ശിവാനന്ദലഹരി – ശങ്കരാചാര്യര്‍ (41-45)
പാപോത്പാതവിമോചനായ രുചിരൈശ്വര്യായ മൃത്യുംജയ
സ്തോത്രധ്യാനനതിപ്രദക്ഷിണസപര്യാലോകനാകര്‍ണ്ണനേ |
ജിഹ്വാചിത്തശിരോംഘ്രിഹസ്തനയനശ്രോത്രൈരഹം പ്രാര്‍ത്ഥിതോ
മാമാജ്ഞാപയ തന്നിരൂപയ മുഹുര്മാമേവ മാ മേഽവചഃ || 41 ||
മൃത്യുഞ്ജയ! – യമനെ കീഴടക്കിയവനെ!; പാപോത്പാതവിമോചനായ – പാപത്തിന്റെ ഉപദ്രവത്തില്‍ നിന്നും മോചനം നല്‍ക്കുന്നതിന്നും; രുചിരൈശ്വര്‍യ്യായ – ശാശ്വതമായ ഐശ്വര്‍യ്യത്തിന്നായും; സ്ത്രോത്രധ്യാനനതി പ്രദക്ഷിണസപര്‍യ്യാലോകനാകര്‍ണ്ണനേ – നാമകീര്‍ത്തനം, ധ്യാനം, നമസ്കാരം, പ്രദക്ഷിണം, അര്‍ച്ചന, ദര്‍ശനം, ആകര്‍ണ്ണനം എന്നിവയില്‍; ജിഹ്വാചിത്ത ശിരോംഘ്രിഹസ്ത നയനശ്രോത്രൈഃ – നാവ്, മനസ്സ്, ശിരസ്സ്, പാദം, കൈയ്യ്, കണ്ണ്, ചെവി എന്നിവയാല്‍; അഹം പ്രാര്‍ത്ഥിതഃ – ഞാന്‍ അപേക്ഷിക്കപ്പെട്ടവനായിരിക്കുന്നു; മാം ആജ്ഞാപയ – എനിക്കു അനുജ്ഞനല്‍കിയാലും; തത് മാം – അതിനെപറ്റി എന്നെ; മുഹുഃ നിരുപയ – അടിക്കടി ഓര്‍മ്മപ്പെടുത്തിയാലും; മേ അവചഃ – എനിക്കു മൂകനായിരിക്കുക എന്ന അവസ്ഥ; മാ ഏവ – വേണ്ടവേ വേണ്ട.
ഹേ മൃത്യംജയ! പാപത്തില്‍നിന്ന് നിവൃത്തനാവുന്നതിന്നും, ശാശ്വതമായ ഐശ്വര്‍യ്യം ലഭിക്കുന്നതിന്നുവേണ്ടിയും ഭവാന്റെ സ്ത്രോത്രം, ധ്യാന, നമസ്കാരദികള്‍ക്കായി എന്റെ ജിഹ്വ, ചിത്തം, ശിരസ്സ് മുതലായവ എന്നോടു അഭ്യര്‍ത്ഥിക്കുന്നു. എനിക്കതിന്നു അനുജ്ഞനല്‍കി അനുഗ്രഹിച്ചാലും; എന്നെ അടിക്കടി സ്മരിപ്പിച്ചാലും; എനിക്കു മൂകനായുക എന്ന അവസ്ഥയേ വേണ്ട!
ഗാംഭീര്യം പരിഖാപദം ഘനധൃതിഃ പ്രാകാര ഉദ്യദ്ഗുണ-
സ്തോമശ്ചാപ്തബലം ഘനേന്ദ്രിയചയോ ദ്വാരാണി ദേഹേ സ്ഥിതഃ |
വിദ്യാവസ്തുസമൃദ്ധിരിത്യഖിലസാമഗ്രീസമേതേ സദാ
ദുര്‍ഗ്ഗാതിപ്രിയദേവ മാമകമനോദുര്‍ഗ്ഗേ നിവാസം കുരു || 42 ||
ദുര്‍ഗ്ഗാതിപ്രിയദേവ – ദുര്‍ഗ്ഗത്തിലതിപ്രിയനായ (ദുര്‍ഗാദേവിയില്‍ പ്രിയമേറിയവനായ) ഭഗവന്‍!; പരിഖാപദം – കിടങ്ങിന്റെ സ്ഥാനത്ത്; ഗാംഭീര്‍യ്യം ഘനധൃതിഃ – ഗംഭീരതയും കുറവറ്റ ധൈര്‍യ്യമായ; പ്രാകാരഃ – മതില്‍ക്കെട്ടും; ഉദ്യദ്ഗുണസ്തോമഃ – ശുഷ്കാന്തിയോടെ മുന്നിട്ടുനില്‍ക്കുന്ന ഗുണഗണങ്ങളായ; ആപ്തബലം – വിശ്വസിക്കത്തക സൈന്യവും; ദേഹേ സ്ഥിതഃ – ശരീരത്തിലുള്ള; ഘനേന്ദ്രിയചയഃ – ഇന്ദ്രിയങ്ങള്‍ക്കെല്ലാമധിഷ്ഠാനമായ നവദ്വാരങ്ങളെന്ന; ദ്വാരാണി – ഗോപുരങ്ങളും(പ്രവേശനദ്വാരങ്ങളും) വിദ്യാ ശിവതത്വജ്ഞാനമാകുന്ന വിദ്യയെന്ന; വസ്തുസമൃദ്ധിഃ ഇതി – ഭണ്ഡാരവും എന്നീവിധമുള്ള; അഖിലസാമഗിസമേതേ – എല്ലാവിധ സാമഗ്രികളും തികഞ്ഞ; മാമകമനോദുര്‍ഗേ – എന്റെ മനസ്സാകുന്ന കോട്ടയില്‍; സദാ നിവാസം – കുരു എല്ലായ്പോഴും നിവസിച്ചാലും.
പര്‍വ്വതദുര്‍ഗ്ഗത്തില്‍ അതിപ്രിയമുള്ളവനായ ഭഗവന്‍! മനസ്സിന്റെ ഗാംഭീര്‍യ്യമാകുന്ന(ആഴമേറിയ) കിടങ്ങും ആരാലും ഭേദിക്കുവാന്‍ കഴിയാത്ത ധൈര്‍യ്യമായ മതില്‍ക്കെട്ടും സാത്വികഗുണങ്ങളായ വിശ്വസ്തമായ സൈന്യവും ഇന്ദ്രിയങ്ങള്‍ക്കെല്ലാമധിഷ്ഠാനമായ നവദ്വാരങ്ങളെന്ന പ്രവേശനദ്വാരങ്ങളും ശിവതത്വജ്ഞാനവിദ്യയാകുന്ന ഭണ്ഡാരവും ഇങ്ങിനെ സകലസാമഗ്രികളും തികച്ചും തികഞ്ഞിരിക്കുന്ന എന്റെ ഹൃദയമാകുന്ന കോട്ടയില്‍ എന്നും നിന്തിരുവടി അധിവസിച്ചരുളിയാലും.
മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ ഭോ മയ്യേവ വാസം കുരു
സ്വാമിന്നാദികിരാത മാമകമനഃകാന്താരസീമാന്തരേ |
വര്‍ത്തന്തേ ബഹുശോ മൃഗാ മദജുഷോ മാത്സര്യമോഹാദയ-
സ്താന്‍ ഹത്വാ മൃഗയാവിനോദരുചിതാലാഭം ച സംപ്രാപ്സ്യസി || 43 ||
സ്വാമിന്‍ ! – ജഗദീശ്വര!; ആദികിരാത! – ഒന്നാമത്തെ കാട്ടളനായുള്ളോവേ!; ഭോ ഗിരിശ! – ഹേ പര്‍വ്വതവാസിന്‍!;
ത്വം ഇതസ്തതഃ – ഭവാന്‍ ഇങ്ങുമങ്ങും; മാ ഗച്ഛ – (വേട്ടക്കായി)ചുറ്റിത്തിരിയേണ്ട; മയ്യേവ വാസം കുരു – എന്നില്‍തന്നെ വാസമുറപ്പിച്ചാലും; മാമകമനഃകാന്താരസീമാന്തരേ – എന്റെ മനസ്സാകുന്ന വന്‍കാട്ടിന്‍ നടുവില്‍; മദജുഷഃ – മദംകൊണ്ട മാത്സര്‍യ്യമോഹാദയഃ – മത്സരബുദ്ധി ആഗ്രഹം മുതലായ; മൃഗാഃ ബഹുശഃ – മൃഗങ്ങള്‍ കൂട്ടംകൂട്ടമായി; വര്‍ത്തന്തേഃ – ചുറ്റിത്തിരിയുന്നുണ്ട്; താന്‍ ഹത്വാ – അവയെ കൊന്ന്; മൃഗയാവിനോദരുചിതലാഭം ച സംപ്രാപ്സ്യസി – വേട്ടയാടി കാലം കഴിക്കുന്നതില്‍ ആശയുള്ളവനായിരിക്കുന്നതിന്റെ ഫലത്തെ; സംപ്രാപ്സ്യസി – പ്രാപിക്കുക.
ത്വം ഇതസ്തതഃ – ഭവാന്‍ ഇങ്ങുമങ്ങും; മാ ഗച്ഛ – (വേട്ടക്കായി)ചുറ്റിത്തിരിയേണ്ട; മയ്യേവ വാസം കുരു – എന്നില്‍തന്നെ വാസമുറപ്പിച്ചാലും; മാമകമനഃകാന്താരസീമാന്തരേ – എന്റെ മനസ്സാകുന്ന വന്‍കാട്ടിന്‍ നടുവില്‍; മദജുഷഃ – മദംകൊണ്ട മാത്സര്‍യ്യമോഹാദയഃ – മത്സരബുദ്ധി ആഗ്രഹം മുതലായ; മൃഗാഃ ബഹുശഃ – മൃഗങ്ങള്‍ കൂട്ടംകൂട്ടമായി; വര്‍ത്തന്തേഃ – ചുറ്റിത്തിരിയുന്നുണ്ട്; താന്‍ ഹത്വാ – അവയെ കൊന്ന്; മൃഗയാവിനോദരുചിതലാഭം ച സംപ്രാപ്സ്യസി – വേട്ടയാടി കാലം കഴിക്കുന്നതില്‍ ആശയുള്ളവനായിരിക്കുന്നതിന്റെ ഫലത്തെ; സംപ്രാപ്സ്യസി – പ്രാപിക്കുക.
ഹേ ജഗദീശ! ആദികിരാത! പര്‍വ്വതവാസിന്‍ , ഭവാന്‍ വേട്ടയ്ക്കായി ഇങ്ങുമങ്ങും അലഞ്ഞുനടക്കേണ്ട. എന്റെ മനസ്സാകുന്ന വന്‍കാട്ടിന്‍ നടുവില്‍ മത്സരം, ദുരാഗ്രഹം തുടങ്ങിയ അനേകം മൃഗങ്ങള്‍ കൂട്ടംകൂട്ടമായി ചുറ്റിത്തിരിയുന്നുണ്ട്. അതിനാല്‍ എന്നില്‍തന്നെ വാസമുറപ്പിച്ച് അവയെ കൊന്നുകൊണ്ട് മൃഗയാവിനോദംകൊണ്ടുള്ള സുഖമനുഭവിച്ചാലും.
കരലഗ്നമൃഗഃ കരീന്ദ്രഭംഗോ
ഘനശാര്‍ദൂലവിഖണ്ഡനോഽസ്തജന്തുഃ |
ഗിരിശോ വിശദാകൃതിശ്ച ചേതഃ-
കുഹരേ പഞ്ചമുഖോസ്തി മേ കുതോ ഭീഃ || 44 ||
കരലഗ്നമൃഗഃ – കയ്യില്‍ കനേന്തിയവനായും; കരീന്ദ്രഭംഗഃ – ഗജാസുരന്റെ ദര്‍പ്പമടക്കിയ(വധിച്ച)വനായും; ഘനശാര്‍ദൂല വിഖണ്ഡനഃ – ഭയങ്കരനായ വ്യാഘ്രാസുരനെ കൊന്നവനായും; അസ്തജന്തുഃ – (തന്നില്‍ )ലയിച്ച ജീവജാലങ്ങളോടു കൂടിയവനായും; ഗിരിശഃ – പര്‍വ്വതത്തില്‍ പള്ളികൊള്ളുന്നവനായും; വിശദാകൃതിഃ ച – സ്വച്ഛമായ തിരുമേനിയോടു കൂടിയവനുമായ; പഞ്ചമുഖഃ – അഞ്ചുശിരസ്സുകളോടുകൂടിയ പരമേശ്വരന്‍ ; മേ ചേതഃകഹരേ – എന്റെ ഹൃദയമാകുന്ന ഗുഹയില്‍; അസ്തി – ഇരുന്നരുളുന്നുണ്ട്; ഭീഃ കുതഃ – ഭയപ്പെടുന്നതെന്തിന്ന് ?
കയ്യില്‍ മാനേന്തി, ഗജാസുരനേ കൊന്ന് ഭയങ്കരനായ വ്യാഘ്രാസുരനേയും വധിച്ച് ജീവജാലങ്ങളെല്ലാം തന്നില്‍ ലയിക്കെ, പര്‍വ്വതത്തില്‍ പള്ളികൊള്ളുന്ന സ്വച്ഛമായ തിരുവുടലാര്‍ന്ന അഞ്ചു ശിരസ്സുകളുള്ള ഈശ്വരനെന്ന സിംഹം എന്റെ ഹൃദയമാകുന്ന ഗുഹയില്‍ ഇരുന്നരുളുമ്പോള്‍ ഭയത്തിന്നവകാശമെവിടെ ?
ഛന്ദഃശാഖിശിഖാന്വിതൈര്‍ദ്വിജവരൈഃ സംസേവിതേ ശാശ്വതേ
സൌഖ്യാപാദിനി ഖേദഭേദിനി സുധാസാരൈഃ ഫലൈര്‍ദ്വീപിതേ |
ചേതഃപക്ഷിശിഖാമണേ ത്യജ വൃഥാസംചാരമന്യൈരലം
നിത്യം ശങ്കരപാദപദ്മയുഗലീനീഡേ വിഹാരം കുരു || 45 ||
ചേതഃപക്ഷി – ശിഖാമണേ! മനസ്സാകുന്ന ഉത്തമപക്ഷിന്‍ ! ഛന്ദഃശാഖിശിഖാന്വിതൈഃ – വേദങ്ങളാകുന്ന വൃക്ഷങ്ങളുടെ കൊമ്പുക(ഉപനിഷത്തുക)ളോടുകൂടിയതും; ദ്വിജവരൈഃ – ബ്രഹ്മണശ്രേഷ്ഠന്മാരാല്‍ (ഉത്തമപക്ഷികളാല്‍ ); സംസേവിതേ – വിട്ടുപിരിയാതെ ആശ്രയിക്കപ്പെട്ടതും; ശാശ്വരേ – നാശമില്ലാത്തതും; സൗഖ്യാപാദിനി – സുഖത്തെ നല്‍കുന്നതും; ഖേദഭേദിനി – തളര്‍ച്ചയെ തീര്‍ക്കുന്നതും;സുധാസാരൈഃ – അമൃതനിഷ്യന്ദികളായ; ഫലൈഃ ദീപിതേ – ഫലങ്ങള്‍കൊണ്ട് പ്രകാശിക്കുന്നതുമായ; ശങ്കരപാദപദ്മയുഗളീനീഡേ ശ്രീശംഭുവിന്റെ പൊല്‍ത്താരടിയിണകളാകുന്ന കൂട്ടില്‍ ; നിത്യം വിഹാരം – കുരു എല്ലായ്പോഴും ക്രീഡിച്ചുകൊണ്ടു വാഴുക; വൃഥാ – യാതൊരു ഉപകാരവുമില്ലാതെ; സഞ്ചാരം ത്യജ – അലഞ്ഞുനടക്കുന്നതിനെ വിട്ടൊഴിക്കുക; അന്യൈഃ അലം – മറ്റുള്ളവരെ തിരഞ്ഞ നടന്നതുമതി.
ഹൃദയമാകുന്ന ശ്രേഷ്ഠഖഗമേ! വേദവൃക്ഷത്തിന്റെ ശാഖക(ഉപനിഷത്തുക)ളോടുകൂടിയതും ദ്വിജവര്‍യ്യന്മാരാല്‍ പരിസേവിക്കപ്പെട്ടതും നാശമില്ലാത്തതും സൗഖ്യത്തെ നല്‍കുന്നതും തളര്‍ച്ചയില്ലാതാക്കുന്നതും അമൃതനിഷ്യന്ദികളായ ഫലങ്ങള്‍കൊണ്ടുപശോഭിക്കുന്നതുമായ ശ്രീ ശംഭുവിന്റെ കാലിണകളാകുന്ന കൂട്ടില്‍തന്നെ എന്നും ക്രീഡിച്ചമര്‍ന്നുകൊള്ളുക. വെറുതെ അലഞ്ഞു നടക്കേണ്ട. മറ്റുള്ളവയെ തിരഞ്ഞു നടന്നതുമതി.
No comments:
Post a Comment