ബ്രഹ്മഭൂതനായ ജീവന്മുക്തന്‍
Wednesday 27 November 2019 3:55 am IST
പ്രതിഷേധാധികരണം
ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്
സൂത്രം പ്രതിഷേധാദിതി ചേന്ന ശാരീരാത്
ജീവന്‍ മുക്തന്റെ ദേഹത്തില്‍ നിന്ന് പ്രാണങ്ങള്‍ ഉത്ക്രമിക്കുന്നില്ല എന്ന് നിഷേധിച്ചിരിക്കുന്നതിനാല്‍ അയാളുടെ പ്രാണന് ഉത്ക്രാന്തിയോ ഊര്‍ധ്വ ലോക ഗമനമോ ഇല്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല. ശരീരത്തില്‍ നിന്ന് ജീവന്‍ വിട്ടു പോകുന്നതിനെയാണ് അവിടെ പറഞ്ഞത്.
കാമനകളും വാസനകളുമെല്ലാം നശിച്ച് ജീവന്‍ മുക്തനായ ആളെ ക്കുറിച്ച് ശ്രുതി ബ്രഹ്മം തന്നെയായി പറയുന്നു. ബൃഹദാരണ്യകത്തില്‍ 'ന തസ്യ പ്രാണാ ഉത്ക്രാമന്തി ബ്രഹ്മൈവ സന്‍ ബ്രഹ്മാപ്യേ തി' അയാള്‍ ബ്രഹ്മമായിത്തീര്‍ന്ന് ബ്രഹ്മ പദത്തെ പ്രാപിക്കുന്നു എന്ന് പറയുന്നു. ഇവിടെ പ്രാണക്കളുടെ ഉത്ക്രമത്തെ പറ്റി സംശയിക്കേണ്ടതില്ല. ദേഹത്തില്‍ നിന്നല്ല ആത്മാവില്‍ നിന്നാണ് എന്നതാണ് ഇവിടത്തെ സൂചന.
ബ്രഹ്മഭൂതനായ ജീവന് പിന്നെ ബ്രഹ്മലോകത്തിലേക്ക് പോകേണ്ടതില്ല. ജീവന്‍ മുക്തി നേടിയ ജീവന്‍ ബ്രഹ്മലോകത്തില്‍ തന്നെയിരിക്കുന്നു. ജീവന്‍ മുക്തന് പിന്നെ ഉത്ക്രമണമോ ഗതിയോ ഉണ്ടാകില്ല.
സൂത്രം സ്പഷ്ടോ ഹ്യേകേഷാം
ചിലരുടെ മതത്തില്‍ മരണാനന്തരം ഗതിയില്ലെന്ന് സ്പഷ്ടമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെ ചിലരുടെ എന്നതുകൊണ്ട് മാധ്യന്ദിന ശാഖക്കാരെയാണ് ഉദ്ദേശിക്കുന്നത്. അവര്‍ ബൃഹദാരണ്യക മന്ത്രത്തിന്‍ ' ന തസ്യ പ്രാണാ ഉത്ക്രാമന്തി എന്ന തിന് പകരം ന തസ്മാത് പ്രാണാ ഉത്ക്രാമന്തി 'എന്ന പാഠമാണ് സ്വീകരിച്ചിരിക്കുന്നത്. അതായത് അയാളില്‍ നിന്ന് പ്രാണങ്ങള്‍ ഉത്ക്രമിക്കുന്നില്ല എന്നറിയണം.ഇന്ദ്രിയങ്ങളും മനസ്സും വിട്ടു പിരിയാതിരിക്കുന്നത് മുക്തപുരുഷനെയാണ് ദേഹത്തെയല്ല. ജീവന്‍ മുക്തരായവര്‍ അതിനു ശേഷവും ലോകത്തില്‍ ജീവിക്കുന്നുണ്ട്. പ്രാരബ്ധം അവസാനിക്കുന്നതുവരെ പ്രാണനും മനസ്സും അവരുടെ കൂടെയുണ്ടാകും.. പ്രാരബ്ധം തീരുമ്പോള്‍ ദേഹം ഉപേക്ഷിച്ച് ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു എന്ന് ഉപനിഷത്തുക്കളും വ്യക്തമാക്കുന്നു. ആത്മസാക്ഷാത്കാരം സിദ്ധിച്ച മഹാത്മാവിന് ലോകാന്തര ഗമനം ആവശ്യമില്ല.
സൂത്രം സ്മര്യതേ ച
സ്മൃതികളിലും ഇത് പറഞ്ഞിട്ടുണ്ട്. ജീവന്‍ മുക്തനുമായി ബന്ധപ്പെട്ട ഇക്കാര്യം ഭഗവദ്ഗീത, മനുസ്മൃതി മുതലായ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്.മുക്ത പുരുഷന്‍ നിഷ്‌കാമനും നിര്‍വാസനനും ആപ്ത കാമനും ആത്മാരാമനുമാണ്. ജീവന്‍ മുക്തന് മരണശേഷം പരലോകത്തിലേക്ക് ഉള്ള പോക്കോ ബ്രഹ്മ പ്രാപ്തിയോ ഉണ്ടാവുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാള്‍ ബ്രഹ്മഭൂതനായിത്തീരും.ഇത് ഗീതയും മറ്റ് സ്മൃതികളിലും പറയുന്നുണ്ട്. ജീവിതകാലത്ത് പൂര്‍ണ്ണ സംസാര നിവൃത്തി വരുത്തി ബ്രഹ്മത്തെ പ്രാപിച്ചയാള്‍ ബ്രഹ്മഭൂതനായിത്തീരുന്നു. പിന്നെ മരണാനന്തര ഗമനത്തെക്കുറിച്ച് പറയേണ്ടതു പോലുമില്ല.
No comments:
Post a Comment