ശരീരവും മനസ്സും മാറിക്കൊണ്ടിരിക്കുകയാണെന്ന അനുഭവം ഏവര്‍ക്കും ഉള്ളതാണ്. എന്നാല്‍ ഈ മാറ്റങ്ങള്‍ക്ക് സാക്ഷിയായ 'ഞാന്‍' എന്ന ഉണ്മയോ? അത് മാറുന്നില്ല, പരിണമിക്കുന്നില്ല! കാലവും പ്രായവും അതിനെ ബാധിച്ചിട്ടില്ല! എന്നതിനാല്‍ അതിന് നാശമില്ലെന്നു വ്യക്തമാണ്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ പ്രശ്നങ്ങളെല്ലാം ഉണ്മയുടെ പേരിലല്ല, നശിച്ചുകൊണ്ടിരിക്കുന്ന ശരീരമനസ്സുകളുടെ പേരിലാണെന്നു കാണാം. പ്രശ്നങ്ങളെല്ലാം ജഡത്തെപ്രതിയാണല്ലോ!
ആയതിനാല്‍ 'അപരിഹാര്യമായ' പ്രശ്നങ്ങളാണ് ശരീരമനസ്സുകളെ പ്രതി നമുക്ക് ഉള്ളതെന്ന് നാം തിരിച്ചറിയണം. മാറിക്കൊണ്ടിരിക്കുന്നത് ഭൗതികതയാണല്ലോ? മാറ്റമില്ലാത്തത് എന്താണോ അത് ഭൗതികതയ്ക്ക് അതീതമാണ്. അങ്ങനെയൊരു ഉണ്മ 'ഞാന്‍' എന്ന സാക്ഷിചൈതന്യമായ് ഇപ്പോഴേ നമുക്ക് അനുഭവത്തില്‍ ഉണ്ടല്ലോ? ഭൗതികനിയമത്തിന് പുറത്തുനില്‍ക്കുന്ന അതിലൂടെ വേണം സുഖദുഃഖ ചക്രമാകുന്ന ഈ ഭൗതിക നിയമങ്ങളെ ജയിക്കുവാന്‍! ഈശ്വരസാക്ഷാല്‍ക്കാരത്തിലേയ്ക്ക് എത്തുവാന്‍! മനസ്സിന്‍റെയും ശരീരത്തിന്‍റെയും പേരില്‍ പരസ്പരം കലഹിക്കാതെ ''ഞാന്‍ ശരീരമല്ല, ഞാന്‍ മനസ്സല്ല, ഞാന്‍ നാശരഹിതമായ ആത്മാവാണ് '' എന്നറിഞ്ഞ് മനസ്സിനെയും ശരീരത്തെയും നോക്കിക്കാണുക. മറ്റുള്ളവരുടെ ശരീരത്തെ നാം നോക്കിക്കാണുമ്പോലെ സ്വന്തം ശരീരത്തെയും നമുക്ക് നോക്കിക്കാണുവാന്‍ കഴിയുന്നുണ്ടല്ലോ? അതല്ലാതെ അവയോട് തന്മയീഭവിക്കുകയാണെങ്കില്‍ അവിടെയാണ് അവിദ്യ! മായ! അത് ദുഃഖം തരുന്നു. വിദ്യകൊണ്ടല്ലാതെ അവിദ്യാദുഃഖം മാറുന്നതിന് മറ്റൊരു പരിഹാരമാര്‍ഗ്ഗങ്ങളും ഇല്ല!
ഓം.
ഓം.
krishnakumar kp
No comments:
Post a Comment