Monday, April 02, 2018

മനുഷ്യർ കഥയുള്ളവരാണ്. അവരുടെ ജീവിതം കഥകൾ നിറഞ്ഞതാണ്. ജീവിതഗതിയിൽ കഥാ സാധ്യത തിരിച്ചറിയാനും, ആസ്വദിക്കാനും, അതുപോലെ കഥ മറ്റുള്ളവരോടു സരസം സംവദിക്കാനും പലർക്കും കഴിയും.. മന:ക്കണ്ണിൽ കഥ നന്നായി കണ്ട്, കഥയുടെ ഭാവം ഉൾക്കൊണ്ട്, നാടകീയത നന്നായി ധ്വനിപ്പിക്കുമാറ് അംഗ വിക്ഷേപങ്ങൾ സഹിതം  സുവ്യക്തം കഥ പറയാൻ കഴിയുന്നവരുമുണ്ട്.
മറ്റു ചിലരാകട്ടെ കേൾവിക്കാരെ സമർത്ഥമായി കഥാലോകത്തിലേക്ക് കൂട്ടികൊണ്ടു പോവുന്നതിനനുഗുണമാം വിധം ശബ്ദ വ്യതിയാനം വരുത്തി കഥ വായിച്ചു കേൾപ്പിക്കാൻ നിപുണരാണ്.
കഥകൾ കേൾക്കാനുള്ള താത്പര്യം സാമാന്യേന ഏവർക്കുമുണ്ടായിരിക്കുമല്ലോ..
ചിലർക്ക് കഥ നേരിട്ട് വായിച്ചാലേ തൃപ്തിയാവൂ.  കേൾക്കുന്നതോ വായിക്കുന്നതോ ആയ കഥ കണ്ട് അനുഭവിച്ച് ആസ്വദിക്കാൻ കഴിയുന്നത് ഒരു കലയാണ്. ( താത്പര്യപ്പെട്ടിറങ്ങിയാൽ ഈ കല വളർത്തിയെടുക്കാനും കഴിയും.)
കഥ പറയാം, കേൾക്കാം,  കഥയെഴുതാം, വായിക്കാം, വരയ്ക്കാം, അഭിനയിക്കാം   എന്നിങ്ങനെ കഥയുടെ ലോകത്തിലെ സാധ്യതകൾ അനവധിയാണ്.
കഥകൾ വക്താക്കളുടേയും രചയിതാക്കളുടേയും മഹത്വവും ഉദാരതയും കൊണ്ട് ആസ്വാദന സഹൃദയത്വമുള്ളവർക്ക് വളരെ ഉപകാരം നൽകും. കഥകൾ പാഠവും, പക്വതയും, സാന്ത്വനവും, സന്തോഷവും, പ്രേരണയും, പ്രോത്സാഹനവും,
പ്രബുദ്ധതയും പ്രദാനം ചെയ്യും. യോഗ്യരായ ചില കാഥികരുടേയും, രചയിതാക്കളുടേയും കഥാവിഷ്കാരങ്ങൾ ചിലപ്പോൾ
സങ്കടം, ആശങ്ക, അശാന്തി, ഭയം തുടങ്ങിയ വികാരങ്ങൾ  ആസാദക ലോകത്തിന് സമ്മാനിച്ചെന്നിരിക്കാം. എന്നാൽ ക്രമത്തിൽ അവയും ശുഭദായകമായി പരിണമിക്കാതിരിക്കില്ല. (കഥാ കഥനവും അഥവാ രചനയും സാമ്പത്തിക ലാഭം, പ്രശസ്തി നേടൽ, തെറ്റിദ്ധരിപ്പിക്കൽ തുടങ്ങി ഗൂഢോദ്ദേശങ്ങൾ മാത്രം മുൻനിർത്തി ചെയ്യുന്നവർ കഥയുടെ ലോകത്തെ മലീമസമാക്കുന്നു. )
കഥാസ്വാദനത്തിന്റെ ലോകത്തിലേക്ക് കുട്ടികളെ ചെറുപ്രായത്തിൽത്തിൽത്തന്നെ പ്രേരണ നൽകി പ്രവേശിപ്പിക്കുന്നത് നന്ന്. ഈ വിഷയത്തിൽ പുരാണ കഥകൾ സധൈര്യം തിരഞ്ഞെടുക്കാം. (അവ മൂല്യാധിഷ്ഠിതമായിരിക്കും, സദുദ്ദേശ രചനകളായിരിക്കും, എന്നതൊക്കെയാണ് പ്രത്യേകത. കഥകളുടെ സ്വാധീനം ഉപബോധമനസ്സിൽ മാറ്റങ്ങൾക്ക് നിദാനമാവുമെന്നത് ഒരു ഗവേഷണത്തിൽ കണ്ടെത്തിയതായി വായിച്ചതോർക്കുന്നു. ലോക കല്യാണം മാത്രം ലക്ഷ്യമാക്കി കഥാലോകത്തിന് ഉദാത്ത സംഭാവന നൽകിയ മാമുനിമാർ രചിച്ച കഥകൾ തീർച്ചയായും ശുഭപരിണതിയേ സമ്മാനിക്കുകയുള്ളൂ.) എന്നാൽ ഗുണപാഠം പറയാൻ തിടുക്കപ്പെടരുത്. കുട്ടികൾ വ്യത്യസ്ത തലങ്ങളിൽ ഗുണപാഠം കണ്ടെത്തി ആസ്വദിച്ചോളും.
ഗുണപാഠങ്ങൾ – moral of the story, കഥാസ്വാദനത്തിൽ കല്ലുകടിയാവുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെടാറുണ്ട്. എത്രയോ രക്ഷിതാക്കളും, ഭൂരിപക്ഷം അദ്ധ്യാപകരും കഥാ രചയിതാക്കളും ഈ വിധം കഥാ വധം കഥകളി !!! നടത്തുന്നവരാണെന്നകാര്യം സങ്കടകരമാണ്. പൂജ്യ ഗുരുദേവ് സ്വാമി ചിന്മയാനന്ദ ജി തരുന്ന മാർഗ്ഗദർശനം ഇവിടെ പ്രസക്തമാണ്-  ” Tell a story, never teach ”
കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതു പോലെ തന്മയത്വത്തോടെ വായിച്ചു കൊടുക്കുന്നതും നന്ന്. അത് കഥകൾ വായിച്ചു രസിക്കാൻ കുട്ടികൾക്ക് പ്രചോദനമരുളും.
കഥ പറയാനുമെഴുതാനും പ്രേരണയും, പരിശീലനവും, പ്രോത്സാഹനവും നൽകാൻ മനസ്സിരുത്തണം. അവിസ്മരണീയമോ, അത്ഭുതകരമോ, അസഹനീയമോ, തീവ്രമോ ആയ അനുഭവങ്ങൾ അഥവാ വികാരവിചാരങ്ങൾ കഥാരൂപേണ അവതരിപ്പിക്കാൻ ഓരോരുത്തർക്കും കഴിയട്ടെ. മനസ്സിനെ വിക്ഷുബ്ധമാക്കുന്ന തീവ്ര വികാര വിചാരങ്ങളുടെ വീർപ്പുമുട്ടലിൽ നിന്നും അലോസരങ്ങളിൽ നിന്നും പുറത്തു കടക്കാൻ കഥാവിഷ്കാരം കൊണ്ടു കഴിയും. കാരണം കഥ പറയുമ്പോഴും എഴുതുമ്പോഴും അത് ചെയ്യുന്നവർ മൂന്നാമതൊരാളായി ( Third person ) മാറുന്നു. അനുഭവങ്ങളെ നിഷ്പക്ഷം നിരീക്ഷിക്കാൻ സമർത്ഥരാവുന്നു. പരിഹാരം വിവേചിച്ചറിയാൻ യോഗ്യരാവുന്നു. ഇവിടെ രഹസ്യ സ്വഭാവമുള്ള വസ്തുതകൾ (വിശേഷിച്ചും മറ്റുള്ളവർക്ക് ദ്രോഹകരമായ കാര്യം) മറ്റുള്ളവർക്കു മനസ്സിലാകും ഭാഷയിൽ പങ്കുവെക്കാതിരിക്കാൻ സൂക്ഷിക്കണം.
(തുടരും….)
(ഭാഗം…. 2)
(കുട്ടിക്കാലത്ത് കഥാസ്വാദന ലോകത്തിൽ ഒരു പരിചയവും സിദ്ധിച്ചിട്ടില്ലാത്ത മുതിർന്നവരേയും ഇക്കാര്യങ്ങളിലേക്ക് കൗതുകമുണർത്തുമാറ് നമുക്കാനയിക്കാം.)
കഥയുടെ തത്വചിന്തയും, കഥയിലെ തത്വചിന്തയും ഒക്കെ മുതിർന്നവർക്ക് പഠനവിധേയമാക്കാൻ കഴിയും.
സ്വന്തം ജീവിതഗതിയിൽ നിന്നൊരാൾ ഒരു കഥ കണ്ടെത്തി സംവദിക്കുന്നു എന്നു കരുതുക. ആ കഥയിൽ ആ വ്യക്തിയുടെ മാതാപിതാക്കൾ പ്രസക്തരാവുന്നു. മറ്റാരൊക്കെ , എന്തൊക്കെ പ്രസക്തമാവുന്നില്ലാ ?!
ഒരു കൊച്ചു കഥയിൽ ചുറ്റുപാടുകളുടെ കഥയുണ്ട്. ഭൂമിയുടെയും, സൗരയൂഥത്തിന്റെയും കഥയുണ്ട്. നക്ഷത്ര ലോകങ്ങളുടെ കഥയുണ്ട്. ചരിത്രവും, രസതന്ത്രവും, ഊർജ്ജതന്ത്രവും, ഭൂമി ശാസ്ത്രവും, സർവ്വോപരി ഗണിത ശാസ്ത്രവും ഒക്കെ കഥയിലുണ്ട്. (ഇതറിഞ്ഞ  നല്ല കഥാകഥന വിദഗ്ദ്ധർ അദ്ധ്യാപകരായാൽ ക്ലാസ്സുകളിൽ കഥാസാഗര തിരമാലകൾ നടനമാടും) കാലത്തിന്റെ കഥയും കഥയിലുണ്ടാകും. കഥയുടെ കാതൽ തേടി പ്രപഞ്ചോത്പത്തിക്കപ്പുറം പോയാൽ കാലനില്ലാത്ത കാലമെന്ന അത്ഭുതമുണ്ട്. (Singularity) കാലം പോലും സൃഷ്ടി ജാലത്തിൽപ്പെടുന്നു.   ചുരുക്കത്തിൽ കഥയുടെ കഥാലോകം ബൃഹത്താണ്. പ്രപഞ്ച സൃഷ്ടിക്കു മുമ്പ്,  കാലങ്ങൾക്കപ്പുറത്തെന്തുണ്ടായിരുന്നിരിക്കണം? മാമുനിമാരുടെ കഥാ ഗവേഷണ കൗതുകം ഇതിനുത്തരം ചികഞ്ഞു കണ്ടെത്തിയിട്ടുണ്ട്. ‘ സദേവ സൗമ്യ അഗ്രേ ആസീത് ‘
ദേശ കാലങ്ങൾ മിഴി തുറക്കും മുമ്പ് സർഗ്ഗ സാധ്യതകളുടെ കേദാരമായി ഉൺമ മാത്രം….
പിന്നെ അതിന്റെ ആവിഷ്കാര കഥകൾ – സൃഷ്ടി ശ്രുതിയും, അനു പ്രവേശന ശ്രുതിയും ഒക്കെ ഉപനിഷത്തിലുണ്ട്.
എന്താ കഥ…. ങ് ആ എല്ലാം ഒരു കഥ…..
…… അല്ലാ കഥയൊന്നുമറിഞ്ഞില്ലേ? ഒരു കഥയുമറിയാതെ ആട്ടം കാണുകയാണല്ലോ….
അതൊരു വലിയ കഥയാണ്. ….. കഥ പറഞ്ഞിരുന്നു നേരം പോയി ….. വലിയ കഥയൊന്നും പറയണ്ട… അക്കഥയൊക്കെ അവിടെ നിക്കട്ടെ…
അതിലൊരു കഥയുമില്ല…. ഇങ്ങിനെയുമുണ്ടോ ഒരു കഥയില്ലായ്മ. ….
ഇങ്ങിനെ നീളും കഥാനുബന്ധ മൊഴികൾ.
ഒടുവിൽ കഥ കാര്യമാവും, കാര്യം കാരണമാവും. പിന്നെ കഥയില്ല, കാര്യമില്ല – കഥ പറഞ്ഞറിഞ്ഞു പറഞ്ഞ ബോധ സാഗരം മാത്രം.
പ്രേമാദരപൂർവ്വം
സ്വാമി. അദ്ധ്യാത്മാനന്ദ

No comments: