Thursday, November 28, 2019

ത്രിപുരന്മാര്‍ക്കായി ഇനി അമൃത് ബാക്കിയില്ല

Thursday 28 November 2019 3:51 am IST
ത്രിപുരാസുരനിഗ്രഹം ആര്‍ക്കും ക്ഷിപ്രസാധ്യമല്ല. കാരണം ത്രിപുരാസുരന്‍ ശിവഭക്തനാണ്. മൃത്യുഞ്ജയമൂര്‍ത്തിയായ സാക്ഷാല്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹമുള്ളിടത്തോളം ത്രിപുരന്മാര്‍ക്കുമരണമില്ല. - ശ്രീനാരദമഹര്‍ഷിയുടെ വാക്കുകളെ സ്മരിച്ചുകൊണ്ട് സൂതന്‍ വിശദീകരിച്ചു.
അതിനാല്‍ മഹാവിഷ്ണുവിന്റെ മായയിലൂടെ ത്രിപുരാസുരനെ മോഹിതനാക്കണം. ത്രിപുരന്മാര്‍ മൂര്‍ത്തിത്രയത്തെയും തള്ളിപ്പറയുന്ന അവസ്ഥവരണം. ബ്രഹ്മാവിനെ നിഷേധിക്കാന്‍ ത്രിപുരര്‍ക്ക് വലിയ പ്രയാസമുണ്ടാകില്ല. വിഷ്ണുവിനെ ഭയപ്പാടോടെയെങ്കിലും നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്‌തേക്കാം. എന്നാല്‍ ശ്രീപരമേശ്വരനെക്കുറിച്ച് മറിച്ചെന്തെങ്കിലും പറയാന്‍ ത്രിപുരര്‍ക്ക് എളുപ്പമല്ല. 
'അഥ ദൈത്യാഃ മഹാവിഷ്ണു മായയാമോഹിതാഭൃശം 
ത്യക്ത്വാ വിഭൂതി, രുദ്രാക്ഷ, ശിവപൂജാ, ശ്രുതി സ്മൃതി'
എന്ന് സ്‌കന്ദ പുരാണത്തില്‍ പറയുന്നു. ഒരുമഹാശില്‍പ്പിയുടെ സഹായവും ത്രിപുരന്മാര്‍ക്കുണ്ടെന്ന് ശ്രീമദ് ഭാഗവതത്തില്‍ പറയുന്നു. അസുരന്മാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അമൃത് നിറച്ച ഒരു കുളത്തില്‍ മുക്കിയെടുത്ത് അവരെ ഉണര്‍ത്തിയെടുക്കാന്‍ അസുരശില്‍പ്പിക്ക് കരുത്തുണ്ട്. ആയിരംകൊല്ലം കൂടുമ്പോഴാണ് ത്രിപുരങ്ങളും ഒരുമിച്ചുചേരുക. ഈ സന്ദര്‍ഭത്തില്‍ മാത്രമേ ഇവരെ വധിക്കാനാകൂ.
ഇതെല്ലാം മൂര്‍ത്തിത്രയവും മറ്റുദേവന്മാരും ഒത്തുചേര്‍ന്ന് കൂടിയാലോചിച്ചു. ഓരോ പ്രശ്‌നങ്ങളും തരണം ചെയ്യാനുള്ള മാര്‍ഗങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചു. 
അസുരശില്‍പ്പി ഒരുക്കിയ അമൃതാല്‍ നിറയ്ക്കപ്പെട്ട കുളത്തിനരികില്‍ ഒരുദിവസം ഒരു പശുവും കിടാവും നടന്നെത്തി. പുല്ലുമേഞ്ഞ് നടക്കുകയായിരുന്നു ആ പശുവും കിടാവും. പക്ഷിമൃഗാദികള്‍ക്ക് അല്‍പ്പം അതിസ്വാതന്ത്ര്യമുണ്ടല്ലൊ. അതിനാല്‍ പുല്ലുമേഞ്ഞുനടന്ന ആ പശുവിനെയും കിടാവിനെയും അസുരന്മാര്‍ അത്ര ശ്രദ്ധിച്ചില്ല. മഹാവിഷ്ണുതന്നെയാണ് പശുവിന്റെ രൂപത്തില്‍ വന്നത്. കിടാവായി വന്നത് ബ്രഹ്മദേവന്‍ തന്നെയെന്ന് ശ്രീമദ് ഭാഗവതം പറുന്നു. ഈ പശുവും കിടാവും കൂടി പുല്ലുതിന്നശേഷം ആ കുളത്തിലിറങ്ങി അമൃതപാനം നടത്തി. ആ കുളത്തിലെ (അമൃതസരസ്സിലെ) അമൃതുമുഴുവന്‍ വറ്റി. 
'വത്സ ആസീത്തദാ ബ്രഹ്മാ സ്വയം വിഷ്ണുരയം ഹി ഗൗ
പ്രവിശ്യത്രിപുരം കാലേ രസകൂപാമൃതം പപൗ'
എന്നാണ് ശ്രീമദ് ഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത്. കൂര്‍മവും വരാഹവും നരസിംഹവും ഹയഗ്രീവനുമെല്ലാമായ ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന് പശുരൂപവും ക്ഷിപ്രസാധ്യം തന്നെ. വത്സസ്‌തേയത്തിലൂടെ ബ്രഹ്മാവിനെ കളിപ്പിച്ച ശ്രീഹരിബ്രഹ്മാവിനെ തന്റെ മായയിലൂടെ ഒരു വത്സമാക്കി മാറ്റിയതില്‍ അതിശയപ്പെടാനില്ലല്ലൊ. ത്രിപുരന്മാരെ വധിക്കാനുള്ള സമയം അടുത്തപ്പോഴേക്കും അമൃതുമുഴുവന്‍ വറ്റിയത് ഈശ്വരനിശ്ചയം.
മറ്റ് ദേവന്മാരെല്ലാം ശ്രീപരമേശ്വരനെ സഹായിക്കാന്‍ മഹാരുദ്രന്റെ അടുത്തുതന്നെയുണ്ടായിരുന്നു. ശ്രീ ഗണേശന്‍ തൊട്ടടുത്തുതന്നെ നിന്നു.

No comments: