Thursday, November 21, 2019

പാപങ്ങളകലുന്ന പരമാത്മ സാക്ഷാത്ക്കാരം

Thursday 21 November 2019 3:45 am IST
നാലാം അദ്ധ്യായം ഒന്നാം പാദം
ആപ്രായണാധികരണം
ഇതില്‍ ഒരു സൂത്രമാണ് ഉള്ളത്.
സൂത്രം - ആപ്രായണാത്തത്രാപി ഹി ദൃഷ്ടം
മരണം വരെയും ഉപാസന ചെയ്യണം. എന്തെന്നാല്‍ അവിടെയും ഉപാസന ചെയ്യണമെന്ന് ശ്രുതി സ്മൃതികളില്‍ പറഞ്ഞിട്ടുണ്ട്.
എത്രകാലം ഉപാസനയുടെ ആവര്‍ത്തനം വേണം എന്നതാണ് അടുത്ത ചോദ്യം. അതിന് വിധിയോ നിയമമോ ഇല്ല. ഉപാസനയുടെ ഫലം ആത്മസാക്ഷാത്കാരം നേടിക്കഴിഞ്ഞാര്‍ പിന്നെ ഉപാസനം വേണമെന്നില്ല എന്ന് ശ്രുതി പറയുന്നുണ്ട്. അല്ലെങ്കില്‍ മരണം വരെയും ഉപാസന ചെയ്യണം. ഈ ജന്മത്തില്‍ അതിന്റെ ഫലം കിട്ടുന്നില്ലെങ്കില്‍ അടുത്ത ജന്മം ആ ഫലം ലഭിക്കുമെന്ന് ഭഗവദ്ഗീതയില്‍ പറയുന്നു. യം യം വാ 
പി സ്മരന്‍ ഭാവം ത്യജത്യന്തേ കളേബരം തം തമേ വൈതി കൗന്തേയ സദാ തദ്ഭാവ ഭാവിതഃ ദേഹം വെടിയുന്ന നേരത്ത് എത് ഭാവമാണോ അതിനെ അടുത്ത ജന്മത്തിലും പ്രാപിക്കും. 'പ്രയാണ കാലേ മനസാ ചലേന.... 'മരണസമയത്ത് ഇളകാത്ത മനസ്സിനാല്‍ ഏതിനെ ഭാവിക്കുന്നുവോ അതിനെ പ്രാപിക്കുമെന്ന് ഗീതയില്‍ കാണം. അതിനാല്‍ സാധകന്‍ മരണം വരെ ഉപാസിക്കണം.
തദധിഗമാധികരണം
ഇതിലും ഒരു സൂത്രമേ ഉള്ളൂ
സൂത്രം  - തദധിഗമ ഉത്തര 
പൂര്‍വാഘയോരശ്ലേഷ വിനാശൗ തദ് വ്യപദേശാത്
പരമാത്മ സാക്ഷാത്കാരം സിദ്ധിച്ചാല്‍ പിന്നീടുണ്ടാകുന്നതും മുമ്പുണ്ടായിട്ടുള്ളതും ആയ പാപങ്ങളുടെ ബന്ധമില്ലായ്മയും നാശവും ഉണ്ടാകുന്നു. അങ്ങനെ ശ്രുതിയില്‍ പറയുന്നുണ്ട്.
ആത്മസാക്ഷാത്കാരം നേടിയ ആള്‍ക്ക് പിന്നെ പാപമുണ്ടാകുകയില്ല എന്ന് ശ്രുതിയില്‍ പറയുന്നു.ഛാന്ദോഗ്യത്തില്‍ 'യഥാ പുഷ്‌കരപലാശ ആപോ ന ശ്ലിഷ്യന്ത ഏവമേവം വിദി പാപം കര്‍മ്മ ന ശ്ലിഷ്യതേ' താമരയിലയില്‍ വെള്ളം പറ്റി നില്‍ക്കാത്തതു പോലെ ജ്ഞാനിയില്‍ പാപം നില്‍ക്കുന്നില്ല.
മുണ്ഡകത്തില്‍ 'ക്ഷീയന്തേ ചാസ്യ കര്‍മ്മാണി തസ്മിന്‍ ദൃഷ് ടേപരാവരേ' ബ്രഹ്മസാക്ഷാത്കാരമുണ്ടായാല്‍ അയാളുടെ എല്ലാ പാപങ്ങളും നശിക്കും. ഇതു പോലെ പല ശ്രുതികളിലും ബ്രഹ്മസാക്ഷാത്കാരം നേടിയ മഹാത്മാവിന് പാപ സ്പര്‍ശമുണ്ടാകില്ല എന്ന് പറയുന്നു. അയാളെ സംബന്ധിച്ച് സഞ്ചിതമായോ ആഗാമിയായോ കര്‍മ്മങ്ങളൊന്നുമുണ്ടാകില്ല. ജ്ഞാനി നിഷ്‌കാമനും നിസ്സംഗനുമാകയാല്‍ അങ്ങനെ ചെയ്യുന്ന കര്‍മ്മം അയാളെ ബന്ധിക്കില്ല. അറിവില്ലായ്മയില്‍ നിന്നാണ് കര്‍മ്മങ്ങള്‍ ഉണ്ടാകുന്നത്. ജ്ഞാനം നേടിയാല്‍ പിന്നെ അജ്ഞാനത്തിന് നിലനില്‍പ്പില്ല. അതിനാല്‍ ആത്മജ്ഞാനിക്ക് കര്‍മ്മങ്ങളോ അതിന്റെ ഫലമായുള്ള പാപമോ ഉണ്ടാകില്ല.

No comments: