Monday, April 02, 2018

മരണത്തെക്കുറിച്ച് നടന്ന ഒരഭിമുഖം ഒന്നാം ഭാഗം വായിക്കൂ..
ഹരിഃ ഓം
‘ത്വം തു രാജൻ മരിഷ്യേതി പശുബുദ്ധിം ഇമാം ജഹി’ – ശ്രീമദ് ഭാഗവതം (12/5/2)
ചോദ്യം:
ലോകത്തിലെ മറ്റു ചിന്താധാരകളിൽ നിന്നു വ്യത്യസ്തമായി ഭാരതീയ ചിന്താപദ്ധതിയിൽ ഏറെ ചർച്ച ചെയ്ത വിഷയമാണല്ലോ മരണം.  ലളിതമായ ഭാഷയിൽ എന്താണ് മരണം?
ഉത്തരം:
മരണം എന്നത് മരവിപ്പ് എന്ന പദവുമായി ബന്ധപ്പെടുത്തി ആലോചിക്കാം.   മരണശേഷം ശരീരം മരവിച്ച് പോകുന്നു എന്നത് നാം കണ്ടു വരുന്ന ഒരു പ്രതിഭാസമാണ്. എന്നാൽ മരിച്ചുപോയി, Dead & gone, मर गया,  ഇറ്ന്ത് പോച്ച്, എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലൊക്കെ എന്തോ ഒന്ന് പോകുന്നതിനെ കുറിച്ച് സൂചനയുണ്ട്.( തത്വചിന്താപരമായി ധാരാളം കാര്യങ്ങൾ  അപഗ്രഥിക്കാൻ ഈ വസ്തുത വക നൽകുന്നുണ്ട്.) മരണം ശരീരത്തെ മരവിപ്പിക്കുന്നു, എന്തോ ഒന്ന് വിട്ടുപോവുകയും ചെയ്യുന്നു. ഇങ്ങിനെ വേണം വകതിരിച്ചറിയാൻ.
ചോദ്യം:
വിട്ടു പോകുന്നു , അഥവാ ഈ ശരീരത്തെ ഉപേക്ഷിച്ച് പോകുന്നു എന്നു പറഞ്ഞുവല്ലോ. ആ വിട്ടു പോകുന്നത് എന്താണ്? അത് എങ്ങോട്ടാണ് പോകുന്നത്?
ഉത്തരം:
രണ്ടു തരത്തിൽ ഇക്കാര്യം പരിശോധിക്കാം. ഒന്ന്,  ഭൗതികമായി  ‘വിയോഗം’ എന്ന സമസ്യക്ക് ഉത്തരം കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണം. ബൗദ്ധീകവും വൈകാരികവും ആയ ചോദ്യങ്ങൾ ഈ തലത്തിൽ ഉന്നയിക്കപ്പെടണം.
രണ്ടാമത്തേത് നിരുപാധികമായ, നിരപേക്ഷമായ (Absolute) തലം. സാധാരണ യുക്തിചിന്തയ്ക്കും അപ്പുറത്ത് പ്രസക്തമാവുന്ന ദാർശനികമായ  തലമാണിത്.
ഭൗതീക തലത്തിൽ മരണത്തെ അംഗീകരിക്കാനും, മറ്റുള്ളവരുടെ മരണം സമ്മാനിക്കുന്ന വ്യഥയെ ഒരു പരിധിവരെ ലഘൂകരിക്കാനും വേണ്ടി മുനീശ്വരന്മാർ ‘മരണം എന്നത് ഒന്നിന്റേയും അവസാനമല്ല എന്ന നിരീക്ഷണം’ അവതരിപ്പിച്ചിരിക്കുന്നു. മരണ ശേഷം ശരീരം വിട്ടു പോകുന്നത് ആത്മാവാണ്. ഈ ആത്മാവാകട്ടെ കാലാന്തരത്തിൽ കർമ്മാനുസൃതം മറ്റൊരു ശരീരം സ്വീകരിക്കുകയും ചെയ്യും. ഇത് സാമാന്യജനത്തെ സംബന്ധിച്ചിടത്തോളം പെട്ടെന്നുള്ള ഒരു വിയോഗ ദുഃഖത്തെ അംഗീകരിക്കാനും, ദഹിപ്പിച്ചെടുക്കാനും അങ്ങനെ സമാശ്വാസം കണ്ടെത്താനും സഹായിക്കും. മാത്രവുമല്ല, മരണത്തോടെ യാത്രയാവുന്ന ആത്മാവിനെ ഉദ്ദേശിച്ച് ക്രിയകളൊക്കെ ചെയ്യാനുള്ള അവസരവും ആചാര്യൻമാർ അനുവദിച്ച് , ചിട്ടപ്പെടുത്തി വ്യവസ്ഥ ചെയ്തു തന്നിട്ടുണ്ട്. (വിട്ടുപോയ വേണ്ടപ്പെട്ടവർക്കു വേണ്ടി വേണ്ടതൊന്നും ചെയ്തു കൊടുക്കാൻ സാധിച്ചില്ലെന്ന സങ്കടം ജീവിച്ചിരിക്കുന്നവർക്കുണ്ടാകും. പരേതാത്മാവിനു വേണ്ടി ശ്രാദ്ധ കർമ്മങ്ങൾ സശ്രദ്ധം ചെയ്യുന്നത് സങ്കട മോചനത്തിന് ഏറെ സഹായിക്കും)
(തുടരും….)
(ഭാഗം ….2)
ദാർശനിക തലം വിശകലനം ചെയ്യുന്നതിനു മുൻപ്  Physics ൽ പ്രസക്തമായ രണ്ടു വീക്ഷണം പരിഗണിക്കുന്നത് ഗുണം ചെയ്യും .
Newtonian physics , ദേശ കാലപരിധികളെ ക്യാൻവാസായി പരിഗണിച്ചു കൊണ്ട് പ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചു തന്നിട്ടുണ്ടല്ലോ.  എന്നാൽ ഈ കണ്ടെത്തലുകളെ നിഷേധിക്കും പ്രകാരമാണോ Quantum Mechanics എന്ന ശാസ്ത്ര ശാഖ വികസിച്ചതെന്നു നാം സംശയിച്ചു പോവും. കുറേക്കൂടി സൂക്ഷ്മവും ദാർശനികവുമായ തലമാണ് Quantum Mechanics കൈകാര്യം ചെയ്യുന്നത്. രണ്ടും തമ്മിൽ വൈരുദ്ധ്യമില്ലെന്നു മാത്രമല്ല അതാതു തലത്തിൽ പ്രയോഗ സാധുത വേണ്ടത്ര ഉണ്ടെന്നും അന്വേഷിച്ചാലറിയാം.     ഇതുപോലെ,  സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു എന്ന അനുഭവത്തിൽ ബോധ്യമായ നിരീക്ഷണം ശാസ്ത്ര വിദ്യാർത്ഥികൾ തുടക്കത്തിൽ പഠിക്കും. പ്രായോഗിക സൗകര്യം ഈ കല്പനയിൽ നിഹിതമാണെന്ന കാര്യത്തിൽ സംശയമില്ല.. പക്ഷേ, സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നില്ല, മറിച്ച് ഭൂമി സൂര്യനെ പ്രദക്ഷിണം വെയ്ക്കുകയാണ് ചെയ്യുന്നത് എന്ന കാര്യവും ക്രമത്തിൽ ഗ്രഹിക്കാതെ വയ്യ. രണ്ടാമത്തെ ബോധ്യം ആദ്യത്തെ വിലയിരുത്തലിന് വിരുദ്ധമാണെന്ന് ആരും പരാതിപ്പെടുന്നില്ല. രണ്ടും രണ്ടു തലത്തിൽ പ്രയോജനപ്പെടുത്തുകയാണ് പതിവ്.  ഇത് പോലെ ആത്മാവ് ശരീരമുപേക്ഷിച്ച് നടത്തുന്ന മരണാനന്തര യാത്രയെ അംഗീകരിച്ച് സങ്കടത്തെ അതിക്രമിക്കാൻ ഉത്സാഹിക്കുന്നതോടൊപ്പം ആത്മാവിന് ജനിമൃതികളോ യാത്രകളോ ഇല്ല എന്ന ദാർശനിക വീക്ഷണവും വിചാര വിധേയമാക്കണം.. ഇങ്ങിനെ രണ്ടു തലത്തിലും മരണത്തെ അപഗ്രഥിച്ചറിയേണ്ടതുണ്ട്.
ചോദ്യം:
രണ്ടു വിധത്തിലായാലും ഒന്നിന്റേയും അവസാനമല്ല മരണം എന്നാണ് പറയാൻ ഉദ്ദേശിച്ചത്?
ഉത്തരം:
ശരിയാണ്.
ചോദ്യം:
അപ്പോൾ ഒരു കുഞ്ഞ് ജനിച്ചു, അഥവാ അമ്മയുടെ ഉദരത്തിൽ പുതുതായി വന്നുചേർന്നു എന്ന ഘട്ടത്തിൽ, ആത്മാവ്  ഒരു യാത്രയുടെ ഭാഗമായി എത്തിച്ചേർന്നു എന്നാണോ മനസ്സിലാക്കേണ്ടത്?
ഉത്തരം :
അങ്ങിനെ പരിഗണിക്കുന്നത് പ്രായോഗിക തലത്തിൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവും, ആശ്വാസവും തരുന്നതാണ്. നാളെയെക്കുറിച്ച് ചിന്തിക്കാനും ആസൂത്രണം ചെയ്യാനും ഇത് നമുക്ക് പ്രചോദനം തരും. എന്റെ ജന്മാന്തരങ്ങളെ ചിട്ടപ്പെടുത്താൻ ഞാൻ ഇന്ന് ഉത്സാഹിക്കേണ്ടതുണ്ടെന്ന വകതിരിവ് പ്രയോജനകരമായിരിക്കുമല്ലോ.
(പ്രഥമ വല്ലി അവസാനിച്ചു.)
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments: