Wednesday, April 18, 2018

കാളിദാസന്‍

കാളിദാസന്‍ ഭാരതീയ മഹാകവി. ഇദ്ദേഹത്തിന്റെ ജീവിതകാലം തൃപ്‌തികരമായും സംശയാതീതമായും നിർണയിക്കാന്‍ തക്കരേഖകള്‍ ലഭിച്ചിട്ടില്ല. കാളിദാസന്റെ കാലം ബി.സി. 1-ാം ശതകമാണെന്ന്‌ ചില ഗവേഷകർ വിശ്വസിക്കുന്നു. മറ്റു ചിലർ ഇദ്ദേഹത്തെ എ.ഡി. 11-ാം ശ. വരെ എത്തിക്കുന്നു. ഹിപോലാറ്റ്‌ഫൗക്‌ കാളിദാസനെ ബി.സി. 8-ാം ശതകത്തിലാണ്‌ പ്രതിഷ്‌ഠിക്കുന്നത്‌. കാളിദാസന്റെ കാലം എ.ഡി. 3-ാം ശ. ആണെന്ന്‌ ലേസനും 5-ാം ശ. എന്ന്‌ കെ.ബി. പാഠകും 6-ാം ശ. എന്ന്‌ ഫെർഗ്യുസനും മാക്‌സ്‌ മുള്ളറും കരുതുന്നു. കാളിദാസന്‍ എ.ഡി. 587-ൽ ജീവിച്ചിരുന്നു എന്നാണ്‌ ഭണ്ഡാർകറുടെ അഭിപ്രായം. കാളിദാസന്റെ ജീവിതകാലം എ.ഡി. 11-ാം ശ. ആണെന്നാണ്‌ ഭോജപ്രബന്ധത്തിന്റെ കർത്താവായ ബല്ലാലസേനന്‍ സൂചിപ്പിക്കുന്നത്‌. യവനപദം കാളിദാസഗ്രന്ഥത്തിൽ പ്രയോഗിച്ചിട്ടുള്ളതുകൊണ്ട്‌ മുഹമ്മദീയരുടെ ആക്രമണത്തിനുശേഷമാണ്‌ കാളിദാസന്റെ കാലമെന്ന വാദം യവനപദം മുഹമ്മദീയരെ മാത്രമല്ല കുറിക്കുന്നതെന്ന പ്രതിവാദത്തോടുകൂടി നിരസ്‌തമായി. രവികീർത്തിയുടെ ഐഹോള്‍ ശിലാലേഖനത്തിൽ (634) കാളിദാസന്റെയും ഭാരവിയുടെയും പേരുകള്‍ കാണുന്നതുകൊണ്ട്‌ കാളിദാസന്റെ ജീവിതകാലം 6-ാം ശതകത്തിനു ശേഷമായിരിക്കാന്‍ തരമില്ല. 600-ൽ ജീവിച്ചിരുന്ന ദണ്ഡിയും ഹർഷവർധനന്റെ (606-647) ആസ്ഥാനകവികളിലൊരാളായ ബാണഭട്ടനും കാളിദാസനെ സ്‌മരിച്ചുകാണുന്നതുകൊണ്ട്‌ അവർക്കു മുമ്പുതന്നെ കാളിദാസന്‍ ജീവിച്ചിരുന്നെന്ന്‌ തീർച്ചയാക്കാം.
മേഘദൂതം 14-ാം ശ്ലോകത്തിലെ ദിങ്‌നാഗപദം കാളിദാസന്റെ ശത്രുവും ബൗദ്ധദാർശനികനുമായ ദിങ്‌നാഗനെയാണു കുറിക്കുന്നതെന്നു മല്ലിനാഥന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. 450-നോടടുത്ത കാലത്തു ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന ദിങ്‌നാഗനെ പരാമർശിക്കുന്നതുകൊണ്ട്‌ അതിനുശേഷമായിരിക്കണം (6-ാം ശ.) കാളിദാസന്റെ കാലം എന്ന്‌ പ്രസ്‌തുത അഭിപ്രായത്തെ കണക്കിലെടുത്തുകൊണ്ട്‌ ചിലർ വാദിക്കുന്നു. എന്നാൽ കാളിദാസന്‍ പരാമർശിക്കുന്ന ദിങ്‌നാഗന്‍ എന്ന പദം ദിങ്‌നാഗന്‍ എന്ന ബുദ്ധമതാചാര്യനെ കുറിക്കുന്നതല്ല, മറിച്ച്‌, ദിഗ്‌ഗജങ്ങളെ സംബന്ധിക്കുന്നതാണ്‌ എന്ന വാദഗതിക്ക്‌ പ്രാധാന്യമുണ്ട്‌. മേഘത്തിന്‌ ഉന്മത്തങ്ങളായ ദിഗ്‌ഗജങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറിപ്പോയില്ലെങ്കിൽ അവയുമായി ഏറ്റുമുട്ടേണ്ടിവരുമെന്നാണ്‌ കാളിദാസന്‍ വിവക്ഷിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ മല്ലിനാഥന്റെ സൂചനയും ശരിയല്ലെന്നു വരുന്നു.
""ധന്വന്തരിക്ഷപണകാമരസിംഹശങ്കു-
 വേതാളഭട്ടഘടകർപ്പരകാളിദാസാഃ
 ഖ്യാതോവരാഹമിഹിരോനൃപതേഃ സഭായാം
 രത്‌നാനി വൈ വരരുചിർന്നവ വിക്രമസ്യ''
 
എന്ന ശ്ലോകപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ നവരത്‌നങ്ങളിൽ ഒരാളായിരുന്നു കാളിദാസന്‍ എന്നു കരുതാം. പക്ഷേ ഈ ശ്ലോകത്തിൽ പരാമർശിക്കപ്പെടുന്ന വിക്രമാദിത്യന്‍ ഏത്‌ എന്ന സംശയം നിലനില്‌ക്കുന്നു. എ.ഡി. 5-ാം ശതകത്തിൽ ജീവിച്ചിരുന്ന ചന്ദ്രഗുപ്‌തദ്വിതീയനാണ്‌ ഈ വിക്രമാദിത്യന്‍ എന്ന്‌ പാശ്ചാത്യപണ്ഡിതനായ വിന്‍സെന്റ്‌ സ്‌മിത്ത്‌ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാർ കരുതുന്നു. കാളിദാസന്റെ രഘുദിഗ്വിജയവർണന ഹൂണന്മാരുടെമേൽ ഗുപ്‌തരാജാക്കന്മാർ നേടിയ വിജയത്തെ അടിസ്ഥാനമാക്കിയാണെന്ന്‌ ചില അഭിപ്രായങ്ങളുണ്ട്‌. എന്നാൽ ദിഗ്വിജയവർണന ചരിത്രപരമാണെന്നു അസന്ദിഗ്‌ധമായി തെളിയിക്കാന്‍, കാളിദാസന്റെ കാലം ഗുപ്‌തകാലമാണെന്ന്‌ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുള്ളവർക്കു കഴിഞ്ഞിട്ടില്ല. ചന്ദ്രഗുപ്‌തദ്വിതീയന്റെ പുത്രനായ കുമാരഗുപ്‌തന്റെ ജനനത്തെ അനുസ്‌മരിച്ചാണ്‌ കാളിദാസന്‍ കുമാരസംഭവത്തിൽ കുമാരശബ്‌ദം ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന അഭിപ്രായത്തെയും മറ്റു ചില പണ്ഡിതന്മാർ ഖണ്ഡിച്ചിട്ടുണ്ട്‌. "പുത്രന്‍' എന്ന അർഥത്തിലും ശിവന്റെ പുത്രനായ "സ്‌കന്ദന്‍' എന്ന നാമത്തിനു പകരവുമായാണ്‌ കാളിദാസന്‍ "കുമാരന്‍' എന്ന പദം ഉപയോഗിച്ചിട്ടുള്ളതെന്ന വാദഗതിയാണ്‌ കൂടുതൽ യുക്തിസഹം. വിക്രമാദിത്യന്‍ എന്ന പേര്‌ ഒരു ഗുപ്‌തരാജാവിനും ഉണ്ടായിരുന്നില്ല എന്നതും ചന്ദ്രഗുപ്‌തന്റെ പേരിന്റെ അനുബന്ധമായുള്ള വിക്രമാദിത്യന്‍ ഒരു പേരായിരുന്നില്ല, മറിച്ച്‌ ഒരു ബിരുദനാമം മാത്രമായിരുന്നുവെന്നതും ചന്ദ്രഗുപ്‌തന്‍ മേല്‌പറഞ്ഞ ശ്ലോകത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വിക്രമാദിത്യന്‍ അല്ലെന്നും കാളിദാസന്റെ കാലം എ.ഡി. 5-ാം ശ. അല്ലെന്നും തെളിയിക്കാന്‍ പര്യാപ്‌തമാണ്‌.
ശകന്മാരെ പരാജയപ്പെടുത്തിയതിന്റെ സ്‌മാരകമായി പിന്നീട്‌ "വിക്രമാബ്‌ദം' (സംവദ്‌-അബ്‌ദം) ആയി മാറിയ മാളവ സംവത്സരം സ്ഥാപിച്ച്‌ (ബി.സി.57) പ്രസിദ്ധനായ ഉജ്ജയിനിയിലെ മഹാരാജാവും പരമാരവംശജനായ മഹേന്ദ്രാദിത്യന്റെ പുത്രനുമായ മഹാരാജ വിക്രമാദിത്യന്‍ (ബി.സി.1-ാം ശ.) ആണ്‌ കാളിദാസന്റെ ഉപകർത്താവ്‌ എന്ന അഭിപ്രായത്തിനാണ്‌ മുന്‍തൂക്കം. എ.ഡി. 1-ാം ശതകത്തിൽ ഗുണാഢ്യന്‍ രചിച്ച ബൃഹത്‌കഥയെ ആധാരമാക്കി രചിക്കപ്പെട്ടിട്ടുള്ള കഥാസരിത്‌സാഗരത്തിൽ മഹാരാജ വിക്രമാദിത്യനെ വിസ്‌തരിച്ചു വർണിക്കുന്നുണ്ട്‌. കഥാസരിത്‌സാഗരത്തിലെ സംഭവങ്ങള്‍ക്കും ഇന്ത്യയിൽ പ്രചരിച്ചിട്ടുള്ള ഐതിഹ്യങ്ങള്‍ക്കും തമ്മിലുള്ള സാദൃശ്യം കഥാസരിത്‌സാഗരത്തിന്റെ പ്രാമാണികതയ്‌ക്കു തെളിവാണ്‌. കഥാസരിത്‌സാഗരത്തിൽ ഇതിഹാസ പുരുഷനായി വർണിക്കപ്പെട്ടിട്ടുള്ള വിക്രമാദിത്യന്‍ ഒരു കാവ്യമർമജ്ഞന്‍ ആയിരുന്നതുകൊണ്ടാവണം അദ്ദേഹത്തിന്‌ കാളിദാസന്റെ ആശ്രയദാതാവ്‌ എന്ന സ്ഥാനം നല്‌കപ്പെടുന്നത്‌. ശൈവമതക്കാരനായ വിക്രമാദിത്യനോടുള്ള ബഹുമാനാദരങ്ങള്‍മൂലമാകണം കാളിദാസന്‍ തന്റെ മിക്ക കൃതികളിലും ശിവനെ വന്ദിച്ചിരിക്കുന്നത്‌. ഉജ്ജയിനിയിലെ രാജാക്കന്മാരായ മഹേന്ദ്രാദിത്യനും വിക്രമാദിത്യനും സൂര്യവംശക്കാരായിരുന്നതുകൊണ്ടായിരിക്കാം കാളിദാസന്‍ രഘുവംശത്തിൽ സൂര്യവംശരാജാക്കന്മാരെ കഥാനായകന്മാരാക്കി ചിത്രീകരിച്ചിട്ടുള്ളത്‌. രഘുവംശത്തിൽ ദിലീപന്റെയും രഘുവിന്റെയും വർണനയ്‌ക്കും കഥാസരിത്‌സാഗരത്തിൽ മഹേന്ദ്രാദിത്യത്തിന്റെ വർണനയ്‌ക്കും തമ്മിലുള്ള സാദൃശ്യവും ശ്രദ്ധേയമാണ്‌. മഹേന്ദ്രാദിത്യന്റെ പുത്രനായ വിക്രമാദിത്യന്റെ സമകാലികത്വം തെളിയിക്കാന്‍ തക്ക പരാമർശങ്ങള്‍ കാളിദാസന്റെ കൃതികളിൽത്തന്നെ കാണാവുന്നതാണ്‌. വിക്രമോർവശീയം എന്ന നാടകത്തിൽ കവി തന്റെ ആശ്രയദാതാവിന്റെ നാമം അമരമായിരിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നുവെന്നതിനു തെളിവാണ്‌ അതിൽ അനേകം സ്ഥലങ്ങളിൽ ഇന്ദ്ര, പരാക്രമ ശബ്‌ദങ്ങള്‍ക്കു പകരം ഉപയോഗിച്ചുകാണുന്ന മഹേന്ദ്ര, വിക്രമ ശബ്‌ദങ്ങള്‍. ഈ വസ്‌തുതകളിൽ നിന്ന്‌ കാളിദാസന്റെ കാലം ബി.സി. 1-ാം ശ. ആണെന്ന നിഗമനത്തിൽ എത്തിച്ചേരുന്നതിൽ തെറ്റില്ല. എം.വി. ആപ്‌തേ തുടങ്ങിയ ഭാരതീയ പണ്ഡിതന്മാരുടെയും ഡോ. പീറ്റേഴ്‌സണ്‍ തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്മാരുടെയും അഭിപ്രായവും മറ്റൊന്നല്ല. കാളിദാസന്റെ കൃതികള്‍ക്കും കുഷാണ സമ്രാട്ടായ കനിഷ്‌കന്റെ (ബി.സി. 1-ാം ശ.) സമകാലികനായിരുന്ന അശ്വഘോഷന്റെ കൃതികള്‍ക്കും തമ്മിലുള്ള സാദൃശ്യവും കാളിദാസന്റെ കാലം ബി.സി. 1-ാം ശതകമോ അതിനു മുന്‍പോ ആയിരിക്കാമെന്ന വാദഗതിക്കു ശക്തികൂട്ടുന്നു.
ബുദ്ധമതാവലംബിയായ അശ്വഘോഷന്റെ ഗ്രന്ഥങ്ങളാണ്‌ ആദ്യമുണ്ടായതെന്നും അശ്വഘോഷന്റെ ശൈലി അനുകരിക്കുകയാണ്‌ കാളിദാസന്‍ ചെയ്‌തതെന്നും ആ സ്ഥിതിക്ക്‌ കാളിദാസന്റെ കാലം എ.ഡി. 1-ാം ശ. ആയിരിക്കുമെന്നും ചില പാശ്ചാത്യ പണ്ഡിതന്മാർ സൂചിപ്പിച്ചിട്ടുള്ളത്‌ ശരിയല്ലെന്നു കാണാം. സംസ്‌കൃത സാഹിത്യത്തിന്‌ പ്രചാരം സിദ്ധിച്ചതോടെ പ്രാഥമിക ബൗദ്ധസാഹിത്യം പാലിഭാഷയിലെഴുതുന്ന പതിവ്‌ നിർത്തി ബുദ്ധമത പണ്ഡിതന്മാർ സംസ്‌കൃതഭാഷ സാഹിത്യമാധ്യമമായി സ്വീകരിച്ചിരിക്കാനാണ്‌ കൂടുതൽ സാധ്യത. ബുദ്ധമതപ്രചാരണാർഥം മഹാകാവ്യങ്ങള്‍ രചിച്ച അശ്വഘോഷന്‍ പാലിഭാഷയ്‌ക്കു പകരം സംസ്‌കൃതഭാഷ സ്വീകരിച്ചപ്പോള്‍ കാളിദാസന്റെ കാവ്യശൈലിയും ഭാഷയും അനുകരിച്ചിരിക്കാം. അതിനാൽ കാളിദാസന്റെ ജീവിതകാലം അശ്വഘോഷനും മുന്‍പ്‌ അതായത്‌ ബി.സി. 1-ാം ശതകത്തിലോ അതിനു മുമ്പോ ആയിരിക്കണമെന്നു സിദ്ധിക്കുന്നു.
കാളിദാസന്റെ ജന്മസ്ഥലത്തെപ്പറ്റിയും അഭിപ്രായവ്യത്യാസമുണ്ട്‌. കാളിദാസന്റെ ഹിമാലയവർണന കാശ്‌മീരിന്റെ വടക്കുഭാഗത്തെയാണ്‌ സ്‌പഷ്‌ടമായി കാണിക്കുന്നത്‌. അവിടെയുള്ള വൃക്ഷലതാദികളെയും കുങ്കുമകേസരങ്ങളെയും നദികളെയും നാടോടിക്കഥകളെയും മനോഹരമായി തന്റെ കൃതികളിൽ വർണിക്കുന്നതുകൊണ്ട്‌ കാളിദാസന്റെ ജന്മദേശം കാശ്‌മീരമാണെന്ന്‌ ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തിന്റെ ജന്മഭൂമി ബംഗാളാണെന്ന്‌ ഒരു കൂട്ടരും വിദർഭയാണെന്ന്‌ മറ്റൊരു കൂട്ടരും അതല്ല, സിംഹളമാണെന്ന്‌ വേറൊരു കൂട്ടരും വാദിക്കുന്നുണ്ട്‌.
കാളിദാസന്റെ ജന്മസ്ഥലം ഉജ്ജയിനിയോ മാളവമോ ആണെന്ന അഭിപ്രായത്തിനാണ്‌ കൂടുതൽ തെളുവുകളുള്ളത്‌. കാളിദാസന്‍ തന്റെ കൃതികളിൽ ഉജ്ജയിനി നഗരത്തെക്കുറിച്ച്‌ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. മേഘസന്ദേശത്തിലെ മാർഗനിർദേശത്തിൽ ഉജ്ജയിനിയെയും പരിസരങ്ങളെയുമാണ്‌ മറ്റുള്ള ഭൂവിഭാഗങ്ങളെക്കാള്‍ ഭംഗിയായും വിസ്‌തൃതമായും വിവരിച്ചിട്ടുള്ളത്‌. കാളിദാസന്റെ ജന്മസ്ഥലം മാളവദേശമാണെന്നാണ്‌ സംസ്‌കൃതകവിദർശനം എന്ന ഗ്രന്ഥത്തിൽ ഭോലാശങ്കരവ്യാസന്‍ എഴുതിയിട്ടുള്ളത്‌. കാളിദാസന്റെ ജന്മസ്ഥലം മാളവവും വാസസ്ഥലം ഉജ്ജയിനിയുമായിരിക്കാമെന്നാണ്‌ പ്രശസ്‌ത പണ്ഡിതനായ ലക്ഷ്‌മീധരകല്ല അഭിപ്രായപ്പെടുന്നത്‌.
കാളിദാസന്റെ മാതാപിതാക്കള്‍, വിദ്യാഭ്യാസം, കുടുംബം എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമല്ല. കാളിദാസന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ഐതിഹ്യങ്ങളിലൊന്ന്‌ ഇങ്ങനെ സംക്ഷേപിക്കാം. മഹിഷപുരിയിലെ മഹേന്ദ്രരാജാവിന്‌ അതിരൂപവതിയും വിവിധശാസ്‌ത്രപാരംഗതയുമായ ഒരു പുത്രിയുണ്ടായിരുന്നു. രാജകുമാരിയുമായുള്ള വാദപ്രതിവാദത്തിൽ പല പണ്ഡിതന്മാരും പരാജയപ്പെട്ടതിനെത്തുടർന്ന്‌ തന്റെ മകളെ വാദത്തിൽ തോല്‌പിക്കുന്ന ആളിനു മാത്രമേ അവളെ വിവാഹം കഴിച്ചുകൊടുക്കുകയുള്ളു എന്ന്‌ രാജാവ്‌ നിശ്ചയിച്ചു. ഇതനുസരിച്ചെത്തിയ രാജകുമാരന്മാരും പണ്ഡിതന്മാരുമെല്ലാം പാണ്ഡിത്യപരീക്ഷയിൽ രാജകുമാരിയോടു തോറ്റുപോയി. പരാജിതരായ പണ്ഡിതന്മാർ മന്ത്രിമാരുടെ ഒത്താശയോടെ രാജകുമാരിയെ ഒരു പാഠംപഠിപ്പിക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ച്‌ സുന്ദരനായ ഒരു യുവാവിനെ അവർ കണ്ടുപിടിച്ചു. മഹാമൂഢനായ ഈ യുവാവിന്റെ തൊഴിൽ ആടുമേയ്‌ക്കലായിരുന്നു. ഒരു മരത്തിന്റെ മുകളിലിരുന്നു താഴ്‌ഭാഗം വെട്ടുകയായിരുന്ന അവനെ നല്ല വസ്‌ത്രങ്ങള്‍ അണിയിച്ച്‌ കൊട്ടാരത്തിൽ ഹാജരാക്കി. രാജകുമാരി എന്തുചോദിച്ചാലും മൗനമാചരിക്കാന്‍ അവർ അയാളെ ഉപദേശിച്ചിരുന്നു. ഈ യുവാവ്‌ തങ്ങളുടെ ഗുരുവാണെന്നും മൗനവ്രതമനുഷ്‌ഠിക്കുന്ന ഇദ്ദേഹത്തിന്റെ വ്രതത്തിനു ഭംഗം വരുത്തുന്നതു ശരിയല്ലെന്നും അതിനാൽ ആംഗ്യത്തിലൂടെ മാത്രമേ വാദം നടത്താവൂ എന്നും പണ്ഡിതന്മാർ രാജാവിനെ ധരിപ്പിച്ചു. ഈ വ്യവസ്ഥ അംഗീകരിച്ച രാജകുമാരിയുടെ തത്ത്വജ്ഞാനപരങ്ങളായ ചോദ്യങ്ങള്‍ക്കു മറുപടിയായുള്ള അയാളുടെ ആംഗ്യങ്ങള്‍ ശ്രഷ്‌ഠമായ പാണ്ഡിത്യത്തിന്റെ പ്രസ്‌ഫുരണമാണെന്നു പണ്ഡിതന്മാർ സമർഥിച്ചു. പരാജയം സമ്മതിച്ച രാജകുമാരിയെ രാജാവ്‌ മൗനവ്രതക്കാരനായ യുവാവിനു വിവാഹം കഴിച്ചുകൊടുത്തു. തന്റെ ഭർത്താവ്‌ ഒരു മഠയനാണെന്ന സത്യം ആദ്യരാത്രി തന്നെ മനസ്സിലാക്കിയ രാജകുമാരിയുടെ ഉപദേശപ്രകാരം കാളീക്ഷേത്രത്തിൽ എത്തിയ ആ യുവാവ്‌ കാളിയുടെ പ്രസാദത്താൽ വിഖ്യാതനായ കവിയായിട്ടാണ്‌ മടങ്ങിയെത്തിയത്‌.
രാജകുമാരി എത്ര കേണപേക്ഷിച്ചിട്ടും അവരുമായുള്ള ദാമ്പത്യജീവിതത്തിനു കാളിദാസന്‍ തയ്യാറായില്ല. തന്റെ ഉന്നതിക്കു കാരണഭൂതയായ രാജകുമാരിയെ ഗുരുവും അമ്മയുമായേ തനിക്കു കാണാന്‍ പറ്റുകയുള്ളുവെന്നു പറഞ്ഞ്‌ കാളിദാസന്‍ കൊട്ടാരം വിട്ടിറങ്ങുകയാണുണ്ടായത്‌. അടുത്ത ദിവസം വിക്രമാദിത്യന്റെ രാജധാനിയിലെത്തിയ കാളിദാസന്‍ പിന്നീട്‌ അവിടത്തെ ആസ്ഥാനകവികളിൽ പ്രധാനിയായി. നൈരാശ്യം പൂണ്ട രാജകുമാരി തന്റെ അഭിലാഷത്തിനു വഴങ്ങാത്ത കാളിദാസനെ ശപിച്ചുവെന്നും തന്മൂലം ഒരു സ്‌ത്രീ കാരണമായി സിംഹളദേശത്തുവച്ച്‌ കാളിദാസന്‌ മരണം സംഭവിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്‌. ഈ കഥയ്‌ക്ക്‌ പല പാഠഭേദങ്ങളുമുണ്ട്‌.
മഹാവിദുഷിയായ രാജകുമാരിയുടെ "അസ്‌തികശ്ചിദ്‌വാഗ്‌വിലാസഃ' എന്ന ചോദ്യത്തിനുള്ള അസ്‌തി, കശ്ചിത്‌, വാക്‌ എന്നീ മൂന്നുപദങ്ങള്‍കൊണ്ടാണ്‌ കാളിദാസന്‍ കുമാരസംഭവം, മേഘസന്ദേശം, രഘുവംശം എന്നീ വിഖ്യാതകാവ്യങ്ങള്‍ ആരംഭിച്ചിട്ടുള്ളത്‌ എന്ന്‌ ഐതിഹ്യമുദ്‌ഘോഷിക്കുന്നു.
കൃതികള്‍. ഋതുസംഹാരം, കുമാരസംഭവം, രഘുവംശം, മേഘദൂതം, മാളവികാഗ്നിമിത്രം, വിക്രമോർവശീയം, അഭിജ്ഞാനശാകുന്തളം എന്നിവയാണ്‌ എല്ലാവരാലും അംഗീകരിക്കപ്പെട്ട കൃതികള്‍. ഇവ കൂടാതെ ശ്രുതബോധം, ശൃംഗാരതിലകം, ശൃംഗാരരസാഷ്‌ടകം, സേതുകാവ്യം, കർപ്പൂരമഞ്‌ജരി, പുഷ്‌പബാണവിലാസം, ശ്യാമളാദണ്ഡകം, പ്രശ്‌നോത്തരമാല, ജ്യോതിർവിദാഭരണം എന്നീ ഗ്രന്ഥങ്ങള്‍കൂടി കാളിദാസന്റെ വകയാണെന്നു കരുതപ്പെട്ടുവരുന്നു. കാളിദാസ നാമാക്കളായ മറ്റു കവികളുടെ കൃതികളാണിവ എന്ന ഒരഭിപ്രായവും നിലവിലുണ്ട്‌. ഋതുസംഹാരം. ഇത്‌ കാളിദാസന്റെ ഒരു ആദ്യകാല രചനയാണ്‌. പ്രസിദ്ധന്മാരായ വ്യാഖ്യാതാക്കള്‍ ഈ ഭാവകാവ്യത്തിനു വ്യാഖ്യാനം രചിച്ചിട്ടില്ല. ആറു സർഗങ്ങളും പ്രക്ഷിപ്‌ത ശ്ലോകങ്ങളുള്‍പ്പെടെ 155 പദ്യങ്ങളുമുള്ള ഈ ഖണ്ഡകാവ്യത്തിൽ ഗ്രീഷ്‌മം, വർഷം, ശരത്‌, ഹേമന്തം, ശിശിരം, വസന്തം എന്നീ ആറ്‌ ഋതുക്കള്‍ വർണിക്കപ്പെട്ടിരിക്കുന്നു. പ്രിയതമയെ അഭിസംബോധന ചെയ്‌ത്‌ ഹൃദയഹാരിയായ വിധത്തിൽ കാലഭേദങ്ങളുടെ പ്രത്യേകതയും മനോഹാരിതയും പ്രകൃതിവ്യത്യാസങ്ങളും അവ പ്രാണിഹൃദയത്തിൽ വരുത്തുന്ന പരിവർത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഉപവർണിതമായ ഈ ഖണ്ഡകാവ്യം സാഹിത്യത്തിൽ ഒരു പുതിയ പ്രസ്ഥാനത്തിനു തന്നെ ബീജാവാപം ചെയ്‌തു.
മേഘദൂതം. പരിപക്വമായ പാണ്ഡിത്യവും ശ്രഷ്‌ഠമായ കവിത്വവും ഒത്തിണങ്ങി പരിലസിക്കുന്ന ഒരു ഉത്തമകൃതിയാണിത്‌. യക്ഷരാജാവായ വൈശ്രവണന്റെ ശാപം കാരണം കൈലാസത്തിൽ നിന്ന്‌ പ്രിയതമയുമായി വേർപെട്ട്‌ നിർജനമായ രാമഗിരിയിൽ ഒരു കൊല്ലത്തേക്കു നാടുകടത്തപ്പെടുന്ന യക്ഷന്റെ വിലാപപൂർണമായ സന്ദേശമാണ്‌ ഗ്രന്ഥത്തിലെ പ്രതിപാദ്യവസ്‌തു. രാമഗിരി മുതൽ അളകാപുരിവരെയുള്ള മാർഗവർണന, ഭവനവർണന, നായികയുടെ വിരഹാവസ്ഥാവർണന, സന്ദേശം, അഭിജ്ഞാനദാനം ഇവയെല്ലാം വായനക്കാരുടെ മനസ്സിൽ സജീവമായ ചിത്രങ്ങള്‍ പതിപ്പിക്കുന്നതിനു പര്യാപ്‌തമായ രീതിയിൽ അതിമനോഹരമായി വർണിക്കപ്പെട്ടിരിക്കുന്നു. മന്ദാക്രാന്താ വൃത്തത്തിൽ പൂർവഭാഗം, ഉത്തരഭാഗം എന്നീ രണ്ടു ഖണ്ഡങ്ങളിലായാണ്‌ ഇത്‌ നിർമിച്ചിരിക്കുന്നത്‌. സംസ്‌കൃത സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളതും ഈ കാവ്യത്തിനു തന്നെ. ഈ ഖണ്ഡകാവ്യം ഭാരതീയ സാഹിത്യത്തിൽ സന്ദേശ കാവ്യപ്രസ്ഥാനമെന്ന ഒരു കാവ്യപദ്ധതിക്കുതന്നെ വക നല്‌കി. പാശ്ചാത്യവും പൗരസ്‌ത്യവുമായ അനേകം ഭാഷകളിൽ അനേകം വിവർത്തനങ്ങള്‍ ഈ കാവ്യത്തിനുണ്ടായിട്ടുണ്ട്‌.
കുമാരസംഭവം. പതിനേഴു സർഗങ്ങളുള്ള കുമാരസംഭവത്തിലെ ആദ്യത്തെ എട്ടു സർഗങ്ങള്‍ മാത്രമേ കാളിദാസനിർമിതമായി കണക്കാക്കപ്പെടുന്നുള്ളൂ. ആദ്യത്തെ എട്ടുസർഗത്തിനു മാത്രമേ മല്ലിനാഥന്‍ വ്യാഖ്യാനവും രചിച്ചിട്ടുള്ളൂ. താരകാസുരവധം വരെയുള്ള കഥയാണ്‌ പതിനേഴു സർഗങ്ങളിലായി വർണിച്ചിട്ടുള്ളത്‌. ഒന്നാം സർഗത്തിലെ ഹിമാലയ വർണനയിൽ ഒരു ഗിരിരാജന്റെ ഭയങ്കരതയെക്കാള്‍ ക്രീഡാരാമത്തിന്റെ മനോഹാരിതയാണ്‌ നിഴലിച്ചു നില്‌ക്കുന്നത്‌. നാലാം സർഗത്തിലെ രതിവിലാപത്തിനു വിലാപകാവ്യലോകത്തിൽ അത്യുന്നതമായ സ്ഥാനമുണ്ട്‌. സംഭോഗശൃംഗാരത്തിന്റെ പാരമ്യത്തിലെത്തുന്നതുകൊണ്ട്‌ എട്ടാം സർഗത്തിലെ വർണന യാഥാസ്ഥിതികരുടെ വിമർശനത്തിനു പാത്രമായിട്ടുണ്ട്‌.
രഘുവംശം. പത്തൊമ്പതു സർഗങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ള രഘുവംശത്തിൽ മഹാകാവ്യലക്ഷണങ്ങള്‍ ഒത്തിണങ്ങിയിരിക്കുന്നു. ദിലീപന്‍ തുടങ്ങി അഗ്നിവർണന്‍ വരെ സൂര്യവംശത്തിലെ ഇരുപത്തൊമ്പതു മഹാരഥന്മാരുടെ ചരിത്രം ഇതിൽ വർണിക്കപ്പെട്ടിരിക്കുന്നു. രഘുവംശത്തിലെ ഓരോ സർഗവും ഒന്നിനൊന്നു മെച്ചമാണ്‌.
അഭിജ്ഞാനശാകുന്തളം. സംസ്‌കൃത നാടകങ്ങളിൽ അതിപ്രസിദ്ധമായ അഭിജ്ഞാനശാകുന്തളം ഒരു ലോകോത്തരകൃതിയാണ്‌. ഗോയ്‌ഥേ മുതലായവർ ഇതിനെ മുക്തകണ്‌ഠം പ്രശംസിച്ചിട്ടുണ്ട്‌. ഈ കൃതി യൂറോപ്യന്‍ ഭാഷകളിലും ഭാരതീയ ഭാഷകളിലും പല പ്രാവശ്യം തർജുമ ചെയ്യപ്പെട്ടിട്ടുണ്ട്‌. ദുഷ്യന്ത മഹാരാജാവ്‌ വേട്ടയാടിക്കൊണ്ടിരിക്കെ യാദൃച്ഛികമായി കണ്വാശ്രമത്തിൽ പ്രവേശിക്കുകയും അവിടെക്കണ്ട ശകുന്തള എന്ന കന്യകയിൽ അനുരക്തനാവുകയും ചെയ്‌തു. ഗാന്ധർവവിധിപ്രകാരമുള്ള അവരുടെ വിവാഹം കഴിഞ്ഞ്‌ അഭിജ്ഞാനമായ തന്റെ മോതിരം ശകുന്തളയ്‌ക്കു കൊടുത്തിട്ട്‌ രാജാവ്‌ തിരിച്ചുപോയി. ദുർവാസാവിന്റെ ശാപംമൂലം മഹാരാജാവിനാൽ മറക്കപ്പെട്ടവളും ഗർഭിണിയുമായ ശകുന്തളയെ കണ്വന്‍ രാജാവിന്റെയടുക്കലേക്കയച്ചു. ശാപശക്തികൊണ്ട്‌ ശകുന്തളയെ മറന്നുപോയ ദുഷ്യന്തന്‍ അവളെ സ്വീകരിച്ചില്ല. അശരണയായ അവളെ മേനക, കാശ്യപമുനിയുടെ ആശ്രമത്തിൽ കൊണ്ടുപോയി. ഒടുവിൽ മുക്കുവന്‍ വഴി മോതിരം കണ്ട മഹാരാജാവ്‌ കഥയെല്ലാം ഓർക്കുകയും അതീവ ഖിന്നനായിത്തീരുകയും ചെയ്യുന്നു. ദുഷ്യന്തന്‍ ഒരിക്കൽ ഇന്ദ്രനെക്കണ്ട്‌ മടങ്ങിവരുംവഴി കാശ്യപാശ്രമത്തിൽ തന്റെ പുത്രനെ കാണുകയും പശ്ചാത്താപ വിവശനായി ശകുന്തളയെ സ്വീകരിക്കുകയും ചെയ്യുന്നു. വിക്രമോർവശീയം. പുരൂരവസ്സിന്റെയും ഉർവശിയുടെയും കഥയാണ്‌ ഈ നാടകത്തിൽ വർണിച്ചിരിക്കുന്നത്‌. അഞ്ചങ്കങ്ങളുള്ള ഈ നാടകത്തിൽ പ്രണയത്തിന്റെ പല അവസ്ഥാഭേദങ്ങളും നാടകോചിതമായ രസഭാവവൈചിത്യ്രത്തോടുകൂടി വിന്യസിച്ചിരിക്കുന്നു. ഉന്മത്തമായ പ്രമത്തിന്റെ തീവ്രമായ വികാരചേഷ്‌ടകള്‍ ഇവിടെക്കാണാം.
മാളവികാഗ്നിമിത്രം. രാജാവായ അഗ്നിമിത്രന്റെയും പട്ടമഹിഷിയുടെ പരിചാരികയായ മാളവികയുടെയും പ്രമപാരവശ്യമാണ്‌ മാളവികാഗ്നിമിത്രത്തിലെ വർണനാവിഷയം. ബുദ്ധിപൂർവകമായ കൗശലത്താൽ മഹാരാജാവ്‌ മാളവികയെ പാട്ടിലാക്കുകയും പത്‌നീപദത്തിൽ പ്രതിഷ്‌ഠിക്കുകയും ചെയ്യുന്നു. മാളവികാഗ്നിമിത്രത്തിലെ വിദൂഷകന്‍ മറ്റു നാടകങ്ങളിലെ വിദൂഷകന്മാരെക്കാള്‍ വളരെ ബുദ്ധിവൈഭവമുള്ളവനാണ്‌. ഭാസന്‍, സൗമില്ലകന്‍, കവിപുത്രന്‍ തുടങ്ങിയ സുപ്രസിദ്ധ നാടകകർത്താക്കളെ കവി നാടകാരംഭത്തിൽ സ്‌മരിച്ചിട്ടുണ്ട്‌.
കാളിദാസന്‍ ഒരു വിജ്ഞാന ഭണ്ഡാഗാരമായിരുന്നു. വേദം, വേദാന്തം, വ്യാകരണം, നിരുക്തം, ജ്യോതിഷം, പുരാണം, ധർമശാസ്‌ത്രം, രാഷ്‌ട്രതന്ത്രം, കാവ്യനാടകാലങ്കാരങ്ങള്‍, ലളിതകലകള്‍ മുതലായവയിലെല്ലാം അവഗാഹം തെളിയിക്കുന്ന അനേകം പ്രയോഗങ്ങള്‍ ഇദ്ദേഹത്തിന്റെ കൃതികളിൽ കാണാം. ആലങ്കാരികന്മാർ തങ്ങളുടെ തത്ത്വങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ദൃഷ്‌ടാന്തങ്ങള്‍ ഒട്ടുമുക്കാലും തിരഞ്ഞെടുത്തിരിക്കുന്നത്‌ കാളിദാസകൃതികളിൽ നിന്നാണ്‌.
അലങ്കാരപ്രയോഗത്തിൽ കാളിദാസനുള്ള ചാതുര്യം അതീവവിസ്‌മയകരമാണ്‌; ഉപമാപ്രയോഗത്തിലുള്ള സാമർഥ്യമാകട്ടെ അനുപമവും. "ഉപമാ കാളിദാസസ്യ' എന്ന ചൊല്ലുതന്നെ ഇതു വ്യക്തമാക്കുന്നു. രഘുവംശത്തിൽ,
""സഞ്ചാരിണീ ദീപശിഖേവരാത്രൗ
 യംയം വ്യതീയായ പതിംവരാ സാ
 നരേന്ദ്ര മാർഗ്ഗാട്ട ഇവ പ്രപേദേ
 വിവർണഭാവം സസ ഭൂമിപാലഃ''  (VI, 67)
 
എന്ന്‌ ഇന്ദുമതിയെ ദീപശിഖയോടുപമിച്ച കാളിദാസനെ "ദീപശിഖാ കാളിദാസന്‍' എന്ന ബിരുദം നല്‌കി പണ്ഡിതന്മാർ വാഴ്‌ത്തുന്നുണ്ട്‌. പ്രകൃതിവർണനയിലുള്ള ഇദ്ദേഹത്തിന്റെ അഭിനിവേശം ഒന്നാമത്തെ കൃതിയായ ഋതുസംഹാരത്തിൽ നിന്നുതന്നെ വ്യക്തമാണ്‌. പ്രകൃതി വർണനാവേളയിൽ ഇദ്ദേഹം വരച്ചുകാട്ടുന്ന വാങ്‌മയ ചിത്രങ്ങള്‍ മാംസ ചക്ഷുസ്സുകള്‍ക്ക്‌ അനുഭവവേദ്യമാകാവുന്നതിനെക്കാള്‍ എത്രയോ മഹത്തരങ്ങളാണ്‌. പ്രകൃതിവർണനകള്‍ കാളിദാസകൃതികളിൽ ഉടനീളം കാണാം; പ്രത്യേകിച്ചും ശ്രവ്യകാവ്യങ്ങളിൽ. സൗന്ദര്യദർശനത്തെ സംബന്ധിച്ചിടത്തോളം കാളിദാസനിൽ ഒരു പ്രത്യേകത കാണാന്‍ കഴിയുന്നു. അലങ്കാരാദികള്‍ കൊണ്ടുണ്ടാകാവുന്ന കൃത്രിമ സൗന്ദര്യത്തെക്കാള്‍ സഹജസൗന്ദര്യത്തെ കൂടുതൽ ആദരിക്കുന്ന കാളിദാസന്‍ സ്വാഭാവിക സൗന്ദര്യമുള്ളവർക്ക്‌ എന്തും ഭൂഷണമാണെന്നു സമർഥിക്കുന്നു. മരവുരി ശകുന്തളയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടിയതേയുള്ളൂ. കുമാരസംഭവത്തിലെ പാർവതീവർണനയിലും വിക്രമോർവശീയത്തിലെ ഉർവശീവർണനയിലും സഹജസൗന്ദര്യത്തിന്റെ അതിശയമാധുര്യം പ്രസ്‌ഫുടമാണ്‌.
ബഹുമുഖമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്‌ കാളിദാസന്‍. ക്രാന്തദർശിയായ ഇദ്ദേഹത്തിന്റെ തൂലിക സ്‌പർശിക്കാത്ത യാതൊന്നും തന്നെ ഈ പ്രപഞ്ചത്തിലില്ല. കാടും മേടും മലകളും പുഴകളും നാടും നഗരവും അങ്ങാടികളും അരമനകളും വൃക്ഷലതാദികളും പക്ഷിമൃഗാദികളും യക്ഷകിന്നരന്മാരും ഉർവശീമേനകമാരും മുക്കുവരും കാട്ടാളന്മാരും രാജാക്കന്മാരും ചക്രവർത്തിമാരും പ്രജാപതിയും സപ്‌തർഷികളും മാത്രമല്ല ഈ പ്രപഞ്ചത്തിലെ അചേതനങ്ങളും സചേതനങ്ങളുമായ എല്ലാംതന്നെ കാളിദാസന്റെ തൂലികയ്‌ക്കു വിഷയമായിട്ടുണ്ട്‌.
കാളിദാസന്‍ വേദപ്രാമാണ്യത്തെ അംഗീകരിച്ചിരുന്നു. ഷഡ്‌ദർശനങ്ങളിലുള്ള ഇദ്ദേഹത്തിന്റെ അവഗാഹവും കൃതികളിൽ സ്‌ഫുരിക്കുന്നുണ്ട്‌. ഇദ്ദേഹം ഒരേസമയംതന്നെ ശിവഭക്തനും വിഷ്‌ണുഭക്തനുമായിരുന്നു എന്നതിന്‌ ഗ്രന്ഥങ്ങളിൽ തെളിവുകളുണ്ട്‌.
കാളിദാസന്റെ ദർശനവും നിഷ്‌കൃഷ്‌ടപഠനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്‌. അദ്ദേഹത്തിന്റെ തത്ത്വചിന്ത സനാതനധർമമാണെന്നും ഭഗവദ്‌ഗീതയുടെ അന്തർധാരയായ ജ്ഞാനകർമയോഗമാണെന്നും ഗവേഷകപണ്ഡിതന്മാരായ മിരാഷിയും നവ്‌ലേക്കരും അഭിപ്രായപ്പെടുന്നു. കാളിദാസനെ വാല്‌മീകി, വ്യാസന്‍ എന്നീ ഇതിഹാസകർത്താക്കളുടെ നിരയിലേക്കുയർത്തുന്ന അരവിന്ദഘോഷ്‌ ഇദ്ദേഹം ഭൗതികസുഖത്തിന്റെയും ഇന്ദ്രിയപരതയുടെയും കവിയായിരുന്നുവെന്നു വാദിക്കുന്നു. ആത്മീയസംസ്‌കാരത്തിന്റെയും ഭൗതികജീവിതത്തിന്റെയും വിടവു നികത്തുന്ന ഒരു കാഴ്‌ചപ്പാടാണ്‌ കാളിദാസകൃതികളിൽ ടാഗൂർ കണ്ടെത്തുന്നത്‌. ഗീതാസന്ദേശാദികളടക്കം ഭാരതീയ സാംസ്‌കാരിക പൈതൃകം അന്തർഹിതമായിരിക്കുന്നു കാളിദാസകൃതികളിലെന്നു ഡോ. രാധാകൃഷ്‌ണനും, കാളിദാസനിലൂടെയാണ്‌ യഥാർഥ ഭാരതത്തെ കണ്ടെത്താന്‍ കഴിയുകയെന്നു ജവാഹർലാൽ നെഹ്‌റുവും പ്രസ്‌താവിക്കുന്നു. ഭൂമിയും സ്വർഗവുമെല്ലാം ശാകുന്തളത്തിൽ ഒരുമിക്കുന്നതായി ഉദ്‌ഘോഷിച്ച ഗോയ്‌ഥേയും മറ്റു പ്രശസ്‌ത ലോകസാഹിത്യകാരന്മാരും കാളിദാസന്റെ ദർശനത്തെ ലോകസാഹിത്യകാരന്മാരുടേതിനോടു താരതമ്യപ്പെടുത്താന്‍ ശ്രമിച്ചുകാണുന്നു. കാളിദാസന്റെ ദർശനം ജീവിതാസകലവ്യാപിയാണ്‌; മധ്യമാർഗാവലംബിയും ആര്യവുമാണ്‌. അദ്ദേഹത്തിന്റെ കവനലക്ഷ്യമാകട്ടെ "ഉഭയലോകാനുഗ്രഹം' എന്ന മാരീചമഹർഷിയുടെ അനുഗ്രഹവചസ്സിലടങ്ങിയിരിക്കുകയും ചെയ്യുന്നു.
""പുരാകവീനാം ഗണനാപ്രസംഗേ
 കനിഷ്‌ഠികാധിഷ്‌ഠിത കാളിദാസാ
 അദ്യാപിതത്തുല്യകവേരഭാവാത്‌
 അനാമികാ സാർഥക നാമധേയ.''
 
ധശ്രഷ്‌ഠന്മാരായ കവികളെത്രയുണ്ടെന്നറിയാന്‍ പണ്ടൊരിക്കൽ ഒരു ശ്രമം നടന്നത്ര. കാളിദാസനെ കണക്കാക്കി കനിഷ്‌ഠിക (ചെറുവിരൽ) മടക്കി. ഇന്നും അദ്ദേഹത്തിനു തുല്യരായ മറ്റു കവികളില്ലാത്തതിനാൽ രണ്ടാമത്തെ വിരൽ "അനാമിക' (കുനിയാത്തത്‌) എന്ന പേരിൽ സാർഥകമായിരിക്കുന്നുപ എന്ന സുഭാഷിതവചനം കാളിദാസന്റെ മഹത്ത്വം വെളിവാക്കാന്‍ പര്യാപ്‌തമാണ്‌. മല്ലിനാഥന്‍, ബ്രഹ്മശങ്കരമിശ്രന്‍, അരുണഗിരിനാഥന്‍, പൂർണസരസ്വതി, രാഘവഭട്ടന്‍, കാടയവേമന്‍ തുടങ്ങിയ വ്യാഖ്യാതാക്കന്മാരും ഭാമഹന്‍, ആനന്ദവർധനന്‍, കുന്തകന്‍, മഹിമഭട്ടന്‍, മമ്മടന്‍, വിശ്വനാഥന്‍ തുടങ്ങിയ സാഹിത്യചിന്തകന്മാരും കാളിദാസസാഹിത്യത്തെ വിലയിരുത്താനും ഭാരതീയർക്കു പരിചയപ്പെടുത്തിക്കൊടുക്കാനും ശ്രമിച്ചിട്ടുള്ള പൂർവസൂരികളാണ്‌. സർ വില്യം ജോണ്‍സ്‌ അഭിജ്ഞാനശാകുന്തളം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയതോടെ (1789)യാണ്‌ പാശ്ചാത്യർക്കു കാളിദാസനിൽ താത്‌പര്യം ജനിച്ചുതുടങ്ങിയത്‌ (ഇതിന്റെ ജർമന്‍ പരിഭാഷ വായിച്ചിട്ടാണ്‌ ഗോയ്‌ഥേ ആനന്ദവിവശനായത്‌). തുടർന്ന്‌ പാശ്ചാത്യഭാഷകളിൽ മിക്കതിലും കാളിദാസകൃതികള്‍ക്ക്‌ എല്ലാംതന്നെ പരിഭാഷകള്‍ ഉണ്ടായി. ഭാരതീയഭാഷകളിൽ കാളിദാസന്റെ കൃതികളിലോരോന്നിനും ഒന്നിലധികം പരിഭാഷകളുണ്ടായിട്ടുണ്ട്‌. മലയാളത്തിൽ അഭിജ്ഞാനശാകുന്തളത്തിനുതന്നെ ധാരാളം പരിഭാഷകളുണ്ടായിക്കഴിഞ്ഞു. വിവർത്തനം, ഛായാവ്യാഖ്യാനം, ടിപ്പണം, പഠനം തുടങ്ങിയ രൂപങ്ങളിൽ അസംഖ്യം ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും കാളിദാസസാഹിത്യ സംബന്ധികളായി ഉണ്ടായിട്ടുണ്ട്‌.

No comments: