Sunday, November 24, 2019

ഭഗവദ്ഗീതയുടെ ഉള്ളടക്കം

Saturday 23 November 2019 2:18 am IST
സുരേന്ദ്രനാഥ് ദാസ്ഗുപ്തയുടെ അഭിപ്രായത്തിലും ഏകാന്തി വൈഷ്ണവരുടെ സിദ്ധാന്തഗ്രന്ഥമാണ് ഭഗവദ്ഗീത. ഏകവ്യൂഹം, ദ്വിവ്യൂഹം, ത്രിവ്യൂഹം, ചതുര്‍വ്യൂഹം, ഏകാന്തം എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളടങ്ങിയ സാത്വതസമ്പ്രദായത്തിന്റെ അഥവാ പാഞ്ചരാത്ര സമ്പ്രദായത്തിന്റെ മൗലികഗ്രന്ഥമായ ഇതിന്റെ അവസാനപ്പതിപ്പാണത്രേ ദേവകീനന്ദനനായ കൃഷ്ണന്‍ മഹാഭാരതയുദ്ധത്തിന്റെ ആദ്യവേളയില്‍ അവതരിപ്പിച്ചത്. ആദ്യത്തേത് സാക്ഷാല്‍ നാരായണന്‍ ബ്രഹ്മാവിന് ഓതിയതാണ് എന്നു മഹാഭാരതത്തില്‍ പറയുന്നുണ്ട്.
           പില്‍ക്കാലങ്ങളില്‍ ഈ ഭഗവദ്ഗീതയെ ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ മുതലായ നിരവധി ആചാര്യന്മാര്‍ അവരവരുടെ സിദ്ധാന്തങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ വ്യാഖ്യാനിച്ചു പോന്നു. ജ്ഞാനേശ്വരി പ്രസിദ്ധമാണല്ലോ. ബാലഗംഗാധരതിലകനും ഗാന്ധിജിയും മറ്റും ആധുനികകാലത്ത് ഗീതാവ്യാഖ്യാനങ്ങള്‍ എഴുതി. കാശ്മീരശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആചാര്യഅഭിനവഗുപ്തനും ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് കൃഷ്ണസങ്കല്‍പ്പത്തിനും അതു വഴി ഭഗവദ്ഗീതയ്ക്കും ജനമധ്യത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യതയെ കാണിക്കുന്നു.
             ഭഗവദ്ഗീതയില്‍ വിവരിക്കുന്ന യോഗം, സാംഖ്യം എന്നിവയ്ക്ക് ഷഡ്ദര്‍ശനങ്ങളില്‍ പെടുന്ന പാതഞ്ജലയോഗവും കപിലന്റെ സാംഖ്യവും ആയി ബന്ധങ്ങളൊന്നുമില്ലെന്നാണ് ദാസ്ഗുപ്തയുടെ നിരീക്ഷണം. പ്രസിദ്ധങ്ങളായ ദശോപനിഷത്തുകളും പില്‍ക്കാലത്തെ യോഗോപനിഷത്തുക്കളുമായും ഇതിനു ബന്ധമില്ലത്രേ. യുജ് എന്ന ധാതുവിന് യുജ്ര്‍യോഗേ, യുജ് സമാധൗ, യുജ് സംയമനേ എന്നു മൂന്നു തരത്തില്‍ അര്‍ത്ഥം കല്‍പ്പിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'യോഗശ്ചിത്തവൃത്തിനിരോധഃ' എന്ന പതഞ്ജലിയുടെ നിര്‍വചനം അല്ല ഭഗവദ്ഗീതയുടെ കര്‍ത്താവ് സ്വീകരിച്ചിരിക്കുന്നത്. യോഗം എന്ന പദത്തെ ഗീതയില്‍ പല സ്ഥലങ്ങളിലും പല അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. എങ്കിലും യുജ്ര്‍യോഗേ (യോജിപ്പിക്കുക) എന്ന അര്‍ത്ഥമാണ് ഗീത മൗലികമായും സ്വീകരിച്ചിരിക്കുന്നത് എന്നു കാണാന്‍ കഴിയും.
       അതുപോലെ ത്രിഗുണങ്ങള്‍, പ്രകൃതി എന്നിവയെയും അവയുടെ വികൃതികളെയും ഈ ഗ്രന്ഥം വിവരിക്കുന്നുണ്ടെങ്കിലും സാംഖ്യം എന്ന പദത്തിന് ജ്ഞാനമാര്‍ഗം എന്ന അര്‍ത്ഥമാണ് ഗീത കല്‍പ്പിച്ചിരിക്കുന്നത്. സാംഖ്യം യോഗം തന്നെ ആണ് എന്നും അതില്‍ പറയുന്നു. മഹാഭാരതത്തില്‍ പാതഞ്ജലയോഗവും കപിലന്റെ സാംഖ്യദര്‍ശനവും പറയുന്നുണ്ട്. പക്ഷേ അതിലെ സാംഖ്യത്തിനും യോഗത്തിനും ഗീതയിലെ ആശയങ്ങളുമായി പൊരുത്തമില്ല. അതുപോലെ ബൗദ്ധദര്‍ശനത്തിലെ യോഗപദ്ധതിയുമായും ഗീതയുടെ ഉള്ളടക്കത്തിനു ബന്ധം കാണുന്നില്ല. എന്നാല്‍ പാതഞ്ജലയോഗത്തിന് ബൗദ്ധയോഗവുമായി ബന്ധം കാണാന്‍ കഴിയുമെന്നും ദാസ്ഗുപ്ത പറയുന്നു. അഹിര്‍ബുധ്‌ന്യസംഹിത      പോലുള്ള പാഞ്ചരാത്രഗ്രന്ഥങ്ങളുമായിട്ടാണ് ഭഗവദ്ഗീതയ്ക്ക് ആശയപരമായ പൊരുത്തം കാണാന്‍ കഴിയുന്നത്. ഗീതയിലെ തനത് യോഗ, സാംഖ്യസിദ്ധാന്തങ്ങളെ നിഷ്‌കൃഷ്ടമായി പഠിച്ച് വിശദീകരിക്കുകയും ഈശ്വരകൃഷ്ണനും മറ്റും അവതരിപ്പിച്ച സാംഖ്യം, പതഞ്ജലിയുടെ  യോഗം, ശങ്കരാചാര്യരുടെ വിവര്‍ത്തവാദം എന്നിവയുമായി തുലനം ചെയ്യുകയും ചെയ്യുന്ന ദാസ്ഗുപ്ത ഭഗവദ്ഗീതയുടെ ഉള്ളടക്കം ഇവയെല്ലാം രൂപപ്പെടുന്നതിനു മുമ്പുള്ള ഏതോ കാലത്തെ ചിന്താധാരകളുടെ സങ്കലനം ആണെന്ന നിഗമനത്തിലാണ് എത്തിച്ചേരുന്നത്.

No comments: