Wednesday, April 04, 2018

സാ തൈത്തിരീയശ്രുതിരാഹ സാദരം ന്യാസം പ്രശസ്താഖിലകര്‍മ്മണാം സ്ഫുടം ഏതാവദിത്യാഹ ച വാജിനാം ശ്രുതിഃ ജ്ഞാനം വിമോക്ഷായ ന കര്‍മ്മസാധനം. പ്രത്യക്ഷം അനുമാനം ആപ്തവാക്യം ഇങ്ങനെ ജ്ഞാനത്തിന് മൂന്നു പ്രമാണങ്ങള്‍ വേദാന്തം അംഗീകരിക്കുന്നുണ്ട്. യുക്തിപൂര്‍വം സമര്‍ത്ഥിക്കപ്പെട്ട ഒരാശയത്തിന് ശാസ്ത്രസമ്മതികൂടിയുണ്ടെങ്കില്‍ അത് ആധികാരികമായ ഒരു നിഗമനമായീത്തീരുന്നു. കര്‍മ്മംകൊണ്ട് മുക്തി കിട്ടാവുന്നതല്ലെന്നും ജ്ഞാനം മാത്രമാണ് മോക്ഷസാധനമെന്നും സാമാന്യയുക്തിയുടെ വെളിച്ചത്തില്‍ ഇതിനകം തെളിയിക്കുകയുണ്ടായി. ഉപനിഷത് മന്ത്രങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അതേ നിഗമനത്തെത്തന്നെ ദൃഢപ്പെടുത്തുകയാണിവിടെ. ''ത്യാഗംകൊണ്ടേ അമൃതത്വം (മോക്ഷം) നേടാനാവൂ; കര്‍മ്മംകൊണ്ടോ സന്തതികൊണ്ടോ ധനംകൊണ്ടോ ആവില്ല'' ന കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗേനൈകേ അമൃതത്വമാനശുഃ എന്ന് തൈത്തിരീയമന്ത്രം ഉദ്‌ഘോഷിക്കുന്നു. വേദത്തെ (കര്‍മ്മകാണ്ഡത്തെ) നിന്ദിക്കുകയല്ല, മോക്ഷോപായം കാട്ടിത്തരുകയാണ് ഈ ശ്രുതിവാക്യത്തിന്റെ ഉദ്ദേശ്യം. കര്‍മ്മയോഗമനുഷ്ഠിച്ച് അന്തഃകരണം ശുദ്ധമാക്കിയ സാധകന്‍ കര്‍മ്മങ്ങളില്‍നിന്ന് വിരമിച്ച്, സമാഹിതചിത്തനായി, ആത്മാനുസന്ധാനം ചെയ്യണം. ബൃഹദാരണ്യകോപനിഷത്തില്‍ യാജ്ഞവല്‍ക്യ ഋഷി മൈത്രേയിയോട് പറയുന്ന വാക്കുകളും ഇതേ ആശയത്തെത്തന്നെ സ്ഥിരീകരിക്കുന്നു: അനാത്മവസ്തുക്കളെയെല്ലാം ''നേതി, നേതി'' (ഇതല്ല, ഇതല്ല) എന്ന വിചാരരീതിയാല്‍ തള്ളിക്കളഞ്ഞ് ആത്മസ്വരൂപം കണ്ടെത്തണം. ആത്മാനുസന്ധാനത്തിന്റേതായ ഈ മാര്‍ഗ്ഗത്തില്‍ കര്‍മ്മത്തിന്റെ അപേക്ഷയില്ല. അമൃതത്വപ്രാപ്തിക്കുള്ള ശരിയായ ഉപായം എന്താണെന്ന ചോദ്യവുമായാണല്ലോ ലക്ഷ്മണന്‍ ശ്രീരാമനെ സമീപിച്ചത്. ലക്ഷ്മണന്റെ ചോദ്യത്തിനുത്തരമായി ശ്രീരാമന്‍ ജ്ഞാനമാര്‍ഗ്ഗത്തെ വിസ്തരിച്ചുപദേശിക്കുകയാണ്. അജ്ഞാന സന്തതിയായ കര്‍മ്മത്തിന് നമ്മെ അജ്ഞാന സമുദ്രത്തില്‍നിന്ന് കര കയറ്റാനാവില്ലെന്ന് മേലുദ്ധരിച്ച ശ്രുതിവാക്യങ്ങള്‍ വ്യക്തമാക്കുന്നു. കര്‍മ്മത്തിലൂടെ ആത്മദര്‍ശനം സാധ്യമല്ല, മാത്രവുമല്ല, കര്‍മ്മം ജീവന്റെ കര്‍ത്തൃത്വാഭിമാനങ്ങള്‍ നിലനിര്‍ത്താനും, അങ്ങനെ സംസാരക്കെട്ടു മുറുക്കാനുമാണ് ഇടയാക്കുക. ''ഞാന്‍ ചെയ്യുന്നു'', ''ഞാന്‍ അനുഭവിക്കുന്നു'' എന്ന അഭിമാനമാണല്ലോ അഹങ്കാരം. ആത്മസ്വരൂപം അറിയാത്തതുകൊണ്ടുണ്ടാവുന്ന ഒരു തോന്നലാണിത്. ജ്ഞാനംകൊണ്ടേ ഈ അജ്ഞാനം നീങ്ങുകയുള്ളൂ. സ്വതന്ത്രവും നിരുപാധികവുമാണ് ജ്ഞാനം. അതിന്ന് കര്‍മ്മത്തിന്റെ സഹായം ആവശ്യമില്ല. ശാരീരികവും മാനസികവും ബൗദ്ധികവുമായ എല്ലാ കര്‍മ്മങ്ങളും നിലയ്ക്കുമ്പോള്‍ ''ജ്ഞാനം'' (ജ്ഞാനസ്വരൂപിയായ ആത്മാവ്) സ്വയം പ്രകാശിക്കുന്നു- സാധകന്‍ ആത്മസാക്ഷാത്കാരം നേടുന്നു.

No comments: