Tuesday, April 17, 2018

ഏവം സദാത്മാനമഖണ്ഡിതാത്മനാ 
വിചാരമാണസ്യ വിശുദ്ധഭാവനാ 
ഹന്യാദവിദ്യാമചിരേണ കാരകൈ
രസായനം യദ്വദുപാസിതം രുജഃ. (43)
   ഇപ്രകാരം  സദാ അവികല്‍പമായ മനസ്സോടെ അഖണ്ഡിതാത്മാവായി ആത്മവിചാരം ചെയ്തുകൊണ്ടിരുന്നാല്‍ വിശുദ്ധമായ ആ ഭാവനകൊണ്ട് രസായനം സേവിക്കുമ്പോള്‍ രോഗങ്ങള്‍ എന്നപോലെ കാരകങ്ങളോടുകൂടിയ അവിദ്യ( മായ) നശിച്ചുപോകും. 
കുറിപ്പ്- ഇപ്രകാരം വികല്പങ്ങളൊന്നുമില്ലാത്ത മനസ്സുകൊണ്ട് തുടര്‍ച്ചയായി ആത്മവിചാരം ചെയ്തുകൊണ്ടിരുന്നാല്‍ അവിദ്യ നശിച്ചുപോകും. ഏതുപോലെയെന്നാല്‍ രസായനം കഴിക്കുമ്പോള്‍ രോഗങ്ങള്‍ നശിക്കുന്നല്ലോ. ആത്മവിചാരമാകുന്ന രസായനം സേവിച്ചാല്‍ അവിദ്യ നശിക്കും. 
വിവിക്ത ആസീന ഉപാരതേന്ദ്രിയോ 
വിവര്‍ജ്ജിതാത്മാ വിമലാന്തരാശയഃ
വിഭാവയേദേകമനന്യസാധനോ
വിജ്ഞാനദൃക്കേവല ആത്മസംസ്ഥിതഃ.(44)
   ഏതെങ്കിലും വിജനമായ സ്ഥലത്തിരുന്ന് ഇന്ദ്രിയവ്യാപാരങ്ങളെ അടക്കി മനസ്സിനെ ആദ്യം കീഴടക്കണം. എന്നിട്ട് ഹൃദയശുദ്ധിയോടെ മറ്റൊന്നിനെയും പറ്റി സ്മരിക്കാതെ വിജ്ഞാനദൃഷ്ടിയോടെ കേവലനും ആത്മാവില്‍ തന്നെ മനസ്സുറപ്പിച്ചവനുമായി ഏകനായ പരമാത്മാവിനെ ധ്യാനിക്കണം. 
കുറിപ്പ്- ആദ്യമായി മനസ്സിനെ ശുദ്ധിയാക്കണം. കാമക്രോധാദി മാലിന്യങ്ങള്‍ അകന്ന മനസ്സോടെ ഭഗവാനെ ധ്യാനിക്കാനിരിക്കണം. വിജനമായ സ്ഥലത്ത് സുഖാസനത്തില്‍ ഇരുന്ന് ഇന്ദ്രിയങ്ങളെ ഉള്ളിലേക്കു വലിച്ചിട്ട് മനസ്സിനെ കീഴടക്കണം. ആ മനസ്സില്‍ മറ്റൊന്നിനെയും പറ്റി ചിന്തിക്കാതെ ജ്ഞാനം കിട്ടണമെന്ന ഇച്ഛയോടെ ആത്മാവില്‍  ഉറപ്പിക്കണം.

No comments: