Wednesday, November 27, 2019

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം -135

Wednesday 27 November 2019 3:09 am IST
സിദ്ധാന്തവൈവിധ്യം 
മേല്‍പ്പറഞ്ഞ വൈദികവും അവൈദികവുമായ അനേകം ചിന്താധാരകള്‍ ക്രമേണ കൂടുതല്‍ കൂടുതല്‍ യുക്തിഭദ്രമായ ഘടന കൈക്കൊള്ളാന്‍ തുടങ്ങി. സുരേന്ദ്രനാഥ് ദാസ്ഗുപ്തയും ദേബീപ്രസാദ് ചട്ടോപാധ്യായയും ചൂണ്ടിക്കാണിച്ചതുപോലെ ഇവിടെ നിലനിന്നിരുന്ന ദാര്‍ശനികസംവാദത്തിന്റെ അന്തരീക്ഷം ഇതിന് ആക്കം കൂട്ടി. ജൈമിനി (മീമാംസ), ബാദരായണന്‍ (ബ്രഹ്മസൂത്രം), ഗോതമന്‍ (ന്യായം), കണാദന്‍ (വൈശേഷികം), കപിലന്‍ (സാംഖ്യം), ആജീവകാചാര്യന്മാര്‍, ചാര്‍വാകദര്‍ശനത്തിന്റെ ഉപജ്ഞാതാക്കള്‍, ജൈന, ബൗദ്ധചിന്തകര്‍ എന്നിങ്ങനെ നിരവധി ഹിന്ദുദാര്‍ശനികരെക്കുറിച്ച് ഗ്രന്ഥങ്ങളില്‍ പരാമര്‍ശം കാണാം. ശങ്കരാചാര്യരുടെ വിവര്‍ത്തവാദപരമായ അദ്വൈതമതസ്ഥാപനത്തിനു ശേഷമാണ് ഭക്തിപ്രധാനമായ വൈഷ്ണവസമ്പ്രദായത്തിന് യുക്തിബദ്ധമായ സൈദ്ധാന്തികഅടിത്തറ രൂപപ്പെടുന്നത്. ഭാസ്‌കരാചാര്യരുടെ ഭേദാഭേദവാദം, തമിഴകത്തെ ആള്‍വാര്‍മാരുടെ ഭക്തിമാര്‍ഗം, രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതം, 
നിംബാര്‍ക്കാചാര്യന്റെ ദ്വൈതാദ്വൈതം, മധ്വാചാര്യരുടെ ദ്വൈതം, വല്ലഭാചാര്യരുടെ ശുദ്ധാദ്വൈതം എന്നിവയാണ് പ്രധാനവൈഷ്ണവസിദ്ധാന്തങ്ങള്‍. ഇവ കൂടാതെ വൈഷ്ണവപുരാണങ്ങളിലെ വിഭിന്ന ആശയങ്ങളും വൈഷ്ണവതത്വചിന്തയുടെ വ്യത്യസ്തതലങ്ങളാണ്. 
ഭാസ്‌കരാചാര്യരുടെ ദര്‍ശനം ഭേദാഭേദവാദത്തിന്റെ ആദ്യഉപജ്ഞാതാക്കള്‍ ആശ്മരഥ്യന്‍, ഔഡുലോമി എന്നിവരാണെന്നും ഭാസ്‌കരാചാര്യര്‍ അതിന്റെ പില്‍ക്കാലസമര്‍ത്ഥകന്‍ ണെന്നും സി.വി. വാസുദേവഭട്ടതിരി (ഭാരതീയദര്‍ശനങ്ങള്‍) പറയുന്നു. ബ്രഹ്മസൂത്രത്തില്‍ ബാദരായണന്‍ ഇവരെ രണ്ടുപേരെയും പരാമര്‍ശിക്കുന്നുണ്ട്്. ഭാസ്‌കരാചാര്യരുടെ കാലം സി. ഇ.810 നൂറ്റാണ്ടുകള്‍ക്കുള്ളിലായിരിക്കാംഎന്നാണ് നിഗമനം. മൗലികതത്ത്വം ബ്രഹ്മം ആണ്്. ഇതിനെ പരമാത്മാവ്, ഈശ്വരന്‍ എന്നെല്ലാം പേരുകള്‍ പറയുന്നു. 
സത്തും അദ്വിതീയവുമായ ഈ ബ്രഹ്മം തന്നെയാണ് ജഗത്തിന്റെ ഉപാദാന, നിമിത്തകാരണങ്ങള്‍. ഈ കാരണബ്രഹ്മത്തില്‍ നിന്നും പരിണാമപ്രക്രിയയിലൂടെ ദൃശ്യപ്രപഞ്ചമെന്ന കാര്യബ്രഹ്മം ഉണ്ടായി. വെള്ളവും തിരയും പോലെ. വെള്ളത്തില്‍ തിര എന്നു പറയുമ്പോള്‍ വെള്ളത്തില്‍ നിന്നും തിരയ്ക്കു ഭേദവും തിര വെള്ളം തന്നെയായതിനാല്‍ അഭേദവും നമുക്കു പറയാം. അതുപോലെയാണ് ബ്രഹ്മവും പ്രപഞ്ചവും. ഇതാണ് ഭേദാഭേദവാദം. തന്മൂലം ജഗത്ത് മിഥ്യയുമല്ല. ജലത്തിന്റെ അവസ്ഥാഭേദമാണല്ലോ മഞ്ഞുകട്ട. അതു
പോലെ ബ്രഹ്മത്തിന്റെ അവസ്ഥാഭേദമാണ് പ്രപഞ്ചം. കാരണമായ ബ്രഹ്മത്തിലും കാര്യമായ പ്രപഞ്ചത്തിലും രൂപത്തിനോ അവസ്ഥക്കോ അല്ലാതെ സത്തക്കു മാറ്റമില്ല. ഉപാധികൃതമായ അതായത് ശരീരകൃതമായ ഭേദം അവസാനിക്കുമ്പോള്‍ ജീവന്‍ ബ്രഹ്മത്തില്‍ ലയിക്കുന്നു. 
അണുവായ ആത്മാവിന് സദ്യോമുക്തി, ക്രമമുക്തി എന്നിങ്ങനെ രണ്ടുതരത്തില്‍ മോക്ഷം കൈവരിക്കാം. കാരണബ്രഹ്മത്തെ മനനധ്യാനനിദിധ്യാസനങ്ങളാല്‍ സാക്ഷാല്‍ക്കരിച്ചു നേടുന്ന മുക്തിയാണ് സദ്യോമുക്തി. ജന്മജന്മാന്തരപുണ്യകര്‍മ്മാചരണത്തിലൂടെ ദേവയാനം വഴി ഹിരണ്യഗര്‍ഭനിലും പിന്നെ പരമാത്മാവിലും ലയിക്കലാണ് ക്രമമുക്തി. വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ പാലിച്ചുകൊണ്ട് ഭഗവത്പൂജാദികളും സത്കര്‍മ്മങ്ങളും അനുഷ്ഠിക്കുകയാണ് ക്രമമുക്തിയുടെ വഴി. ജീവന്മുക്തിയെ ഭാസ്‌കരന്‍ അംഗീകരിക്കുന്നില്ല. മരണാനന്തരം സംഭവിക്കുന്ന വിഷ്ണുപദപ്രാപ്തിയാണ് മുക്തി.
മായാവാദത്തെ നിരസിക്കുന്ന ഭാസ്‌കരാചാര്യര്‍ പാഞ്ചരാത്രത്തെ ശരിവെക്കുന്നു.ആള്‍വാര്‍മാര്‍ ഭാഗവതപുരാണത്തില്‍ ഭാരതത്തിന്റെ തെക്കേ അറ്റത്ത്താമ്രപര്‍ണ്ണി, കൃതമാല (വൈഗൈ), പയസ്വിനീ (പാലാര്‍), കാവേരീ, മഹാനദീ (പെരിയാര്‍) എന്നീ നദീതീരങ്ങളില്‍ വിഷ്ണുഭക്തരുടെ പരമ്പര പ്രത്യക്ഷപ്പെടുമെന്നു പറയുന്നുണ്ട്. ആധുനികകാലഗണനപ്രകാരം ഇവരുടെ കാലം സി. ഇ. 78 നൂറ്റാണ്ടുകളെന്നു കരുതിവരുന്നു. ചോളപാണ്ഡ്യരാജ്യങ്ങളില്‍ ഭക്തിപ്രസ്ഥാനം ജനസാമാന്യത്തില്‍ പടരുന്ന കാലമായിരുന്നു എന്നും അതേ സമയംശങ്കരാചാര്യരുടെ അദ്വൈതവേദാന്തപ്രസ്ഥാനവും ചിന്താശീലരുടെ ഇടയില്‍ ചര്‍ച്ചാവിഷയമായ സമയവുമായിരുന്നു ന്നെും കാണാം. വിഷ്ണുഭക്തിയില്‍ആണ്ടവരായതുകൊണ്ടാണത്രേ ഈ പേരു വന്നത്. ഭക്തിമാര്‍ഗത്തിലെ പ്രപത്തി(ശരണാഗതി) എന്ന ആശയം ഇവരുടെ അകമഴിഞ്ഞ ഭഗവത്‌പ്രേമത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണത്രേ. നാലായിരം സ്തുതികളടങ്ങുന്ന നാലായിരദിവ്യപ്രബന്ധമാണ് ഇവരുടെ ഭക്തിഗീതങ്ങളുടെ പ്രധാനകലവറ. നാഥമുനിയുടെയോ രാമാനുജന്റെയോ കാലത്താകണം ഇവ ശേഖരിക്കപ്പെട്ടതെന്നു ദാസ്ഗുപ്ത കരുതുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ മദ്രാസ് പ്രസിഡന്‍സിയുടെ നാനാഭാഗത്തുനിന്നും വന്നവരാണിവര്‍. ഇവരില്‍ ഏഴുപേര്‍ ബ്രാഹ്മണരും ഒരാള്‍ ക്ഷത്രിയനും രണ്ടു പേര്‍ ശൂദ്രരും ഒരാള്‍ പാണര്‍വിഭാഗത്തിലും പെട്ടവരാണെന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ കുലശേഖരആള്‍വാര്‍ കേരളദേശത്തുനിന്നുമാണ് എന്നു ചില പണ്ഡിതന്മാര്‍ പറയുന്നു. പെരിയ ആള്‍വാരുടെ ദത്തു
പുത്രിയായ ആണ്ഡാള്‍ സ്വയം ഗോപികയാണെന്നു കരുതി കൃഷ്ണഭക്തിയില്‍ ആറാടി കാലം കഴിച്ചു. ആള്‍വാര്‍മാരുടെ ഭക്തിസിദ്ധാന്തത്തെ ദാസ്ഗുപ്ത വിവരിക്കുന്നുണ്ട്. ഭാരതത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് രൂപം കൊണ്ട ശ്രീകൃഷ്ണലീലാചരിതം അതിവിശദമായി ആള്‍വാര്‍പരമ്പരക്ക് അറിയാമായിരുന്നു. നാഥമുനി, യാമുനാചാര്യര്‍, രാമാനുജന്‍ എന്നിവര്‍ ആള്‍വാര്‍മാരുടെ ഭക്തിലഹരിയില്‍ നിന്നും പ്രേരണഉള്‍ക്കൊണ്ടവരായിരുന്നു. എങ്കിലും സിദ്ധാന്തപരമായി ചില അഭിപ്രായഭേദങ്ങള്‍ ഉണ്ടായിരുന്നു. രാമാനുജാചാര്യരുടെ അഷ്ടാദശരഹസ്യാര്‍ത്ഥവിവരണം,
അഷ്ടാദശഭേദനി ര്‍ണ്ണയം എന്നീ കൃതികളിലും വേങ്കടനാഥന്റെ രചനകളിലും മറ്റും ഇവയെ എണ്ണിപ്പറയുന്നുണ്ട്. ആള്‍വാര്‍മാരില്‍ നിന്നും പ്രേരണ ലഭിച്ചനാഥമുനി, യാമുനാചാര്യര്‍ എന്നിവരെ അളഗിയര്‍ എന്നു വിളിക്കുന്നു.
ആള്‍വാര്‍മാര്‍ കേവലഭക്തിയില്‍ ആണ്ടവരായിരുന്നെങ്കില്‍ അ ളഗിയര്‍ ഭക്തിയുടെ യുക്തിയും തേടിപ്പോയവരത്രെ. നാഥമുനി മുതല്‍ക്കാണീ പരമ്പര എന്ന് ദാസ്ഗുപ്ത പറയുന്നു.
രാമാനുജവേദാന്തം രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതമാര്‍ഗത്തിന് ശ്രീസമ്പ്രദായമെന്നും പറയും. ബ്രഹ്മസൂത്രത്തിന് അദ്ദേഹം എഴുതിയ വ്യാഖ്യാനത്തിന് ശ്രീഭാഷ്യം എന്നാണ് പേര്‍. ഇതില്‍ നിന്നാണ് ശ്രീസമ്പ്രദായമെന്ന പേരു വന്നത് എന്നു വാസുദേവഭട്ടതിരി പറയുന്നു. നാഥമുനി, യാമുനാചാര്യര്‍ തുടങ്ങിയ പാഞ്ചരാത്രാചാര്യന്മാരുടെ പാതപിന്തുടര്‍ന്നാണ് രാമാനുജന്‍ തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്നത്.
ശങ്കരാചാര്യരുടെ വിവര്‍ത്തവാദഭാഷ്യത്തിനു മുമ്പുതന്നെ ബ്രഹ്മസൂത്രത്തിനു ഭേദാഭേദസിദ്ധാന്തപരമായ വ്യാഖ്യാനങ്ങള്‍ ദ്രമിഡാചാര്യരും മറ്റും രചിച്ചു എന്നു യാമുനാചാര്യര്‍ തന്റെ സിദ്ധിത്രയത്തില്‍ പറയുന്നു. ശിക്ഷാകല്‍പാദിഷഡംഗങ്ങളോടു കൂടിയ വേദത്തെ ഈ സമ്പ്രദായികള്‍ പ്രമാണമായി അംഗീകരിക്കുന്നു. ഈ മതത്തില്‍ ചിത്ത്, അചിത്ത്, ഈശ്വരന്‍ എന്നു മൂന്നു തത്വങ്ങളെ കല്‍പ്പിച്ചിരിക്കുന്നു. 'ചിത്തും അചിത്തും ഈശ്വരന്റെ അവയവങ്ങളാണ്. അതായത് ഈശ്വരന്‍ ചിദചിദ്വിശിഷ്ടനാണ്. ഈ കല്‍പ്പനയില്‍ നിന്നാണ് വിശിഷ്ടാദ്വൈതം എന്ന പേരു വന്നത്. ചിത്ത് എന്നാല്‍ ജീവാത്മാവ്. ദേഹം, ഇന്ദ്രിയങ്ങള്‍, ബുദ്ധി, മനസ്സ്, പ്രാണന്‍ എന്നിവ ചേര്‍ന്നതാണ് ജീവാത്മാവ്. ആത്മാക്കള്‍ നിത്യന്മാരാണ്. സമുദ്രവും തരംഗങ്ങളും പോലെ പരമാത്മാവും ജീവാത്മാക്കളും അഭിന്നമാണ്. 

No comments: