ജ്ഞാനികളുടെ ആദിത്യലോകപ്രാപ്തി
Friday 29 November 2019 5:34 am IST
നാലാം അദ്ധ്യായം രണ്ടാം പാദം, രശ്മ്യധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്.സൂത്രം -രശ്മ്യനുസാരീ
ബ്രഹ്മസാക്ഷാത്കാരം നേടിയ ജ്ഞാനികള്‍ ദേഹം വെടിഞ്ഞ് ആദിത്യന്റെ രശ്മികളെ അനുസരിച്ച് ആദിത്യ ലോകത്തെത്തി പിന്നെ ബ്രഹ്മലോകം പ്രാപിക്കുന്നു. സൂര്യ ലോക ദ്വാരത്തിലൂടെയാണ് ബ്രഹ്മലോക പ്രാപ്തി നേടുന്നത്.ജ്ഞാനികളും അജ്ഞാനികളും ദേഹം വെടിഞ്ഞ ശേഷം പോകുന്ന മാര്‍ഗ്ഗത്തെയാണ് ഇവിടെ കാണിക്കുന്നത്. ബ്രഹ്മരന്ധ്രത്തിലൂടെയാണ് ജ്ഞാനികളുടെ ജീവന്‍ പുറത്ത് പോകുന്നത്.ജ്ഞാനികള്‍ ദേവയാന മാര്‍ഗ്ഗത്തിലൂടെ സൂര്യ ലോകത്തെത്തുന്നു. സൂര്യ ലോകമാണ് ബ്രഹ്മലോകത്തിലേക്കുള്ള പ്രവേശന വാടം.
അജ്ഞാനികള്‍ ദേഹത്തിലുള്ള മറ്റ് നാഡികളിലൂടെ പുറത്ത് പോയി ധൂമ മാര്‍ഗ്ഗത്തിലൂടെ ചന്ദ്ര ലോകത്തെത്തുന്നു. പക്ഷേ തിരിച്ചു വരേണ്ടി വരും. പുനര്‍ജന്മത്തിനായി ഈ ലോകത്തിലേക്ക് തന്നെ മടങ്ങും .ഇതാണ് പിതൃയാന മാര്‍ഗ്ഗം. സുര്യ ലോകത്തെത്തുന്നവര്‍ക്ക് തിരിച്ചുവരവില്ല. അവര്‍ നേരെ ബ്രഹ്മ ലോകത്തിലേക്ക് പോകുന്നു. ബ്രഹ്മവിദ്യാബലമില്ലാത്തവര്‍ക്ക് സൂര്യ ലോകത്തെത്തിയാലും തിരികെ വരണം.
സൂത്രം - നിശി നേതി ചേന്ന സംബന്ധസ്യ യാവദ്ദേഹഭാവിത്വാദ്ദര്‍ശയതി ച
രാത്രിയില്‍ സൂര്യരശ്മികളില്‍ കൂടി പോകാന്‍ സാധിക്കുകയില്ലല്ലോ എന്നാണെങ്കില്‍ അത് ശരിയല്ല. സൂര്യരശ്മികളും ദേഹത്തിലെ നാഡികളും തമ്മിലുള്ള സംബന്ധം എത്രയും കാലം ദേഹം നിലനില്‍ക്കുന്നുവോ അത്രയും കാലം ഉണ്ടാകും എന്ന് ശ്രുതിയില്‍ പറയുന്നു.സൂര്യലോകത്തിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട പൂര്‍വപക്ഷവും അതിനുള്ള സമാധാനവും ഇവിടെ പറയുന്നു. ജ്ഞാനികള്‍ ദേഹം വെടിയുമ്പോള്‍ സൂര്യരശ്മികളിലൂടെ ജീവന്‍ സൂര്യ ലോകത്തേക്ക് പോകുന്നുവെന്ന് പറഞ്ഞതിനെ പൂര്‍വപക്ഷം ചോദ്യം ചെയ്യുന്നു. ജ്ഞാനി മരിക്കുന്നത് രാത്രിയിലാണെങ്കില്‍ എങ്ങനെ സൂര്യരശ്മികളിലൂടെ പോകാനാകും. രാത്രി സൂര്യസാന്നിധ്യമില്ലല്ലോ...
മനുഷ്യ ശരീരത്തിലെ നാഡികളും സൂര്യരശ്മികളും തമ്മിലുള്ള ബന്ധമാണ്. രാത്രിയില്‍ സൂര്യനെ പ്രത്യക്ഷമായി കാണുന്നില്ല എങ്കിലും ജ്ഞാനിയുടെ ജീവന് സൂര്യരശ്മികളിലൂടെ സൂര്യ ലോകത്തെത്താന്‍ വിഷമമുണ്ടാകില്ല. ആദിത്യ മണ്ഡലത്തെ ഭേദിച്ച് ബ്രഹ്മലോകത്തെത്താനും തടസ്സമില്ല. ശരീരമാകുന്ന വ്യഷ്ടിയിലും പ്രപഞ്ചമാകുന്ന സമഷ്ടിയിലും സൂര്യരശ്മികള്‍ ഒരു പോലെ വ്യാപിക്കുന്നുവെന്ന് ഛാന്ദോഗ്യ ഉപനിഷത്തില്‍ പറയുന്നുണ്ട്.
ദക്ഷിണായനാധികരണം രണ്ടാം പാദത്തിലെ അവസാനത്തേതായ ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളുണ്ട്.
സൂത്രം -അതശ്ചായനേ/പി ദക്ഷിണേ
അതു കൊണ്ട് തന്നെ ദക്ഷിണായന കാലത്തും ശരീരം വെടിയുന്ന ജ്ഞാനി ബ്രഹ്മ പദത്തെ പ്രാപിക്കുന്നു. മനുഷ്യ ശരീരത്തിലെ നാഡികളും സൂര്യരശ്മികളും തമ്മിലുള്ള ബന്ധം കാരണം രാത്രിയിലേത് പോലെ തന്നെ ദക്ഷിണായന കാലത്തും ദേഹം വെടിയുന്ന ജ്ഞാനികള്‍ പരമപദത്തിലെത്തും.
ജ്ഞാനിയുടെ മുക്തിയ്ക്ക് ദക്ഷിണായന കാലം തടസ്സമേയല്ല. ഒരിക്കല്‍ ആത്മജ്ഞാനം നേടിയ ജീവന് പിന്നെ അതഃപതനമില്ല. ഭീഷ്മര്‍ എന്തിനാണ് ദേഹം വെടിയാനായി ഉത്തരായണ കാലം കാത്ത് കിടന്നത് എന്ന ചോദ്യമുണ്ടായേക്കാം. ഭീഷ്മര്‍ അഷ്ട വസുക്കളില്‍ ഒരാളായിരുന്നു. ശാപം കാരണം ഭൂമിയില്‍ പിറന്നതാണ്. അദ്ദേഹത്തിന് സ്വര്‍ഗ്ഗത്തില്‍ പോയി വസുക്കളോടൊപ്പം ചേരണം. ദക്ഷിണായന കാലം സ്വര്‍ഗ്ഗത്തിലെ രാത്രിയാണ്. ആ സമയം കഴിയാന്‍ വേണ്ടിയാണ് ശരശയ്യയിലായിട്ടും കാത്ത് കിടന്നത്. കഴിഞ്ഞ സൂത്രത്തില്‍ പറഞ്ഞതു പോലെ ജ്ഞാനിക്ക് ദക്ഷിണായന കാലത്ത് മരിക്കുന്നത് അമൃതത്വത്തെ നേടാന്‍ തടസ്സമാകില്ല. സാധരണ ജീവന്‍മാര്‍ക്ക് ദക്ഷിണായന കാലത്തെ മരണം വീണ്ടും ജനിക്കാനിട വരുത്തും.
സൂത്രം -യോഗിന: പ്രതി ച സ്മര്യതേ സ്മാര്‍ത്തേ ചൈതേ
യോഗികളെ കുറിച്ചാണ് സ്മൃതികള്‍ പറയുന്നത്.ഇവ സ്മാര്‍ത്തങ്ങളാണ്.
ദക്ഷിണായനത്തിലും രാത്രിയിലും ശരീരം വെടിയുന്നവര്‍ വീണ്ടും സംസാരത്തിലേക്ക് മടങ്ങിവരുന്നതായി ഭഗവദ് ഗീതയില്‍ പറയുന്നു. ഇവിടെ അതിന് വിരുദ്ധമായി പറയുന്നതെന്തെന്ന് സംശയമുണ്ടാകാം.ഗീതയില്‍ യോഗികളെ കണക്കിലെടുത്താണ് ഉത്തരായണ, ദക്ഷിണായന ഗതികളെപ്പറ്റി പറയുന്നത്. അത് ജ്ഞാനികളെ ഉദ്ദേശിച്ചല്ല. ജ്ഞാനി എല്ലായ്‌പ്പോഴും മുക്തനാണ്. കാലമോ ദേശമോ ഒന്നും അയാളുടെ മുക്തിക്ക് തടസ്സമാകില്ല. പുനരാവൃത്തിയുള്ളതും അല്ലാത്തതുമായ മാര്‍ഗ്ഗങ്ങള്‍ സ്മൃതിയുടെ കല്പനയാണ്. ശ്രുതി അങ്ങനെ പറയുന്നില്ല. ശ്രുതിയിലും സ്മൃതിയിലും എന്തെങ്കിലും കാര്യം വ്യത്യസ്തമായി പറഞ്ഞിട്ടുണ്ടെങ്കില്‍ ശ്രുതിയാണ് പ്രമാണമായി സ്വീകരിക്കേണ്ടത്. എങ്ങനെയായാലും ജ്ഞാനിയ്ക്ക് ബ്രഹ്മപദപ്രാപ്തി തന്നെ ലഭിക്കും.ഇതോടെ നാലാമദ്ധ്യായത്തിലെ രണ്ടാം പാദം അവസാനിച്ചു.
No comments:
Post a Comment