Thursday, November 21, 2019

ഇരുന്നുകൊണ്ടാവണം ഉപാസന

Wednesday 20 November 2019 2:27 am IST
നാലാം അദ്ധ്യായം മൂന്നാം പാദം
ആസീനാധികരണം
ഇതില്‍ 4 സൂത്രങ്ങളുണ്ട്.
സൂത്രം  - ആസീനഃ സംഭവാത്
ഇരുന്ന് കൊണ്ട് തന്നെ വേണം കാരണം എളുപ്പത്തില്‍ സാധിക്കുന്നതിനാല്‍ .ഉപാസനത്തിനുള്ള കര്‍മ്മാംഗങ്ങളെ ഒരോന്നായി ചിന്തിക്കുന്നു.
ഉപാസനം എന്നാല്‍ മനസ്സിനെ എല്ലാ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ച് ഒരേ ഒരു വിഷയത്തില്‍ തന്നെ ഏകാഗ്രമാക്കലാണ്. അതിന് ഏറ്റവും ഉത്തമം ഇരുന്നാണ്. എന്നാല്‍ നില്‍ക്കുകയും നടക്കുകയും കിടക്കുകയുമൊക്കെ ചെയ്യുമ്പോള്‍ മനസ്സ് പല വിഷയങ്ങളിലേക്കും ഓടിക്കൊണ്ടിരിക്കും. അതിനാലാണ് ഇരുന്നു കൊണ്ടു വേണം ഉപാസനം ചെയ്യാന്‍ എന്ന് പറഞ്ഞത്. മനസ്സിന് ഏകാഗ്രത കിട്ടണമെങ്കില്‍ ഇരുന്ന് തന്നെ ഉപാസിക്കണം.
സൂത്രം- ധ്യാനാച്ചധ്യാന സൗകര്യം ഉള്ളതിനാലും ഉപാസനത്തില്‍ പ്രധാനമായത് ധ്യാനമായതിനാല്‍ ഇരുന്നു കൊണ്ട് തന്നെ ചെയ്യുന്നതാണ് നല്ലത്. ധ്യാനത്തിന് ഏകാഗ്രത കിട്ടണമെങ്കില്‍ ഇരുന്ന് ധ്യാനിക്കണം.
സൂത്രം  -അചലത്വം ചാപേക്ഷ്യ ശരീരത്തെ അനക്കാതെ ഉപാസന ചെയ്യണം.
ഉപാസന ചെയ്യുമ്പോള്‍ ശരീരം നിശ്ചലമായിരിക്കണമെന്ന് ശ്രുതി പ്രത്യേകം പറയുന്നുണ്ട്.ശ്വേതാശ്വതരോപനിഷത്തില്‍ 'തിരുന്നതം സ്ഥാപ്യ സമം ശരീരം ഹൃദീന്ദ്രിയാണി മനസാ സന്നിവേശ്യ ബ്രഹ്മോഡുപേന പ്രതരേത വിദ്വാന്‍ സ്രോതാംസി സര്‍വാണി ഭയാവഹാനി 'തല, കഴുത്ത്, ശരീരം എന്നിവ ഉയര്‍ത്തി ദേഹം വളയാതെ സമമായി നിര്‍ത്തണം.
ഇന്ദ്രിയങ്ങളെ മനസ്സ് കൊണ്ട് ഹൃദയത്തില്‍ നിയന്ത്രിച്ച് ജ്ഞാനി ഓങ്കാരമാകുന്ന തോണിയില്‍ സംസാരത്തിലെ എല്ലാ ഭയങ്കര പ്രവാഹക്കളേയും തരണം ചെയ്യുന്നു. ഈ ശ്രുതി വാക്യത്തില്‍ ഇന്ദ്രിയങ്ങളുടേയും മനസ്സിന്റെയും ചലനമില്ലായ്മയെ കാണിക്കുന്നുണ്ട്.
സൂത്രം - സ്മരന്തി ചസ്മൃതികളിലും ഇതേപ്പറ്റി പറയുന്നു. ഭഗവദ് ഗീതയിലെ ധ്യാനയോഗത്തില്‍ 'സമം കായ ശിരോ ഗ്രീവം ധാരയന്നചലം സ്ഥിരഃ സംപ്രേക്ഷ്യ നാസികാഗ്രാം സ്വം ദിശശ്ചാനവലോകയന്‍ '
ശരീരവും തലയും കഴുത്തും നേര്‍വരയില്‍ വരുന്ന വിധം നിവര്‍ന്നിരിക്കണം. ഇളകാതെയിരിക്കണം. എന്നിങ്ങനെ ധ്യാനത്തിലിരിക്കുമ്പോള്‍ പുലര്‍ത്തേണ്ട രീതിയെക്കുറിച്ച് ഭഗവദ് ഗീതയിലും പറയുന്നുണ്ട്. ഇങ്ങനെ സ്മൃതിയും നീണ്ട് നിവര്‍ന്നിരുന്നുള്ള ഉപാസനയെ വ്യക്തമാക്കുന്നുണ്ട്.
ഏകാഗ്രതാധികരണം
സൂത്രം  യത്രൈകാഗ്രതാ തത്രാവിശേഷാത്
വിശേഷിച്ച് കാലദേശങ്ങളെപ്പറ്റി പറഞ്ഞിട്ടില്ലാത്തതിനാല്‍ എവിടെ മനസ്സ് ഏകാഗ്രമാകുന്നു അവിടെയിരുന്ന് ധ്യാനം ശീലിക്കാം. ധ്യാന പരിശീലനത്തിന് പ്രത്യേക സ്ഥലമൊന്നും ശ്രുതി നിര്‍ദ്ദേശിക്കുന്നില്ല.
ശ്വേതാശ്വതരോപനിഷത്തില്‍ (സമേ ശുചൗ ശര്‍ക്കരാ വഹ്നി വാലുകാ വിവര്‍ജ്ജിതേ ശബ്ദജലാശയാദിഭിഃ മനോനുകൂലേ ന തു ചക്ഷു പീഡനേ ഗുഹാനി വാതാശ്രയണേ പ്രയോജയേത്) സമനിരപ്പായതും അഴുക്കില്ലാത്തതും കല്ല്, തീ, മണല്‍, ശബ്ദം, ചതുപ്പ് തുടങ്ങിയവയില്ലാത്തതും മനസ്സിന് ആനന്ദം തോന്നിക്കുന്നതും കണ്ണിന് വിഷമമുണ്ടാക്കുന്ന കാഴ്ചകളില്ലാത്തതും ആയ സ്ഥലങ്ങളിലിരുന്ന് ധ്യാനം പരിശീലിക്കാം. അല്ലാതെ പ്രത്യേകിച്ച് സ്ഥലങ്ങളെയൊന്നും പറയുന്നില്ല. എവിടെ മനസ്സിന് ഏകാഗ്രതയുണ്ടാകുന്നുവോ അവിടെയിരുന്ന് ഉപാസന ചെയ്യാം. പ്രത്യേകം സ്ഥലം എന്ന നിഷ്‌കര്‍ഷയൊന്നുമില്ല.  

No comments: