത്തിന്റെ ഭാഗമാക്കി. പിന്നീട് വൈദികസമ്പ്രദായവുമായും ഈ ഭാഗവതധര്‍മ്മം കൂടിക്കലരുകയും ഇന്നു നാം കാണുന്ന വൈഷ്ണവപ്രസ്ഥാനമായി പരിണമിക്കുകയും ചെയ്തു.
ശ്രദ്ധേയമായ മറ്റൊരു വസ്തുത ചില ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ ഈ വൈഷ്ണവപ്രസ്ഥാനം ക്രിസ്തുമതത്തിന്റെ ഒരു ഉപോല്‍പ്പന്നമാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു എന്നതാണ്. ജ. ഏലീൃഴശ, ടശൃ ണശഹഹശമാ ഖവീില,െ ജീഹശലൃ, ഗഹലൗസലൃ, ണലയലൃ   മുതലായ ആംഗ്‌ളോ-ജര്‍മ്മന്‍ പണ്ഡിതന്മാരാണ് ഈ വിചിത്രവാദം മുന്നോട്ടുവെച്ച് സ്ഥാ
പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചവരില്‍ പ്രമുഖര്‍. അയോധ്യ, യുധിഷ്ഠിര, യാദവ, അര്‍ജുന, ദുര്‍വാസ എന്നിവ ഖൗറമ, ഖീവി, ജലലേൃ എന്നീ പദങ്ങളില്‍ നിന്നും വന്നതാണെന്നും മറ്റും അവര്‍ വാദിച്ചു. ഭണ്ഡാര്‍ക്കറും റായ്ചൗധരിയും സുരേന്ദ്രനാഥ്ദാസ്ഗുപ്തയും ഈ ഗൂഢനീക്കം തികച്ചും തെറ്റാണെന്നും ക്രിസ്തുമതം ഭാരതത്തില്‍ വരുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വൈഷ്ണവസമ്പ്രദായം ഇവിടെ വേരൂന്നിയിരുന്നു എന്നും തെളിവുസഹിതം സമര്‍ഥിക്കുന്നുണ്ട്. തമിഴകത്തെ ആള്‍വാര്‍സിദ്ധന്മാരും നാഥമുനി, യാമുനാചാര്യര്‍ (ആള്‍വന്തര്‍) എന്നീ മഹത്തുക്കളും ആണ് ഉത്തരഭാരതത്തല്‍ ഉണ്ടായ ഈ വൈഷ്ണവപ്രസ്ഥാനത്തെ പരിപോഷിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്ത പ്രാചീനര്‍. പില്‍ക്കാലത്ത് രാമാനുജാചാര്യര്‍ക്കു പഥദര്‍ശികളായവരും ഇവര്‍ തന്നെ എന്നും റായ്ചൗധരി ചൂണ്ടിക്കാണിക്കുന്നുണ്ട്. ആള്‍വാര്‍പരമ്പരക്ക് ഭഗവദ്ഗീതയും ഭാഗവതത്തിന്റെ ഏതോ ആദിമരൂപവും അറിയാമായിരുന്നു എന്നും ചൗധരി പറയുന്നു.  
മഹാഭാരതത്തിലെ ശാന്തിപര്‍വത്തിലെ നാരായണീയഭാഗം അനുസരിച്ച് ഈ ഭാഗവതസമ്പ്രദായത്തിന് ഏകാന്തികധര്‍മ്മം (മോണോതീയിസ്റ്റിക്ക്) എന്നും പേരുണ്ടെന്നും വൃഷ്ണികുലക്കാര്‍ എന്നും സാത്വതന്മാരെന്നും വിളിക്കപ്പെടുന്ന വിഭാഗമാണ് ഇതിനെ പിന്തുടര്‍ന്നിരുന്നത് എന്നും ഭണ്ഡാര്‍ക്കര്‍ ചൂണ്ടിക്കാണിക്കുന്നു. ചിത്രശിഖണ്ഡികള്‍ എന്ന പേരിലറിയപ്പെട്ടവരാകാം ഇതിന്റെ ആദ്യകാലഉപഞ്ജാതാക്കള്‍. 
ഈ ഏകാന്തികധര്‍മ്മം അനുസരിച്ച് വാസുദേവനാണ് എല്ലാ ആത്മാക്കളിലും അന്തര്‍യാമി ആയ പരമാത്മാവ്. ആത്യന്തികസൃഷ്ടികര്‍ത്താവും ഇദ്ദേഹം തന്നെ. എല്ലാ ജീവജാലങ്ങളും ഈ വാസുദേവന്റെ രൂപമായ സങ്കര്‍ഷണനില്‍ കുടികൊള്ളുന്നു. ഈ സങ്കര്‍ഷണനില്‍ നിന്നും മനസ്സിന്റെ പ്രതീകമായ പ്രദ്യുമ്‌നന്‍ പിറക്കുന്നു. പ്രദ്യുമ്‌നനില്‍ നിന്നും ആത്മബോധരൂപമായ അനിരുദ്ധന്‍ ഉണ്ടാകുന്നു. പ്രളയകാലത്ത് ജീവജാലങ്ങളെല്ലാം വാസുദേവനില്‍ കുടികൊള്ളും. ഈ നാലിനേയും മൂര്‍ത്തികള്‍ എന്നും വ്യൂഹങ്ങള്‍ എന്നും പറയുന്നു. വാസുദേവന്റെ മൂന്നു പ്രകൃതികളായും മറ്റു മൂന്നിനേയും കരുതുന്നു. അവതാരങ്ങള്‍ ഉണ്ടാകുന്നതും ഈ വാസുദേവനില്‍ നിന്നു തന്നെ.
അഹിംസയെ പരമമായ ധര്‍മ്മമായി സ്വീകരിക്കുന്ന ഈ ഏകാന്തികധര്‍മ്മത്തെ ആണത്രേ വാസുദേവന്റെ അവതാരരൂപമായ കൃഷ്ണന്‍ ഭഗവദ്ഗീതയിലൂടെ അര്‍ജ്ജുനന് ഉപദേശിക്കുന്നത്. ഏകാന്തികധര്‍മ്മത്തെ അതായത് ഭക്തിമാര്‍ഗത്തെ വിശദമാക്കുന്ന ഏറ്റവും പ്രാചീനമായ ഗ്രന്ഥമായിട്ടാണ് ഭണ്ഡാര്‍ക്കര്‍ ഭഗവദ്ഗീതയെ കാണുന്നത്. ഭഗവദ്ഗീതയുടെ സാരത്തെ ഈ ദൃഷ്ടിയില്‍ അദ്ദേഹം വിവരിച്ചുകാണിക്കുന്നുണ്ട്. ഈ ഭാഗവതധര്‍മ്മത്തിന് പാഞ്ചരാത്രം എന്നും പറയും. വൈഖാനസാഗമം ഇതിന്റെ ഒരു പ്രധാനപ്പെട്ട ഗ്രന്ഥമാണ്. ഈ ഭഗവദ്ഗീത, ഭാഗവതധര്‍മ്മം ഒരു ദര്‍ശനപദ്ധതിയായി പരിണമിക്കുന്നതിനും മുമ്പുതന്നെ, എഴുതപ്പെട്ടിരിക്കാം എന്നാണ് ഭണ്ഡാര്‍ക്കറുടെ നിഗമനം. 
ഉപനിഷത്തുകള്‍ എഴുതപ്പെട്ട കാലം മുതല്‍, ദൈവവാദപരവും നിരീശ്വരവാദപരവും ആയ വ്യത്യസ്തസമ്പ്രദായങ്ങള്‍ ഘടനാപരമായി വ്യക്തത കൈവരിച്ച കാലം വരെ, ഭാരതത്തില്‍ പൊതുവായി നിലനിന്നിരുന്ന മത (റിലിജിയസ്) പരവും ധാര്‍മ്മിക (മോറല്‍) വുമായ ആശയാന്തരീക്ഷത്തിന്റെ സൃഷ്ടികളാണ് ഭഗവദ്ഗീതയും ആജീവക, ജൈന, ബൗദ്ധാദി ചിന്താധാരകളും എന്നാണ് ഭണ്ഡാര്‍ക്കറുടെ നിഗമനം. നിരീശ്വരവാദപരവും അതേസമയം ലൗകികജീവിതത്തില്‍ നിന്നും പിന്‍വാങ്ങിക്കൊണ്ട് ധാര്‍മ്മികാനുഷ്ഠാനങ്ങളില്‍ മുഴുകലും ആണ് മതത്തിന്റെ പരമമായ തലം എന്ന തരത്തില്‍ പ്രചരിച്ച മാതൃകക്കു ബദലെന്ന നിലക്ക് ഉപനിഷത്തുകളില്‍ കാണപ്പെടുന്ന ഈശ്വരവാദത്തിന്റെയും ഭക്തിയുടെയും ചിന്തകളെ കൂട്ടിയോജിപ്പിച്ച് അവതരിപ്പിച്ചതാകാം ഭഗവദ്ഗീതയിലെ സിദ്ധാന്തം എന്നും ഭണ്ഡാര്‍ക്കര്‍ പറയുന്നു. 

No comments: