കുംഭമേള
ഗംഗ, യമുന, സരസ്വതി (അന്തര്‍വാഹിനിയെന്നു സങ്കല്പം) എന്നീ മൂന്നു നദികള്‍ കൂടിച്ചേരുന്ന ത്രിവേണീ സംഗമത്തില്‍ നടത്തുന്ന പുണ്യസ്നാനവും അതോടനുബന്ധിച്ച മേളയും. അലഹബാദ് (പ്രയാഗ), ഹരിദ്വാരം, ഉജ്ജയിനി, നാസിക് എന്നിവിടങ്ങളില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഈ മേള നടത്തുന്നു. അലഹബാദില്‍ ഗംഗാ-യമുനാനദികളുടെ സംഗമത്തിലും, ഹരിദ്വാരത്തില്‍ ഗംഗാതീരത്തും, ഉജ്ജയിനിയില്‍ ക്ഷിപ്രയുടെ തീരത്തും, നാസിക്കില്‍ ഗോദാവരീതീരത്തും ആണ് ഈ മേള നടത്താറുള്ളത്. ഏറ്റവും പുണ്യസ്ഥലമായി കരുതപ്പെടുന്ന അലഹബാദില്‍ (പ്രയാഗ) വച്ച് 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മഹാകുംഭമേളയാണ് ഇവയില്‍ ഏറ്റവും വലുത്. കുംഭമേളക്കാലത്ത് ഇത്തരം പുണ്യസ്നാനം നടത്തുന്നത് ഭക്തജനങ്ങളെ സകല പാപങ്ങളില്‍ നിന്നും ജനന-മരണത്തില്‍ നിന്നും മോചിപ്പിച്ച് പരമമായ നിര്വൃതിയിലെത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന് സ്ത്രീപുരുഷന്മാര് പ്രായഭേദമെന്യേ ഈ പുണ്യസ്നാനത്തില്‍ പങ്കെടുക്കാറുണ്ട്. നാട്ടിന്റെ നാനാഭാഗത്തുനിന്നും ജീവിതത്തിന്റെ എല്ലാ തുറകളിലുംപെടുന്ന ഭക്തജനങ്ങള്‍ കുംഭമേളയില്‍ പങ്കുകൊള്ളുവാനെത്തുന്നു.
മാഘമാസമാണ് സംഗമസ്നാനത്തിന് ശ്രഷ്ഠമായ സമയം. ജ്യോതിശ്ശാസ്ത്രപരമായി ഗ്രഹനില നിരീക്ഷിച്ചാണ് ഇത് നടത്തുന്നത്. ഉത്തരായണത്തിലെ ആദ്യമാസമായ മാഘമാസ(ജനു.-ഫെ.)ത്തില്‍ സൂര്യന് മകരരാശിയില്‍ ത്തന്നെ നില്ക്കുന്നു. പന്ത്രണ്ടുകൊല്ലത്തിലൊരിക്കല്‍ മാഘമാസത്തില്‍ വ്യാഴഗ്രഹം കുംഭരാശിയില്‍ പ്രവേശിക്കും. ഇപ്രകാരമുള്ള മാഘമാസത്തിലെ അമാവാസിയാണ് പുണ്യസ്നാനത്തിന് ഏറ്റവും ശുഭമായ ദിനം എന്ന് വിശ്വസിക്കപ്പെടുന്നു. മുന്‍പറഞ്ഞ നാലു സ്ഥലങ്ങളില്‍ കുംഭമേള നടത്തുന്നതിനെപ്പറ്റി അമൃതകുംഭത്തെ ആസ്പദമാക്കിയുള്ള ഒരൈതിഹ്യമുണ്ട്. അമൃത് കൈക്കലാക്കാന്‍വേണ്ടി ദേവന്മാരും അസുരന്മാരും പാല് ക്കടല്‍ കടഞ്ഞു. അമൃത് ഒരു കുംഭത്തില്‍ പൊങ്ങിവന്നു. അതിന്റെ അവകാശികളെച്ചൊല്ലി തര്‍ക്കമായി. അസുരന്മാര് അമൃതം കൈക്കലാക്കി കടന്നുകളയുകയും ദേവന്മാര് അവരെ പിന്തുടരുകയും ഇരുകൂട്ടരും തമ്മില്‍ 12 ദിവസം കടുത്ത പോരാട്ടം നടത്തുകയും ചെയ്തു. ഇതിനിടയില്‍ അലഹബാദ്, ഹരിദ്വാര്‍, ഉജ്ജയിനി, നാസിക് എന്നീ നാലു സ്ഥലങ്ങളില്‍ കുംഭത്തില്‍ നിന്ന് അമൃത് തെറിച്ചുവീണു. അങ്ങനെ ഈ സ്ഥലങ്ങള്‍ പവിത്രങ്ങളായിയെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസപ്രകാരം ദേവന്മാരുടെ ഒരു ദിവസം മനുഷ്യരുടെ ഒരു വര്‍ഷത്തിനു തുല്യമാണ്. അതുകൊണ്ട് 12 ദിവസത്തെ സമരം അനുസ്മരിച്ചുകൊണ്ട് 12 വര്‍ഷത്തിലൊരിക്കല്‍ ഈ ആഘോഷം നടത്തിവരുന്നു.
ആദ്യകാലങ്ങളില്‍ ഉത്തരേന്ത്യയിലെ നദീതീരങ്ങളില്‍ നടത്തിയിരുന്ന സമൃദ്ധിയുടെ മേളയായിരുന്നു ഇതെന്നു കരുതുന്നതില്‍ തെറ്റില്ല. ചില രാശികളില് , കുംഭങ്ങളില്‍ നിറച്ച ധാന്യവിത്തുകള് ഈ പുണ്യസ്ഥലങ്ങളില്‍ കൊണ്ടുവന്ന് നദികളില്‍ മുക്കിയശേഷം വിതയ്ക്കുകയായിരുന്നു പതിവ്.
ഗ്രീക് സ്ഥാനപതി മെഗസ്തനീസ് ബി.സി. 302-ല്‍ പ്രയാഗ സന്ദര്‍ശിച്ചിട്ടുണ്ട്. ബുദ്ധനും അശോകചക്രവര്‍ത്തിയും പ്രയാഗ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ എ.ഡി. 7-ാം നൂറ്റാണ്ടിനു മുമ്പായി കുംഭമേള നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളൊന്നുമില്ല. ചക്രവര്‍ത്തിയായിരുന്ന ഹര്ഷന് ചൈനീസ് സഞ്ചാരിയായ ഹ്യൂയന്സാങ്ങിനെ അലഹബാദിലെ കുംഭമേളയ്ക്ക് ക്ഷണിക്കുകയും എല്ലാ മതത്തിലും പെട്ട സന്ന്യാസികള്‍ക്കും സാധുക്കള്‍ക്കും ദാനധര്‍മങ്ങള്‍ നടത്തുകയും ചെയ്തതായി പ്രസ്താവമുണ്ട്. ഇവിടെവച്ച് ആദിശങ്കരന് കര്മമീമാംസകനായ കുമാരിലഭട്ടനെ വാദത്തില്‍ പരാജയപ്പെടുത്തിയെന്നു പറയപ്പെടുന്നു; മണ്ഡനമിശ്രനെ വാദപ്രതിവാദത്തില്‍ തോല്പിച്ചതും ഇവിടെവച്ചുതന്നെയായിരുന്നു. ശങ്കരാചാര്യരാണ് ഇത്തരത്തിലൊരുമേള ആദ്യമായി സംഘടിപ്പിച്ചതെന്നും ഐതിഹ്യമുണ്ട്. അദ്ദേഹത്തിന്റെ കാലത്തിനുശേഷമായിരിക്കണം കുംഭമേള വലിയ തോതിലുള്ള തീര്ഥാടനസന്ദര്ഭമായി പരിണമിച്ചത്. അമേരിക്കന്‍ സാഹിത്യകാരനായ മാര്ക്ട്വെയിന് 1895-ല്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു. കുംഭമേളക്കാലത്തു നടത്തപ്പെടുന്ന ഹിന്ദുമത പാര്‍ലമെന്റില്‍ എല്ലാ വിഭാഗത്തിലുംപെട്ട ആധ്യാത്മിക പണ്ഡിതന്മാര് പങ്കെടുക്കുന്നു. കുംഭമേളയ്ക്ക് ദിഗംബരസന്ന്യാസികളും കൂട്ടത്തോടെ ചെന്നെത്താറുണ്ട്.
No comments:
Post a Comment