മനുഷ്യൻ, അവന്റെ "മനുഷ്യത്വം" വെടിയണം
മനുഷ്യൻ, അവനിൽ മറ്റു പ്രപഞ്ച പദാർത്ഥങ്ങളിൽനിന്നും എന്തോ പ്രത്യേക വിഷേതയുണ്ടെന്ന ഒരഭിമാനംകൊണ്ടുണ്ടായിട്ടുള്ള ദോഷങ്ങൾ ആണ് മിക്കവയും... മനുഷ്യൻ, അവനു പരംപൊരുളിനെ അറിയാനുള്ള പ്രത്യേക വിവേകശക്തി ഉള്ളതുകൊണ്ട് ശ്രേഷ്ഠൻ തന്നെ; എന്നാൽ മനുഷ്യൻ ശ്രേഷ്ഠനാവുന്നത് അവന്റെ സവിശേഷമായ വിവേകശക്തികൊണ്ട് ബ്രഹ്‌മാനുഭവമുണ്ടാകാനുള്ള സാധ്യതയെ പൂർണ്ണമായും ഉപയോഗപ്പെടുത്തുമ്പോൾ മാത്രമാണ്.
മനുഷ്യന്റെ ഈ സവിശേഷത അവൻ കൈവിടുമ്പോൾ അവൻ മൃഗത്തേക്കാളും അധഃപതിച്ചുപോകുന്നു. അവൻ സ്വാർത്ഥതയെ വളർത്തി, തന്റെ ബുദ്ധിശക്തിയെ ഉപയോഗിച്ച് എല്ലാറ്റിലും ചെന്ന് കൈകടത്താൻ തുടങ്ങി; പ്രകൃതിയെ അടക്കിഭരിച്ചു. മലർന്നുകിടന്ന് തുപ്പിയാൽ സ്വന്തം ദേഹത്തുതന്നെ ആ തുപ്പൽ പതിക്കും എന്നാലോചിക്കാനുള്ള ബുദ്ധി മാത്രം അവനുണ്ടായില്ല. സവിശേഷമായൊരു ശക്തിയെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നും എങ്ങനെ അതു തനിക്കും ലോകത്തിനും അത്യന്തം ഹാനികരമാകുമെന്നും മനുഷ്യനിൽ നിന്നുതന്നെ പഠിക്കണം. ലോകം ഇന്നത് ശരിക്കും അനുഭവിച്ചറിയുന്നു.
മനുഷ്യൻ ശ്രേഷ്ഠനാവുന്നത്, അവന്റെ "മനുഷ്യത്വം" തന്നെ നഷ്ടപ്പെടുത്തി താൻ ഈ പ്രകൃതിയുടെ ഭാഗമാണെന്നും, പ്രകൃതി എന്നത് ഈശ്വരശരീരമാണെന്നും, പ്രകൃതിയെ പൂജിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുകൊണ്ട് ഈശ്വരപൂജതന്നെയാണ് ചെയ്യുന്നതെന്നുമുള്ള തിരിച്ചറിവുണ്ടായി ആ രീതിയിൽ തന്റെ കർമ്മമണ്ഡലത്തെ ഒരുക്കുമ്പോൾ മാത്രമാണ്. അതിലൂടെ അവൻ, പരമമായ ബ്രഹ്മനിഷ്ഠ കൈവരിക്കും; അതോടെ അവൻ എന്തിനായി ഇവിടേയ്ക്ക് വന്നുവോ അതു സാക്ഷാത്കരിച്ചുകൊണ്ട്, സ്വയം ജനനമരണങ്ങൾക്കതീതനായി ഭവിക്കും. ഈ ശരീരമുപേക്ഷിച്ചുകഴിഞ്ഞാൽ പിന്നെ അവനൊരു ശരീരമെടുത്തുകൊണ്ട് ഇങ്ങോട്ടു വരേണ്ടതില്ല; അവനു ഇപ്പോൾ തന്നെ ഈ ലോകം അവസാനിച്ചുകഴിഞ്ഞു. അവിടെ "താൻ"മാത്രം....sudha bharat
No comments:
Post a Comment