Thursday, November 16, 2017

ഉപനിഷത്തിലൂടെ
കേനേഷിതം പതതി പ്രേഷിതം മനഃ
കേനപ്രാണഃ പ്രഥമഃ പ്രൈതിയുക്തഃ
കേനേഷിതാം വാചമിമാം വദന്തി
ചക്ഷുഃ ശ്രോതം ക ഉ ദേവോയുനക്തി
ശിഷ്യന്റെ നാലു ചോദ്യങ്ങളോടെയാണ് ഈ ഉപനിഷത്ത് ആരംഭിക്കുന്നത്. (1) ആരുടെ ആഗ്രഹത്താല്‍ പ്രേരിതനായിട്ടാണ് മനസ്സ് വിഷയങ്ങളില്‍ ചെന്നു വീഴുന്നത്? (2) മുഖ്യനായ പ്രാണന്‍ ആരാല്‍ പ്രേരിപ്പിക്കപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്? (3) ആര് ആഗ്രഹിച്ചിട്ടാണ് വാക്കിനെ പറയുന്നത്? (4) കണ്ണ്, കാത് എന്നിവയെയൊക്കെ ഏതു ദേവനാണ് പ്രവര്‍ത്തിക്കാന്‍ നിയോഗിക്കുന്നത്?
അന്തഃകരണം, പ്രാണന്‍, കര്‍മേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍ എന്നിവ ആരുടെ പ്രേരണയാലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ചോദ്യം. ഇവ നാലും നമ്മുടെ ഉപകരണങ്ങളാണ്. പക്ഷേ ഇവ സ്വതവെ ജഡങ്ങളാണ്. ഇവ നാലും പ്രവര്‍ത്തിക്കുന്നതിനാലാണ് നമ്മുടെ ജീവിതം സുഗമമാകുന്നത്. അതിനാല്‍ ഇവയ്ക്ക് ചോദന നല്‍കുന്നതാര് എന്നറിയാനുള്ള താല്‍പര്യം സ്വാഭാവികം മാത്രം. ജഡങ്ങളായ കരണങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സചേതനമായ ഒരു ശക്തിയുടെ പ്രേരണ അത്യാവശ്യമാണ്. അവ സ്വയം പ്രവര്‍ത്തനക്ഷമം അല്ലല്ലോ. നമ്മെ ലോകവുമായി ബന്ധിപ്പിക്കുന്ന ഈ ഉപകരണങ്ങള്‍ നല്ലതു മാത്രമല്ല ചിലപ്പോള്‍ ഇഷ്ടക്കേടും അപകടവും ആകുന്നുണ്ട്. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം ഇവ അഃന്തകരണം. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍-പ്രാണന്‍ വാക്, കൈ, കാല്, വിസര്‍ജനേന്ദ്രിയം, ജനനേന്ദ്രിയം-അഞ്ച് കര്‍മേന്ദ്രിയങ്ങള്‍. കാത്, തൊലി, കണ്ണ്, നാക്ക്, മൂക്ക്-പഞ്ച ജ്ഞാനേന്ദ്രിയങ്ങള്‍.
ഇവയുടെ ശരിയായ പ്രവര്‍ത്തനമില്ലാതെ നമ്മുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ല. അതിനാല്‍ ആരുടെ ഇച്ഛയ്ക്കനുസരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത് അല്ലെങ്കില്‍ ആരാണ് ഇവയെ പ്രവര്‍ത്തിപ്പിക്കുന്നതെന്നുമാണ് വളരെ ആകാംക്ഷയോടെ ശിഷ്യന്‍ ഗുരുവിനോട് ചോദിക്കുന്നത്. പ്രേഷിതാ എന്നതിന് ‘പ്രേഷിതം ഇവ’ അയയ്ക്കപ്പെട്ടത് എന്നപോലെ എന്ന് അര്‍ത്ഥം എടുക്കണം. പ്രാണന്‍ എന്നതിന് പ്രാണവായു എന്നും അര്‍ഥമെടുക്കണം. പ്രാണന് പ്രഥമഃ എന്ന വിശേഷണം നല്‍കിയത് പ്രാണവായുവിന്റെ ചലനമുണ്ടെങ്കിലേ ഇന്ദ്രിയങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാകൂ എന്നതിനാലാണ്. ചൈതന്യസ്വരൂപമായ ആരോ അല്ലെങ്കില്‍ എന്തോ ഉള്ളതുകൊണ്ടുതന്നെയാണ് എല്ലാം വേണ്ടവിധം പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ശിഷ്യന് അറിയാം എന്ന് ഇതില്‍ നിന്ന് കരുതാം.
ഗുരുവിന്റെ മറുപടിയാണ് അടുത്ത മന്ത്രം-
ശ്രോത്രസ്യ ശ്രോത്രം മന സോമനോ യദ്
വാചോ ഹ വാചം സ ഉ പ്രാണസ്യപ്രാണഃ
ചക്ഷുഷശ്ചക്ഷുരതിമുച്യധീരാഃ
പ്രേത്യസ്മാല്ലോകാദമൃതാ ഭവന്തി
കാതിന്റെ കാതും മനസ്സിന്റെ മനസ്സും വാക്കിന്റെ വാക്കും പ്രാണന്റെ പ്രാണനും കണ്ണിന്റെ കണ്ണുമാണ് അത്. ഇപ്രകാരം ആത്മസ്വരൂപത്തെ അറിഞ്ഞ് ഇന്ദ്രിയങ്ങള്‍ ആത്മാവെന്ന തെറ്റായ ഭാവത്തെ വെടിയുന്ന ധീരന്‍ ഈ ലോകത്തെ വിട്ട് അമൃതത്വത്തെ നേടുന്നു.
ആത്മാവാണ് എല്ലാ ഇന്ദ്രിയങ്ങളെയും മനസ്സിനെയും പ്രാണനെയുമൊക്കെ പ്രവര്‍ത്തിപ്പിക്കുന്നത്. കാതിന് ശബ്ദത്തെ അറിയാനുള്ള കഴിവ് കൊടുക്കുന്നതും മനസ്സിന് ചിന്തിക്കാനുള്ള കഴിവും നല്‍കുന്നതും വാക്കിന് (നാക്കിന്) സംസാരിക്കാനുള്ള ശേഷിയെ കൊടുക്കുന്നതും പ്രാണന് ചലനശക്തിയെ നല്‍കുന്നതും കണ്ണിന് കാണാന്‍ സാധിപ്പിക്കുന്നതും അവയ്ക്ക് ഒക്കെ പുറകില്‍ പ്രചോദനമായിരിക്കുന്ന ആത്മാവാണ്. ബുദ്ധിമാന്മാരായ ആളുകള്‍ ഇക്കാര്യമറിഞ്ഞ് ഇന്ദ്രിയങ്ങളില്‍നിന്നും മറ്റും ആത്മാവിനെ വേര്‍തിരിച്ച് മരണമില്ലാത്ത തലത്തിലേക്ക് എത്തുന്നു. ഇന്ദ്രിയങ്ങള്‍ക്കോ പ്രാണനോ മനസ്സിനോ സ്വയം ഒന്നുമാകില്ല. അവ ആത്മാവെന്ന തോന്നല്‍ വെറും ഭ്രമമാണ്. ആ തെറ്റിദ്ധാരണയെ വെടിയലാണ് വേണ്ടത്. ‘ധീ’യെ അഥവാ ബുദ്ധിയെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നവരാണ് ധീരന്മാര്‍. വാസ്തവത്തെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവയിലുള്ള ആത്മഭാവത്തെ ഉപേക്ഷിച്ചു.
മരണമില്ലാത്തവനായിത്തീരുന്നു. ദേഹം തുടങ്ങിയവയ്ക്കാണ് മരണം, അവയൊന്നും ആത്മാവല്ല എന്നറിയുമ്പോള്‍ അറിയുന്നവനും മരണമുണ്ടാകില്ല എന്ന് മനസ്സിലാക്കണം. ലൗകിക സുഖഭോഗങ്ങളില്‍ കുടുങ്ങി കിടക്കുന്നതുതന്നെ ഒരുതരത്തില്‍ മരണമാണ്. ഇവയില്‍നിന്ന് വേറിട്ടിരിക്കാന്‍ കഴിയണമെങ്കില്‍ ആത്മജ്ഞാനം കൂടിയേതീരൂ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണത്തിനപ്പുറമെത്താം. ഏഷണാത്രയത്യാഗം ഇന്ദ്രിയലോകത്തില്‍നിന്ന് നമ്മെ മുക്തരാക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഈ ലോകം മിഥ്യയാണെന്നറിയുന്നത് ഏഷണാത്രയത്തില്‍ നിന്നും മുക്തനാക്കും.
വാസ്തവത്തില്‍ ആത്മാവിന് ധര്‍മങ്ങളൊന്നുമില്ല. ഇന്നപോലെയാണ് എന്നു തീര്‍ത്തുപറയാനും കഴിയില്ല. അനുഭൂതികൊണ്ട് അറിയണം. ചേതനയില്ലാത്ത വാഹനങ്ങളുള്‍പ്പെടെ പലതും സചേതനമായ ഒന്നിന്റെ സാന്നിദ്ധ്യംകൊണ്ട് പ്രവര്‍ത്തിക്കുന്നത് നമുക്കറിയാം. പ്രവര്‍ത്തിപ്പിക്കുന്ന ഒരാളോ മറ്റെന്തെങ്കിലുമോ വേണം. പലപ്പോഴും പ്രവര്‍ത്തിപ്പിക്കുന്നവരെ നമുക്ക് കാണാന്‍ സാധിച്ചേക്കും. എന്നാല്‍ ഇവിടെ ഇന്ദ്രിയമനോബുദ്ധികളെ പ്രവര്‍ത്തിപ്പിക്കുന്ന ആ ദേവന്‍ നമുക്ക് അദൃശ്യനാണ്. ജഡങ്ങളായ ഇവ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ ആ പ്രചോദകനായ ആത്മതത്ത്വത്തെ ഉണ്ടെന്ന് ഊഹിക്കുകയോ അറിയുകയോ വേണം.


ജന്മഭൂമി:

No comments: